Total Pageviews

Wednesday, January 23, 2008

ബില്‍ക്കീസ് ബാനുവിന് അഭിവാദ്യം

രണ്ടായിരത്തിരണ്ടിലെ ഗുജറാത്ത് കലാപ കാലത്ത് ബില്‍ക്കീസ് യാക്കൂബ് റസൂല്‍ ബാനു വിനെ മാനഭംഗപ്പെടുത്തിയ കേസ്സിലെ പ്രതികളെ ജീവപര്യന്തം തടവിന് മുംബൈ പ്രത്യേക സെഷന്‍സ് കോടതി ശിക്ഷിച്ചിരിക്കുന്നു. ആറുമാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കീസ് ബാനുവിനെ 2002 ഫെബ്രുവരിയില്‍ ഒരു സംഘമാളുകള്‍ മാനഭംഗം ചെയ്യുകയും ബില്‍ക്കീസിന്‍റെ മകള്‍ ഉള്‍പ്പെടെ പതിന്നാല് ബന്ധുക്കളെ വധിക്കുകയും ചെയ്തുവെന്നാണ് കേസ്സ്.ബിജെപി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12പേരെയാണ് കുറ്റക്കാരെന്ന് കോടതികണ്ടെത്തിയത്.

മനുഷ്യാവകാശ,സാമൂഹിക സംഘടനകളുടെ സഹായവും ജാഗ്രതയും കൊണ്ടും സുപ്രീം കോടതിയുടെ ഇടപെടല്‍ കൊണ്ടുമാണ് ആറു വര്‍ഷത്തിനു ശേഷമെങ്കിലും ബില്‍ക്കീസിന് നീതി ലഭിച്ചത്.ഗുജറാത്ത് പോലീസും ഡോക്റ്റര്‍മാരും ഭരണകൂടം ഒന്നാകെയും,അപമാനിക്കപ്പെട്ട ശേഷവും വേട്ടയാടിയ ഇവര്‍ക്ക് ഈകോടതി വിധി അല്പം ആശ്വാസം പകര്‍ന്നേക്കാം.പക്ഷേ അവര്‍ക്ക് നഷ്ടപ്പെട്ടതിന് ഒന്നും ഇതു പകരമാകില്ല.മാത്രമല്ല പണം വാരിയെറിഞ്ഞ് പ്രതികളെ രക്ഷപ്പെടുത്താന്‍ ഗുജറാത്ത് സര്‍ക്കാരും പാര്‍ട്ടിയും വിശ്വഹിന്ദുക്കളും കൂടി ശ്രമിക്കുകയും ചെയ്യും.അല്ലെങ്കില്‍ തന്നെ എല്ലാം ആസൂത്രണം ചെയ്ത മുഖ്യ പ്രതിസര്‍വ്വാധികാരങ്ങളോടും കൂടി മുഖ്യമന്ത്രിക്കസേരയില്‍ വിലസുകയാണല്ലോ.

കൗമാര നിഷ്കളങ്കതയും ഭയവും ഇപ്പൊഴും തങ്ങിനില്‍ക്കുന്ന ഈ സാധു പെണ്‍കുട്ടിക്കു നേരേ അതിക്രമം കാട്ടിയ കാപാലികന്മാര്‍ തൂക്കു കയറില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ല.

"ഭാരത് മാതാകീ" എന്നും "വന്ദേമാതരം" എന്നും നാഴികയ്ക്കു നാല്പതു വട്ടം ഉരുവിടുകയും ഭാരത സ്ത്രീകളുടെ ഭാവശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്യുന്ന ബിജെപി,സംഘപരിവാര്‍,വിശ്വഹിന്ദു പരിഷത്തുകാരാണ് സ്ത്രീത്വത്തെയും മാതൃത്വത്തെയും അപമാനിച്ചത്।പുരാണങ്ങളും ഭഗവത് ഗീതയും പിടിച്ച്ആണയിടുന്നവര്‍ക്ക് എങ്ങനെയാണ് ഈ കാട്ടാളത്തം കാട്ടാന്‍ കഴിഞ്ഞത്?ദുശ്ശാസനന്‍ പോലും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്തതേ ഉള്ളു.പാഞ്ചാലി ഗര്‍ഭിണിയുമായിരുന്നില്ല.ഉത്തരയുടെ ഗര്‍ഭത്തില്‍ കിടന്ന കുഞ്ഞിനെ കൊല്ലാന്‍ അമ്പു തൊടുത്ത അശ്വത്ഥാമാവിന് ഘോരശാപമാണ് കിട്ടിയത്.ശാപഗ്രസ്തനായ അശ്വത്ഥമാവ് ഗതികിട്ടാതെ അലയുമ്പോള്‍ അതിനേക്കാള്‍ നീചന്‍മാര്‍ അധികാരകസേരകളില്‍ വിരാജിക്കുന്നു.

ലോകദൃഷ്ടിയില്‍ ഭാരതത്തിന്‍റെ മാനം കെടുത്തിയ ഈ നിന്ദ്യജന്മങ്ങളെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം. തീക്ഷ്ണമായ പീഡാനുഭവങ്ങളെ അതിജീവിച്ച ബില്‍ക്കീസിന് ഇനിയും ഈ കശ്മലക്കൂട്ടങ്ങളെ നേരിടാന്‍ കരുത്തുണ്ടാകട്ടെ.

2 comments:

ഏ.ആര്‍. നജീം said...

ബള്‍ക്കീസ് ബാനുവിനൊപ്പം അഭിവാദ്യമര്‍പ്പിക്കേണ്ട മറ്റൊരു താരമുണ്ട്..ട്രീസ സെറ്റില്‍‌വാദ് എന്ന സാമൂഹ്യപ്രവര്‍ത്തക...

dethan said...

പ്രിയ നജീം,

ട്രീസാ സെറ്റില്‍ വാദും തീര്‍ച്ചയായും അഭിവാദനം അര്‍ഹിക്കിന്നുണ്ട്.നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സഹായിച്ച എല്ലാസുമനസ്സുകളെയും അഭിനന്ദിക്കേണ്ടതാണ്.