Total Pageviews

Monday, February 25, 2008

ശ്രീനാരായണ ഗുരു ഒന്നാം പ്രതി

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സുപ്രീംകോടതിയെ സര്‍ക്കാര്‍ അറിയിച്ചതോടെ ആചാരത്തിന്‍റെയും ദൈവത്തിന്‍റെയും രക്ഷകര്‍ രംഗത്തിറങ്ങിയിരിക്കയാണ്.വര്‍ഗ്ഗീയ,ജാതി
സംഘങ്ങള്‍ മാത്രമല്ല ചില രാഷ്ട്രീയ കക്ഷികളും എതിര്‍പ്പുമായി എത്തിയിട്ടുണ്ട്.ഒരു ചാനല്‍ നടത്തിയ
സംവാദത്തില്‍ പങ്കെടുത്ത വൃദ്ധഭക്തന്‍ ആവേശപൂര്‍വ്വം പറഞ്ഞത് സ്ത്രീകളെ പമ്പയില്‍ വച്ചു തന്നെ തടയുമെന്നാണ്.നിത്യബ്രഹ്മചാരിയായ അയ്യപ്പനെ ദര്‍ശിക്കുവാന്‍ സ്ത്രീകളെ അനുവദിക്കുന്നത് ആചാര ലംഘനമണെന്നാണ് ഭക്തരുടെയും രക്ഷകസംഘങ്ങളുടെയും വാദം.വര്‍ഷങ്ങളായി നിലനിന്നു വരുന്ന ആചാരങ്ങള്‍ മറ്റാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്നും അവര്‍ പറയുന്നു.

ഭക്തരുടെയും രക്ഷകരുടെയും വാദം ശരിയാണെങ്കില്‍ ഭാരതം കണ്ട ഏറ്റവും വലിയ ആചാരലംഘകര്‍ ശ്രീനാരായണഗുരുവും തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുമാണ്.
കാലക്രമം നോക്കിയാല്‍ ഒന്നാം പ്രതി ഗുരുവും രണ്ടാം പ്രതി മഹാരാജാവുമാകും.

അവര്‍ണ്ണര്‍ക്ക് ക്ഷേത്രങ്ങളുടെ പരിസരത്ത് കൂടി നടക്കാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്താണ് നാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്.മാടന്‍, മറുത,യക്ഷി മുതലായ നീചദൈവങ്ങളെ
ആരാധിക്കാന്‍ മാത്രം അവകാശമുണ്ടായിരുന്ന ജാതിയില്‍ പെട്ട ഒരാള്‍, നൂറ്റാണ്ടുകളായി നിലനിന്നു പോന്ന
ആചാരമാണ് ലംഘിച്ചത്.ക്ഷേത്ര സാമീപ്യം പോലും നിഷേധിക്കപ്പെട്ടവന്‍ ക്ഷേത്രത്തില്‍ ദേവപ്രതിഷ്ഠ നടത്തിയതില്‍ പരം ഗുരുതരമായ ആചാരലംഘനം ഉണ്ടോ?

നാരായണപ്പണിക്കരും കുമ്മനം രാജശേഖരനും കൃഷ്ണദാസും രമേശ് ചെന്നിത്തലയും അന്നില്ലാതിരുന്നതു കൊണ്ട് നാരായണ ഗുരു രക്ഷപ്പെട്ടു!

അമ്പലത്തില്‍ കയറാനോ അതിനടുത്തുള്ള പൊതുനിരത്തില്‍ കൂടി സഞ്ചരിക്കാനോ സ്വാതന്ത്ര്യമില്ലാതിരുന്ന
ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ കയറാനും ദര്‍ശനം നടത്താനും അനുവാദം നല്‍കിക്കൊണ്ടു വിളംബരം പുറപ്പെടുവിച്ച ചിത്തിരതിരുനാള്‍ മഹാരാജാവും വലിയ ആചാരലംഘനം ആണ് നടത്തിയത്.ശ്രുതിക്കും സ്മൃതിക്കും ആചാരങ്ങള്‍ക്കും എതിരായിട്ടാണ് അന്നത്തെ ഭരണാധിപന്‍ പ്രവര്‍ത്തിച്ചതെന്നു സാരം.അവര്‍ണ്ണ ജനവിഭാഗങ്ങള്‍ നടത്തിയ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ് ക്ഷേത്രപ്രവേശന വിളംബരം ഉണ്ടായത്.അന്നും ആചാര സംരക്ഷകരും പൗരോഹിത്യവും സര്‍വ്വശക്തിയും ഉപയോഗിച്ച് ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തു.അവരുന്നയിച്ച അതേ വാദഗതി തന്നെയാണ് ഇന്ന് പണിക്കരാദികളും പറയുന്നത്...'ആചാരലംഘനം'.പക്ഷേ ശ്രീമാന്‍ നാരായണപ്പണിക്കര്‍ ആചാര്യനായി കരുതുന്ന സാക്ഷാല്‍ മന്നത്തു പദ്മനാഭന് അന്ന് ഈ അഭിപ്രായമായിരുന്നില്ല.വൈക്കം സത്യഗ്രഹ കാലത്ത് സമരത്തെ അനുകൂലിച്ചു നടന്ന സവര്‍ണ്ണ ജാഥ നയിച്ചത് ശ്രീ.മന്നത്ത് പദ്മനാഭനായിരുന്നു.

വേദമുച്ചരിക്കുന്ന അബ്രാഹ്മണന്‍റെ നാവ് അരിയണമെന്നും വേദമന്ത്രങ്ങള്‍ കേള്‍ക്കുന്ന അധ:കൃതന്‍റെ കാതില്‍
ഈയമുരുക്കി ഒഴിക്കണമെന്നും മേല്‍ജാതിക്കാരില്‍ നിന്നും തൊണ്ണൂറു വാര അകലെക്കൂടി മാത്രമേ അവര്‍ വഴിനടക്കാവൂ എന്നും ഉള്ളത് വിശുദ്ധമായ ആചാരമായി നൂറ്റാണ്ടുകള്‍ ഈ ആര്‍ഷഭൂമിയില്‍ നിലനിന്നു. മുമ്പു സൂചിപ്പിച്ച പുതിയ സനാതനികളെപ്പോലെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയല്ല;ശരിക്കും പാലിക്കപ്പെടേണ്ട അലംഘനീയ ദൈവ വചനങ്ങളായിട്ടാണ് ഈ ആചാരങ്ങളെ അന്നത്തെ ആളുകള്‍ കരുതിയിരുന്നത്.ചവിട്ടുന്നവനും ചവിട്ടുകൊള്ളുന്നവനും കരുതിയതും അങ്ങനെതന്നെ.

വളരെക്കാലത്തെ നിരന്തര പ്രക്ഷോഭങ്ങളുടെ ഫലമായിട്ടാണ്,ക്ഷേത്രസംരക്ഷകര്‍ ആചാരമെന്നു കരുതുന്ന ആ ദുരാചാരങ്ങള്‍ അവസാനിച്ചത്.ഒരുപാടു പേരുടെ കണ്ണീരും ചോരയും കുടുംബവും ഇതിനു വേണ്ടി ഹോമിക്കപ്പെട്ടിട്ടുണ്ട്.വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ രാമന്‍ ഇളയത് എന്ന യുവാവിനെ
സവര്‍ണ്ണ ഗുണ്ടകള്‍ കൈയും കാലും കെട്ടി കണ്ണില്‍ ചുണ്ണാമ്പു തേച്ച് കൊടും വെയിലത്തിട്ടു.ക്ഷേത്ര പ്രവേശനത്തെ അനുകൂലിച്ച് മഹാരാജാവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതു മൂലം മഹാകവി ഉള്ളൂരിന് അദ്ദേഹത്തിന്‍റെ സമുദായം ഭ്രഷ്ടു കല്പിച്ചു.

ആചാരങ്ങളൊന്നും മാറ്റാന്‍ പാടില്ലെന്ന് പറഞ്ഞു സമുദായ,രാഷ്ട്രീയ, ഭക്ത നേതാക്കന്മാര്‍ ബഹളം കൂട്ടുന്നത്
ചരിത്രമറിയാത്തതു കൊണ്ടാണ്.അയ്യപ്പന്‍ നിത്യ ബ്രഹ്മചാരിയായതു കൊണ്ട് ശബരിമലയില്‍ സ്ത്രീകളെ
പ്രവേശിപ്പിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു വാദം.കേരളത്തില്‍ തന്നെയുള്ള മറ്റ് ശാസ്താക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ വിരോധമില്ലാത്ത സ്ഥിതിക്ക് ഈ വാദവും അര്‍ത്ഥശൂന്യമാണ്.

'ആചാര നൂലുകള്‍ പഴകിപ്പോയെന്നും ദുര്‍ബ്ബലപ്പെട്ട ചരടില്‍ ജനതയെ കെട്ടിനിര്‍ത്താനാകില്ലെന്നും ചട്ടങ്ങള്‍
മാറ്റണമെന്നും' കുമാരനാശാന്‍ പറഞ്ഞിട്ട് 85 വര്‍ഷം കഴിഞ്ഞു.അദ്ദേഹം ദീര്‍ഘ ദര്‍ശനം ചെയ്ത പോലെ
സംഭവിച്ചു.കാലത്തിന്‍റെ കുത്തൊഴുക്കിലും സാമൂഹിക പരിവര്‍ത്തനത്തിന്‍റെ കൊടുങ്കാറ്റിലും പെട്ട് ആചാരനൂലുകള്‍ ഒന്നൊന്നായി പൊട്ടി.ചട്ടങ്ങള്‍ മാറി.ഇന്ന് ആചാരത്തിന്‍റെ പൊട്ടിയ നൂലുകള്‍ ഏച്ചുകെട്ടിയും
അനാചാരത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും പുതിയ ചരടുകള്‍ പിരിച്ചുകൂട്ടിയും ജനതയെ വീണ്ടും
വരിഞ്ഞു മുറുക്കാനുള്ള ശ്രമം നടക്കുകയാണ്.സാധാരണക്കാരുടെ ഭക്തി മുതലെടുത്ത് രാഷ്ട്രീയം കളിക്കുന്നവരാണ് ഇതിനു പിന്നില്‍.ഈ സ്ത്രീപ്രവേശം വിവാദമാക്കുന്നതും അവരണ്.

സര്‍വ്വമാനപേര്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ തിരുവിതാംകൂറിന്‍റെ പഴയ ഭരണകര്‍ത്താവിന് അവകാശമുണ്ടായിരുന്നെങ്കില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ കേരളത്തിന്‍റെ പുതിയ
ഭരണാധികാരികള്‍ക്കും അവകാശമുണ്ടെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി.

13 comments:

ഒരു “ദേശാഭിമാനി” said...

ശബരിമലയില്‍ മാത്രമല്ല ശ്രി ധര്‍മ്മശാസ്താപ്രതിഷ്ട ഉള്ളത്. കേരളത്തില്‍ നൂറുകണക്കിനു പ്രധാന പ്രതിഷ്ട ആയോ, ഉപ ദേവനായോ,ശ്രീ അയ്യപ്പന്റെ പ്രതിഷ്ട കാണാം. സ്ത്രീകള്‍ അവിടെ ഒക്കെ ദര്‍ശനം നടത്തുന്നുണ്ട്. അതില്‍ അയ്യപ്പനു അഹിതമുള്ളതായി ആരും പരാതി ഉന്നയിക്കുന്നില്ല., അപ്പോള്‍, വിവേകമുള്ളവരാരും ദേവന്റെ എതിപ്പുമൂലമാണു സ്ത്രീകളെ പ്രവേശിപ്പിക്കാത്തതു എന്നു പറയുന്നതിനെ അംഗീകരിക്കില്ല.,

അതിനോടൊപ്പം തന്നെ, ശമരിമല പോലെയുള്ള ദുര്‍ഘടം പിടിച്ചതും, സുരക്ഷിത്വകുറവുള്ളതും,പ്രാധമികാ‍വശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുള്ളതുമായ സ്ഥലത്തു സ്ത്രീകളുടെ സുരക്ഷിത്വം ഉറപ്പാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. തരം കിട്ടിയാല്‍ ഏതുതരം പീഡനങ്ങള്‍ക്കും തക്കം പാത്തു നടക്കുന്ന വര്‍ക്ക് ഒരു നല്ല ചാകര ആയിരിക്കും ശബരിമലയില്‍. കൂടെ പോകുന്ന പെണ്ണിനെ “പുലി” പിടുത്തം സര്‍വ്വസാധാരണമാകും., അങ്ങനെയുള്ള സ്ഥലത്തു സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നും വിവേകമുള്ളവര്‍ വാശിപിടിക്കില്ല.

ക്ഷേത്രവിളമ്പരവും, അയിത്ത നിര്‍മാര്‍ജ്ജനവും, ശബരിമലയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധിക്കപ്പെട്ട ആചാരങ്ങളുമായി കൂട്ടികുഴക്കുന്നത് എത്രമാത്രം ശരി ആണു എന്നു ആലോചിക്കേണ്ടതുണ്ട്.

പണ്ടും സ്ത്രീകള്‍ക്കു പ്രവേശനം നിരോധിച്ചി രുന്നതിനു ഒരു കാ‍രണം ഇതായിരുരിക്കണം.

ഞാന്‍ said...

അതിനോടൊപ്പം തന്നെ, ശമരിമല പോലെയുള്ള ദുര്‍ഘടം പിടിച്ചതും, സുരക്ഷിത്വകുറവുള്ളതും,പ്രാധമികാ‍വശ്യങ്ങള്‍ക്കു പോലും ബുദ്ധിമുട്ടുള്ളതുമായ സ്ഥലത്തു സ്ത്രീകളുടെ സുരക്ഷിത്വം ഉറപ്പാക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്. തരം കിട്ടിയാല്‍ ഏതുതരം പീഡനങ്ങള്‍ക്കും തക്കം പാത്തു നടക്കുന്ന വര്‍ക്ക് ഒരു നല്ല ചാകര ആയിരിക്കും ശബരിമലയില്‍. കൂടെ പോകുന്ന പെണ്ണിനെ “പുലി” പിടുത്തം സര്‍വ്വസാധാരണമാകും., അങ്ങനെയുള്ള സ്ഥലത്തു സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നും വിവേകമുള്ളവര്‍ വാശിപിടിക്കില്ല.

നിങ്ങളുടെ സംസാരം കേട്ടാല്‍ തോന്നും അയ്യപ്പന്മാര്‍ ശബരിമലയില്‍ പോകുന്നത് പെണ്ണ് പിടിക്കാനാണെന്നാണല്ലോ ദേശാഭിമാനീ...


ക്ഷേത്രവിളമ്പരവും, അയിത്ത നിര്‍മാര്‍ജ്ജനവും, ശബരിമലയിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധിക്കപ്പെട്ട ആചാരങ്ങളുമായി കൂട്ടികുഴക്കുന്നത് എത്രമാത്രം ശരി ആണു എന്നു ആലോചിക്കേണ്ടതുണ്ട്.

ഒട്ടും ആലോചിക്കാനില്ല.... ഇത് ഇരുപത്തൊന്നാം നുറ്റാണ്ടാണെങ്കില്‍, ഹിന്ദുത്വം സ്ത്രീ പുരുഷ സമത്വത്തിന്റെ മതമെങ്കില്‍ ..... അത് തന്നെയാണ് ശരി!!!!

ശബരിമലയിലേക്കാള്‍ ദുര്‍ഘടമായ കൈലാസ്‍നാഥ് മാനസസരോവറിലൊക്കെ സ്ത്രീകള്‍ പോകുന്നുണ്ടല്ലോ?... അവിടെയൊക്കെ പെണ്ണ് പിടിയന്മാര്‍ ഇല്ലെന്നാണോ????....

പണ്ടും സ്ത്രീകള്‍ക്കു പ്രവേശനം നിരോധിച്ചി രുന്നതിനു ഒരു കാ‍രണം ഇതായിരുരിക്കണം.

ഒരു “ദേശാഭിമാനി” said...

"നിങ്ങളുടെ സംസാരം കേട്ടാല്‍ തോന്നും അയ്യപ്പന്മാര്‍ ശബരിമലയില്‍ പോകുന്നത് പെണ്ണ് പിടിക്കാനാണെന്നാണല്ലോ "

എന്നു തീര്‍ച്ചയായും ഒരു ദുരാരോപണവും അയ്യപ്പന്മാരെ പറ്റി എനിക്കില്ല.

സാമൂഹ്യവിരുദ്ധരായിട്ടുള്ളവരെ മാ‍ത്രമേ ഉദ്ദേശിച്ചുള്ളു. അവര്‍ക്കു ദൈവസഹായം കൊണ്ട് കേരളത്തില്‍ ഒരു പഞ്ഞവും ഇല്ലല്ലോ!(എല്ലാവരും സാമൂഹ്യവിരുദ്ധര്‍ എന്നു ഉദ്ദേശിച്ചില്ല കെട്ടോ!)

വിളക്കിന്റെ നാളത്തില്‍ ചെന്നു ചാടി ജീവന്‍ കളയുവാന്‍ വെമ്പുന്ന വണ്ടിനോടു ഉപമിക്കാനേ അവിടെക്കു പോകാന്‍ കച്ച കെട്ടിയിരിക്കുന്ന സ്ത്രീകളെ പറ്റി ഒരു നെടുവീര്‍പ്പോടെ എന്റെ മനസ്സിനു സാധിക്കുകയുള്ളു.

ഞാന്‍ said...

സാമൂഹ്യവിരുദ്ധരായിട്ടുള്ളവരെ മാ‍ത്രമേ ഉദ്ദേശിച്ചുള്ളു. അവര്‍ക്കു ദൈവസഹായം കൊണ്ട് കേരളത്തില്‍ ഒരു പഞ്ഞവും ഇല്ലല്ലോ!(എല്ലാവരും സാമൂഹ്യവിരുദ്ധര്‍ എന്നു ഉദ്ദേശിച്ചില്ല കെട്ടോ!)

വിളക്കിന്റെ നാളത്തില്‍ ചെന്നു ചാടി ജീവന്‍ കളയുവാന്‍ വെമ്പുന്ന വണ്ടിനോടു ഉപമിക്കാനേ അവിടെക്കു പോകാന്‍ കച്ച കെട്ടിയിരിക്കുന്ന സ്ത്രീകളെ പറ്റി ഒരു നെടുവീര്‍പ്പോടെ എന്റെ മനസ്സിനു സാധിക്കുകയുള്ളു.


നിങ്ങള്‍ വീണ്ടും contradict ചെയ്യുന്നല്ലോ? ഇത്ര ദുര്‍ഘടമായ സ്ഥലത്ത് പോയി പീഢനം നടത്താന്‍ കാമഭ്രാന്തുള്ളവരും ഉണ്ടോ???.... ആവോ.. എനിക്കറിയില്ല അത്രയ്ക്കും psychic ആയവരെ പറ്റി!!!!

പിന്നെ അവിടെ സ്ത്രീകള്‍ ഒറ്റയ്ക്കല്ലല്ലോ.... (സ്ത്രീകള്‍ക്ക് മാത്രം ആരാധന നടത്താന്‍ സമയം കൊടുക്കും എന്നും കേട്ട്, ഞാനതിനെതിരാണ്)... വേറെ അയ്യപ്പന്മാരും പൊലീസുകാരും ഒക്കെ ഇല്ലേ?.....

നിങ്ങള്‍ പറയുന്നത് പോലെയാണെങ്കില്‍ സമതലങ്ങളില്‍ ഉള്ള അമ്പലങ്ങളില്‍ (താരതമ്യേന എളുപ്പം എത്തുവാന്‍ പറ്റുന്ന സ്ഥലം) സ്ത്രീ പീഢനം ഏറുമല്ലോ?... എന്തെ അങ്ങനെ ഇല്ലാത്തത്???...

ഹിന്ദുത്വത്തിന്റെ മനോഹരമായ ഒരു characteristic ആണ് അത് പുരോഗമനപരം ആണ് എന്നുള്ളത്. കാലോചിതമായ മാറ്റങ്ങള്‍ അതിന് വന്നിട്ടുമുണ്ട് (അത് തെറ്റായ രീതിയില്‍ വളച്ചൊടിയ്ക്കപ്പെട്ടിട്ടുമുണ്ട്). എന്നാല്‍ ഇന്നിവിടെയുള്ള പാരമ്പര്യവാദികള്‍ (അഥവ കപട ഹിന്ദുത്വവാദികള്‍) അതിനെ ഒരുമാതിരി താലിബാന്‍വല്‍ക്കരിക്കുകയാണ് ചെയ്യുന്നത്....

പാമരന്‍ said...

നല്ല ഒന്നാം ക്ളാസ്‌ ഭക്തന്‍മാരു്‌.. അവരുടെ ദൈവത്തിന്‌ യൌവ്വനയുക്തകളായ പെണ്ണുങ്ങളെ കണ്ടാലുടനെ ബ്രഹ്മചര്യം പോകുമത്രെ.. ദൈവത്തിനെ ഇത്രെം കൊച്ചാക്കരുത്‌..

dethan said...

ദേശാഭിമാനിക്ക്,
സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ ("ഞാന്‍"പറഞ്ഞ പോലുള്ള പാരമ്പര്യ വാദികള്‍)
ചൂണ്ടിക്കാട്ടുന്ന വാദഗതികളെല്ലാംബാലിശമാണ്.താങ്കള്‍ സൂചിപ്പിച്ച സുരക്ഷിതത്വ ആശങ്കയൊന്നും യഥാര്‍ത്ഥ
ഭക്തര്‍ക്ക് പ്രശ്നമല്ല.സ്ത്രീപീഡന ഭീതിയും അടിസ്ഥാനമില്ലാത്തതാണ്.
ക്ഷേത്രപ്രവേശനവിളംബരം സര്‍ക്കാര്‍ ഉത്തരവാണ്.സതി നിരോധിച്ചത് ബ്രിട്ടീഷിന്ത്യയിലെ ഭരണാധികാരികളാണ്.പൂജാരിമാരോ വൈദിക പ്രമാണിമാരോ ആയിരുന്നില്ല.കാലഘട്ടത്തിനു ചേരാത്ത ആചാരങ്ങള്‍ അവസാനിപ്പിക്കേണ്ടത് ഏത് പരിഷ്കൃത സമൂഹത്തിന്‍റെയും കടമയാണ്.

dethan said...

പ്രിയ 'ഞാന്‍',
പ്രതികരിച്ചതിനും മറുപടി പറയാന്‍ സഹായിച്ചതിനും നന്ദി.
'നരനു നരനശുദ്ധ വസ്തു പോലും
ധരയില്‍ നടപ്പതു തീണ്ടലാണു പോലും
നരകമിവിടമാണു ഹന്ത!കഷ്ടം'
എന്ന് മഹാകവിയെ ക്കൊണ്ടു പാടിച്ചതും ഈ 'ഹിന്ദുത്വ'മാണെന്നു മറന്നു കൂടാ.

പാമരന്,
നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

പെണ്ണു പെറുന്നതും, തീണ്ടാരിയാകുന്നതും സ്വാഭാവികമായ ഒരു ശാരീരിക പ്രക്രിയയാണ്. പിന്നെ പണ്ടത്തെപ്പോലെ തറ്റുടുത്തും തുണിവച്ചും തടഞ്ഞു നിര്‍ത്തുമ്പോള്‍ ആര്‍ത്തവരക്തം താഴെവീണു അശുദ്ധമാകുമെന്ന പേടി വേണ്ട ... വിസ്‌പ്പറും, കോട്ടക്കും, ആള്‍വേയ്സും പോലെ എന്തെല്ലാം സന്നാഹങ്ങളാ ഇന്ന്. ഇതൊന്നുമില്ലാതിരുന്ന പണ്ടുകാലത്ത് എഴുതി വച്ചിരുന്ന ചട്ടങ്ങളാണിതൊക്കെ. ഇപ്പോള്‍ കാലം മാറി, കഥ മാറി. മാറ്റുവിന്‍ ചട്ടങ്ങളേ എന്നു പാടാന്‍ പണ്ടൊരു കവിയുണ്ടായിരുന്നു നമുക്ക്... ഇന്നു പെണ്ണുങ്ങള്‍ക്ക് അയ്യപ്പനെ കാണണമെന്നു പറയുമ്പോള്‍ നമ്മുടെ മനസ്സ് പണ്ടത്തേക്കളും ഇടുങ്ങിയതാണെന്നു വരുന്നത് ലജ്ജാകരം. ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കുകയില്ല ... എല്ലാ പെണ്ണുങ്ങളും കെട്ടും നിറച്ച് ശബരിമലയിലേക്ക് ഒരു മാര്‍ച്ച് നടത്തുകയാണ് വേണ്ടത്.

dethan said...

മോഹന്‍ പുത്തന്‍ചിറയ്ക്ക്,
അശുദ്ധിയുടെ കാര്യമൊക്കെ,തങ്ങള്‍ക്കു പോലും ബോദ്ധ്യമില്ലാതെ ഭക്തിനാട്യക്കാര്‍
പറഞ്ഞു പരത്തുന്ന ബഡായികളല്ലേ? ഈ വര്‍ഷം മല ചവുട്ടിയ രണ്ടു മൂന്നുകോടി ഭക്തന്മാരും(ഭക്തകളല്ല) നാല്പത്തൊന്നു ദിവസത്തെ വ്രതം അനുഷ്ഠിച്ചാണ് വന്നതെന്ന് വലിയ ഭക്തമൗലികവാദി പോലും അവകാശപ്പെടില്ല.'ശബരിമലയില്‍ പെണ്ണുങ്ങള്‍ കയറിയാല്‍ ഒന്നും സംഭവിക്കില്ല' എന്ന് മോഹന്‍ പറഞ്ഞത് വളരെ ശരിയാണ്.
കമന്‍റിന് നന്ദി.

മാരീചന്‍‍ said...

ശബരിമലയില്‍ പോകണമെന്ന് ആഗ്രഹമുളള സ്ത്രീകള്‍ അതിന് തയ്യാറായി മുന്നോട്ട് വരികയാണ് ചെയ്യേണ്ടത്. തടസങ്ങള്‍ തട്ടിനീക്കി മുന്നോട്ട് പോകാനുളള ദൃഢനിശ്ചയം അവരാണ് കാണിക്കേണ്ടത്. ആണ്‍പിള്ളൈ ശിങ്കങ്ങള്‍ക്ക് അനുകൂലിച്ചും പ്രതികൂലിച്ചും ചര്‍ച്ച നടത്താനേ കഴിയൂ.

അനാചാരങ്ങളുടെ ദുരിതമനുഭവിച്ചവര്‍ പ്രതികരിക്കാനുറച്ചപ്പോഴാണ് അത് പലതും കാലം ചെയ്തത്. ആരുടെയും ഔദാര്യമൊന്നുമല്ല, ഒരു മനുഷ്യാവകാശവും. നാരായണ പണിക്കരും കുമ്മനം രാജശേഖരനും രമേശ് ചെന്നിത്തലയുമൊക്കെ കുരച്ചു കൊണ്ടേയിരിക്കും. സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് പോവുക. എന്ത് അനിഷ്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് കാണാമല്ലോ!

ദില്‍ബാസുരന്‍ said...

സ്ത്രീകള്‍ ശബരിമലയ്ക്ക് പോയി എന്ന് വെച്ച് പുലി പിടിയ്ക്കാനൊന്നും പോകുന്നില്ല പക്ഷെ സാമൂഹ്യപരിഷ്കരണം എന്നൊക്കെ ലേബലിട്ട് പരിഷ്കരിയ്ക്കാന്‍ മാത്രം എന്ത് വലിയ അനാചാരമാണ് ഇപ്പോള്‍ അവിടെ നടക്കുന്നത് എന്ന് മന‍സ്സിലായില്ല. നാവരിയുന്നതിനോടും ചെവിയില്‍ ഈയം ഒഴിക്കുന്നതിനോടും ഒക്കെ ഉപമിയ്ക്കാന്‍ മാത്രം വലിയ ഒരു സംഭവമാണോ ഒരു ക്ഷേത്രത്തില്‍ കാലങ്ങളായി വിശ്വാസത്തിന്റെ ഭാഗമായി അനുഷ്ഠിച്ച് വരുന്ന ഒരു കാര്യം? ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സമത്വം നല്‍കി ഉദ്ധരിയ്ക്കാനാണ് ഉദ്ദേശം എങ്കില്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനും മുന്നെ അടിയന്തിരമായി അവര്‍ക്ക് വേണ്ടി ചെയ്യേണ്ട പലതുമുണ്ട്.

ആചാരങ്ങളും അനാചാരങ്ങളും രണ്ടും രണ്ടല്ലേ? പ്രത്യേകിച്ച് ആര്‍ക്കും ബുദ്ധിമുട്ടില്ലാത്തതും വിശ്വാസങ്ങളുടെ ഭാഗമായിട്ടുള്ളതുമായ ഒരു കാര്യത്തിനെ അതിന്റെ വഴിക്ക് വിടുന്നതാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

dethan said...

മാരീചന്,

ഒരു അനിഷ്ടവും അപകടവും സംഭവിക്കില്ല.വിശ്വാസത്തിന്‍റെ പേരില്‍ കുരച്ചു ചാടുന്നവര്ക്കും ഇതറിയാം.

ദില്‍ബാസുരന്,

ആചാരങ്ങളും അനാചാരങ്ങളും രണ്ടാണ്.പക്ഷേ രണ്ടും തമ്മില്‍ തിരിച്ചറിയാന്‍ പലര്ക്കും കഴിയുന്നില്ല.പിന്നോക്കക്കാര്ക്കും ദളിതര്ക്കും ക്ഷേത്രപ്രവേശനം നിഷേധിച്ചത് വിശ്വാസത്തിന്‍റെ പേരിലായിരുന്നു.അബ്രാഹ്മണന്‍ വേദപഠനം നടത്തിയാലുള്ള ശിക്ഷാവിധികളും അന്ന് ആരും അനാചാരമായി കരുതിയിരുന്നില്ല.തീണ്ടലും പണ്ട് അനാചാരമായി ഭൂരിഭാഗത്തിനും തോന്നിയിരുന്നില്ല.മാത്രമല്ല ഇന്ന്
ദുരാചാരമായി നാം മനസ്സിലാക്കുന്ന പലതും അന്ന് വേദവാക്യങ്ങളായിട്ടാണ് കരുതിപ്പോന്നത്.ശ്രീനാരായണ ഗുരുവുമായി സംസാരിക്കുന്നതിനു മുമ്പ് ഗാന്ധിജി പോലുംവര്ണ്ണാശ്രമരീതികള്‍അനുഷ്ഠിക്കപ്പെടേണ്ടതാണെന്നാണല്ലോ ധരിച്ചിരുന്നത്.അപ്പോള്‍ സാധാരണക്കാരുടെ സ്ഥിതി എന്തായിരുന്നെന്ന് ഊഹിച്ചാല്‍ മതി.അധ:കൃതര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചാല്‍ ദേവന്മാര്‍ക്ക് അനിഷ്ടമാകുമെന്നും ദേവ ചൈതന്യം നഷ്ടപ്പെടുമെന്നും അന്നും വിശ്വാസികള്‍ വാദിച്ചിരുന്നു.
'ഇന്നലെ ചെയ്തോരബദ്ധം മൂഢര്‍-
ക്കിന്നത്തെയാചാരമാകാം,
നാളത്തെ ശാസ്ത്രമതാകാം' എന്ന് കുമാരനാശാന്‍ പറഞ്ഞത് അതുകൊണ്ടാണ്.

anand said...

sabari malayil sree