Total Pageviews

Tuesday, December 4, 2007

കാഴ്ചബംഗ്ലാവില്‍ സൂക്ഷിച്ചു വയ്ക്കേണ്ടവ

ബ്രാഹ്മിന്‍സ് ഹോട്ടല്‍,നായര്‍ ഹോട്ടല്‍ എന്നിങ്ങനെ ജാതിപ്പേര്‍ സൂചിപ്പിക്കുന്ന ഭക്ഷണശാലകള്‍ പണ്ട് കേരളത്തിലെങ്ങും കാണാമായിരുന്നു.'തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരും തമ്മിലുണ്ണാത്തവരും' ആയി ജനങ്ങളെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന വ്യവസ്ഥിതിയും അതിന്‍റെ കാവല്‍ക്കാരും മണ്‍ മറഞ്ഞെന്നാണ് കരുതിയത്.എന്നാല്‍ ആ ദുരവസ്ഥ വീണ്ടും വരുന്നതിന്‍റെ മണിമുഴക്കം കേട്ടു തുടങ്ങിയിരിക്കുന്നു.പണ്ട് ഹൈന്ദവ പൗരോഹിത്യമായിരുന്നു അയിത്തം നിലനിര്‍ത്താന്‍ ഉല്‍സാഹിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അയിത്തത്തിന്‍റെ വക്താക്കളായിരിക്കുന്നത് ചില ക്രൈസ്തവ പുരോഹിതന്മാരാണ്.അന്ന് കീഴ്ജാതിക്കാര്‍ക്കായിരുന്നു തീണ്ടലെങ്കില്‍ ഇന്ന് കമ്യൂണിസ്റ്റുകാര്‍ക്കാണ് ക്രൈസ്തവ വൈദികര്‍ വിലക്ക് കല്പിച്ചിരിക്കുന്നത്.ദൈവത്തിന്‍റെ സംരക്ഷകരെന്ന് സ്വയം നടിക്കുന്ന വൈദികശ്രേഷ്ഠന്മാര്‍ ദൈവനിഷേധികളായ കമ്യൂണിസ്റ്റുകാര്‍ക്ക് അയിത്തം കല്പിക്കുന്നത് കേവല കര്‍ത്തവ്യം മാത്രം.ക്രിസ്തു ദേവനെതിരെ പരീശന്മാര്‍ ആരോപിച്ചതും ഇതു തന്നെ ആയിരുന്നല്ലോ:'ഇവന്‍ ദൈവദൂഷണം നടത്തുന്നു'എന്ന്.ചങ്ങനാശേരിയിലെയും താമരശേരിയിലെയും ബിഷപ്പുമാരും കമ്യൂണിസ്റ്റുകാര്‍ക്കെതിരെ തയ്യാറാക്കിയ കുറ്റപത്രവും അതുതന്നെയാണ്-നിരീശ്വരത്വം.അഭിവന്ദ്യ ബിഷപ്പുമാര്‍ അയിത്തവും ഊരുവിലക്കും കൊണ്ട് നിര്‍ത്തുന്നില്ല.ക്രിസ്ത്യാനികളുടെ മക്കളെ ക്രൈസ്തവ വിദ്യാലയങ്ങളിലേ പഠിപ്പിക്കാവൂ എന്നാണ് പുതിയ ഉദ്ബോധനം.അന്യമതസ്ഥരുടെയും എങ്കണ്ട ജാതികള്‍ ചേര്‍ന്ന സര്‍ക്കാരിന്‍റെയും സ്കൂളിലും കോളേജിലും പഠിക്കാന്‍ വിട്ടാല്‍ പിള്ളേര്‍ പിഴച്ചു പോകാനും കമ്യൂണിസ്റ്റാകാനും സാദ്ധ്യതയുണ്ട്.കുഞ്ഞാടുകളുടെ ഭാവിയില്‍ വിശുദ്ധ പിതാക്കന്മാര്‍ കാട്ടുന്ന ശ്രദ്ധ എത്ര വലുത്!ഭക്ഷണക്കാര്യത്തില്‍ ഇതിനേക്കാള്‍ കരുതല്‍ വേണം.ആദിപാപം വന്നതു തന്നെ ഭക്ഷണസാമഗ്രി വഴിയല്ലേ.അതു കൊണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളുടെ ഹോട്ടലില്‍ നിന്നേ ആഹാരം കഴിക്കാവൂ.ഇന്നുള്ള ഹോട്ടലുകള്‍ ആവശ്യത്തിനു തികയില്ലെങ്കില്‍ പുതിയവ നിര്‍മ്മിക്കണം.വസ്ത്രം,പലചരക്ക്,പച്ചക്കറി,മരുന്ന് തുടങ്ങിയവയ്ക്കും ക്രിസ്ത്യന്‍ കടകള്‍ കൂടുതല്‍ തുടങ്ങണം.ക്രിസ്ത്യന്‍ ബാര്‍ബര്‍ഷാപ്പാണ് ഇവയേക്കള്‍ അത്യാവശ്യം.അന്യജാതിക്കാര്‍ക്ക് മുമ്പില്‍ ക്രിസ്ത്യാനി തലകുനിക്കുന്നതില്‍ പരം അപമാനം എന്താണുള്ളത്?ബാര്‍ബര്‍ കമ്യൂണിസ്റ്റാണെങ്കില്‍ പിന്നെ പറയാനുണ്ടോ!ക്രിസ്ത്യന്‍ ആശുപത്രി,തിയേറ്റര്, ചന്ത മുതലായവയും ഉടനേ ആരംഭിക്കണം. ഇങ്ങനെ ക്രൈസ്തവക്കൂറ് ഉയിര്‍ത്തെഴുന്നേറ്റാല്‍ ഉണ്ടാകുന്ന ഗുണഫലങ്ങള്‍ക്കാണെങ്കില്‍ അതിരില്ല. നൂറ് സ്മാര്‍ട്ട് സിറ്റി ആരംഭിച്ചാലും ഇത്രയേറെ തൊഴിലവസരങ്ങള്‍ ക്രിസ്ത്യാനിക്ക് കിട്ടുമോ? ****** അയിത്തം കൊടികുത്തി വാണ പഴയ കേരളത്തിലെ നായര്‍ പ്രമാണിയുടെ ഓലപ്പുരയ്ക്ക് തീ പിടിച്ചു.അടുത്തുള്ള താമസക്കാരായ താഴ്ന്ന ജാതിക്കാര്‍ തീ അണയ്ക്കാന്‍ വെള്ളമെടുക്കുന്നതിന് തന്‍റെ കുളത്തിലേക്ക് ഓടിയപ്പോള്‍ കുളം തൊട്ട് അശുദ്ധമാക്കരുതെന്ന് വിലക്കി.വീട് ചാമ്പലായെങ്കിലും കുളം അശുദ്ധമാകാതെ കാത്ത അയാളെപ്പറ്റി വള്ളത്തോള്‍ പാടി''നായരേ ഭവാന്‍ ശുദ്ധരില്‍ ശുദ്ധന്‍ തന്നെ" എന്ന്. അതനു ശേഷം ലോകമൊട്ടാകെ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടായി.ക്രിസ്തുമതത്തിനു തന്നെ എന്തൊക്കെ പരിണാമങ്ങള്‍ സംഭവിച്ചു.കാലം മാറിയതും ലോകവും അറിവും വികസിച്ചതും അറിയാതെ ഇപ്പൊഴും ജാതിക്കുശുമ്പും മതവിദ്വേഷവും കമ്യൂണിസ്റ്റ് വിരോധവും മനസ്സില്‍ പേറി ജീവിച്ചിരിക്കുന്ന ഇത്തരം ഗുഹാജീവികളെ അരമനകളിലും പള്ളിമേടകളിലുമല്ല കാഴ്ചബംഗ്ലാവുകളിലാണ് സൂക്ഷിക്കേണ്ടത്.

5 comments:

ശ്രീ said...

കഷ്ടം തന്നെ, അല്ലേ?

ഒരു “ദേശാഭിമാനി” said...

അനിയാ ഞാന്‍ ഒരിക്കല്‍ സൂചിപ്പിച്ചു, ജാതിയുടെ വരമ്പുകള്‍ ഇല്ലാതാകാന്‍, ആദ്യം നമ്മുടെ സര്‍ക്കാരിന്റെ ഏടുകളില്‍ ജതി ചോദിക്കുന്ന കോളമില്ലാതാകണം. ആ കോളമാണു എല്ലാ പ്രശ്നങളുടേയും ഉറവ.

namath said...

പോസ്റ്റ് കൊള്ളാം! പിതാക്കന്‍മാരെ പറ്റിവായിക്കുമ്പോള്‍ നാരോ ബ്രിഡ്ജ് എഹെഡ് എന്ന ബോര്‍ഡ് കാണുന്നതു പോലെ അനുഭവപ്പെടുന്നു.


ദേശാഭിമാനിക്ക്,
പോസ്റ്റെഴുതുന്ന വ്യക്തി ഒരു വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥനാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. നെറ്റ് പോലെയുള്ള പരസ്പരം കാണാന്‍ സാധിക്കാത്ത മാധ്യമങ്ങളിലെ സംബോധനകളില്‍ തെറ്റിദ്ധാരണകള്‍ സംഭവിക്കാം. സ്വാഭാവികം :-)

dethan said...

ദേശാഭിമാനിക്ക്,
സര്‍ക്കാരിന്‍റെ ഏടുകളില്‍ നിന്നല്ല,മനുഷ്യന്‍റെ മനസ്സില്‍ നിന്നാണ് ജാതിയുടെയും മതത്തിന്‍റെയും കോളങ്ങള്‍
ഇല്ലാതാക്കേണ്ടത്

dethan said...

നമത് വാഴ്വും കാലത്തിന്,
നന്ദി.വിശുദ്ധ പിതാക്കന്മാരെക്കുറിച്ച് പറയുമ്പോള്‍ അങ്ങനെയാകാതെ തരമില്ലല്ലോ