Total Pageviews

Monday, January 28, 2013

സുകുമാരൻ നായർക്കെതിരേ കേസ്സെടുക്കണംമത സ്പർദ്ധ വളർത്തുന്ന പ്രസംഗം നടത്തിയതിന്റെ പേരിൽ ഉവൈസിയെ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കുകയും ‘പട്ടികജാതിക്കാരും പിന്നോക്ക ജാതിക്കാരുമാണു രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാർ’ എന്നു പ്രസ്താവിച്ച പ്രസിദ്ധ സോഷ്യോളജിസ്റ്റ് ആശിഷ് നന്ദിക്കെതിരെ കേസ്സെടുക്കുകയും ചെയ്ത സ്ഥിതിക്ക് ജാതി,മത,രാഷ്ട്രീയ വൈരം പരത്തുന്ന പ്രസംഗം ചെയ്ത എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പേരിൽ കേസ്സെടുക്കേണ്ടതാണു.ഇന്നലെ (27.1.2013)തിരുവനന്തപുരത്ത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ എൻ.എസ്.എസ്.താലൂക്കു യൂണിയൻ സംഘടിപ്പിച്ച നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സുകുമാരൻ നായർ നടത്തിയ പ്രസംഗം അത്രമാത്രം പ്രകോപന പരവും സംസ്കാര ശൂന്യവുമായിരുന്നു.രമേശ് ചെന്നിത്തലയ്ക്കു മുഖ്യമന്ത്രിസ്ഥാനമോ മറ്റേതെങ്കിലും താക്കോൽ സ്ഥാനമോ(അതെന്തു സ്ഥാനമാണാവോ ഒരു മന്ത്രി സഭയിൽ?അഞ്ചാം മന്ത്രി എന്നു പറഞ്ഞതു പോലെ രണ്ടാം മുഖ്യമന്ത്രിസ്ഥാനമോ മറ്റോ ആണോ?)കൊടുത്തില്ലെങ്കിൽ ഈ മന്ത്രി സഭയെ വലിച്ചു താഴത്തിടും എന്നാണു സുകുമാരൻ നായരുടെ ഭീഷണി.

രമേശാദി നായന്മാർക്കെല്ലാം മുഖ്യമന്ത്രി ,മന്ത്രിപദങ്ങൾ കൊടുക്കണം എന്നു നായർ ജനറൽ സെക്രട്ടറി പറയുന്നതു മനസ്സിലാക്കാം.അതിനു മുഖ്യമന്ത്രിയേയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും പഴിക്കേണ്ട കാര്യമുണ്ടോ?തെരഞ്ഞെടുപ്പു വരെ സമദൂര സിദ്ധാന്തം പ്രസംഗിച്ചു നടന്നിട്ട്  ഏശുന്നില്ലെന്നുകണ്ട് ശരിദൂരവും കൊണ്ടിറങ്ങി.എന്നിട്ടും യുഡി.എഫിനു പരസ്യപിന്തുണ കൊടുത്തില്ല.പക്ഷേ അവർക്കു ഭൂരിപക്ഷം കിട്ടിയപ്പോൾ“അയ് ഞമ്മാളാ” എന്നുപറഞ്ഞു നടന്നെങ്കിലും നായന്മാർ പോലും അതു വിശ്വസിച്ചില്ല. സോണിയാ ഗാന്ധിയോടു എൻ.എസ്.എസ്.പറഞ്ഞതുകൊണ്ടാണു രമേശ് ചെന്നിത്തലയ്ക്കു സ്ഥാനാർത്ഥിത്വം കിട്ടിയത് എന്നുവരെയാണു ഇപ്പോഴത്തെ അവകാശവാദം.ഇതുപോലൊരു അവതാരത്തെ ചുമക്കുന്നവരുടെ സമ്മേളനത്തിൽ വച്ച് ഇത്തരം അവകാശവാദങ്ങൾ ഉന്നയിച്ചില്ലെങ്കിലേ അത്ഭുതപ്പേടേണ്ടതുള്ളു.അതിനപ്പുറം കടന്ന്,മന്ത്രിസഭാ വികസനം ഉടൻ ഇല്ലെന്നു പറയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് എന്തധികാരം എന്നൊക്കെ ചോദിക്കുന്നത് വിവരക്കേടു കൊണ്ടാണു.മന്ത്രിസഭയുടെ വികസനത്തെക്കുറിച്ചും പുന:സംഘടനയെക്കുറിച്ചും പറയേണ്ടതു മുഖ്യമന്ത്രിയല്ലാതെ പിന്നാരാണു?എഴുത്തും വായനയും അറിയില്ലെങ്കിൽ അറിയാവുന്നവരോടു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി വേണം ഇത്തരം മഹാസമ്മേളനങ്ങളെ അഭിസംബോധന ചെയ്യാൻ.

അതൊക്കെപ്പോകട്ടെ;എൻ.എസ്.എസ് എന്നാണു യു.ഡി.എഫിലെ ഘടക കക്ഷിയായത്?ഘടക കക്ഷികൾക്കല്ലേ മന്ത്രിസ്ഥാനത്തെ കുറിച്ച് അവകാശം ഉന്നയിക്കാനും ചർച്ച ചെയ്യാനും അർ ഹതയുള്ളൂ?എങ്കണ്ട ജാതിക്കും കേറി നിരങ്ങാവുന്ന സത്രമാണോ യു.ഡി.എഫ്?എൽ.ഡി.എഫ് ആരോപിക്കുന്നതു പോലെ ജയിക്കാൻ വേണ്ടി സകലവിധ ജാതി മത വർഗ്ഗീയ തീവ്രവാദ സംഘങ്ങളുടെയും കാലുപിടിച്ചതിന്റെ പരിണിത ഫലമാകുമോ ഈ ഉഗ്രശാസനങ്ങൾ?രഹസ്യ ബാന്ധവത്തിന്റെ പിൻ ബലമില്ലെങ്കിൽ പെരുന്നയിലെ തമ്പുരാൻ ഇത്ര മ്ളേച്ഛമായി പരസ്യ ശകാരം നടത്തുവാൻ ധൈര്യപ്പെടുമായിരുന്നില്ല.എൻ.എസ്.എസ്, നല്ല നായരായി അംഗീകരിച്ചിട്ടില്ലാത്ത കേന്ദ്രമന്ത്രി ശശിതരൂരും നല്ലനായരായ സംസ്ഥാനമന്ത്രി വി.എസ്.ശിവകുമാറും അടുത്തിരിക്കുമ്പോഴായിരുന്നു ജനറൽ സെക്രട്ടറിയുടെ ഈ പുലയാട്ട്.ഭൂരിപക്ഷ സമുദായാംഗം മാത്രമേ കേരളത്തിൽ മുഖ്യമന്ത്രിയാകാൻ പാടുള്ളു എന്നൊക്കെ ജാതിമത വൈരം ജനിപ്പിക്കുന്ന തരത്തിൽ തട്ടിവിടുന്നവരുടെ മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുമ്പോൾ,ഭരണഘടനാ ലംഘനത്തിനു കൂട്ടു നില്ക്കുകയാണു ചെയ്യുന്നത് എന്ന് ഈ മന്ത്രിമാർ ഓർക്കണം.

ഒരു വൈസ്ചാൻസലർ സ്ഥാനമാണു സുകുമാരൻ നായരുടെ ലക്ഷ്യമെങ്കിൽ അതു നല്കി ഈ സാമൂഹിക മലിനീകരണം അവസാനിപ്പിക്കണം എന്നാണു ബി.ആർ.പി.ഭാസ്കർ അഭിപ്രായപ്പെട്ടത്.അതും കൂടി സുകുമാരൻ നായർ ഉദ്ദേശിച്ചിട്ടുണ്ടാകണം.പക്ഷേ വി.സി.സ്ഥാനം വല്ല നായർക്കും കൊടുത്താൽ അദ്ദേഹം തൃപ്തിപ്പെടുമെന്നു തോന്നുന്നില്ല.സ്വന്തം പുത്രിക്കു തന്നെ കൊടുക്കണം.

എന്തിനു വേണ്ടിയായാലും ഇത്തരം സ്പർദ്ധ വളർത്തുന്ന പ്രസംഗം ചെയ്യാൻ ഒരു ഭൂരിപക്ഷക്കാരനെയും ന്യൂനപക്ഷക്കാരനെയും അനുവദിച്ചു കൂടാ.ഉമ്മൻ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും തിരുവായ്ക്ക് എതിർ വായ് പറയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ തങ്ങൾ വഹിക്കുന്ന സ്ഥാനങ്ങൾ ചുണയുള്ള മറ്റു വല്ലവരെയും ഏല്പിക്കണം.പെരുന്നയിൽ നിന്നു കൊണ്ട് ഏതാനും നാൾ മുമ്പ് “കേരളം വീണ്ടും ഭ്രാന്താലയമായി മാറിക്കൊണ്ടിരിക്കുകയാണെ”ന്ന് എ.കെ.ആന്റണി പറഞ്ഞപ്പോൾ ഇത്ര പെട്ടെന്ന് അതിന്റെ ലക്ഷണം കണ്ടു തുടങ്ങുമെന്ന് ആരും കരുതിയില്ല.Fans on the page

No comments: