Total Pageviews

Saturday, January 12, 2008

'നാലുകെട്ടും' സുവര്‍ണ്ണ ജൂബിലിയും

എം.റ്റി യുടെ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും വിവാദമായി.ഒരു സാഹിത്യ കൃതിയുടെ ജൂബിലി കൊണ്ടാടല്‍ വിവാദമാകേണ്ട കാര്യമില്ല.മൂന്നോ നാലോ വര്‍ഷം മുമ്പ് ഡോ.സുകുമാര്‍ അഴീക്കോടിന്‍റെ 'ആശാന്‍റെ സീതാ കാവ്യ'ത്തിന്‍റെ കനക ജൂബിലി സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ ആഘോഷിക്കുകയുണ്ടായി.തിരുവനന്തപുരത്ത് വായനക്കാരുടെ കൂട്ടായ്മയായ 'വായന' യാണ് ആഘോഷം സംഘടിപ്പിച്ചത്.അതുപോലുള്ള സംഘങ്ങളാണ് മറ്റിടങ്ങളിലും പരിപാടി നടത്തിയത്.ഒരു വിവാദവും ഉണ്ടായില്ല.

പക്ഷേ നാലുകെട്ടിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത് കേരള സാഹിത്യ അക്കാഡമിയാണ്.പൊതു മുതല്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന അക്കാദമി പോലുള്ള സ്ഥാപനം ദീക്ഷിക്കേണ്ട പ്രാഥമിക മര്യാദയോ ഔചിത്യമോ ഇവിടെ ഉണ്ടായില്ല.അതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്.കുമാരനാശാന്‍റെ 'വീണപൂവ്' പ്രസിദ്ധീകൃതമായിട്ട് നൂറു വര്‍ഷം കഴിഞ്ഞു.വൈക്കം മുഹമ്മദ് ബഷീറിന്‍റെ കൃതികള്‍ പലതും അര്‍ദ്ധ ശതകങ്ങള്‍ പിന്നിട്ടു.ഉറൂബിന്‍റെ 'ഉമ്മാച്ചു', തിരുനല്ലൂരിന്‍റെ 'റാണി', അഴീക്കോടിന്‍റെ 'ആശാന്‍റെ സീതാകാവ്യം' തുടങ്ങി പ്രസിദ്ധീകരണത്തിന്‍റെ അരനൂറ്റാണ്ടു കഴിഞ്ഞ എത്രയോ പ്രസിദ്ധ ഗ്രന്ഥങ്ങള്‍ മലയാളത്തിലുണ്ട്.അവയെപ്പറ്റിയൊന്നും ഓര്‍ക്കാത്ത സാഹിത്യ അക്കാഡമി ഒരു സുപ്രഭാതത്തില്‍ നാലുകെട്ടിന്‍റെ മാത്രം കനകജൂബിലി കൊണ്ടാടാന്‍ ഒരു‍മ്പെടുമ്പോള്‍ ജനത്തിന് സംശയം തോന്നുക സ്വാഭാവികം.ഇവിടെ സൂചിപ്പിച്ച പുസ്തകങ്ങളെ അതിവര്‍ത്തിക്കുന്ന മേന്മയോ പ്രത്യേകതയോ ചരിത്ര പ്രസക്തിയോ നാലുകെട്ടിനില്ല.

വിവാദം കൊണ്ട് ഒരു നേട്ടമുണ്ടായി.ബഷീറിനെയും ഉറൂബിനെയും അക്കാദമിയിലെ മഹാരഥന്‍മാര്‍ ഓര്‍ത്തു.ബാക്കിയുള്ളവര്‍ എന്നിട്ടും പുറത്തു തന്നെ.വിവാദങ്ങള്‍ക്ക് മറുപടിയായി അക്കാദമി പ്രസിഡന്‍റ് പറഞ്ഞത്,എവിടെയെങ്കിലും തുടങ്ങണ്ടേ അതിനു നാലുകെട്ട് തെരഞ്ഞെടുത്തു എന്നാണ്.തുടങ്ങുവാന്‍ ഏറ്റവും യോജിച്ചത് വീണപൂവ് ആയിരുന്നില്ലേ?മലയാളിയുടെ കാവ്യഭാവുകത്വത്തിന് പുതിയ മാനങ്ങള്‍ സൃഷ്ടിച്ച ആശാന്‍റെ കൃതി നൂറു കൊല്ലം കടന്നത് അറിയാതെപോയ സാഹിത്യ അക്കാഡമിയുടെ നാലുകെട്ട് പ്രേമം ദുരുദ്ദേശ്യപരമാണെന്നആരോപണം സംഗതമാകുന്നത് അതുകൊണ്ടാണ്.സാഹിത്യ അക്കാദമിയുടെ 'സാഹിത്യ'പ്പട്ടികയില്‍ കഥയും നോവലും മാത്രമേ ഉള്ളു എന്നാണെങ്കില്‍ ബഷീറിനെഎങ്ങനെയാണു മറന്നത്?ഏത് അളവുകോല്‍ വച്ചളന്നാലും അദ്ദേഹം തന്നെയായിരിക്കും മുമ്പില്‍.

കേന്ദ്ര സാഹിത്യ അക്കദമിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എം.റ്റിയെ സഹായിക്കാന്‍ കൂടിയാണ്ഈ ആഘോഷമെന്ന്, ഒടുവില്‍ കേരള പ്രസിഡന്‍റിന് സമ്മതിക്കേണ്ടി വന്നു.മുമ്പ് ആലുവാ മണപ്പുറത്ത് നടത്തിയ ഒരു സാഹിത്യ മാമാങ്കത്തിനു പിന്നാലേ ജ്ഞാനപീഠം പോന്നതു പോലെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിനു പിറകേ കേന്ദ്ര അക്കാദമി പ്രസിഡന്‍റ് സ്ഥാനവും പോരുന്നെങ്കില്‍ നമുക്കു സന്തോഷിക്കാം.


പക്ഷേ അതിനപ്പുറമുള്ള ചില രഹസ്യ അജണ്ടകള്‍ ഈ ആഘോഷത്തിനു പിന്നില്‍ ഇല്ലേ എന്നു സംശയിക്കണം.ഇ എം എസ്സി ന്‍റെയും പി.ഗോവിന്ദപ്പിള്ളയുടെയും പിണറായി വിജയന്‍റെയും കൃതികള്‍ അരനൂറ്റാണ്ടായി അറിഞ്ഞോ അറിയാതെയോ കിടപ്പുണ്ടെങ്കില്‍ പൊടിതട്ടി പൊന്നാടയില്‍ പൊതിഞ്ഞ് പ്രദര്‍ശിപ്പിക്കുകയാകണം അതില്‍ ഒന്നാമത്തേത്.സര്‍വ്വകലാവല്ലഭനായ സാംസ്ക്കാരിക മന്ത്രിയുടെ അമ്പതാണ്ടു കഴിഞ്ഞ വല്ല ലഘുലേഖയും ഉണ്ടോ എന്നുകൂടി അറിഞ്ഞാലേ രഹസ്യ അജണ്ടയിലെ ബാക്കി എണ്ണം തിട്ടപ്പെടുത്താന്‍ കഴിയൂ.

13 comments:

വിഷ്ണു പ്രസാദ് said...

പ്രസക്തമായ ലേഖനം.അവസാനത്തെ ഒരു പാരഗ്രാഫിനോടു മാത്രം യോജിക്കാന്‍ വയ്യ.അക്കദമി അരലക്ഷം രൂപയാണ് പരിപാടിക്കു കൊടുക്കുന്നതെന്നാണ് അനൌദ്യോഗികമായി അറിയാന്‍ കഴിഞ്ഞത്.ഏകദേശം നാലര ലക്ഷമാണത്രേ ബജറ്റ്.ബാക്കിത്തുക സംഘാടകര്‍ കണ്ടെത്തേണ്ടതുണ്ട്.വി.കെ ശ്രീരാമാനാവണം ഇത്തരമൊരാശയം ആദ്യം അവതരിപ്പിക്കുന്നത്.(ഭാഷാപോഷിണിയില്‍ വന്ന ലേഖനം ഓര്‍ക്കുക)
ഒരു പരിപാറ്റി സംഘടിപ്പിക്കുവാന്‍ അക്കാദമി വേദിയാക്കുന്നത് അത്ര തെറ്റല്ല.ഇതിനൊന്നുമല്ലെങ്കില്‍ എന്തിനാണ് അങ്ങനെയൊരു സ്ഥാപനം?

വിഷ്ണു പ്രസാദ് said...

ഇ എം എസ്സി ന്‍റെയും പി.ഗോവിന്ദപ്പിള്ളയുടെയും പിണറായി വിജയന്‍റെയും കൃതികള്‍ അരനൂറ്റാണ്ടായി അറിഞ്ഞോ അറിയാതെയോ കിടപ്പുണ്ടെങ്കില്‍ പൊടിതട്ടി പൊന്നാടയില്‍ പൊതിഞ്ഞ് പ്രദര്‍ശിപ്പിക്കുകയാകണം അതില്‍ ഒന്നാമത്തേത്.

ഇത്തരം ആരോപണങ്ങള്‍/സംശയങ്ങള്‍ കഴമ്പില്ലാത്തവയാണ്.എന്നാല്‍ ചില വ്യക്തി താത്പര്യങ്ങള്‍/അജണ്ടകള്‍ ഒക്കെ പിന്നിലുണ്ടാവാം... :)

സനാതനന്‍ said...

വളരെ നല്ല ലേഖനം.

dethan said...

വിഷ്ണു പ്രസാദിന്,

സര്‍ക്കാര്‍ സ്ഥാപനമാകുമ്പോള്‍ പൊതുജനത്തിനോട് കണക്കു പറയാനുള്ള ബാദ്ധ്യത ഉണ്ട്.സാഹിത്യ അക്കാഡമി
അതു നിറവേറ്റിയില്ല എന്നതാണ് പ്രധാന ആക്ഷേപം.അതിന് തൃപ്തികരമായ ഉത്തരം അക്കാദമി നല്‍കിയിട്ടുമില്ല.പുരോഗമന കലാ സാഹിത്യസംഘമോ യുവകലാ സാഹിതിയോ അല്ലല്ലോ അക്കാദമി.കുമാരനാശാനെയും വൈക്കം മുഹമ്മദ് ബഷീറിനെയും മറന്നതിന് എന്തു സമാധാനമാണ് മുകുന്ദനു പറയാനുള്ളത്?

ഒടുവിലത്തെ ഖണ്ഡികയലെ സംശയം അത്ര അടിസ്ഥാനമില്ലാത്തതാണെന്ന് ഉറപ്പിക്കാന്‍ വരട്ടെ. അക്കാദമികളുടെയും മറ്റു സ്മാരക കമ്മിറ്റികളുടെയും പുന:സംഘടന മുതലുള്ള കാര്യം പരിശോധിച്ചാല്‍
ഇതു ബോദ്ധ്യമാകും. അഹങ്കാരവും പാരവയ്പും ബുദ്ധിജീവി നാട്യവും പബ്ലിസിറ്റി മാനിയാ യുമുള്ള
അവസാന രണ്ടുപേരുകാരെയും ആദരിക്കാത്തതിന്‍റെ പേരില്‍, കൂടെ നിന്നവര്‍ക്കു പോലും ഉണ്ടായ അനുഭവം അറിയാമല്ലോ.അവരെ പരിഹസിക്കയെങ്കിലും ചെയ്യണ്ടേ?

പ്രതികരണത്തിനു നന്ദി.

dethan said...

സനാതനാ,
നന്ദി.

സുരലോഗ് || suralog said...

അക്കാഡമിക്കു് വേണമെങ്കില്‍ ജൂബിലികളും പിറന്നാളുകളും നാഴികകല്ലുകളും ഒരുമിച്ചു തന്നെ ആഘോഷിക്കാമായിരുന്നല്ലോ.ചിലരെ മാത്രം പൊലിപ്പിക്കേണ്ടതുണ്ടോ?
അപ്പോള്‍ അതൊന്നുമല്ല കാര്യം.കാക്കാപിടുത്തം തന്നെ.പാര്‍ട്ടിയുടെ ഔദ്യോഗിക നാവാം മുകുന്ദന്‍ അതു തെളിച്ചു പറയുകയും ചെയ്തു!

അയല്‍ക്കാരന്‍ said...

നാലുകെട്ട് എന്ന നോവല്‍ ഇത്തരം ഒരു ആഘോഷം അര്‍ഹിക്കുന്നുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നാലുകെട്ടിനേക്കാള്‍ അര്‍ഹതയുള്ള പുസ്തകങ്ങള്‍ വേറെയുണ്ട് എന്നതുകൊണ്ട് നാലുകെട്ടിനെ ഭര്‍ത്സിക്കുന്നതില്‍ വലിയ അര്‍ത്ഥമൊന്നുമില്ല. സത്യന്റെ സിനിമയേക്കാള്‍ ഇന്നു ജനം ഇഷ്ടം കാണിക്കുക സുരാജ് വെഞ്ഞാറമ്മുടിനോടാണ്. അതുകൊണ്ടുതന്നെ ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ജനകീയ പ്രസ്ത്ഥാനം കാലിക പ്രാധാന്യമുള്ള ആഘോഷങ്ങള്‍ നടത്തുന്നു എന്നു മാത്രം.

ഇതിനകത്ത് രാഷ്ട്രീയം കാണേണ്ട കാര്യമുണ്ടോ? എം മുകുന്ദന്റെ സമീപകാലത്തെ പല അഭിപ്രായങ്ങളിലും ചിലരോടുള്ള വിധേയത്വം പ്രകടമായിരുന്നു എന്ന് അംഗീകരിച്ചു കൊണ്ടു തന്നെ, അവസാനത്തെ ഖണ്ടികയോട് വിയോജിക്കുന്നു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പക്ഷേ അതിനപ്പുറമുള്ള ചില രഹസ്യ അജണ്ടകളില്‍ , ഇനി ഭാവിയില്‍ എം.മുകുന്ദന് കേന്ദ്രസാഹിത്യ അക്കാദമി അദ്ധ്യക്ഷ സ്ഥനത്തേക്ക് മത്സരിക്കേണ്ടി വരുമ്പോള്‍ മുകുന്ദന്റെ ഏതെങ്കിലും ഒരു കൃതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കാം എന്നതുമുണ്ട് . പദവികള്‍ രാഷ്ട്രീയക്കാര്‍ക്ക് മാത്രം മതിയോ സാഹിത്യകാരന്മാര്‍ക്കും വേണ്ടേ . ഇങ്ങിനെയൊക്കെയാണ് അക്കാദമിക പദവികള്‍ ലഭിക്കുക എന്ന് വെളിപ്പെടുത്തിയ എം.മുകുന്ദന്‍ തീര്‍ച്ചയായും കേന്ദ്രപദവി അര്‍ഹിക്കുന്നുണ്ട് .
പോസ്റ്റ് വളരെ നന്നായി !

dethan said...

'സുരലോഗിന്'
വളരെ നന്ദി ;അഭിപ്രായത്തിനും പല മറുപടികളും എളുപ്പമാക്കിയതിനും.

dethan said...

പ്രിയ 'അയല്‍ക്കാരാ',
നാലുകെട്ട്, ജൂബിലി കൊണ്ടാടാന്‍ യോഗ്യതയില്ലാത്ത കൃതിയാണെന്ന് ആരും പറഞ്ഞില്ല.സര്‍ക്കാര്‍ സ്ഥാപനം
പരിപാടി സംഘടിപ്പിക്കുന്നത് ആളും തരവും നോക്കിയാകാന്‍ പാടില്ല.ജൂബിലി ആഘോഷത്തിന് അര്‍ഹമായ നിരവധി കൃതികളുള്ളപ്പോള്‍ പ്രസിദ്ധീകരണത്തീയതി ,കര്‍‍ത്താവിന്‍റെ പ്രായം, കാലിക പ്രസക്തി തുടങ്ങിയവ
മുന്‍ഗണന നിശ്ചയിക്കുന്നതിന് മാനദണ്ഡമാക്കാം.അതൊന്നുമില്ലാതെ അക്കാദമി പ്രസിഡന്‍റിനോ ഭരണസമിതിക്കോ
വകുപ്പു മന്ത്രിക്കോ ഇഷ്ടമുള്ള ആരുടെയെങ്കിലും കൃതിയുടെ ജൂബിലി ആഘോഷിക്കുന്നത് ശരിയല്ല.അഥവാ
അത്ര കലശലായ താല്പര്യം അവര്‍‍ക്കുണ്ടെങ്കില്‍ ചെലവ് സ്വന്തം പോക്കറ്റില്‍ നിന്നു വേണം വഹിക്കാന്‍.

കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് എന്നതല്ലാതെ യാതൊരു 'കാലികപ്രസക്തി'യും
നാലുകെട്ടിന്‍റെ ആഘോഷത്തനില്ല.അമ്പത് വര്‍ഷം തികഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണെങ്കില്‍ ഒരു ഡസനിലധികം സാഹിത്യകൃതികള്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ ഒരു പ്രയാസവുമില്ല.അവയില്‍ നിന്നുള്ള കുറെ പുസ്തകങ്ങളോടൊപ്പമാണ് നാലുകെട്ടിന്‍റെ ജൂബിലിയും ആഘോഷിക്കാന്‍ പരിപാടിയിട്ടതെങ്കില്‍ ഒരുവിവാദവും ഉണ്ടാകുമായിരുന്നില്ല.എം വി.ദേവനെപ്പോലെ തറപ്രതികരണം നടത്തിയില്ലെങ്കിലും ഇവിടെ മുകളില്‍ പ്രതികരിച്ച സുരലോഗി നെപ്പോലെ അഭിപ്രായമുള്ള എത്രയോ പേര്‍ കാണും?

താങ്കള്‍ ചൂണ്ടിക്കാണിച്ച സിനിമയുടെയും ജനപ്രീതിയുടെയും മാനദണ്ഡമനുസരിച്ചാണെങ്കില്‍ മുട്ടത്തു വര്‍ക്കിയുടെ കൃതികളല്ലേ നാലുകെട്ടിനേക്കാള്‍ മുന്‍ ഗണന അര്‍ഹിക്കുന്നത്?

രാഷ്ട്രീയത്തെപ്പറ്റി:ഞാന്‍ ജൂബിലിയെക്കുറിച്ചേ സൂചിപ്പിച്ചുള്ളു.അതിനേക്കാള്‍ എത്രയോ വലുതാണ്
അക്കാദമി ഫെലോഷിപ്പ്! അത് ലഭിച്ച ഒരു പേരുകൂടി നോക്കിയിട്ടു പറയുക വെറുതേയാണോ രാഷ്ട്രീയം കണ്ടതെന്ന്.
മുകുന്ദന് രാഷ്ട്രീയമില്ല. ഉള്ളത് വിധേയത്വം മാത്രം.അതുകൊണ്ടാണല്ലോ ബേബിക്കും ഗ്രൂപ്പിനും
വേണ്ടി അച്ചുതാനന്ദനെ അപഹസിച്ച് കഥ എഴുതിയത്!!

dethan said...

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടിക്ക്,
പ്രതികരണത്തിനു നന്ദി; ദീര്‍ഘ വീക്ഷണത്തിനു നമസ്കാരം.
ആരറിവൂ മുകുന്ദന്‍റെ 'മോഹത്തിന്‍റെ വികൃതികള്‍'?

അയല്‍ക്കാരന്‍ said...

പി ജി ആ ഫെലോഷിപ്പ് അര്‍ഹിക്കുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. എം മുകുന്ദന്‍ തലവനായിരിക്കുന്ന സമിതി കൊടുത്തു എന്നത്കൊണ്ട് മാത്രം നമ്മളതിനെ സംശയത്തോടെ കാണണോ? അഥവാ അങ്ങനെ കരുതെന്നെങ്കില്‍ത്തന്നെ അത് ജി.സുധാകരന് കൊടുത്തില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയെങ്കിലും ചെയ്തുകൂടെ.

പിന്നെ സിനിമയേയും സാഹിത്യത്തെയും നമ്മള്‍ വെവ്വേറെ മാനദണ്ഡങ്ങള്‍ കൊണ്ടാണ് അളക്കുന്നത്. കമലിനെ വാഴ്ത്തുമ്പോഴും സുധാകര്‍ മംഗളോദയത്തെ നമ്മുടെ മുഖ്യധാരാമാധ്യമങ്ങള്‍ അവഗണിക്കുന്നത് അതിനാല്ത്തന്നെ. അത് വേറൊരു വിഷയം

പിന്നെ അച്യുതാനന്ദനെ അപഹസിച്ചു കഥയെഴുതിയാല്‍ അതു ബേബിക്ക് വേണ്ടിയായിരിക്കും എന്നത് ഒരു മനോരമ ലൈനല്ലേ?

dethan said...

അയല്‍ക്കാരന്,
താങ്കള്‍ക്ക് അങ്ങനെ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്.വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യംഎനിക്കും.
പക്ഷേ വ്യക്തിതാല്പര്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല.പൊതുസ്വീകാര്യതയാണ് പ്രധാനം.പിജി യുടെ സുദീര്‍ഘമായ സാഹിത്യസേവനത്തെക്കുറിച്ച് അഭിപ്രായ ഭിന്നത ആര്‍ക്കും കാണില്ല.അതല്ലല്ലോ ഇത്തരം ബഹുമതികള്‍ക്ക് മാനദണ്ഡമാകേണ്ടത്.മലയാളത്തിന് എന്നുമോര്‍ക്കാവുന്ന എത്ര കൃതികളുണ്ട് പിജിയുടേതായി?അത്തരം കൃതികളുടെ കര്‍ത്താക്കളെ പലരെയും തഴഞ്ഞ് അദ്ദേഹത്തിനു നല്‍കിയതിനെ
എങ്ങനെയാണ് ന്യായീകരിക്കുക?
ജി സുധാകരന് ഇപ്പോള്‍ നല്‍കിയില്ലെന്ന് ആശ്വസിക്കണ്ടാ.അദ്ദേഹം കവിത എഴുതിക്കൊണ്ടിരിക്കയാണ്.

മര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് മൂത്തപ്പോള്‍,ഒരു വിഭാഗത്തിന്‍റെ ആളെന്ന് മുദ്രകുത്തപ്പെട്ട വി എസ്സി നെതിരെ തന്‍റെ സര്‍ഗ്ഗസിദ്ധി മുകുന്ദന്‍ പ്രയോഗിച്ചത് പിന്നെ എന്തിനു വേണ്ടിയായിരുന്നു?കാര്യസാദ്ധ്യത്തിനുള്ള ഉപകാരസ്മരണ.അത്രതന്നെ.അതു മനസ്സിലാക്കാന്‍ 'മനോരമ'ക്കണ്ണൊന്നും ആവശ്യമില്ല.

ആരോഗ്യകരമായ പ്രതികരണങ്ങള്‍ക്ക് നന്ദി