Total Pageviews

Thursday, October 6, 2011

ഹിന്ദു ഐക്യന്മാർ എവിടെ?


തിരുവമ്പാടി ക്ഷേത്ര ഭരണസമിതിയിൽ നിലനിന്നിരുന്ന അയിത്തം നിയമവിരുദ്ധമാണെന്ന് തൃശൂർ മുൻസിഫ് കോടതി വിധിച്ചിരിക്കുന്നു!ഈ വിധിക്കെതിരെ അപ്പീൽ പോകാൻ നിലവിലെ സവർണ്ണ ഭരണസമിതി ഒരുങ്ങുകയാണത്രേ.ക്ഷേത്ര ഭരണസമിതിയിൽ സവർണ്ണ ഹിന്ദുക്കൾ മാത്രമേ പാടുള്ളു എന്ന ക്ഷേത്രഭരണ നിയമാവലിയാണു കോടതി അസാധുവാക്കിയിരിക്കുന്നത്.
ഭരണഘടനാ വിരുദ്ധവും പ്രാകൃതവുമായ ഒരു നിയമാവലിയുടെ അടിസ്ഥാനത്തിൽ ഭരിക്കപ്പെടുന്ന ഈ ക്ഷേത്രം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് പേരു കേട്ട തൃശൂരിൽ ആണെന്നതാണു ഏറെ കൗതുകകരം.
തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ഇപ്പോഴും കേരളത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന അത്ഭുതവും ലജ്ജയും വിവരണാതീതമാണു.
“ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സർ വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാന”മായി കേരളത്തെ കണ്ടവർ ലജ്ജിച്ചു തലതാഴ്ത്തട്ടെ.

ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിലെ നിലവറകളിൽ കണ്ട അളവറ്റ സമ്പത്ത് പൊതുജനങ്ങൾക്ക് പ്രയോജനപ്രദമായ രീതിയിൽ വിനിയോഗിക്കണമെന്ന ഒരു അഭിപ്രായം ഉയർന്നു വന്നപ്പോൾ,ക്ഷേത്ര സ്വത്തിനെകുറിച്ച് അഭിപ്രായം പറയാൻ ഹിന്ദുക്കൾക്കേ അവകാശമുള്ളൂ എന്ന് ഓരിയിട്ടവരാണു ഹിന്ദു ഐക്യവേദി നേതാവും വെള്ളാപ്പള്ളി നടേശനും. തിരുവമ്പാടിക്ഷേത്രത്തിലെ അയിത്ത വാഴ്ചയുടെ പശ്ചാത്തലത്തിൽ ആരെയൊക്കെയാണു ഹിന്ദുക്കളെന്നു പറയുമ്പോൾ ഇവർ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കണം.ഹിന്ദു എന്നു കേട്ടാൽ ചോര തിളയ്ക്കുന്ന ആർ.എസ്.എസ്.,സംഘപരിവാർ,ബി.ജെ.പി നേതാക്കന്മാരും ഹിന്ദു ആരെന്നു പറയണം.ബ്രാഹ്മണ പൗരോഹിത്യത്തിനെ തൃപ്തിപ്പെടുത്താൻ ശംബൂകൻ എന്ന ശൂദ്രമഹർഷിയുടെ തലയറുത്ത ശ്രീരാമന്റെ കാലത്തെ ഹിന്ദുക്കളെകുറിച്ചാണോ?എങ്കിൽ ശൂദ്രർ മുതൽ താഴോട്ടുള്ള വർണ്ണങ്ങൾ അതിൽ പെടില്ല.ആ വക ജന്തുക്കളെ മനുഷ്യരായി പോലും ആരും അന്നു പരിഗണിച്ചിരുന്നില്ല.

“ഇന്ത്യയ്ക്കു സ്വതന്ത്ര്യം കിട്ടി ആറു പതിറ്റാണ്ടു കഴിഞ്ഞിട്ടും ക്ഷേത്ര ഭരണത്തിൽ അവർണ്ണരെ ഒഴിവാക്കുന്ന സവർണ്ണ കൗശലം തിരിച്ചറിയണം”എന്ന് വെള്ളാപ്പള്ളി നടേശന്റേതായി ഒരു പ്രസ്താവന, കോടതിവിധിയ്ക്കു പിന്നാലെ വരികയുണ്ടായി.രണ്ടാഴ്ച മുമ്പ് തിരുവിതാം കൂർ രാജാവിന്റെയും ഹിന്ദുവിന്റെയും പേരിൽ പുളകം കൊണ്ട വെള്ളാപ്പള്ളിയ്ക്ക് ഇതു പറയാൻ എന്താണവകാശം?അയിത്തോച്ചാടനം കോൺഗ്രസ്സിന്റെ കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിക്കുകയും വൈക്കം സത്യഗ്രഹത്തിനു നേതൃത്വം കൊടുക്കുകയും ചെയ്ത റ്റി.കെ.മാധവനും,
“ഹന്ത!യിജ്ജാതിയെ ഹോമിച്ചൊഴിച്ചാൽ നിൻ
ചിന്തിതം സാധിച്ചു രത്നഗർഭേ”എന്ന് ഉപദേശിക്കുകയും
“മാറ്റുവിൻ ചട്ടങ്ങളെ സ്വയം ;അല്ലായ്കിൽ
മാറ്റുമതുകളീ നിങ്ങളേത്താൻ “എന്ന് ബ്രാഹ്മണ പൗരോഹിത്യത്തിന്റെ നേർക്കു ഗർജ്ജിക്കുകയും ചെയ്ത കുമാരനാശാനും ഇരുന്ന കസേരയിൽ ഇരുന്നുകൊണ്ട് ഹിന്ദുത്വ മഹത്വം പാടി നിർവൃതികൊള്ളുകയും ഇപ്പൊഴും പൊന്നുതമ്പുരന്റെ തിരുവാസനം താങ്ങാൻ മുട്ടുകാലിലിഴയുകയും ചെയ്യുന്ന നടേശന്റെ വാക്കിനെന്തു വില?
ഹിന്ദുക്കളെ ഐക്യപ്പെടുത്താൻ ദൈവങ്ങളെയും തമ്പുരാക്കന്മാരെയും
കൂട്ടുപിടിച്ചും അവരുടെ താറു താങ്ങിയും നടക്കുന്ന കുമ്മനം രാജശേഖരന്മാർ എന്തേ തിരുവമ്പാടി ദേവസ്വത്തിൽ സവർണ്ണ ഭരണമാണു നടക്കുന്നതെന്നു ഇതുവരെ അറിയാതെ പോയി?ഇവിടെ ഹിന്ദു ഇല്ല ;ഉള്ളത് നമ്പൂതിരിയും നായരും ഈഴവനും പറയനും പുലയനും ഉള്ളാടനും മറ്റും മാത്രം.പിന്നോക്കക്കാരുടെയും ദളിതന്റെയും പണത്തിനു സവർണ്ണർക്കും അവരുടെ ദൈവങ്ങൾക്കും അയിത്തമില്ല.നോക്കാത്ത ദൈവത്തെ തൊഴാതിരിക്കനുള്ള തന്റേടമെങ്കിലും, തമ്പ്രാക്കന്മാർ ഇന്നും ഇരുക്കാലിമാടുകളായി മാത്രം കണുന്ന അവർണ്ണ സമൂഹം കാണിക്കണം.എങ്കിൽ മാത്രമെ “മർത്യരിൽ ഭേദവും ഭേദത്തിൽ ഭേദവും ജല്പിക്കുന്ന വൈദിക മാനികളുടെ” ഹുങ്ക് അവസാനിക്കൂ.ഹിന്ദു ഐക്യത്തിന്റെ പേരുപറഞ്ഞു മുതലെടുപ്പു നടത്തുന്ന ഏഴാം കൂലികളുടെ മതക്കച്ചവടം അവസാനിപ്പിക്കാനും അതാണു ചെയ്യേണ്ടത്.



Fans on the page

4 comments:

മുക്കുവന്‍ said...

ഇവിടെ ഹിന്ദു ഇല്ല ;ഉള്ളത് നമ്പൂതിരിയും നായരും ഈഴവനും പറയനും പുലയനും ഉള്ളാടനും മറ്റും മാത്രം.

well said.

മുക്കുവന്‍ said...

ജാതികൂടിയവനെന്ന് തോന്നുന്നവന്‍ അവന്റെ പേരിന്റെ പുറകില്‍ ജാതി കൂട്ടിയെഴുതും.. ഇല്ലാത്തവന്‍ എല്ലാം ഒന്നെന്ന് പറഞ്ഞ് എഴുതാന്‍ മടിക്കും.. അല്ലാതെ ഇവിടെ ജാതിവ്യത്യാസം ഇല്ലാതായിട്ടില്ലാ....

ChethuVasu said...

"ഇപ്പോഴും കേരളത്തിൽ ഉണ്ടെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന അത്ഭുതവും ലജ്ജയും വിവരണാതീതമാണു"

ഇതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു . അത്യാവശ്യം സാമൂഹ്യബോധവും പുസ്തകങ്ങള്‍ക്കും ,വര്‍ത്തമാന പത്രങ്ങള്‍ക്കും , ഇന്റര്‍നെറ്റിനും അപ്പുറം യഥാര്‍ത്ഥ സമൂഹത്തെയും യഥാര്‍ത്ഥ മനുഷ്യരെയും അറിയുന്നവര്‍ക്ക് ഇതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു...?

kaalidaasan said...

ജാതിയും ജാതി ചിന്തയും കേരളീയ സമൂഹത്തില്‍ ആഴത്തില്‍ തന്നെയുണ്ട്. നിയമത്തെ പേടിച്ചിട്ടാണ്, ഉയര്‍ന്ന ജതിക്കാര്‍ ജാതി വ്യവസ്ഥ അടിച്ചേല്‍പ്പിക്കാത്തത്. തരം കിട്ടുമ്പോള്‍ അത് പുറത്തെടുക്കാന്‍ പാകത്തില്‍  കുറെയധികം ഉയര്‍ന്ന ജാതിക്കാരുടെ മനസില്‍ ഉണ്ട്.