Total Pageviews

Wednesday, April 11, 2012

ഈസ്റ്റർ ആയാലും വിഷു ആയാലും...



വിഷുവോ ഈസ്റ്ററോ റംസാനോ, ഏതോ ആയിക്കോട്ടെ,ചാനലുകാർക്ക് ആഘോഷം എന്നു വച്ചാൽ നടീ നടന്മാരുമായിട്ടുള്ള സല്ലാപമാണു.വെറും കൊച്ചുവർത്തമാനത്തിനപ്പുറം പോകാത്ത ഇത്തരം സൊറപറച്ചിലുകൾക്ക്,കടുത്ത സിനിമാഭ്രാന്തരും താരാരാധകരും പോലും ചെവികൊടുക്കാതായിട്ടുണ്ട്.എന്നിട്ടും നമ്മുടെ ചാനലുകൾ താരഭ്രമണം നിർത്തുന്നില്ല.താരവിശേഷങ്ങൾക്ക് നമ്മുടെ ദേശീയ,മത ആഘോഷങ്ങളിൽ എന്തു പ്രസക്തിയാണുള്ളത്? ഈ വിശേഷ ദിവസങ്ങളിൽ പോലും ഷൂട്ടിങ്ങ് ലൊക്കേഷനിൽ ആയിരിക്കുന്ന ഇവർക്ക് ശരിയായ വിധം നാട്ടിലെയും വീട്ടിലെയും ആഘോഷങ്ങളിൽ പങ്കെടുത്ത അനുഭവം പോലും ഇല്ലെന്നതാണു വാസ്തവം.

എളുപ്പത്തിൽ തട്ടിക്കൂട്ടാവുന്ന പരിപാടി താരസല്ലാപമായിരിക്കാം.പക്ഷേ അതു പ്രേക്ഷക പീഡനമാണെന്ന വസ്തുത ചാനൽ നടത്തിപ്പുകാർ ഓർക്കുന്നില്ല.അല്പം ഭാവനയും അർപ്പണബോധവും ഉണ്ടെങ്കിൽ എത്രയോ പുതുമയുള്ള പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ ചാനലുകൾക്കു കഴിയും.കുടുംബ ബന്ധങ്ങൾ പൊട്ടിച്ചെറിഞ്ഞവരും സമൂഹത്തിന്റെ മുമ്പിൽ വിലയില്ലാത്തവരുമായ ചില താരങ്ങൾ നാട്ടുകാരുടെ മുമ്പിൽ നല്ലപിള്ള ചമയാനും ഉപദേശധാര കോരാനും ശ്രമിക്കുന്നതു കാണുമ്പോൾ അവജ്ഞയും വെറുപ്പുമാണു പ്രേക്ഷകർക്കു തോന്നുക.ഒന്നിനെ കുറിച്ചും യാതൊരു ധാരണയും ഇല്ലാത്ത ഇത്തരക്കാരെ വമ്പൻ ചാനലുകൾ പോലും എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്നതാണു കഷ്ടം.ഇവരൊക്കെ അഭിനയത്തിന്റെ കാര്യത്തിൽ ഒന്നാം കിടക്കാരായിരിക്കാം.അതുകൊണ്ട് എന്തിനെക്കുറിച്ചും അഭിപ്രായം പറഞ്ഞുകളയാമെന്ന ധാരണ ശരിയല്ല.വളരെ തയ്യാറെടുപ്പുകൾക്കു ശേഷം സമ്പ്രേഷണം ചെയ്യുന്ന കോടീശ്വരൻ പരിപാടിയുടെ അവതാരകനായ സൂപ്പർസ്റ്റാർ കഴിഞ്ഞ ദിവസം വള്ളത്തോളിന്റെ കവിത ഉദ്ധരിച്ചത് :“ഭാരതമെന്നു കേട്ടാൽ തിളയ്ക്കണം ചോര നമുക്ക്.”എന്നാണു.ഭാരതമെന്ന പേർ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം“എന്നാണു മഹാകവി പാടിയിട്ടുള്ളത്. അല്പസ്വല്പം ഹോം വർക്ക് നടത്തി ചെയ്യുന്ന പരിപാടിയിലെ പ്രകടനം ഇതാണെങ്കിൽ വായിൽ വരുന്നതൊക്കെ വിളിച്ചുകൂവുന്ന താരസല്ലാപങ്ങൾ എങ്ങനെയിരിക്കും എന്ന് ഊഹിച്ചാൽ മതി. വിവേകവും വിനയവുമുള്ളവർ അവരുടെ പരിമിതി മനസ്സിലാക്കി ഒഴിഞ്ഞു നില്ക്കും.അല്ലാത്തവരാണു ചാനൽ പ്രലോഭനത്തിൽ വീണു വിഡ്ഢിവേഷം കെട്ടാൻ എത്തുന്നത്.

സ്വന്തം പോരായ്മകൾ അറിയാത്തവരെ സർവ്വവിജ്ഞാന സങ്കേതമാണെന്ന മട്ടിൽ അവതരിപ്പിക്കുന്ന ദൃശ്യമാദ്ധ്യമങ്ങൾ ആ സാധുക്കളോടും പ്രേക്ഷകരോടും വലിയ അപരാധമാണു ചെയ്യുന്നത്.മലയാളികളുടെ പ്രിയപ്പെട്ട ഉത്സവങ്ങളെ കൊഞ്ഞനം കുത്തുകയാണു.സാംസ്കാരിക
മണ്ഡലത്തെ മലീമസമാക്കുകയാണു.


No comments: