Total Pageviews

Monday, January 28, 2008

മഹാകവി കുമാരനാശാന്‍റെ 'വീണപൂവ്' പ്രസിദ്ധീകൃതമായിട്ട് നൂറു വര്‍ഷം കഴിഞ്ഞു.മലയാള കവിതയില്‍ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ഈ ചെറു കൃതി കൊല്ലവര്‍ഷം1083 ല്‍ ആണ് ആശാന്‍രചിച്ചത്.അതേ വര്‍ഷം തന്നെ മൂര്‍ക്കോത്ത് കുമാരന്‍റെ പത്രാധിപത്യത്തിലുള്ള 'മിതവാദി'യില്‍ പ്രത്യക്ഷപ്പെട്ടു.

സ്ത്രീശരീരത്തിന്‍റെ ഭംഗിയും രതിക്രീഡകളുടെ വിവരണവും വെടിവട്ടവും ശ്ലോകത്തിലാക്കുന്നതാണ് കവിതയെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തിലാണ് വീണപൂവ് പിറക്കുന്നത്.അതിനു ശേഷം കവിതയുടെ രചനയിലും ആസ്വാദനത്തിലും ഉണ്ടായ മാറ്റം നമ്മുടെ സാഹിത്യചരിത്ര സത്യമാണ്.'സാഹിതീ ലോകത്തിന്‍റെദുഷിച്ചു പോയ രുചിയെ പ്രത്യാനയി'പ്പിക്കാന്‍ ഈ ചെറിയ കാവ്യത്തിനു കഴിഞ്ഞു.അതിലെ പുതിയ സങ്കേതങ്ങളും ജീവിത ദര്‍ശനവും ഭാഷയ്ക്കു കരുത്തു നല്‍കി.പിന്നീടുണ്ടായ പല കാവ്യപരീക്ഷണങ്ങള്‍ക്കും പ്രചോദനം പകര്‍ന്നു.

വീണപൂവിലെ അവസാന ശ്ലോകത്തില്‍,'കരിഞ്ഞുമലിഞ്ഞുമാശു മണ്ണാകുമീ മലരു വിസ്മൃതമാകുമിപ്പോള്‍' എന്ന് പറയുന്നുണ്ട്.ആശാന്‍ കണ്ട പൂവിന്‍റെ ഗതി അങ്ങനെ തന്നെ ആയിരുന്നിരിക്കണം.പക്ഷേ അദ്ദേഹം മലയാളത്തിനു സമ്മാനിച്ച വീണപൂവ് നൂറു വര്‍ഷം കഴിഞ്ഞിട്ടും വാടാതെയും കരിയാതെയും നില്‍ക്കുന്നു.

കവിതയില്‍ മറ്റൊരിടത്ത് ഇങ്ങനെ പ്രത്യാശിക്കുന്നു:'ഇവിടെ മാഞ്ഞു സുമേരുവിന്മേല്‍ കല്പദ്രുമത്തിനുടെ കൊമ്പില്‍ വിടര്‍ന്നിടാം നീ'.കല്പവൃക്ഷത്തിന്‍റെ കൊമ്പില്‍ ആ പൂവ് പുനര്‍ജ്ജനിച്ചാലുമില്ലെങ്കിലും മലയാള മനസ്സിന്‍റെ കൊമ്പത്ത് ആശാന്‍റെ വീണപൂവ് വിടര്‍ന്നു തന്നെ നില്‍ക്കുന്നു,തലമുറകളെ ആകര്‍ഷിച്ചുകൊണ്ട്.

2 comments:

siva // ശിവ said...

നല്ല പോസ്റ്റ്‌.....ഞാന്‍ ഇതു വരെ വീണപൂവ്‌ വായിച്ചിട്ടില്ല.... ഇപ്പോള്‍ ഒരു തോന്നല്‍ വായിക്കണമെന്ന്....

dethan said...

ശിവകുമാറേ,
വായിക്കേണ്ട കൃതി തന്നെയാണ് വീണപൂവ്.വെറും 41 ശ്ലോകം മാത്രമാണുള്ളതെങ്കിലും സമഗ്രമായ ഒരു
ജീവിത ദര്‍‍ശനവും പല തലങ്ങളുള്ള കാവ്യവീക്ഷണവും ഈ കൊച്ചു കൃതിയെ ഇന്നും പ്രസക്തമാക്കുന്നു.