Total Pageviews

Thursday, February 7, 2008

'പോന മച്ചാന്‍ തിരുമ്പി വന്താന്‍'

അല്പന്‍,അഹങ്കാരി,അഴിമതിവീരന്‍,അവസരവാദി,വാക്കിനു വിലയില്ലാത്തവന്‍ തുടങ്ങി ഒട്ടേറെ ആക്ഷേപ പദങ്ങള്‍ ശ്രീ കെ.കരുണാകരനെതിരെ എതിരാളികള്‍ പ്രയോഗിച്ചിട്ടുണ്ട്.എന്നാല്‍,കടുത്ത ശത്രുക്കള്‍ പോലും
അദ്ദേഹത്തെ കാലുമാറ്റക്കാരനായോ കൂറുമാറ്റക്കാരനായോ ചിത്രീകരിച്ചിരുന്നില്ല,അടുത്തകാലം വരെ.ഇപ്പോള്‍
ആ തൊപ്പിയും കരുണാകരന്‍റെ തലയില്‍ പതിച്ചിരിക്കുന്നു.മറ്റു വിശേഷണങ്ങളെപ്പോലെ ഇതും അദ്ദേഹത്തിന്
നന്നായി ഇണങ്ങുന്നുണ്ട്.എല്ലാറ്റിലും കേമം എന്‍ സി പി നേതാവായ സ്വന്തം മകന്‍ ശ്രീ.കെ.മുരളീധരന്‍
ചാര്‍ത്തിക്കൊടുത്ത തലപ്പാവാണ്...'രാഷ്ട്രീയ സത്യസന്ധതയില്ലാത്തവന്‍'.

ഏഴ് ആറ്റില്‍ കുളിച്ചാലും പോകാത്തത്ര അപവാദങ്ങളും ആരോപണങ്ങളും സംസ്ഥാന,ദേശീയ നേതൃത്വങ്ങള്‍ക്കെതിരെ ചൊരിഞ്ഞ് കോണ്‍ഗ്രസ്സ് വിട്ടപ്പോഴും ഡി ഐ സി എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയപ്പോഴും അതിനെ പിന്നീട് എന്‍ സി പി യില്‍ ലയിപ്പിച്ചപ്പോഴും ആരും അദ്ദേഹത്തിനെ
ആക്ഷേപിച്ചില്ല.ഒരുപാട് ദുര്‍ഗ്ഗുണങ്ങളുണ്ടെങ്കിലും അതീതവാര്‍ദ്ധക്യത്തിലെത്തിയ ഒരു നേതാവിന്‍റെ അന്തസ്സുള്ള നടപടിയായി രാഷ്ട്രീയകേരളം അതിനെ കാണുകയും ചെയ്തു.പക്ഷേ പറഞ്ഞതെല്ലാം വിഴുങ്ങി
നാണംകെട്ട രീതിയില്‍ മാതൃസംഘടനയിലേക്ക് മടങ്ങിപ്പോയതോടെ കരുണാകരന്‍, മകനും മറ്റുള്ളവരും നല്‍കിയ പുതിയ'ബഹുമതി'ക്ക് എല്ലാവിധത്തിലും യോഗ്യനായി.

രാഷ്ട്രീയത്തില്‍ ദീക്ഷിക്കേണ്ട സാമാന്യമര്യാദയും സദാചാരവും അവഗണിച്ച് യഥാര്‍ത്ഥ പാര്‍ട്ടിക്കാര്‍ക്ക്
മുകളില്‍ കരുണാകരന്‍ അവരോധിച്ച സ്വന്തം പുത്രനോളം അച്ഛന്‍റെ നെറികേടിനെക്കുറിച്ചു സംസാരിക്കാനുള്ള
യോഗ്യത മറ്റാര്‍ക്കുമില്ല.ആ നിലയ്ക്ക് ശ്രീ.മുരളിയുടെ വാക്കുകള്‍ പ്രസക്തമാണ്.കയ്പേറിയ ജീവിതാനുഭവങ്ങ
ളാണ് മനുഷ്യനെക്കൊണ്ട് സത്യം പറയിക്കുന്നത്.'വ്യഥ പോലറിവോതിടുന്ന സദ്ഗുരു മര്‍ത്യനു വേറെയില്ല'
എന്ന് കുമാരനാശന്‍ പണ്ടേ പാടിയിട്ടുണ്ട്.

'വ്യക്തി ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്താത്തവര്‍ക്ക് രാഷ്ട്രീയത്തിലും സത്യസന്ധരാകാന്‍ കഴിയില്ല' എന്ന
മുരളിയുടെ അഭിപ്രായം 'രാപ്പനി'യറിഞ്ഞവന്‍റെ വെളിപ്പെടുത്തലാണ്;കരുണാകരനെ സംബന്ധിച്ചുള്ള ശരിയായ
വിലയിരുത്തലും.

ശങ്കര്‍ മന്ത്രിസഭയുടെ പതനത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മുന്‍ നിര നേതാക്കന്മാരെല്ലാം
തോറ്റു പോയപ്പോള്‍ യാദൃശ്ചികമായി നിയമസഭാകക്ഷി നേതാവായ ആളാണ് കരുണാകരന്‍. അദ്ദേഹത്തിന്‍റെ ആശ്രിതന്മാരും ചില പത്രപണ്ഡിതന്മാരും ചാനല്‍ പൈങ്കിളികളും പുത്തന്‍ കോണ്‍ഗ്രസ്സുകാരും ധരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് കോണ്‍ഗസ്കണ്ടുപിടിച്ചത് അദ്ദേഹമാണെന്നാണ്.കരുണാകരനോട് ചോദിച്ചാല്‍ അദ്ദേഹവും അതു ശരി വയ്ക്കും.'പണ്ഡിറ്റ്ജിയും കൂടെയുണ്ടായിരുന്നു'എന്നും കൂടി ചിലപ്പോള്‍ പറഞ്ഞെന്നി
രിക്കും.ഒന്‍പത് എം എല്‍ എ മാരുടെ നേതാവായി നേതൃത്വത്തില്‍ വന്ന കരുണാകരന്‍ പിന്നീട് കുത്തിത്തിരിപ്പും കുതികാല്‍ വെട്ടും കുടിലതന്ത്രങ്ങളും പയറ്റി, കിട്ടിയ സ്ഥാനം നിലനിര്‍ത്തുകയും കൂടുതല്‍
നേട്ടങ്ങള്‍ കൈക്കലാക്കുകയും ചെയ്തു.കാലത്തിന്‍റെ കുസൃതിയാകാം,ഒന്‍പത് സാമാജികരുടെ നേതാവായി
നേതൃത്വത്തിലേറിയ അദ്ദേഹം കോണ്‍ഗസ് വിടുമ്പോഴും കൂടെയുണ്ടായിരുന്നത് അത്രയും എം എല്‍ എ
മാരായിരുന്നു.ഒടുവില്‍ എന്‍സിപി യില്‍ ലയിക്കനൊരുങ്ങിയപ്പോള്‍ അവരും വഴിപിരിഞ്ഞു;ഇപ്പോള്‍
കൂടെയുണ്ടായിരുന്ന ഏക മകനും.

അല്പസ്വല്പം നാണവും മാനവും ബാക്കിയുള്ളതു കൊണ്ട് മുരളീധരന്‍ അനുഗമിച്ചില്ലെങ്കിലെന്ത്? കൂടെ ചെല്ലാന്‍ പറ്റിയ ഒരു പറ്റം ആശ്രിതരെ പിതാവ് പരുവപ്പെടുത്തിയെടുത്തിട്ടുണ്ട്.കോടോത്ത് ഗോവിന്ദന്‍ നായരെ പ്പോലുള്ള തൊമ്മിമാരെ.രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ കരുണാകരന്‍ നിര്‍ത്തിയ കോടോത്ത് ക്ലീനായി തോറ്റു.ജയിക്കുമെന്ന് ഉറപ്പുള്ള ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നപ്പോഴാകട്ടെ അത് കോടൊത്തിന് നല്‍കിയില്ല.പകരം തന്നത്താന്‍ കൈക്കലാക്കി.എന്നിട്ടും വിനീതവിധേയനായി കോടോത്ത് ഇപ്പോഴും കൂടെയുണ്ട്.ചിന്താശേഷിയെ വന്ധീകരിച്ച ഇത്തരം തൊമ്മിമാരെ ആശ്രിതന്മാരാക്കിയ കരുണാകരന്‍ അവരേക്കാള്‍ വലിയ ആശ്രിതനാണെന്നത് വേറേ കാര്യം.നെഹ്രു കുടുംബത്തിലെ ഇളമുറത്തമ്പുരാനെക്കൂടി സേവിക്കാന്‍ വേണ്ടിയാണ് അപഹാസ്യമായ മടങ്ങിപ്പോക്ക് നാടകം അര‍ങ്ങേറിയത്.അന്ത്യകൂദാശാ സമയത്ത് പാര്‍ട്ടിപ്പതാക പുതയ്ക്കാനുള്ള മോഹത്തിന് ഒരു പക്ഷേ രണ്ടാം സ്ഥാനമേ കാണൂ.

പോയ മച്ചാന്‍ തിരിച്ചു വന്നതില്‍ രോമാഞ്ചം അഭിനയിക്കുന്നവര്‍ക്ക് സന്തോഷിക്കാം.അവരെയെല്ലാം ചീത്ത
വിളിക്കാന്‍ മുപ്പത്തി രണ്ട് മാസം മുമ്പ് വേദിയൊരുക്കിയ അതേ സ്ഥലത്തു വരുത്തി മറിച്ചു പറയിക്കാന്‍
കഴിഞ്ഞല്ലോ.പക്ഷേ വഴിയേ പോയ വയ്യാവേലി തലയില്‍ എടുത്തു വച്ചതിന്‍റെ ഫലം കെപിസിസി നേതൃത്വം
അറിയാനിരിക്കുന്നതേ ഉള്ളു.

4 comments:

പാമരന്‍ said...

എന്‍റാശാനെ.. ഇതും അച്ഛനും മോനും കൂടെയുള്ള ഒരു 'ചക്കളത്തിപ്പോരാട്ടം' അല്ലെന്നാരു കണ്ടു?

'അല്പസ്വല്‍പം നാണവും മാനവും ബാക്കി ' ഉള്ളതാര്‍ക്ക്? മുരളിക്കോ? നല്ല കഥ!

കാപ്പിലാന്‍ said...

aarkkum oru naanavumilla., achanum monum. oru naanayathinte randu vashngal.. naanm kettavar

rathisukam said...

ജയ് ഗുരുവായൂരപ്പ.

dethan said...

പാമരന്,
ഒത്തുകളിയുടെ സാദ്ധ്യത തള്ളിക്കളയുന്നില്ല.കണ്ണന്‍റെ ചുവട്ടില്‍ കദളി മുളയ്ക്കില്ലല്ലോ.'അല്പ സ്വല്പ' നാണം എന്ന് ഇപ്പോഴത്തെ അവസ്ഥ കണ്ടു പറഞ്ഞെന്നേ ഉള്ളു.തെറ്റിദ്ധരിക്കണ്ടാ.

കാപ്പിലാന്,
അച്ഛനെയും മകനെയും ശരിയായി വിലയിരുത്തിയിരിക്കുന്നു.അഭിനന്ദനവും നന്ദിയും.

rathisukam(രതിസുഖം),
പാവം ഗുരുവായൂരപ്പന്‍!!