Total Pageviews

Saturday, April 21, 2012

എത്ര മുഖ്യമന്ത്രിമാർ?
കേരളത്തിനു ഇപ്പോൾ എത്ര മുഖ്യമന്ത്രിമാരാണുള്ളത്?നിയമപ്രകാരവും രേഖകൾ പ്രകാരവും ഉമ്മൻ ചാണ്ടി മാത്രമാണു മുഖ്യമന്ത്രിയെങ്കിലും ഇപ്പോൾ കേരളം ഭരിക്കുന്നത് ഒന്നിലധികം മുഖ്യമന്ത്രിമാരാണെന്നത് അങ്ങാടിപ്പാട്ടാണു?എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ശ്രീ.സുകുമാരൻ നായർ പറയുന്നത് മൂന്നു “കു”മാരാണു മുഖ്യന്മാരെന്നാണു.കുഞ്ഞൂഞ്ഞ്,കുഞ്ഞാലിക്കുട്ടി,കുഞ്ഞു
മാണി.ഈ മൂന്നു ‘കു’ മാരെക്കൂടാതെ വേറേ ചിലരും ചേർന്നതാണു മുഖ്യമന്ത്രിവൃന്ദം എന്നാണു നാട്ടുകാർ പറയുന്നത്.അതിൽ, മൂന്നു ‘കു’മാരെ കണ്ടെത്തിയ സുകുമാരൻ നായരും പെടും.പാണക്കാട്ടു തങ്ങൾ,വെള്ളാപ്പള്ളി നടേശൻ,ആലഞ്ചേരി പിതാവ് എന്നിവരാണു മറ്റുള്ളവർ.
കുഞ്ഞാലിക്കുട്ടിയെന്ന സൂപ്പർ മുഖ്യമന്ത്രിയാണു ആദ്യകാലങ്ങളിൽ ഭരണം നിയന്ത്രിച്ചിരുന്നത് എന്ന് കോൺഗ്രസ്സുകാർക്കിടയിൽ തന്നെ സംസാരമുണ്ടായിരുന്നു.കുഞ്ഞാലിക്കുട്ടിയുടെ പെണ്ണു കേസ് ഒതുക്കാൻ കൂട്ടുനിന്ന സകലമാനപേരെയും ഭരണത്തിന്റെ പല തലങ്ങളിലും വിന്യസിച്ചത് ആ സംസാരങ്ങൾ ശരിയാണെന്നതിന്റെ തെളിവാണു.തങ്ങൾ സഹായിച്ചിട്ടാണു യു.ഡി.എഫ്.അധികാരത്തിൽ വന്നതെന്ന് രണ്ടു സമുദായനേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും പിറവം തെരഞ്ഞെടുപ്പു വിജയത്തിനു ശേഷമാണു അവർ മുഖ്യമന്ത്രി ചമയാൻ തുടങ്ങിയത്.

ഉമ്മൻ ചാണ്ടി അധികാരത്തിലേറിയ ശേഷം പാണക്കാട്ടേക്കു  ഏടും കെട്ടും എടുത്ത് പോകുന്ന പതിവ് ഇവരെല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു.തങ്ങൾ കല്പിച്ച അഞ്ചാം മന്ത്രിയെ സ്വന്തം പാർട്ടി നേതാക്കളുടെയും അണികളുടെയും എതിർപ്പ് അവഗണിച്ച് മുസ്ല്ലീം ലീഗിനു നല്കിയതോടെ സാമുദായിക സന്തുലിതാവസ്ഥ തകർന്നെന്ന് നിലവിളിക്കാൻ തുടങ്ങിയ ഭൂരിപക്ഷ വർഗ്ഗീയ കോമരങ്ങളെ പ്രീണിപ്പിക്കാനായി ഉമ്മൻ ചാണ്ടിയുടെ അടുത്ത ശ്രമം.അതിന്റെ ഫലമാണു പെരുന്നയിലെ ആചാര്യനെയും  കണിച്ചുകുളങ്ങരയിലെ ഗുരുവിനെയും കർദ്ദിനാൾ പിതാവിനെയും പാണക്കാടു തങ്ങളോടൊപ്പം ഭരണഘടനാതീത മുഖ്യമന്ത്രിമാരായി വാഴിക്കാൻ ഉമ്മൻ ചാണ്ടി തീരുമാനിച്ചത്.ന്യൂനപക്ഷങ്ങൾ സമ്മർദ്ദ തന്ത്രങ്ങളിലൂടെ അനർഹമായി പലതും നേടിയെടുക്കുന്നു എന്നു പറഞ്ഞതിന്റെ പേരിൽ ആന്റണിയുടെ തെറിച്ചു പോയ കസേരയിൽ കയറി മുഖ്യമന്ത്രിപ്പണിക്കു തുടക്കം കുറിച്ച ഉമ്മൻ ചാണ്ടി തന്റെ രണ്ടാമൂഴത്തിൽ ന്യൂനപക്ഷങ്ങളെയും ഭൂരിപക്ഷങ്ങളെയും ഒരുപോലെ പ്രീണിപ്പിക്കാനാണു ശ്രമിക്കുന്നത്.

പാണക്കാട്ടെ മുഖ്യൻ കല്പിക്കുന്നതു പോലെ പെരുന്ന മുഖ്യനും കല്പിക്കാൻ തുടങ്ങിയിരിക്കുന്നു.അഴിമതിക്കു ശിക്ഷിക്കപ്പെട്ട ഇരുമ്പുപിള്ളയെ കാലാവധി തീരും മുമ്പ് ജയിലിൽ നിന്നു മോചിപ്പിച്ചത് ഭൂതത്തിനെ കുടത്തിൽ നിന്നു പുറത്തു വിട്ടതു പോലെയായി.മന്ത്രിക്കസേരയിൽ ഇരിക്കുന്ന സ്വന്തം പുത്രനായ ഞരമ്പുപിള്ളയെ കസേരയോടൊപ്പം നിലത്തടിച്ച് അവസനിപ്പിക്കാൻ ഭൂതത്തെപ്പോലെ ഓടിനടക്കുകയാണു പിതാശ്രീ ഇരുമ്പുപിള്ള.
മുന്നണിയിലെയും മന്ത്രിസഭയിലെയും ഈ ഊരാക്കുരുക്കഴിക്കാൻ ഭരണഘടനാബാഹ്യനായ പെരുന്ന മുഖ്യന്റെ സഹായം തേടുന്ന നാണം കെട്ട കാഴ്ചയാണു ജനാധിപത്യ,മതേതര കേരളം കണ്ടുകൊണ്ടിരിക്കുന്നത്.

നമ്മുടെ ഭരണ വ്യവസ്ഥയനുസരിച്ച് മുഖ്യമന്ത്രിയാണു മന്ത്രിമാർക്കു വകുപ്പുകൾ വിഭജിച്ചു നല്കുന്നത്.പക്ഷേ മുസ്ലീം ലീഗു മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചതും പ്രഖ്യാപിച്ചതും ഭരണഘടന പ്രകാരം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി ആയിരുന്നില്ല ഭരണഘടനാ ബാഹ്യനായ പാണക്കാട്ടെ മുഖ്യമന്ത്രിയായിരുന്നു.ഇപ്പോൾ മന്ത്രിസഭാ തർക്കം തീർക്കാൻ മറ്റൊരു ഭരണഘടനാതീത മുഖ്യൻ ഇടപെട്ടിരിക്കുന്നു.നിയമപരമായുള്ള മുഖ്യനെത്തന്നെ മാറ്റണമെന്ന നിലപാടിലാണു ഈ നിയമാതീത മുഖ്യൻ.

അംഗബലം വച്ച് കൂടുതൽ മന്ത്രിസ്ഥാനം ഒരു പാർട്ടി ആവശ്യപ്പെട്ടാൽ അവരെ കുറ്റം പറയാൻ കഴിയില്ല.ഒന്നും അരയും എമ്മെല്ലേമാരുള്ള ഈർക്കിൽ പാർട്ടികളെയും അതേ രീതിയിൽ പരിഗണിക്കണമെന്നു പറയുന്നത് യുക്തിസഹമാണോ?അച്ഛൻ പാർട്ടി നേതാവും മകൻ മന്ത്രിയുമായിട്ടും മുന്നണിക്കും നാട്ടുകാർക്കും സ്വൈരം കൊടുക്കാത്ത ആക്രി പാർട്ടിയും മുസ്ലീം ലീഗും ഒരുപോലെയല്ലല്ലോ.സാമൂഹിക സന്തുലിതാവസ്ഥയേയും ജനാധിപത്യ വ്യവസ്ഥയേയും മതേതരത്വത്തെയും മറ്റും ബാധിക്കുമോ എന്നും മറ്റും നോക്കേണ്ടത് മുന്നണി നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയുമാണു.അതു നോക്കാനും പരിരക്ഷിക്കാനും കഴിവില്ലാത്തവർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ല.മുസ്ലീം ലീഗിനു കൂടുതൽ മന്ത്രിമാരെ കൊടുത്തതിനാൽ ക്ഷോഭിക്കുന്ന മുരളീധരനും മറ്റും എന്തുകൊണ്ടാണു കേരളത്തിന്റെ മൊത്തം സന്തുലിതാവസ്ഥ തകർക്കുന്ന ഒരു പിതൃ-പുത്ര പുലയാട്ടിനു പക്ഷം പിടിക്കുന്ന പെരുന്ന മുഖ്യന്റെ കല്പനകളോടു പ്രതികരിക്കാത്തത്?ഒരു മന്ത്രിയെ ഭരിക്കാൻ സമ്മതിക്കാതെ അയാളുടെ സെക്രട്ടറിമാരെയും മറ്റും വീടു കേറിത്തല്ലി ക്രമസമാധാന പ്രശ്നം തന്നെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധ മാടമ്പിയ്ക്കു വേണ്ടി മുഖ്യമന്ത്രിയെ ഭർത്സിക്കുന്നത് എവിടുത്തെ ഭൂരിപക്ഷ ന്യായമാണു?

‘ആളറിഞ്ഞാൽ കാള ....കൊണ്ട്’ എന്നു പറയുന്നതു പോലെയാണു ഇപ്പോൾ ജനം ഉമ്മൻ ചാണ്ടിയെ കാണുന്നത്.യഥാർത്ഥ മുഖ്യനെ കണ്ടിട്ടു പ്രയോജനമില്ലെന്ന് മനസ്സിലാക്കിയിട്ടാണു വി.എസ്.ഡി.പി നേതാക്കൾ നാടാർ മന്ത്രിയ്ക്കു വേണ്ടി ചരടുവലിക്കാൻ കണിച്ചുകുളങ്ങര മുഖ്യന്റെയും പെരുന്ന മുഖ്യന്റെയും ആസ്ഥാനത്ത് പോയി കണ്ടത്.

മുന്നണി സംവിധാനത്തിൽ പലപ്പോഴും വിട്ടുവീഴ്ചകൾ വേണ്ടിവരും.ഏറ്റവും വലിയ കക്ഷിയാണു അത്തരം വിട്ടുവീഴ്ചയ്ക്കു സന്നദ്ധമാകുന്നതെങ്കിൽ ഏറെ ശ്ലാഘിക്കപ്പെടുകയും ചെയ്യും.പക്ഷേ അങ്ങനെ സൗമനസ്യം കാണിക്കുന്നത് സംസ്ഥാനത്തിന്റെയും പൊതു സമൂഹത്തിന്റെയും താല്പര്യങ്ങൾ ഹനിച്ചുകൊണ്ടാകരുത്.മത വൈരവും ജാതിസ്പർദ്ധയും ഉണ്ടാകുവാൻ ഇടവരുത്തരുത്.അധികാരത്തിൽ തുടരുവാൻ എന്തു വൃത്തികേടിനും കൂട്ടു നില്ക്കുന്നത് നല്ലതല്ല.ജാതിമത വർഗ്ഗീയ കോമരങ്ങൾക്കു മുമ്പിൽ ഓച്ഛാനിച്ചു നില്ക്കുന്ന ഒരു മുഖ്യമന്ത്രി നാടിനപമാനമാണു.
 Fans on the page

2 comments:

Anonymous said...

നെയ്യാടിന്കരയില്‍ ശെല്‍വ രാജന്‍ കൈപ്പത്തി ചിന്ഹ്നതില്‍ ജയിച്ചാല്‍ കളി മാറും, ഗണേശന്‍ പോയി ചിലപ്പോള്‍ നായര്‍ക്കു പകരം നാടാര്‍ മന്ത്രി വന്നേക്കാം , ഒരംഗ കക്ഷി ഇതിന്റെ സമ്മര്‍ദ്ദവും അവഗണിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് പറ്റും, സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും അവരെ ഒന്ന് പൊക്കുന്നത് കൊണ്ട് തൃപ്തരാകും അവര്‍ക്ക് അവരുടെ സമുദായ കക്ഷിയില്‍ ഒന്ന് മേനി നടിക്കാന്‍ ഉമ്മന്‍ ചാണ്ടി സഹായിക്കുന്നു എന്നേയുള്ളു , അതുകൊണ്ട് ആര്‍ക്കു ചേതം , അല്‍പ്പ സ്വല്‍പ്പം വിട്ടു വീഴ്ചകള്‍ ആരാണ് ചെയ്യാത്തത് ? ഈ എം എസ് അല്ലെ ലീഗിന് ഈ നില കൈവരിക്കും വിധത്തില്‍ പണ്ട് ഒരു ജില്ല തന്നെ സംഭാവന ചെയ്തത്? ഏതായാലും കോടിയേരി, ചെന്നിത്തല, അച്ചുതാനന്ദന്‍ എന്നിവരേക്കാള്‍ ഭേദം ഇപ്പോഴും ചാണ്ടി തന്നെ , ഒന്നുമില്ലെങ്കില്‍ അഹങ്കാരം ഇല്ല

dethan said...

സുശീലൻ,
താങ്കൾ പറഞ്ഞ ഒരുകാര്യം ശരിയാണു. മറ്റു മൂന്നു പേരെ അപേക്ഷിച്ച് ഉമ്മൻ ചാണ്ടിയ്ക്ക് അഹങ്കാരം കുറവാണു.അധികാരം ഉള്ളപ്പൊഴും ഇല്ലാത്തപ്പോഴും വല്ലാത്ത തലക്കനമാണ
വർക്കെല്ലാം.“ചത്ത കുതിര”എന്നു നെഹ്രു വിശേഷിപ്പിച്ച ലീഗിനെ ഇപ്പോൾ കോൺഗ്രസ് ഭയപ്പെടുന്നതിനു ഇ.എം.എസ്സിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല.അദ്ദേഹ
ത്തിനെയണോ കോൺഗ്രസ്സുകാർ മാതൃകയാക്കേണ്ടത്?

--ദത്തൻ