Total Pageviews

Sunday, December 30, 2012

ക്രിസ്മസ് കരോൾ


പാട്ടും വാദ്യവും കേട്ട് 
കുട്ടികൾക്കൊപ്പം
കരോൾ സംഘത്തെ സ്വീകരിക്കാൻ
വാതിൽ തുറന്നിട്ടു കാത്തു നിന്നു.
ഞങ്ങളെ ശ്രദ്ധിക്കാതെ അവർ
അടുത്ത വീട്ടിൽ കയറി ആട്ടവും പാട്ടും നടത്തി.
“നമ്മൾ സ്റ്റാർ തൂക്കാത്തതിനാലാകാം
ഇവിടെ കേറാതെ പോയത്”എന്നു
കൊച്ചുമകനാശ്വസിച്ചു.
“ക്രൈസ്തവ ഭവനത്തിലേ കേറൂ”
എന്നായവന്റെ പെങ്ങൾ.
അവർ തമ്മിൽ തർക്കിക്കേ
അടുത്ത മറ്റു രണ്ടു ക്രൈസ്തവ
വീടുകളിലും എത്തിനോക്കുക
കൂടി ചെയ്യാതെ ഗായക സംഘം പോയി.
അടുത്തനാളും പുത്തൻ കരോൾ ഗാനം കേട്ട വാറെ
പ്രതീക്ഷയോടെ വാതിൽ തുറന്നിട്ടു കാത്തു ഞങ്ങൾ.
അന്നും ഞങ്ങളെ ഗൗനിക്കാതെ
രണ്ടാം ക്രൈസ്തവ ഭവനം മാത്രം
സന്ദർശിച്ചു മടങ്ങീ നവസംഘം.
മൂന്നാം ദിനവും വന്നൂ മറ്റൊരു സംഘം.
ഞങ്ങളെയും ആദ്യത്തെ രണ്ടു ക്രൈസ്തവ
ഭവനങ്ങളെയും അവഗണിച്ച് മൂന്നാം വീട്ടിൽ
കയറി പാടി തിരിച്ചു പോയി.
അവഗണനയുടെ പൊരുളറിയാതെ
അന്തം വിട്ടു ദിനങ്ങൾ കഴിക്കേ
ക്രിസ്മസ് കേക്കുമായി വന്ന
അടുത്ത വീട്ടിലെ അമ്മച്ചി
വാസ്തവമറിയിച്ചു :
“ഞങ്ങളു മൂന്നും മൂന്നു സഭക്കാർ;
നിങ്ങളാകട്ടെ പുറത്തുള്ളവരും.”
അയലത്തെ അമ്മച്ചി പോകെ
ബൈബിൾ തുറന്നപ്പോൾ
കണ്ണിൽ പെട്ടതീ വാക്യമായിരുന്നു:
“പിതാവേ, ഇവർ ചെയ്യുന്നത്
ഇന്നതെന്ന് അറിയായ്ക കൊണ്ട്
ഇവരോടു ക്ഷമിക്കേണമേ“Fans on the page

5 comments:

അനൂപ്‌ കോതനല്ലൂര്‍ said...

Evarodu skhamikkename

കാക്കര kaakkara said...

എന്റെ വീടിന് പരിസരത്തുള്ള കരോൾ... എല്ലാ വീട്ടിലും കയറും...

ഡിസംബർ 24 ന് ക്രിസ്തുമസ് കരോൾ ഇറങ്ങുന്ന ദിവസമാണ്... ആട്ടും പാട്ടുമായി കരോൾ സംഘങ്ങൾ വീടുകൾ കയറിയിറങ്ങും... ബാൻഡ് സെന്റ്, തപ്പ്, അതുമല്ലെങ്ങിൽ, മൈക്ക് സെറ്റ്, ടേപ്പ്, അല്ലെങ്ങിൽ, പാട്ട് സംഘം... അങ്ങനെ വിത്യസ്തമായിരിക്കും കരോൾ സംഘങ്ങൾ... കരോൾ സംഘത്തിന്റെ പ്രധാന ആകർഷണം പാപ്പയാണ്... ക്രിസ്തുമസ് പപ്പ... സാന്തക്ലോസ്സ്... തലയിണവെച്ച് വയറ് വീർപ്പിച്ച്, ഒരു താങ്ങുവടിയും വെള്ളതാടിയൊക്കെയുള്ള സാന്താക്ലോസ്, തോളിൽ വലിയ "സമ്മാനങ്ങളുടെ ഭാണ്ഡവുമായി" എല്ലാ വീടുകളിലും വന്ന് ആശംസ നൽകുകയും മിഠായി നൽകുകയും ചെയ്യും... കൂടെയുള്ള ആരെങ്ങിലും ഒരു പാത്രത്തിൽ ഉണ്ണീശോയുടെ രുപവും വെച്ച് വീട്ടുകാർക്ക് ഉണ്ണീശോയെ തൊട്ടുമുത്താനായി നീട്ടും... അതിൽ നേർച്ച‌യിടുകയെന്നത് അവരുടെ വിശ്വാസവും കരോൾ നടത്തിപ്പിന്റെ ചിലവിന് പൈസ കിട്ടുകയെന്നതാണ് സംഘാടകരുടെ ആവശ്യവും... നേർച്ചയായി കിട്ടുന്ന പൈസയിൽ നിന്ന് ചെറിയരോഹരി പള്ളിയിൽ നേർച്ചയിടുമ്പോൾ "താൻ പാതി ദൈവം പാതി" എന്ന "ദൈവവചനം" നിറവേറുകയായിരുന്നു... എല്ലാ വീടുകളിലും കയറിയിറങ്ങിയാൽ, രാത്രിയിൽ കരോൾ സംഘങ്ങൾ പള്ളികളിലേക്ക് ഘോഷയാത്രയായി പോകും... താളമേളത്തിന്റെ അകമ്പടിയോടെ നീങ്ങുന്ന കരോൾ സംഘത്തിന്റെ കൂടെ കുട്ടികളും യുവാക്കളും നൃത്തം ചെയ്ത് ആഘോഷിക്കും സ്ത്രീകളും മറ്റും അകമ്പടിയുമുണ്ടാകും...

mini//മിനി said...

എന്റെ വീടിന്റെ പരിസരത്തെല്ലാം ഒരു സഭയിലും ഉൾപ്പെടാത്ത ഹിന്ദുക്കളും മുസ്ലീങ്ങളും മാത്രമാണ്. അതുകൊണ്ട് ആവശ്യക്കാർക്ക് സ്റ്റാർ തൂക്കിയിടാം,, ക്രിസ്തുമസ് ആഘോഷിക്കാം.

dethan said...

കാക്കര,
താങ്കൾ പറഞ്ഞതുപോലെ തന്നെയാണു എന്റെ ചെറുപ്പത്തിൽ ഞങ്ങടെ നാട്ടിൻപുറത്ത് കരോൾ സംഘങ്ങൾ വന്നിരുന്നത്.ജാതി മത വ്യത്യാസമില്ലാതെ എല്ലാ വീടുകളിലും അവർ കയറിയിറങ്ങുമായിരുന്നു.പക്ഷേ തിരുവനന്തപുരത്ത് താമസമാക്കിയതു മുതൽ ഈ വിവേചനം കണ്ടുകൊണ്ടിരിക്കുകയാണു.
അന്യമതക്കാരുടെ വീടുകളിൽ കയറാതിരിക്കുന്നത്,മതവെറി പകരുന്ന ഇടയ ലേഖനങ്ങളുടെ പശ്ചാത്തലത്തിൽ ഏറെക്കുറെ മനസ്സിലാക്കാം.എന്നാൽ ഓരോ സഭക്കാരുടെയും വീട്ടിൽ അതാതു സഭക്കാരുടെ കരോൾ സംഘം മാത്രം വന്ന് പോകുന്നത് വർഷങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണു.ആദ്യമായി ഇതു മനസിലാക്കിയപ്പോൾ ഉണ്ടായ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലാത്തതിനാൽ എഴുതിപ്പോയതാണു.

dethan said...

മിനി,
സ്റ്റാർ തൂക്കിയിടുന്നതും ക്രിസ്മസ് ആഘോഷിക്കുന്നതുമല്ലല്ലൊ വിഷയം.സ്വന്തം സഭക്കാരുടെ വീടു നോക്കി കയറുന്ന കരോൾ സംഘങ്ങളുടെയും അവരെ ആ തരത്തിൽ ഉപദേശിച്ചു വിടുന്നവരുടെയും സങ്കുചിത മനസ്സാണു പ്രശ്നം.