Total Pageviews

Sunday, February 10, 2008

സി എച്ച് 'രക്ഷപ്പെട്ട' കഥ

കേരള സര്‍വ്വകലാശാല സംഘടിപ്പിച്ച ആദ്യത്തെ ലോകമലയാള സമ്മേളനം.തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഉദ്ഘാടനച്ചടങ്ങ്.വൈക്കം മുഹമ്മദ് ബഷീറിനെ ഇംഗ്ലീഷുകാര്‍ക്ക് പരിചയ
പ്പെടുത്തിക്കൊടുത്ത പ്രൊഫ.ആഷര്‍ ഉള്‍പ്പടെയുള്ള വിദേശീയരും ഇന്ത്യാക്കാരുമായ പണ്ഡിതരും ഭാഷാ
സ്നേഹികളും പങ്കെടുക്കുന്നു.നാലു നിലപ്പന്തല്‍ നിറഞ്ഞ് പുരുഷാരം.മുഖ്യമന്ത്രി ശ്രീ.എ.കെ.ആന്‍റണി അദ്ധ്യക്ഷന്‍.വിദ്യാഭ്യാസമന്ത്രി ശ്രീ.സി.എച്ച്.മുഹമ്മദ് കോയയും സമ്മേളനത്തിനെത്തേണ്ടതായിരുന്നു.പക്ഷേ
ചെന്നൈയില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നതിനാല്‍ എത്താന്‍ കഴിഞ്ഞില്ല.

യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റിലെ ചേരിതിരിവും വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസവും മൂലം യൂണിവേഴ്സിറ്റിയിലും സമ്മേളനസ്ഥലത്തും രാവിലെ മുതല്‍ പ്രതിഷേധ പ്രകടനവും
ധര്‍ണ്ണയും നടക്കുകയായിരുന്നു.പ്രതിഷേധം അതിന്‍റെ കൊടുമുടിയില്‍ നില്ക്കുമ്പോഴായിരുന്നു ഉദ്ഘാടനം.വിദേ
ശീയരും മറ്റു സംസ്ഥാനക്കാരും ഉള്ളതുകൊണ്ടാകണം,വൈസ് ചാന്‍സലര്‍ കോട്ടും ടൈയും ഒക്കെ കെട്ടിയാണ്
വേദിയില്‍ പ്രത്യക്ഷപ്പെട്ടത്.വേഷം കണ്ടപ്പോള്‍ത്തന്നെ ജനം കൂവല്‍ തുടങ്ങി.അദ്ദേഹം ഇംഗ്ലീഷില്‍ സ്വാഗതം പറയാന്‍ കൂടി തുടങ്ങിയപ്പോള്‍ ബഹളം എല്ലാ സീമയും കടന്നു.

മലയാളത്തില്‍ പ്രസംഗിക്കണമെന്ന് സദസ്സില്‍ നിന്നും ആവശ്യം ഉയര്‍ന്നു.എന്തു വന്നാലും കുലുങ്ങാത്ത വി സി യുണ്ടോ വിടുന്നു!ഒച്ച കൂട്ടി അദ്ദേഹം ആംഗലത്തില്‍ പ്രസംഗം തുടര്‍ന്നു.ആനുപാതികമായി ബഹളത്തിന്‍റെ ശക്തിയും വര്‍ദ്ധിച്ചു.രോഗം മനസ്സിലാക്കിയ സമ്മേളന കണ്‍വീനര്‍ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ വി സി യുടെ ചെവിയില്‍ എന്തോ മന്ത്രിച്ചു.ഇംഗ്ലീഷില്‍ സ്വാഗതം പറഞ്ഞുകൊണ്ടിരുന്ന വൈസ് ചാന്‍സലര്‍ പെട്ടെന്ന്,''സുഹൃത്തുക്കളേ'' എന്ന് ഒറ്റ വിളി.വീണ്ടും കൂവല്‍. ഇപ്പോള്‍ സന്തോഷം കൊണ്ടാണെന്നു മാത്രം.
എഴുതി തയ്യാറാക്കിയ ഇംഗ്ലീഷ് പ്രസംഗം നോക്കിത്തന്നെ നല്ല മലയാളത്തില്‍ വി സി സ്വാഗതം തുടര്‍ന്നു.സദസ്സ്
ഏതാണ്ട് ശാന്തമായി.

സമ്മേളനത്തിന്‍റെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ച ശേഷം വിശിഷ്ടാതിഥികള്‍ക്ക് ഓരോരുത്തര്‍ക്കായി
സ്വാഗതമോതിയ വി സി ഒടുവില്‍ ഇങ്ങനെ പറഞ്ഞു:'ബഹു.വിദ്യാഭ്യാസമന്ത്രി ശ്രീ.സി എച് മുഹമ്മദ് കോയ
ഈ സമ്മേളനത്തില്‍ സംബന്ധിക്കേണ്ടതായിരുന്നു പക്ഷേ അദ്ദേഹം കഷ്ടിച്ചു രക്ഷപ്പെടുകയാണുണ്ടായത്.'
പിന്നത്തെ പുകില്‍ പറയേണ്ടതില്ലല്ലോ?

No comments: