Total Pageviews

Sunday, December 16, 2007

ഡോക്റ്റര്‍മാരുടെ(ക്രൂര)വിനോദങ്ങള്‍-1. ഇന്‍സ്റ്റാള്‍മെന്‍റ് ഓപ്പറേഷന്‍

സുഹൃത്തിന്‍റെ ഭാര്യയുടെ അസുഖം ബാധിച്ച കിഡ്നി ഓപ്പറേഷന്‍ ചെയ്തു നീക്കുന്നതിനു വേണ്ടി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.യൂറോളജിയിലെ അതിപ്രഗത്ഭ സര്‍ജന്‍റെ യൂണിറ്റിലാണ്.അദ്ദേഹം തന്നെയാണ് ഓപ്പറേഷന്‍ ചെയ്യുന്നത്.കൈമടക്കു കൊടുത്തില്ലെങ്കില്‍ സ്വന്തം പിതാവിനെയും മക്കളെയും പോലും ചികിത്സിക്കാത്ത 'ആദര്‍ശവാദി'.അന്നത്തെ നിലയ്ക്ക് അല്പംമുന്തിയ റേറ്റാണ്...ആയിരം രൂപ.എങ്ങനൊക്കെ നോക്കിയിട്ടും 500(അഞ്ഞൂറ്) രൂപയേ സുഹൃത്തിനുസ്വരൂപിക്കാന്‍ സാധിച്ചുള്ളു।ഓപ്പറേഷന്‍റെ തലേ ദിവസം വീട്ടില്‍ കൊണ്ടുപോയി കൊടുത്തു.ഓപ്പറേഷന്‍കഴിഞ്ഞു രണ്ടു നാളായിട്ടും വേദനയ്ക്ക് കുറവില്ലെന്നു മാത്രമല്ല കൂടുകയും ചെയ്തു.'സാരമില്ല ഓപ്പറേഷന്‍സക്സസ്സ് ആയതിന്‍റെ ലക്ഷണമാ'ണെന്ന് ഡോക്റ്റര്‍ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.വേദന കൊണ്ടു പുളയുന്നഭാര്യയയെ നോക്കി വിഷമിക്കുന്ന സുഹൃത്തിനോട് വിവരം തിരക്കിയ അടുത്ത കിടക്കയിലെ രോഗി പറഞ്ഞു: "സാറേ ആ കാലമാടന്‍റെ റേറ്റ് ആയിരമാ.ബാക്കി കൂടെ കൊടുത്തല്ലെങ്കില്‍ അയാള്‍ തിരിഞ്ഞു നോക്കില്ല." അന്നു രാത്രി തന്നെ സുഹൃത്ത് എങ്ങനെയോ പരിശ്രമിച്ച് ബാക്കി അഞ്ഞൂറ് യമധര്‍മ്മന് കാഴ്ചവച്ചു.തുക കണ്ടു സംപ്രീതനായ അദ്ദേഹം,നാളെ ഒന്നുകൂടെ തിയേറ്ററില്‍ കൊണ്ടുപോയി പരിശോധിക്കാമെന്ന് പറഞ്ഞു.അതുപോലെ തന്നെ പിറ്റേന്ന് വീണ്ടും ഓപ്പറേഷന്‍ നടത്തി.അവര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തു.പിന്നീടാണറിയുന്നത്,കേടായ കിഡ്നി ഒന്നും ചെയ്യാതെ വേറുതേ കീറി തുന്നിക്കെട്ടി വയ്ക്കുകയായിരുന്നു ആദ്യം ചെയ്തതെന്ന്.കിട്ടേണ്ട തുക മുഴുവന്‍ കിട്ടിയതിന് ശേഷം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഓപ്പറേഷന്‍ ചെയ്തതെന്ന് സാരം.ഒന്നാം ഗഡുവില്‍ വേദന കൂടാന്‍ വല്ല പഞ്ഞിയോകത്രികയോ കൂടി വച്ചാണോ തുന്നിക്കെട്ടിയതെന്നു വ്യക്തമല്ല.

7 comments:

ഒരു “ദേശാഭിമാനി” said...

എവനെയൊക്കെ എന്തുകൊണ്ട് പൊതുജനമദ്ധ്യത്തില്‍ വച്ചു നിങ്ങള്‍ അടിക്കുന്നില്ല? നാലുപേര്‍ക്കു കിട്ടണ്ടതു കിട്ടുമ്പോള്‍ എല്ലവരും നേരെയാകും!

ദിലീപ് വിശ്വനാഥ് said...

കേട്ടിട്ടു തന്നെ പേടിയാവുന്നു. ഇതൊക്കെ സംഭവിക്കാറുണ്ടോ നാട്ടില്‍ ഇപ്പോഴും?
വേറെ ഒരു ബ്ലോഗില്‍ വായിച്ചു, ചില ഡോക്ടര്‍മാരുടെ നിസ്വാര്‍തസേവനത്തെക്കുറിച്ച്.

Abhay said...

ഇതു സത്യമല്ല എന്ന് വിശ്വസിക്കാന്‍ ആണ് എനിക്ക് ആഗ്രഹം. ഇതു സത്യമാണ് എന്ക്കില്‍ ആ കാലമാടന്റെ പേരും വിലാസവും കൂടി പബ്ലിഷ് ചെയ്യൂ....

ശ്രീ said...

രണ്ടു ദിവസം മുന്‍‌പ് ഒരു നല്ല ഡോക്ടറെക്കുറിച്ച് വായിച്ചതേയുള്ളൂ... ഇപ്പോഴിതാ ഇങ്ങനെ...

നവരുചിയന്‍ said...

ആ പേരു മാത്രം ഒന്നു പബ്ലിഷ് ചെയ്യാമോ ? ഇല്ലേല്‍ ഇയര്‍ പറഞ്ഞാലും മതി ...

dethan said...

ദേശാഭിമാനി,നവരുചിയന്‍,
വളരെ വര്‍ഷങ്ങള്‍ മുമ്പ് ഇദ്ദേഹം കോഴിക്കോട് വച്ച് ജനകീയ വിചാരണയ്ക്ക് വിധേയനായിട്ടുണ്ട്.തല്ലും ചെരുപ്പേറും കിട്ടിയിട്ടും
പുള്ളി നന്നായില്ല എന്ന് പില്ക്കാല ചരിത്രം തെളിയിച്ചു.റിട്ടയര്‍മെന്‍റിനു ശേഷം തിരുവനന്തപുരത്തെ ഒരു
വലിയ സ്വകാര്യ ആശുപത്രിയില്‍ ചേക്കേറിയ ഇദ്ദേഹം അവിടവും കൈക്കൂലിമാലിന്യ സമ്പന്നമാക്കി.

dethan said...

വാല്മീകി,
അഭയ്,
ശ്രീ,
രണ്ടു പോസ്റ്റിലും പറഞ്ഞിട്ടുള്ളത് മുഴുവന്‍ നൂറു ശതമാനം സത്യമാണ്;നേരിട്ടു ബോധ്യമുള്ളതും.നിസ്വാര്‍ത്ഥ
സേവനം നടത്തുന്ന ഡോക്റ്റര്‍മാര്‍ നിരവധിയുണ്ട്.തര്‍ക്കമില്ല.പക്ഷേ ഇവിടെ പരാമര്‍ശിക്കപ്പെട്ട തരത്തിലുള്ള
വരാണ് കൂടുതലും.അവിശ്വസനീയമെന്ന് തോന്നുന്ന ഇത്തരം അനുഭവങ്ങള്‍ ഇനിയുമുണ്ട്.