Total Pageviews

Saturday, February 16, 2008

ഈ വര്‍ഷം ദു:ഖവെള്ളിയാഴ്ച ഏതു ദിവസമായിരിക്കും?/ദു:ഖവെള്ളി, വെള്ളിയാഴ്ചയാകുന്നത് എന്തുകൊണ്ട്?

ഒരുകാലത്ത് കൗമാരപ്രായക്കാരെയും നവസാക്ഷരരെയും ഇക്കിളിക്കഥകളും നോവലും കൊണ്ടു വശീകരിച്ചിരുന്ന പൈങ്കിളി വാരികകളുടെ സ്ഥാനം ഇന്ന് ചാനലുകള്‍ കൈയടക്കിയിരിക്കുകയാണ്.വാരികകള്‍
ആഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ചാനലുകളില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ അഞ്ചു ദിവസം പൈങ്കിളി സീരിയലുകള്‍ അരങ്ങു തകര്‍ക്കുകയാണ്.'വേറിട്ട ചാനല്‍' എന്ന് അവകാശപ്പെട്ട് ആരംഭിച്ച
തിന്‍റെയും സ്ഥിതി വ്യത്യസ്തമല്ല.എന്തൊക്കെ കുറ്റം പറഞ്ഞാലും പൈങ്കിളി വാരികകള്‍ നമ്മുടെ ഗ്രാമീണരില്‍
വായനാ ശീലം വളര്‍ത്താന്‍ ഉപകരിച്ചിട്ടുണ്ട്.അതുപോലും അവകാശപ്പെടാനില്ലാത്ത ചാനലുകള്‍ സൃഷ്ടിക്കുന്ന
കെടുതികള്‍ മറ്റൊരു വലിയ വിഷയമാണ്.

ആത്യന്തികമായി ചാനലും വ്യവസായമാണ്.ആ നിലയ്ക്ക് ലാഭം ആഗ്രഹിക്കുക സ്വാഭാവികം. ലാഭമുണ്ടായില്ലെങ്കിലും നഷ്ടമില്ലാതിരിക്കാന്‍ നോക്കേണ്ടത് അത്യാവശ്യം തന്നെ.അപ്പോള്‍ ചില മസാലക്കൂട്ടുകള്‍ ചേര്‍ക്കേണ്ടി വരും.പക്ഷേ വാര്‍ത്താചാനലും പൈങ്കിളി ആയാലോ?

മലയാളം ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന ചര്‍ച്ചാവിഷയങ്ങളുടെ ഏകദേശ സാമ്പിള്‍ ആണ് ഈ പോസ്റ്റിന്‍റെ തലക്കെട്ട്.വളരെ ബാലിശവും അതിശയോക്തിപരവുമാണ് ഈ തലക്കെട്ട് എന്ന് ആര്‍ക്കെങ്കിലും തോന്നുന്നെങ്കില്‍ കഴിഞ്ഞ കുറെ ആഴ്ചകളായി രണ്ടു പ്രമുഖ ന്യൂസ് ചാനലുകളില്‍ വന്ന വിഷയങ്ങള്‍ ശ്രദ്ധിക്കുക:

ഗ്രൂപ്പില്ലാത്ത കോണ്‍ഗ്രസ് ഉണ്ടാകുമോ?
ഒബാമയെ അമേരിക്ക അംഗീകരിക്കുമോ?
നസീറിനെ വെല്ലുന്ന നായകന്‍ പിന്നീടുണ്ടായോ?
കലോത്സവത്തിന്‍റെ ആവേശം നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ?
പെര്‍ത്തില്‍ ഇന്ത്യയ്ക്കു ജയിക്കാനാകുമോ?
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമോ?

ഇന്ത്യാവിഷനില്‍ വോട്ട് & ടോക് പരിപാടിയില്‍ പ്രത്യക്ഷപ്പെട്ട ചിലത്.

ഏതാണ്ട് അതേ ദിവസങ്ങളില്‍ ഏഷ്യാനെറ്റിലെ ഫോക്കസില്‍ വന്നവ കൂടി നോക്കുക:
കരുണാകരന്‍റെ മടക്കം കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തുമോ?
ഇന്ത്യ ഓസ്ട്രേലിയന്‍ പരമ്പര മതിയാക്കി മടങ്ങിപ്പോരണോ?
കലോത്സവത്തിന്‍റെ നിലവാരം ഉയര്‍ന്നോ?
പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമോ?
പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ശരിയോ?
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാമോ?

രണ്ടു ചാനലുകളും ഒരേ ദിവസം തെരഞ്ഞെടുക്കുന്ന വിഷയം പലതും ഒന്നു തന്നെയായിരിക്കും.കേവല സാമ്യമല്ല വള്ളി പുള്ളി വിസര്‍ഗ്ഗ വ്യത്യാസമില്ലാത്ത പൊരുത്തം തന്നെയാണ് ചിലപ്പോള്‍ കാണുക.ശബരിമലയിലെ സ്ത്രീപ്രവേശനം ഉദാഹരണം.'സി പി എം പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏകപക്ഷീയമോ?'
എന്ന് ഇന്ത്യാ വിഷന്‍ സന്ദേഹിക്കുമ്പോള്‍'റിപ്പോര്‍ട്ടും ചര്‍ച്ചയും ഐക്യത്തിനു സഹായകമോ' എന്ന് ഏഷ്യാനെറ്റ് ചോദിക്കുന്നു.ഇതെല്ലാം വോട്ടിനിട്ടും ചര്‍ച്ച ചെയ്തും തീര്‍ച്ചപ്പെടുത്തിക്കളയാം എന്ന വിചാരത്തില്‍ യുക്തിഹീനതയെക്കാള്‍ പ്രേക്ഷകനോടുള്ള പുച്ഛമാണു മുന്നിട്ട് നില്‍ക്കുന്നത്.മാത്രമല്ല എല്ലാം പൈങ്കിളി മട്ടില്‍ കാണുക എന്നചാനല്‍ നയത്തിന്‍റെ പ്രകടനവും.

ഓരോ വിഷയവും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുന്നതിന് പറ്റിയ ആസ്ഥാന പണ്ഡിതന്മാരും ചാനലുകള്‍ക്ക് സ്വന്തമായുണ്ട്.ഈ വിദ്വാന്മാരുമായി ഗഹനമായ ചര്‍ച്ച നടക്കുമ്പോഴാകും ബഹു.മന്ത്രിമാര്‍ ആരെങ്കിലും ഫോണലെത്തുന്നത്.ഉടനെ, പറഞ്ഞ വാചകം പൂര്‍ത്തിയാക്കാന്‍ പണ്ഡിതരെ അനുവദിക്കാതെ മന്ത്രി
മൊഴിക്കു കാതോര്‍ക്കുകയായി.വീണ്ടും പണ്ഡിതരുമായി ചര്‍ച്ച തുടങ്ങുമ്പോഴായിരിക്കും ഒരു പ്രേക്ഷകന്‍
മറുതലയ്ക്കല്‍ വരുന്നത്.പ്രേക്ഷകന്‍റെ അഭിപ്രായം വശക്കേടാണെന്നു തോന്നിയാല്‍ പെട്ടെന്ന് ഫോണ്‍ കട്ട് ചെയ്യും.എന്നിട്ട് "താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി."എന്നു കൂടി പറയും.ഒരു വാക്കു പോലും
പറയാന്‍ സമ്മതിക്കാതെയാണ് ഈ നന്ദിപ്രകടനം!അപ്പോഴാണ് പരസ്യത്തിന്‍റെ കാര്യം ഓര്‍മ്മ വരിക.അന്നദാദാ
വിനെ വെറുപ്പിക്കാന്‍ പറ്റുമോ അതോടെ ചര്‍ച്ച ചുരുട്ടിക്കെട്ടും.

സീരിയലുകളെപ്പോലെ ചര്‍ച്ചകളും പരസ്യത്തിന്‍റെ ഇടവേളകളാണ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

7 comments:

മൂര്‍ത്തി said...

പ്രേതങ്ങളെ പേടിച്ച് ഞാനിപ്പോള്‍ ടി.വി.കാണാറില്ല..:)

nariman said...

രാജ്യത്തു കള്ളുഷാപ്പുകളുണ്ടെന്നുവെച്ച് എല്ലാവരും കള്ളു കുടിക്കാറില്ല. ആവശ്യക്കാര്‍ മാത്രം കുടിക്കുന്നു. ചാനല്‍ പരിപാടികളുടെ കാര്യവും അങ്ങനെതന്നെ. ആവശ്യക്കാര്‍ കണ്ടാല്‍ മതി. ചാനല്‍ പരിപാടികള്‍ എല്ലാ പൌരന്മാരും കണ്ടുകൊള്ളണമെന്നു നിയമമില്ലാല്ലൊ.
“ ജനങ്ങള്‍ വിഡ്ഡികളും ഞങ്ങള്‍ കുറെ ബുദ്ധിജീവികളും. ജനങ്ങള്‍ എന്തു കാണണമെന്നു ഞങ്ങള്‍ പറഞ്ഞു തരാം’ എന്ന ബുദ്ധിജീവിമനോഭാവത്തെ ജനങ്ങള്‍ തീര്‍ത്തും അവഗണിക്കുന്നത് എന്തുകൊണ്ടാണ് എന്ന് ഒരാത്മപരിശോധന വേണ്ടതാണ്.

dethan said...

മൂര്‍ത്തീ,
താങ്കള്‍ ഭാഗ്യവാന്‍.പ്രേതങ്ങള്‍ നിമിത്തമാണെങ്കിലും രക്ഷപ്പെട്ടല്ലോ!

dethan said...

നരിമാന്,
കള്ളുകുടിയന് ഷാപ്പില്‍ നിന്നും നല്ല കള്ള് കിട്ടണ്ടേ?കുടിക്കുന്നവന് കുടിച്ച കള്ളിന്‍റെ ഗുണനിലവാരം
വിലയിരുത്താനും അവകാശമുണ്ട്.കള്ളുകുടി നല്ലതാണോ എന്നത് വേറേ കാര്യം.
ചാനല്‍ പരിപാടി കാണാനും കാണാതിരിക്കാനും പൗരന് സ്വാതന്ത്ര്യമുണ്ട്.അതുപോലെ തന്നെ കണ്ടതിനെക്കുറിച്ച് അഭിപ്രായം പറയാനും അവന് സ്വാതന്ത്ര്യമുണ്ട്.കാണികളെ വിഡ്ഡികളാക്കുന്ന ചാനല്‍ പരിപാടികളെപ്പറ്റി എഴുതിയത് അതുകൊണ്ടാണ്.ബുദ്ധിജീവി വേഷം കെട്ടുകയും ജനങ്ങളെ ഉദ്ബുദ്ധരാക്കാനെന്ന വ്യാജേന തറ പരിപാടികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നത് ചാനലുകളാണ്.വേറെ
ആരും പ്രേക്ഷകനെ ഇന്നത് മാത്രമേ കാണാവൂ എന്ന് ഉപദേശിക്കാന്‍ തുനിയുമെന്നു തോന്നുന്നില്ല.

അപ്പു said...

ഇതേ അഭിപ്രായങ്ങള്‍ തന്നെയാണ് എനിക്കും പറയാനുള്ളത്. ഏതു ചാനല്‍ കാണണം, എന്തു വിശ്വസിക്കണം എന്ന് പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. കേബിള്‍ ടി.വി.യില്‍ ധാരാളം നല്ല ന്യൂസ് ചാനലുകളും ലഭ്യമാണല്ലോ (ബി.ബി.സി, സി.എന്‍, എന്‍, തുടങ്ങിയവ). അവയില്‍ പ്രാദേശിക വാര്‍ത്തകള്‍ ഇല്ലെങ്കില്‍ക്കൂടി ലോകവാര്‍ത്തകള്‍ നമ്മുടെ ഭാഷാചാനലുകളേക്കാള്‍ ഭംഗിയായി കിട്ടാനുമുണ്ട്.

dethan said...

അപ്പുവിന്,
അഭിപ്രായത്തിന് നന്ദി.എപ്പോഴും മറ്റുള്ളവരെ വിമര്‍ശിക്കുന്ന ചാനലുകള്‍ക്ക് സ്വയം വിമര്‍ശനം നടത്താന്‍ കൂടി ബാദ്ധ്യതയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുവനേ ഉദ്ദേശിച്ചിട്ടുള്ളു.

dethan said...

അപ്പുവിന്,
അഭിപ്രായത്തിന് നന്ദി.എപ്പോഴും മറ്റുള്ളവരെ വിമര്‍ശിക്കുന്ന ചാനലുകള്‍ക്ക് സ്വയം വിമര്‍ശനം നടത്താന്‍ കൂടി ബാദ്ധ്യതയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുവനേ ഉദ്ദേശിച്ചിട്ടുള്ളു.