Total Pageviews

Tuesday, January 15, 2013

നാണക്കേട്
ലോകാരാദ്ധ്യരായ മഹാഗുരുക്കന്മാർക്ക് നാണക്കേടുണ്ടാക്കുന്ന വാർത്തകളാണു അടുത്ത ദിവസങ്ങളിൽ കേട്ടുകൊണ്ടിരിക്കുന്നത്.മനാപമാനങ്ങൾ യഥാർത്ഥ ഗുരുക്കന്മാരെ ബാധിക്കില്ല എന്നു വാദിക്കാം.പക്ഷേ അവരെ ആരാധനയോടും ബഹുമാനത്തോടും ഭക്തിയോടും നോക്കിക്കാണുന്ന പരശതം ജനങ്ങൾക്കും ശിഷ്യഗണങ്ങൾക്കും സമീപകാല സംഭവങ്ങൾ നാണക്കേടും വേദനയും സൃഷ്ടിക്കുന്നു എന്നത് സത്യമാണു.

കമ്യൂണിസ്റ്റുകാർ കൂടി ഇന്ന് അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്ന വിശ്വഗുരുവാണു സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ നൂറ്റി അൻപതാം ജന്മദിനാഘോഷം ഈയിടെ ഉദ്ഘാടനം ചെയ്തത് ഒരു ആൾദൈവമാണു;--അമൃതാനന്ദമയി.അന്ധ തമസ്സിൽ കിടന്ന ഭാരതത്തിലെ നിരക്ഷരകുക്ഷികളും അലസരുമായ ഒരു ജനതയെ “ഉത്തിഷ്ഠതാ ജാഗ്രത” എന്ന ഉപനിഷത് മന്ത്രം ചൊല്ലി ഉണർത്തി കർമ്മനിരതരും പ്രതികരണപ്രവീരരും ആക്കി മാറ്റിയ വിവേകാനന്ദ സ്വാമികളെ ഇതിനപ്പുറം അപമാനിക്കാനുണ്ടോ?അമേരിക്കയിൽ നിന്നുകൊണ്ട് തന്റെ പ്രഭാഷണത്തിലൂടെ ഇന്ത്യയുടെ മഹത്വം ലോകത്തിനു ബോദ്ധ്യപ്പെടുത്തിക്കൊടുത്ത കർമ്മയോഗിയാണു വിവേകാനന്ദൻ.ഭാരതത്തിന്റെ പൈതൃകമഹത്വം എന്തെന്നറിയാത്ത,സായിപ്പന്മാരെ സുഖിപ്പിച്ചും അവരുടെ ദാനം കൈപ്പറ്റി കെട്ടിപ്പിടിച്ചും ഭക്തിയുടെ പേരിൽ ഗോഷ്ടി കാണിച്ചും  നടക്കുന്ന ആൾദൈവത്തിനു അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുപ്പിക്കാൻ എന്തു യോഗ്യതയാണുള്ളത്?ലാളിത്യത്തിന്റെയും വിജ്ഞാനത്തിന്റെയും നിറകുടമായിരുന്ന സർ വ്വസംഗപരിത്യാഗിയായ സ്വാമിയെവിടെ?ആർഭാടത്തിന്റെയും അജ്ഞതയുടെയും അല്പത്തത്തിന്റെയും സ്വയം പ്രദർശനത്തിന്റെയും ഉടൽ പൂണ്ട പെൺ ദൈവമെവിടെ?ദീനാനുകമ്പയുടെ ആൾ രൂപമായിരുന്നു വിവേകാനന്ദനെങ്കിൽ സത് നാം സിംഗ് എന്ന സാധു യുവാവിനെ തല്ലിക്കൊല്ലിച്ച ക്രൂരയാണു അമൃതാനന്ദമയി.

“സത്യം ,പരിശുദ്ധി,നിസ്വാർത്ഥത ഇവ ആർക്കുണ്ടോ അയാളെ കീഴ്പ്പെടുത്താൻ ഈ പ്രപഞ്ചത്തിൽ ഒരു ശക്തിക്കും കഴിയില്ലെന്ന് പറഞ്ഞ ഭാരതത്തിന്റെ മഹാനായ പുത്രന്റെ നൂറ്റൻപതാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാൻ ഇച്ചൊന്നതൊന്നും തീണ്ടിയിട്ടില്ലാത്ത ഒരുത്തിയെ ക്ഷണിച്ച സംഘാടകർ സ്വാമി വിവേകാനന്ദനെ മാത്രമല്ല വിശിഷ്ടമായ സന്യാസ പാരമ്പര്യത്തെ കൂടിയാണു നിന്ദിച്ചത്.

ഈ വിവേകാനന്ദ നിന്ദയ്ക്കു ഒന്നു രണ്ടു ദിവസം മുമ്പാണു കേരളത്തിൽ നാരായണഗുരുവിനെ അവഹേളിക്കുന്ന മറ്റൊരു സംഭവം നടന്നത്.രാഷ്ട്രീയം പറഞ്ഞു നടക്കുന്ന ഒരു ആൾദൈവത്തിന്റെ മുമ്പിൽ ശ്രീനാരായണധർമ്മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാന്ദ കുമ്പിട്ടു.ഒന്നോർത്താൽ വിവേകാനന്ദ സ്വാമികളേക്കാൾ കഷ്ടമാണു നാരായണഗുരു സ്വാമികളുടെ അവസ്ഥ.ജീവിച്ചിരിക്കെത്തന്നെ അനുയായികളുടെയും ശിഷ്യന്മാരുടെയും വഴിപിഴച്ച പോക്കിൽ അദ്ദേഹം ഖിന്നനായിരുന്നു.തന്റെ പേരിൽ സ്ഥാപിക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം ജാതി സംഘടനയായി മാറുന്നതുകണ്ട് അദ്ദേഹം വല്ലാതെ വിഷമിച്ചിരുന്നു.സന്യാസ പാരമ്പര്യം നിലനിർത്താൻ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിലെ സന്യാസിമാരുടെ ചില പ്രവൃത്തികളും അദ്ദേഹത്തെ അവസാന കാലത്ത് വേദനപ്പിച്ചിരുന്നു.തന്റെ വൈജ്ഞാനിക പാരമ്പര്യം നിലനിർത്തുമെന്ന് ഗുരു വിശ്വസിച്ച നടരാജഗുരു(ഡോ.പി.നടരാജൻ)വിനോട് ശിവഗിരിയിലെ സന്യാസിമാർ പ്രകടിപ്പിച്ച ശത്രുതാമനോഭാവമായിരുന്നു അതിൽ പ്രധാനം.

നാരായണഗുരു സമാധിയായി മുക്കാൽ നൂറ്റാണ്ടു കഴിഞ്ഞപ്പോഴും, എസ്.എൻ.ഡി.പിയുടെയും സന്യാസി സംഘത്തിന്റെയും നേതൃത്വത്തിലിരിക്കുന്നവർ,  ഗുരു വിനെ അവഹേളിക്കുന്നതിൽ പരസ്പരം മത്സരിക്കുകയാണു. തങ്ങളുടെ മദ്യവ്യവസായം ഉൾപ്പെടെയുള്ള കച്ചവടങ്ങൾക്കു വേണ്ടി യോഗം ജനറൽ സെക്രട്ടറിയും വൈസ് പ്രസിഡന്റും(അവർ അച്ഛനും മകനുമായത് യാദൃശ്ചികം)ഗുരു വചനങ്ങൾ വളച്ചൊടിക്കുകയും പുതിയ വ്യാഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റാണു ശ്രീശ്രീ രവിശങ്കറിനെ ആദരിക്കാൻ മാലയുമായി അദ്ദേഹത്തിന്റെ സന്നിധിയിൽ എത്തിയത്.തന്റെ പഞ്ചനക്ഷത്ര “ആശ്രമത്തിനടുത്ത് ആരോ പട്ടിയെ വെടി വച്ചപ്പോൾ തന്നെക്കൊല്ലാൻ വേണ്ടി നടത്തിയ വെടിവെപ്പാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കിയ വിദ്വാനാണു ഈ ആൾ ദൈവം.നാട്ടുകാരെ പറ്റിച്ചു കഴിയുന്ന ഇത്തരം ഇത്തിൾക്കണ്ണികൾക്കു മുമ്പിൽ കുമ്പിടുന്നതിൽ പരം അപമാനം ശ്രീനാരായണ ശിഷ്യർക്കു വേറേയുണ്ടാകാനുണ്ടോ?

”ആയുസ്സും വപുസ്സും ആത്മതപസ്സും ബലിചെയ്ത് “ ലോകത്തിനു വെളിച്ചം പകർന്ന മഹാ ഗുരുക്കന്മാരുടെ മഹത്വം മനസ്സിലാക്കാതെ, അതിസമ്പന്നരുടെ വഷളത്തങ്ങൾ സ്വായത്തമാക്കി കാപട്യവും വഞ്ചനയും ജീവിതമുദ്രയായി കൊണ്ടു നടക്കുന്ന ആൾദൈവങ്ങൾക്കു മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്ന ശിഷ്യന്മാരും അനുയായികളും ഗുരുക്കന്മാർക്കു നാണക്കേടുണ്ടാക്കുന്നവരാണു.ഗുരുവിനെ ഒറ്റുകൊടുത്ത യൂദാസ് ഇവരെക്കാൾ എത്രയോ ഭേദം.യൂദാസ് ഒരിക്കലേ ഗുരുവിനെ വഞ്ചിച്ചുള്ളു.ഇവരാകട്ടെ എന്നും ഗുരുവഞ്ചന ചെയ്തുകൊണ്ടിരിക്കുന്നു.
Fans on the page

No comments: