Total Pageviews

Saturday, April 28, 2012

കണ്ടാൽ കളി......“കണ്ടാൽ കളി;കണ്ടില്ലെങ്കിൽ കാര്യം” എന്നൊരു നാടൻ പറച്ചിലുണ്ട്.അടിച്ചു മാറ്റൽ വിദഗ്ദ്ധരുടെ പ്രയോഗ തത്ത്വമാണത്.ചൂണ്ടിക്കൊണ്ടു പോകുന്ന വസ്തു ആരുടെയെങ്കിലും കണ്ണിൽ പെട്ടാൽ ‘വെറുതേ ഒരു തമാശ’എന്നു നടിക്കും;ആരും അറിഞ്ഞില്ലെങ്കിൽ സംഗതി കൈയ്യിലിരിക്കും.

ഭൂമി ദാനം ചെയ്യാൻ കോഴിക്കോടു സർവ്വകലാശാല കൈക്കൊണ്ട തീരുമാനത്തിന്റെ പിന്നിലെ പ്രിൻസിപ്പിളും ഇതായിരുന്നു.പിടി വീണപ്പോൾ ചെറിയ വീഴ്ച എന്ന മട്ടിൽ തടിപ്പുകയാണു.മുസ്ലീം ലീഗിന്റെ സംസ്ഥാനപ്രസിഡന്റ് ചെയർമാനായ സംഘത്തിനും മന്ത്രിമാരായ കുഞ്ഞാലിക്കുട്ടിയും മുനീറും അംഗങ്ങളായ ട്രസ്റ്റുകൾക്കും മറ്റു ചില കടലാസ് സംഘങ്ങൾക്കും കോഴിക്കോട് സർവ്വകലാശാല വക സ്ഥലം കൈമാറാനാണു മാർച്ച് 27നു  ചേർന്ന
സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.396കോടി രൂപ വില വരുന്ന വസ്തുവാണു മുസ്ലീം ലീഗിലെ ഭൂമാഫിയയ്ക്ക് വെറുതേ കൊടുക്കാൻ മുസ്ലീം ലീഗിനു ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് തീരുമാനമെടുത്തത്.സംഗതി വിവാദമായപ്പോൾ “ഞമ്മളൊന്നുമറിഞ്ഞില്ലേ പടച്ചോനേ”എന്നു ഭാവിക്കുകയാണു കൊള്ളയടിക്കാൻ അനുവദിച്ചവരും കൊള്ളയടിക്കാൻ തുനിഞ്ഞവരും.വകുപ്പു മന്ത്രി അറിഞ്ഞിട്ടേയില്ല പോലും!കുഞ്ഞാലിമന്ത്രിയും മുനീർ മന്ത്രിയും പരമ നിരപരാധികൾ!

എല്ലാം വൈസചാൻസലർ നോക്കേണ്ടതായിരുന്നു എന്നാണു കുഞ്ഞാലിക്കുട്ടി ഇപ്പോൾ പറയുന്നത്.തങ്ങളുടെ ചൊല്പ്പടിയ്ക്കു നില്ക്കുന്ന വൈസ്ചാൻസലറെയും സിൻഡിക്കേറ്റിനെയും സർവ്വകലാശാലയിൽ പ്രതിഷ്ഠിച്ചത് ഇത്തരം കൊള്ളരുതായ്മകൾ ചെയ്യാനാണെന്ന് അന്നേ ആളുകൾ അടക്കം പറഞ്ഞതാണു.പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല.നിലാവുണ്ടെന്നു കരുതി വെളുക്കുവോളം കക്കാനൊരുങ്ങുന്ന ബുദ്ധിമോശം  ലീഗ് നേതാക്കൾ കാണിക്കുമെന്ന് യു.ഡി.എഫിലെ മറ്റു കക്ഷികൾ പോലും വിചാരിച്ചു കാണില്ല.മോഷണം കൈയ്യോടെ പിടിച്ചപ്പോൾ നിരപരാധി ചമയാൻ ലീഗ് വീരന്മാർ കാട്ടുന്ന തത്രപ്പാടാണു സഹിക്കാൻ വയ്യാത്തത്.മോഷണ മുതൽ തിരിച്ചു കൊടുത്തതു കൊണ്ടു മോഷ്ടാവ് കുറ്റക്കാരനല്ലാതകില്ല.ഭൂമിദാന തീരുമാനം റദ്ദാക്കിയതു കൊണ്ടു മാത്രം പ്രശ്നം തീരില്ല.വൈസ്ചാൻസലർ ലീഗു നേതാക്കളുടെ പെട്ടിയെടുപ്പുകാരൻ മാത്രമാണു.യഥാർത്ഥ മോഷ്ടാക്കൾ നേതാക്കളും മന്ത്രിമാരുമാണു.അതുകൊണ്ട് അവരാണു യഥാർത്ഥത്തിൽ ശിക്ഷാർഹർ.

പ്രീതിയോ വിദ്വേഷമോ കൂടാതെ ജനങ്ങളെ സേവിച്ചു കൊള്ളാമെന്ന് ദൈവനാമത്തിൽ സത്യം ചെയ്ത് അധികാരമേറ്റ മന്ത്രിമാർ, അതിനു വിരുദ്ധമായി നഗ്നമായ സ്വജനപ്രീതിയാണു കാണിച്ചിരിക്കുന്നത്.പൊതുമുതൽ കൊള്ളയടിക്കുകയാണു ചെയ്തിട്ടുള്ളത്.മാർക്സിസ്റ്റുകാരും ഇത്തരം ഇഷ്ടദാനം നടത്തിയിട്ടുണ്ടെന്ന ആരോപണം കൊണ്ട് ഇപ്പോൾ ലീഗു ചെയ്ത കൊള്ളയടിയെ ന്യായീകരിക്കാനാവില്ല

ഉന്നതവിദ്യാഭ്യാസവും പൊതു വിദ്യാഭ്യാസവും മാത്രമല്ല കേരളത്തിന്റെ പൊതു മണ്ഡലമാകെ ലീഗിന്റെ കൈപ്പിടിയിലാണു.കോൺഗ്രസ്സിന്റെ ആദർശവും തന്റേടവുമെല്ലാം ലീഗിന്റെ കാല്ക്കൽ അടിയറ വച്ചിരിക്കയാണു.അവരാകട്ടെ  സംസ്ഥാനത്തെ മൊത്തമായും ചില്ലറയായും വില്ക്കാൻ തയ്യാറായി നില്പ്പാണു.കരിമണലും ഹൈവേയുടെ ഇരു വശങ്ങളും നദീജലവും പണ്ടേ നോട്ടമിട്ട കഴുകന്മാർ തന്നെയാണു ഇപ്പോഴും ലീഗിൽ നിന്നും മന്ത്രിമാരായിരിക്കുന്നത്.മുമ്പ് അതൊക്കെ നടക്കാതെ പോയത് പ്രതിപക്ഷ എതിർപ്പുകൊണ്ടു മാത്രമല്ല.ഭരണപക്ഷത്തെ ആദർശശുദ്ധരായ നേതാക്കളുടെ വിപ്രതിപത്തിയും പ്രധാന കാരണമായിരുന്നു.ഇന്നു പക്ഷേ അത്തരം വിയോജിപ്പുകൾക്ക് പുല്ലുവില പോലും കല്പ്പിക്കാതിരിക്കാനുള്ള ശക്തി ലീഗ് നേതൃത്വം ആർജ്ജിച്ചിരിക്കുന്നു.അഥവാ അവരെ നിലയ്ക്കു നിർത്താനുള്ള ശക്തി കോൺഗ്രസ്സിനും മറ്റു ഘടക കക്ഷികൾക്കും നഷ്ടപ്പെട്ടിരിക്കുന്നു.പക്ഷേ കേരളീയരെ മുഴുവൻ വിഡ്ഢികളാക്കി എന്തതിക്രമവും അഴിമതിയും ചെയ്തുകളയാമെന്ന് ആരും കരുതരുത്.
Fans on the page

1 comment:

sarada said...

enthathikramavum cheyyaam ennu Muslim League karuthunnu. athaanavarute anubhavam!