Total Pageviews

Thursday, January 31, 2013

വൈകി എത്തുന്ന നീതി



‘വൈകി എത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്കു തുല്യമാണു’എന്നത് ലോകത്തെമ്പാടുമുള്ള നീതി ന്യായ വ്യവസ്ഥയോടു ചേർത്തു പറയുന്ന ആപ്തവാക്യമാണു.ഇന്ത്യയിൽ നീതി വൈകിയേ എത്താറുള്ളു.വിശേഷിച്ചും സാധുക്കളുടെ കാര്യത്തിൽ.സൂര്യനെല്ലി പെൺകുട്ടിയുടെ കാര്യത്തിലും(നീതി കിട്ടി എന്നു പറയാറായിട്ടില്ലെങ്കിലും) അതു തന്നെയാണു സംഭവിച്ചത്.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിലെ 39 പ്രതികളിൽ 35 പേരെയും ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി അസ്ഥിരപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചത് 2005 ജനുവരി 20നാണു.ഒരു പ്രതിയ്ക്ക് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ 5 വർഷമായി കുറയ്ക്കുകയും ചെയ്തു ബഹു.ഹൈക്കോടതി.ഈ വിധിക്കെതിരെ സർക്കാർ അപ്പീൽ പോയത് 2005 നവംബറിലാണു.

ഹൈക്കോടതി വിധി വന്ന് സുമാർ 8 വർഷം കഴിഞ്ഞിട്ടാണു സുപ്രീം കോടതി ഇപ്പോൾ ഹൈക്കോടതിയുടെ കളങ്കിത വിധി  റദ്ദാക്കിയിരിക്കുന്നത്.ദൽഹിയിലെ പെൺകുട്ടിയുടെ കൂട്ടമാനഭംഗക്കേസ്സിനോടനുബന്ധിച്ചുണ്ടായ സംഭവ വികാസങ്ങളെത്തുടർന്നാണു ഇപ്പോഴെങ്കിലും  സുപ്രീം കോടതി ഈ കേസ് പരിഗണിച്ചത്.കഴിഞ്ഞ എട്ടു വർഷമായി പ്രതികളും അവരെ അനുകൂലിക്കുന്ന സർക്കാരും ചേർന്ന് കേസ് നീട്ടികൊണ്ടു പോകാൻ എടുത്തുവന്ന പതിവു തന്ത്രങ്ങൾ ഇപ്പോഴും പയറ്റി നോക്കിയെങ്കിലും ചീഫ് ജസ്റ്റിസ് കൈക്കൊണ്ട കർശന നിലപാടു മൂലം അവയൊന്നും ഏശിയില്ല.അതുകൊണ്ടാണു വൈകിയാണെങ്കിലും അന്തിമമായ വിധിയല്ലെങ്കിലും അല്പം ആശ്വാസകരമായ തീരുമാനം സുപ്രീം കോടതിയിൽ നിന്നു മുണ്ടായത്.

നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതും സ്ത്രീത്വത്തെയും ജനങ്ങളുടെ സാമാന്യ ബുദ്ധിയെയും കേവല യുക്തിയെയും പരിഹസിക്കുന്നതും കേരള ഹൈക്കോടതിയ്ക്കു തീരാക്കളങ്കമുണ്ടാക്കിയതുമായ വിധിപുറപ്പെടുവിച്ച രണ്ടു ബഹുമാന്യ ന്യായാധിപന്മാരിൽ ഒരാൾ മരിച്ചു പോയത്രെ. യാതൊരു കുഴപ്പവുമില്ലാതെ സുഖമായി കഴിയുന്ന അപരൻ സുപ്രീം കോടതി വിധി കേട്ട് എന്തു പറയും എന്നറിഞ്ഞുകൂടാ.വിചാരണക്കോടതി വിധി റദ്ദാക്കുവാൻ ഹൈക്കോടതി പറഞ്ഞ ന്യായങ്ങൾ തങ്ങളെ ഞെട്ടിച്ചു എന്നാണു സുപ്രീം കോടതി ജഡ്ജിമാർ അഭിപ്രായപ്പെട്ടിരിക്കുന്നത്.മാനഭംഗ കേസ്സുകളിൽ ഇരയായ പെൺകുട്ടിയുടെ മൊഴി അവിശ്വസിക്കരുതെന്ന സുപ്രീം കോടതി നിർദ്ദേശം പോലും പരിഗണിക്കാതെ ആർക്കുവേണ്ടി,ഏതു നീതി ദേവനെ തൃപ്തിപ്പെടുത്താൻ വേണ്ടി,യായിരുന്നു ഇത്തരമൊരു വിധി പുറപ്പെടുവിച്ചതെന്ന് അവശേഷിക്കുന്ന ജഡ്ജിയദ്ദേഹത്തോട് ഇവിടുത്തെ സ്ത്രീ സമൂഹമെങ്കിലും ചോദിക്കണം.

അന്നു കേവലം 16 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന പെൺകുട്ടി എതിർത്തതിനു തെളിവില്ല ; അവൾക്ക് പണത്തിനോട് ആർത്തിയുണ്ടായിരുന്നു എന്നൊക്കെ പ്രതികളെ രക്ഷിക്കാൻ ന്യായീകരണങ്ങൾ കണ്ടെത്തിയ  ആ ഹൈക്കോടതി ജഡ്ജിമാർ നീതിന്യായ വ്യവസ്ഥയെ കളങ്കപ്പെടുത്തുകയാണു ചെയ്തത്.ഈ വിധിയ്ക്കു ശേഷം അവർക്കു വരുമാനത്തിൽ വർദ്ധനയുണ്ടോ എന്ന് അന്വേഷിക്കേണ്ടതാണു.

ആറു മാസത്തിനകം കേസ്സിൽ തീർപ്പു കല്പിക്കണം എന്നാണു സുപ്രീം കോടതി ഹൈക്കോടതിയോടു നിർദ്ദേശിച്ചിരിക്കുന്നത്.ഹൈക്കോടതി വിധി റദ്ദാക്കിയ സ്ഥിതിയ്ക്ക് വിചാരണക്കോടതിവിധി നിലനില്ക്കും.അതുകൊണ്ടാണു മൂന്നാഴ്ചയ്ക്കകം പ്രതികൾ കോടതി മുമ്പാകെ കീഴടങ്ങണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്.അങ്ങനൊന്നുമല്ല ഉത്തരവ് എന്ന്  പ്രതിഭാഗത്തിനു വേണ്ടി ഹാജരായ ചില മണ്ണുണ്ണി വക്കീലന്മാർ ചാനൽ ചർച്ചകളിൽ എഴുന്നള്ളിക്കുന്നതു കേട്ടു.ഇത്തരം അഭിഭാഷകപ്രമാണികൾ അഭിഭാഷക ലോകത്തിനു മാത്രമല്ല പൊതു സമൂഹത്തിനൊന്നടങ്കം അപമാനമാണു.

ഹൈക്കോടതി വിധിയുടെ കളങ്കിത വിധിയ്ക്കു ശേഷം പെൺകുട്ടിയെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കുവാൻ പലഭാഗത്തുനിന്നും ശ്രമമുണ്ടായി.കേരളത്തിലെ ഒരു പത്ര മുത്തശ്ശിയും ചില കോൺഗ്രസ്സുകാരും അതിനു ഒത്താശ ചെയ്തു. അതിനു അവർ ആയുധമാക്കിയത് നെറികെട്ട കോടതിവിധിയിലെ പരാമർശങ്ങളായിരുന്നു.പത്രവും കോൺഗ്രസ്സുകാരും പെൺകുട്ടിക്കു ശത്രുവാകാൻ കാരണം കോൺഗ്രസ് നേതാവായ പി.ജെ.കുര്യനും തന്നെ പീഡിപ്പിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്ന് പെൺകുട്ടി മൊഴികൊടുത്തതായിരുന്നു.ഉമ്മൻ ചാണ്ടി സർക്കാർ അധികാരത്തിൽ വന്നശേഷം ഈ പെൺകുട്ടിയെ കള്ളക്കേസ്സിൽ കുടുക്കി പൊതു സ്ഥലത്തുവച്ച് അറസ്റ്റു ചെയ്തു ജയിലിൽ അടച്ചതും മറ്റും കുര്യപ്രേമം കൊണ്ടായിരുന്നു എന്നു വേണം അനുമാനിക്കാൻ.ജനാധിപത്യ മഹിളാ അസ്സോസിയേഷനും പ്രതിപക്ഷനേതാവും ഒക്കെ ഇടപെട്ടതുകൊണ്ടാണു ജാമ്യം കിട്ടിയതു പോലും.

പെൺകുട്ടിയ്ക്ക് നഷ്ടപരിഹാരം കൊടുത്തതും ജോലി നല്കിയതും നായനാരുടെ കാലത്താണെങ്കിലും പി.ജെ കുര്യന്റെ പങ്കിനാവശ്യമായ തെളിവ് ശേഖരിക്കാൻ ദേശാഭിമാനി ഏറെ പരിശ്രമിച്ചെങ്കിലും കുര്യനെ സഹായിച്ചതിനു പിന്നിൽ നായനാരുടെ അന്നത്തെ സഹായിയും പിന്നീട് പെണ്ണുകേസ്സിൽ പെട്ടു പാർട്ടിയിൽ നിന്നു പുറത്താകുകയും ചെയ്ത ഒരു പാർട്ടി നേതാവുണ്ടായിരുന്നു.അന്നു പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന പ്രസിദ്ധ അഭിഭാഷകനും സി.പി.എം നേതാവുമായിരുന്ന അഡ്വ.ജി.ജനാർദ്ദനക്കുറുപ്പ് തന്റെ ആത്മ കഥയായ “എന്റെ ജീവിത”ത്തിൽ വളരെ വ്യക്തമായിത്തന്നെ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പങ്ക് വിസ്തരിച്ചിട്ടുണ്ട്.കുര്യനെ രക്ഷിക്കാൻ മറ്റൊരു സമുദായപ്രമാണിയും രംഗത്തുണ്ടായിരുന്നു.രമേശ് ചെന്നിത്തലയെ താക്കോൽ സ്ഥാനത്താക്കാൻ കണ്ഠക്ഷോഭം ചെയ്ത അദ്ദേഹത്തെ ഹൈക്കമാന്റും ലോക്കമാന്റും എല്ലാം കൈവിട്ടപ്പോൾ രക്ഷകനായി കുര്യൻ എത്തിയത് ഉപകാരസ്മരണ കൊണ്ടാണു.

നാല്പതിലധികം നരാധമന്മാർ നാല്പതിലധികം ദിവസം ക്രൂരമായി പീഡിപ്പിച്ച് മൃതപ്രായയാക്കിയ പെൺകുട്ടിയെ ആശ്വസിപ്പിക്കുന്നതിനു പകരം അവളെ വീണ്ടും വേട്ടയാടിയ ജഡ്ജിമാരുൾപ്പെടെയുള്ളവർക്കുള്ള ശക്തമായ താക്കീതാണു ഇപ്പോഴത്തെ സുപ്രീം കോടതി വിധി.ഐസ്ക്രീം പാർലർ കേസ്സിലെ അന്വേഷണ രേഖകൾ പ്രതിപക്ഷ നേതാവിനു നല്കണമെന്ന് കോടതി ഉത്തരവുണ്ടായപ്പോൾ മണിക്കൂറുകൾക്കകം അതിനെതിരെ അപ്പീൽ ഫയൽ ചെയ്യാൻ തിടുക്കം കാട്ടിയ ഉമ്മൻ ചാണ്ടി സർക്കാർ അതിന്റെ നാലിലൊന്നു ശുഷ്ക്കാന്തി ഈ കേസ്സിൽ കാണിച്ചിരുന്നെങ്കിൽ എന്നേ ഈ പെൺകുട്ടിയ്ക്കു നീതി ലഭിക്കുമായിരുന്നു.ഇനിയെങ്കിലും അവളെ ഉപദ്രവിക്കാതിരിക്കാനുള്ള സന്മനസ് ഭരണാധികാരികളും മറ്റു പകൽ മാന്യന്മാരും കാണിച്ചെങ്കിൽ!ഇപ്പോഴത്തെ താല്ക്കാലികാശ്വാസം സ്ഥിരമായി നിലനില്ക്കാൻ ഇടവരട്ടെ എന്ന്, സ്ത്രീ പീഡന തല്പരരല്ലാത്ത എല്ലാവരും ആഗ്രഹിക്കും.








Fans on the page

No comments: