Total Pageviews

Wednesday, January 9, 2013

ആർ.എസ്.എസ്., പർദയിടാത്ത ജമാ അത്തെ ഇസ്ലാമിയോ?
പെണ്ണുങ്ങൾ അടുക്കളക്കാര്യം നോക്കി അടങ്ങി ഒതുങ്ങി വീട്ടിൽ ഇരുന്നാൽ മതി.പുരുഷന്മാർ അന്വേഷിച്ചു കൊണ്ടുവരും അതു വേണ്ടവണ്ണം വെച്ചു വിളമ്പി കൊടുത്ത് കുഞ്ഞുങ്ങളെ പെറ്റു കൂട്ടി കഴിയുകയാണു സ്ത്രീകളുടെ ചുമതല എന്നാണു ആർ.എസ്.എസ് മേധവി മോഹൻ ഭാഗവതിന്റെ ആർഷ ഭാരത സൂക്തം.ഡൽ ഹിയിൽ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണു രാഷ്ട്രീയ സ്വയം സേവക ആചാര്യന്റെ പുരുഷാധിപത്യ മനസ്സിലിരുപ്പ് പുറത്ത് ചാടിയത്.എത്രമാത്രം അജ്ഞത നിറഞ്ഞതും സാമാന്യ ബോധത്തിനു നിരക്കാത്തതുമാണു ഈ ആചാര്യ വചനം എന്നു മനസ്സിലാക്കാൻ കേവല ബുദ്ധി മതി.കൈക്കുഞ്ഞു മുതൽ വൃദ്ധവരെ പെൺ വർഗ്ഗത്തിലാണു പെടുന്നത്.അവരെല്ലാം വീട്ടിൽ ഇരുന്നാൽ മതി എന്നു പറയുമ്പോൾ പെൺകുട്ടികൾ പഠിക്കണ്ടാ എന്നാണു അർത്ഥമാക്കുന്നത്.

ഇതു തന്നെയാണു താലിബാൻ കാരും ജമാ അത്തെ ഇസ്ലാമികളും പറയുന്നത്.ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാൽ ലോകം ഇടിഞ്ഞു വീഴുമെന്നാണു ജമാ അത്തെ ഇസ്ലാമി, ജ.ജെ.എസ് വർമ്മ കമ്മിറ്റിയെ ഔദ്യോഗികമായിതന്നെ അറിയിച്ചിട്ടുള്ളത്.ശരീരഭാഗങ്ങൾ പുറത്തു കാണാത്ത വിധത്തിലുള്ള വസ്ത്രധാരണം സ്ത്രീകൾക്കു നിർബ്ബന്ധമാക്കണമെന്നും അവർ ആവശ്യപ്പെട്ടിരിക്കുന്നു.ആണുങ്ങൾക്ക് ഏതു വേഷവുമാകാം എന്നു വ്യംഗ്യം.ആർ.എസ്.എസ്. മേധാവി,സ്ത്രീകൾ പർദ്ദ ധരിക്കണമെന്നു പറഞ്ഞില്ല എന്നേ ഉള്ളൂ. ബാക്കിയെല്ലാം ജമാ അത്തെ ഇസ്ലാമി പറഞ്ഞതിന്റെ തനിപ്പകർപ്പാണു. ചുരുക്കത്തിൽ,മന്ദിറിന്റെയും മസ്ജിദ്ദിന്റെയും പേരിൽ കടിച്ചു കീറാൻ നില്ക്കുന്ന ഈ പരമ്പരാഗത വൈരികൾക്കു  പെണ്ണുങ്ങൾക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന കാര്യത്തിൽ ഒരേ മനസ്സാണുള്ളത്.

ഭാരതത്തിൽ ബലാൽസംഗം പോലുള്ള കുറ്റ കൃത്യങ്ങളൊന്നും നടക്കില്ലെന്നും ഇന്ത്യയിലേ അങ്ങനൊക്കെ സംഭവിക്കൂ എന്നും “മഹാ പണ്ഡിതനായ” മോഹൻ ഭാഗവത് നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി.ഭാരതം എന്നാൽ ഗ്രാമങ്ങൾ എന്നും ഇന്ത്യ എന്നാൽ നഗരങ്ങളെന്നുമാണു താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.ആര്യ എന്ന നാട്ടിൻപുറത്തുകാരി പെൺകുട്ടിയെ നാട്ടിൻ പുറത്തുകാരൻ തന്നെയായ ഒരു നരാധമൻ മാനഭംഗപ്പെടുത്തി കൊന്നതിനു കോടതി വധശിക്ഷ വിധിച്ച ദിവസം തന്നെയാണു ഈ വിചാരശൂന്യമായ പ്രസ്താവന ഹിന്ദു വർഗ്ഗീയ വാദിയിൽ നിന്നും വമിച്ചത്.ദേശീയ മാദ്ധ്യമങ്ങൾ വരെ ആര്യക്കൊലക്കേസ്സിന്റെ വിധി വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടും ഇദ്ദേഹം അതൊന്നും അറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല.മനുസ്മൃതി മാത്രം ഉരുവിട്ടുകൊണ്ടിരിക്കുന്ന കൂപ മണ്ഡൂകത്തിനല്ലാതെ ഇത്തരം വിവരക്കേടുകൾ എഴുന്നള്ളിക്കാൻ കഴിയില്ല.എട്ടു വയസ്സുകാരിയെ 60 വയസ്സുകാരൻ പീഡിപ്പിച്ച സംഭവം നടന്നത് തിരുവനന്തപുരത്തു നിന്നും വളരെ ദൂരെയുള്ള ഒരു കുഗ്രാമത്തിലാണു.ഗ്രാമവും നഗരവും വ്യത്യസ്തമാകുന്നത് സ്ത്രീപീഡനത്തിന്റെ തോതുകൊണ്ടാണെന്നു കണ്ടുപിടിച്ച ആർ.എസ്.എസ്.മേധാവിയുടെ വാക്കുകൾ വേദവാക്യമായി കരുതുന്ന രാഷ്ട്രീയപ്പാർട്ടിയുടെ സാംസ്കാരിക ഗതികേട് എത്ര ഭയങ്കരമായിരിക്കും!അവർ ഭാരതം ഭരിച്ചാൽ എന്താകും സ്ത്രീകളുടെ ഗതി?ജമാ അത്തെ ഇസ്ലമിയുമായി ചേർന്ന മുന്നണിഭരണമാണെങ്കിലോ? ശേഷം ചിന്ത്യം തന്നെ.Fans on the page

1 comment:

kaalidaasan said...

ദത്തന്‍,

ഹിന്ദു താലിബനും മുസ്ലിം താലിബനും ഒക്കെ ഒരേ തൂവല്‍ പക്ഷികള്‍,. പര്‍ദ്ദ ധരിക്കണമെന്ന് ഭാഗവത് പറഞ്ഞില്ല. പക്ഷെ മറ്റേതോ മഠാധിപതി പറഞ്ഞിട്ടുണ്ട്.