Total Pageviews

Saturday, January 19, 2008

'മാതാ' ശരണം!!

സര്‍ക്കാര്‍ ഗുമസ്തന്‍ വീട് വച്ചാല്‍,പുതിയ കാര്‍ വാങ്ങിയാല്‍,വരുമാനത്തിന്‍റെ ഉറവിടം അന്വേഷിച്ച് ഉടന്‍ഇംകം ടാക്സുകാര്‍ എത്തും.സുനാമി ദുരന്തമുണ്ടായപ്പോള്‍ നൂറു കോടി രൂപ ഒരു ആള്‍ദൈവം കൊടുക്കാമെന്നു പറഞ്ഞപ്പോള്‍ സര്‍ക്കാര്‍ അത് രണ്ടു കൈയും നീട്ടി സ്വീകരിച്ചു.എവിടെ നിന്നുണ്ടായി ഈ നൂറു കോടി എന്ന് ചോദിച്ചില്ല.ഉറവിടം അന്വേഷിച്ചു നടക്കുന്ന ഇംകംടാക്സുകാരും തിരക്കിയില്ല.സര്‍ക്കാരായാലും,അപ്പം തിന്നുമ്പോള്‍ കുഴി എണ്ണുന്നത് ഭംഗിയല്ലല്ലോ.വെറുതെ കിട്ടുമ്പോള്‍ വേണ്ടാത്തതൊക്കെ തിരക്കുന്നത് നന്ദികേടുമല്ലേ?ഈശ്വര വിശ്വാസികളും ആള്‍ദൈവഭക്തരും ഉള്‍പ്പെട്ട യു ഡി എഫ് സര്‍ക്കാരാണ് അന്ന് സംഭാവന സ്വീകരിച്ചതെങ്കില്‍ ഇപ്പോള്‍ അവരുടെ ഏത് സഹായവും സ്വീകരിക്കുകയും സേവനമാഹാത്മ്യത്തെക്കുറിച്ചു പാടുകയും ചെയ്യുന്നത് അവിശ്വാസികളാണെന്നു സ്വയം പ്രഖ്യാപിച്ചു നടക്കുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ വിപ്ലവ കേസരികളാണ്.

പക്ഷേ ഇവിടുത്തേക്കാള്‍ കൂടുതല്‍ തുക ബുഷ് ഭരണകൂടത്തിനും നല്കിയിട്ടും അന്വേഷണം ഉണ്ടായില്ല. അവിടെ റീത്ത,കട്രീനാ കൊടുങ്കാറ്റു നാശം വിതച്ചപ്പോള്‍ സഹായിക്കേണ്ട കടമ 'ലോകമാതാവി'നില്ലേ എന്നാകാം.നൂറുകോടി, മഞ്ഞു മലയുടെ ഒരു അരികു മാത്രമാണ്.ഭരണകൂടങ്ങളെ വിലയ്ക്കെടുക്കാന്‍ പോന്ന ഈ അതിസമ്പത്ത് അമൃതാനന്ദമയിക്ക് എങ്ങനെ ഉണ്ടായി? വിദേശത്തും സ്വദേശത്തും ഉള്ള ഭക്തന്മാരുടെ കാണിക്കയാണെന്നാണ് ആരാധകരുടെ മൊഴി.അങ്ങനെയാണെങ്കില്‍ ഇവരേക്കാള്‍ കൂടുതല്‍ ശിഷ്യര്‍ ലോകത്തെമ്പാടും ഉണ്ടായിരുന്ന ഗുരു നിത്യചൈതന്യ യതി ആകണമല്ലോ വലിയ ധനവാന്‍.മിക്കവാറും എല്ലാ രാജ്യങ്ങളിലും നാരായണ ഗുരുകുലങ്ങള്‍ സ്ഥാപിച്ച അദ്ദേഹത്തിന്‍റെ പക്കല്‍ ആരെയും വിലയ്ക്കെടുക്കാനുള്ളപണമില്ലായിരുന്നു.ലോകത്തിന്‍റെയും ഭരണകൂടങ്ങളുടെയും ശ്രദ്ധയും ആദരവും ഗുരു നേടിയത് പണം വാരിയെറിഞ്ഞുമല്ല.

മനുഷ്യദൈവങ്ങള്‍ മാത്രമല്ല മറ്റു ചിലരും കാശു വാരിയെറിഞ്ഞ് സാമൂഹിക അംഗീകാരവും മാന്യതയുംപ്രശസ്തിയും കരസ്ഥമാക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണക്കാരും കള്ളവാറ്റുകാരും കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും അവലംബിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെ.അവരില്‍ നിന്നും സാമ്പത്തിക സഹായവും സൗജന്യസേവനവും സര്‍ക്കാര്‍ സ്വീകരിക്കുമോ?

കാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 'അമ്മ'യെ പ്രകീര്‍ത്തിക്കുന്നവര്‍ അവരുടെ സങ്കേതത്തിനടുത്തുള്ള സുനാമിദുരന്ത ഭൂമിയില്‍ എന്നാണ് പോയതെന്ന് അറിയണം.നിരവധി മനുഷ്യര്‍ മരിച്ച അവിടെ അവര്‍ പോയത്ദിവസങ്ങള്‍ കഴിഞ്ഞാണ്.ആത്മാക്കള്‍ക്ക് മോക്ഷം കിട്ടാന്‍ ബലിതര്‍പ്പണം ചെയ്യാനായിരുന്നു സ്വദേശ,വിദേശ ചാനലുകളുടെയും പത്രക്കാരുടെയും ക്യാമറയ്ക്കു മുന്‍പില്‍ അവര്‍ ആദ്യമായി അവിടെ പ്രത്യക്ഷപ്പെട്ടത്.അത്യാഹിതമുണ്ടായപ്പോള്‍ തിരിഞ്ഞു നോക്കാതെ ആത്മാവിനു മോക്ഷം കിട്ടാന്‍ വേഷം കെട്ടുന്നതോ കാരുണ്യപ്രവര്‍ത്തനം?

കോടികളുടെ വാഗ്ദാനം വന്നപ്പോള്‍ പലരും ഈ കാപട്യം ചൂണ്ടിക്കാണിച്ചിരുന്നു.അന്ന് അവരെ ഭീഷണിപ്പെടുത്തുകയും തെറി വിളിക്കുകയുമാണ് അമ്മയുടെ ഭക്തരും മാര്‍ക്കറ്റിങ് മാനേജര്‍മാരും ചെയ്തത്.എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം 2008 ജനുവരി 13 ലെ കലാകൗമുദിയില്‍, ''സുനാമിത്തിരകളെ അമ്മ പ്രതിരോധി''ച്ചെന്നും ''തിരയില്‍ പെട്ടവരെ രക്ഷപ്പെടുത്തി''യെന്നും അവരുടെ മുഖ്യമാര്‍ക്കറ്റിങ് മാനേജര്‍ അവകാശപ്പെട്ടിരിക്കുന്നു.സമീപ കാലത്ത് നിരവധി പേര്‍ നേരിട്ടറിഞ്ഞ ഒരു വാര്‍ത്ത പോലും അമ്മയുടെ അത്ഭുത കഥയാക്കി പബ്ലിസിറ്റി മാനേജര്‍മാര്‍ മാറ്റുന്നതെങ്ങനെ എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.

ഇവരുടെ മെഡിക്കല്‍ കോളേജിലും മറ്റു പ്രൊഫഷനല്‍ സ്ഥാപനങ്ങളിലെയും അഡ്മിഷന് റേറ്റ് എത്രയാണെന്ന് സേവനമാഹാത്മ്യം ഉരുക്കഴിക്കുന്ന മന്ത്രിമാര്‍ തിരക്കാറുണ്ടോ?മുപ്പത്തഞ്ചും നാല്പതും ലക്ഷമാണ് മെഡിക്കല്‍ സീറ്റിന്‍റെ നിരക്ക്.ഒന്നോ രണ്ടോ കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശനം നല്‍കും.ബാക്കി ലേലം ചെയ്യും.സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് മൂക്കു കയര്‍ ഇടാന്‍ നടക്കുന്ന സര്‍ക്കാറിനും യുവജന സംഘങ്ങള്‍ക്കും ഇവരെ ഒന്നും ചെയ്യാന്‍ പറ്റില്ല.കാരണം അമ്മയുടേത് ഡീംഡ് യൂണിവേഴ്സിറ്റിയാണ്.

ഏത് ബ്ലേഡ് ആശുപത്രിയിലെയും പോലെ ഭീമമാണ് അവരുടെ ആശുപത്രിയിലെയും ചികിത്സാച്ചെലവ്.അടുത്ത ഭക്തര്‍ക്കും വിവിഐപി കള്‍ക്കും പബ്ലിസിറ്റി കിട്ടുന്ന മറ്റുള്ളവര്‍ക്കും സൗജന്യ ചികിത്സ കിട്ടിയേക്കും.ഈ സ്ഥാപനങ്ങളിലെ താഴേ തസ്തികകളിലെ ജീവനക്കാരുടെ വേതനവും തൊഴില്‍സാഹചര്യവുംഭേദപ്പെട്ടതല്ല എന്നും ആക്ഷേപമുണ്ട്.
നൂറു കോടിയുടെ മഹാദാനത്തിനു മുമ്പ് തീരദേശത്തുള്ള 500 സാധുക്കള്‍ക്ക് ഇവര്‍ വീടു നിര്‍മ്മിച്ചുനല്‍കിയിരുന്നു. ആദ്യത്തെ സുനാമിത്തിരയില്‍ തന്നെ അവയില്‍ മിക്കതും നിലംപൊത്തി. സംഭാവനകളെ സംഭവമാക്കി മാറ്റാന്‍ കെല്പുള്ള പ്രചാര മാനേജര്‍മാര്‍ക്ക് ഇത് വലിയ വാര്‍ത്തയാകാതെ സൂക്ഷിക്കാനും കഴിഞ്ഞു.എങ്കിലും വേട്ടയാടിയ ചമ്മല്‍ മറയ്ക്കാന്‍ കൂടിയായിരുന്നിരിക്കണം സുനാമി സംഭാവന.മാതാവിന്‍റെ അടുത്ത പൂര്‍വ്വാശ്രമ ബന്ധുക്കളാരോ ആയിരുന്നു അഞ്ഞൂറു മുന്‍ വീടുകളുടെ കരാര്‍ഏറ്റെടുത്തിരുന്നതെന്നും ശ്രുതിയുണ്ട്.

അരോചകമായ ഭജന ഗോഷ്ടികളും ആലിംഗനവും ചുംബനവും അല്ലാതെ വരും തലമുറക്ക് ഓര്‍ത്തുവയ്ക്കാന്‍ പോരുന്ന എന്താണ് അമ്മദൈവം പറഞ്ഞിട്ടുള്ളത്?ആദ്യമൊക്കെ എല്ലാരും സ്നേഹിക്കണം എന്നൊക്കെ മൊഴിഞ്ഞിരുന്ന ഇവര്‍ ഇപ്പോള്‍ അന്താരാഷ്ട്ര ഭീകരതയ്ക്കെതിരേയാണ് സംസാരം.അശരണരുടെയും അനാഥരുടെയും യഥാര്‍ത്ഥ അമ്മയായി മാറിയ മദര്‍ തെരേസക്ക് കിട്ടിയ അംഗീകാരം പോലെ വല്ലതും തടയണമെങ്കില്‍ സായിപ്പന്മാരെ സുഖിപ്പിക്കണമെന്നു കരുതിയിട്ടുണ്ടാകും.

പണക്കൊഴുപ്പിലും ആര്‍ഭാടത്തിലും ആഡംബരത്തിലും ഉള്ള ഈ ആസക്തി ഭാരതീയപാരമ്പര്യമല്ല. അതേക്കുറിച്ചു വല്ല ധാരണയുമുണ്ടായിരുന്നെങ്കില്‍ ഹൈടെക് സംവിധാനത്തോടെ ഫിഫ്റ്റിപൂര്‍ത്തി(അമ്പതാംപിറന്നാള്‍) ആഘോഷിക്കുമായിരുന്നില്ലല്ലോ!പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന ഇവരുടെ ആവാസ സ്ഥാനങ്ങള്‍ സന്ന്യാസികള്‍ക്കു യോജിക്കുന്നതല്ല.അവയെ മഠമെന്നും ആശ്രമ മെന്നും വിളിച്ച് വാക്കുകളെ കളങ്കപ്പെടുത്തുകയാണ് മാദ്ധ്യമങ്ങള്‍.

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിമാര്‍ ഇവരുടെ പഞ്ചനക്ഷത്ര സങ്കേതത്തെപ്പറ്റി അന്വേഷിക്കാന്‍ ഉത്തരവിടുകയില്ല.കാരണം ഇന്ത്യയില്‍ മനുഷ്യദൈവങ്ങള്‍ക്ക് ഇത്രയധികംപ്രചാരവും മാര്‍ക്കറ്റും ഉണ്ടാക്കിയതില്‍ വലിയ പങ്ക് ജഡ്ജിമാര്‍ക്കുണ്ട്.
അന്വേഷണം നടന്നപ്പോഴാണല്ലോ ധ്യാനകേന്ദ്രത്തില്‍ നടന്നത് എന്തൊക്കെയെന്ന് ജനത്തിന് മനസ്സിലായത്. അതുപോലെ ആള്‍ദൈവ സങ്കേതത്തെക്കുറിച്ചും അന്വേഷണം നടത്തുകയാണു വേണ്ടത്. അതിനു പകരം മാതൃകയാക്കണമെന്നും മറ്റും പറഞ്ഞ് വെള്ളപൂശാനുള്ള ശ്രമം, ഇപ്പോള്‍തന്നെ സമാന്തര സര്‍ക്കാരുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് കൂടുതല്‍ ശക്തി പകരുകയേ ഉള്ളു.ദുര്‍ബ്ബല മനസ്കര്‍ക്ക് തെറ്റായ ചൂണ്ടുപലകയായി മാറുകയും ചെയ്യും.

8 comments:

ഒരു “ദേശാഭിമാനി” said...

തീര്‍ച്ച്യായും ഉത്തരം ലഭിക്കേണ്ട കുറച്ചു ചോദ്യങ്ങള്‍ ഇതിലുണ്ട്!
:)

കാപ്പിലാന്‍ said...

ആര് ചോദിക്കുന്നു മാഷേ .. ഈ ഉറവിടം ..

dethan said...

ഒരു ദേശാഭിമാനിക്ക്,

ഉത്തരം കിട്ടേണ്ട ഒരുപാട് ചോദ്യങ്ങള്‍ വേറെയുമുണ്ട്.മലപ്പുറത്തും കോഴിക്കോടും കള്ളനോട്ട് പരക്കുന്നതില്‍
ഉത്കണ്ഠപ്പെടുമ്പോള്‍ കരുനാഗപ്പള്ളിയിലും പരിസരത്തും വ്യാജനോട്ട് പ്രചരിക്കുന്നതില്‍ അധികാരികള്‍ക്ക് വേവലാതി ഇല്ലാത്തതെന്ത്?ദൈവമാണെങ്കില്‍ സുനാമി വരുന്നത് എന്തുകൊണ്ട് നേരത്തേ അറിഞ്ഞില്ല?
ബാബറി മസ്ജിദ് തകര്‍ത്ത അഡ്വാനിയും രാജഗോപാലും കാലിലും മടിയിലും വീണപ്പോള്‍ "മക്കളേ പരമതദ്രോഹവും ഹിംസയും പാടില്ല" എന്ന് ഉപദേശിക്കാമായിരുന്നില്ലേ?എങ്കില്‍ ഗുജറാത്തില്‍ പിന്നീട് മോഡി മോന്‍ ഒരുക്കിയ വംശഹത്യ ഒഴിവാക്കാമായിരുന്നില്ലേ? ഇങ്ങനെ മനസ്സാക്ഷിയുള്ളവര്‍ ഉത്തരം കൊതിക്കുന്ന
എത്രയോ ചോദ്യങ്ങള്‍.

dethan said...

പ്രിയ കാപ്പിലാനേ,

ഉറവിടം ചോദിക്കേണ്ടവര്‍ യഥാര്‍ത്ഥത്തില്‍ ചോദിക്കേണ്ടവരോട് ചോദിക്കുന്നില്ല എന്നതാണ് കഷ്ടം. എള്ള് ചോരുന്നതു കാണുകയും തേങ്ങാ ചോരുന്നത് കാണാതിരിക്കുകയും ചെയ്യുന്നു.അഥവാ കണ്ടില്ലെന്നു നടിക്കുന്നു.അതിന് രാജ്യം കൊടുക്കേണ്ടി വരുന്ന വില വലുതാണ്.

ഒരു “ദേശാഭിമാനി” said...

Dear Dathan,

അന്വേഷിക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റു നോക്കിയാല്‍ ഒരു എത്തു പിടിയും കിട്ടുകയില്ല. ഒരു സെന്റു സ്ഥലത്തിനു 100000(10 ലക്ഷം)രൂപ കൊടുത്തു സാധാരണ (ആലുവാ, കളമശ്ശേരി പോലുള്ള) സ്ഥലങ്ങളില്‍ ഭൂമിആളുകള്‍ വാങ്ങുന്നുണ്ടു. വാങ്ങിയ ആളുകളെപ്പറ്റി ഒരു വിവരവും ആരും അറിയുന്നുമില്ല! ഇത്രമാത്രം പണം കൈകാര്യം ചെയ്യാന്‍ എവിടെനിന്നാ‍ണു ഇതു ഉല്‍ഭവിക്കുന്നതു? ലക്ഷങ്ങള്‍ അഡ്വാന്‍സ് കൊടുത്തിട്ടു ആധാരം നടത്താന്‍ പോലും വരാതിരുന്ന കഥകള്‍ കൂടി കേട്ടിട്ടുണ്ട്.

പിന്നെ ആശ്രമങ്ങളുടെ കാര്യം, അതു ഒരു വിഭാഗത്തിന്റെ വരുമാനമാര്‍ഗ്ഗമാണു. ആരും പത്തുപൈസ സംഭാവനകൊടുക്കതിരുന്നാല്‍ പുതിയ ഒരു ആശ്രമമോ, സിദ്ധനോ ഉണ്ടാകാന്‍ പോകുന്നില്ല. കോടി-കോടികളുടെ ആസ്തി ഉള്ളതാണു മാതാ അമൃതാനന്ദമയീ! കേരളസര്‍ക്കാരിനു ഇത്രയും തുക നികുതിയായി പിരിച്ചെടുക്കാന്‍ തന്നെ പറ്റുമോ എന്നു സംശയമാണു! അവരുടെ സൂപ്പര്‍സ്പെഷ്യാലിറ്റി ജനസേവാ കേന്ദ്രങ്ങളില്‍ നിന്നും, മറ്റു സ്ഥാപനങ്ങളില്‍ നിന്നും ഉള്ള വരുമാനം തന്നെ ഇനി കോടികളായിരിക്കും.

എങ്കിലും, ചില മേഘലകളിലുള്ള് അവരുടേ ജനസേവ ശ്ലാഘനീയം തന്നെ! വരുമാനത്തിന്റെ ഉറവിടം അപ്പോഴും?????.......

dethan said...

ഒരു ദേശാഭിമാനീ,

സംഭാവനയും ദക്ഷിണയും കൊണ്ടു മാത്രം കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ ആര്‍ക്കും സമ്പത്തുണ്ടാകില്ല.
ആശാസ്യമല്ലത്തതും നേരില്ലാത്തതുമായ ഒട്ടേറെ രഹസ്യങ്ങള്‍ ഇത്തരം മനുഷ്യദൈവങ്ങളുടെ ധനാര്‍ജ്ജനത്തിനു പിന്നിലുണ്ട്.അധികാരസ്ഥാനങ്ങളിലുള്ള സ്വാധീനവും പണക്കൊഴുപ്പും കൊണ്ട് അവയെ മൂടിവയ്ക്കാന്‍
ഇവര്‍ക്കു കഴിയും.

പിന്നെ സേവനത്തെപ്പറ്റി:ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ഭീകരന്മാരും വീരപ്പനെപ്പോലുള്ള കാട്ടുകള്ളന്മാരും
ഇങ്ങനെ സഹായവും സേവനവും ചെയ്യാറുണ്ട്.കൊള്ളരുതായ്മകളെ മറയ്ക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കം.

എതിരന്‍ കതിരവന്‍ said...

‘മാതാ” ഒരു വ്യക്തിയില്‍ നിന്നും സ്ഥാപനമായി മാറി. വള്ളിക്കാവിലെ അമ്മയല്ല ഈ സ്ഥാപനം.

dethan said...

എതിരന്‍ കതിരവന്,

സ്ഥാപനമാകുമ്പോള്‍ സാമൂഹിക ഉത്തരവാദിത്വം കൂടുകയാണു ചെയ്യുന്നത്.കണക്കും മറ്റും കൃത്യമായി
സര്‍ക്കാരിനെയും ജനങ്ങളെയും ബോദ്ധ്യപ്പെടുത്തണം.

ദത്തന്‍