Total Pageviews

Tuesday, October 25, 2011

ചാനൽ മമ്മൂഞ്ഞുമാർ



ട്രാവങ്കൂർ ടൈറ്റാനിയത്തിലെ മാലിന്യ സംസ്കരണപ്ലാന്റ് നിർമ്മാണത്തിൽ ഉണ്ടായ അഴിമതിയിൽ ഉമ്മൻ ചാണ്ടിക്കുള്ള പങ്ക് വ്യക്തമാക്കുന്ന നിർണ്ണായ രേഖകൾ തങ്ങൾക്കു കിട്ടി എന്ന അവകാശവാദവുമായാണു സ്തോഭജനകമായ ആ വാർത്ത
ഇന്ത്യാവിഷനിൽ വന്നത്.പരസ്യത്തിന്റെ ഇടവേളയിൽ റിമോട്ടിൽ അമർത്തിയപ്പോൾ റിപ്പോർട്ടർ ചാനലിൽ അതേ വാർത്ത;തങ്ങൾക്കു മാത്രം കിട്ടിയ ചൂടുള്ള വാർത്ത എന്നമട്ടിൽ.കൗതുകം തോന്നി വീണ്ടും ചാനലുകൾ മാറ്റിയപ്പോൾ അവയിലെല്ലാം ഈ വാർത്ത തങ്ങളുടെ സ്വന്തം എന്ന വിധത്തിൽ കസറുന്നു.നാട്ടിൽ ഏതു പെണ്ണിനു ഗർഭമുണ്ടായാലും അതിനെല്ലാം കാരണക്കാരൻ താനാണെന്ന് അവകാശപ്പെടുന്ന എട്ടുകലി മമ്മൂഞ്ഞിന്റെ വേഷം മലയാളം ചാനലുകൾ കെട്ടുന്നത് ഇതാദ്യമല്ല.തങ്ങളുടെ എക്സ്ക്ലൂസീവ് റിപ്പോർട്ട് എന്ന ലേബൽ ഒട്ടിച്ച് പല ചാനലുകളും പുറത്തു വിടുന്ന വാർത്തകൾ മിക്കവയും അവരുടെ മാത്രമല്ലെന്നതാണു വാസ്തവം.ഇങ്ങനെ വല്ലവരുടെയും കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കാൻ യാതൊരു സങ്കോചവും ചാനലുകൾക്കില്ല.മറിച്ച് അതിൽ അവർ അഭിമനിക്കുകയും ചെയ്യുന്നു.

പരസന്തതികൾക്ക് പിതാവു ചമയുന്നതിൽ മാത്രമല്ല മറ്റു പല കാര്യങ്ങളിലും അപക്വവും ബാലിശവും നിലവാരമില്ലാത്തതുമായ നിലപാടുകളാണു ചാനലുകൾ കൈക്കൊള്ളാറുള്ളത്.സ്വന്തം ചാനലിനു കിട്ടുന്ന പുരസ്കാരങ്ങളെ പറ്റി മിനിട്ടുകൾ നീളുന്ന വാർത്തചമയ്ക്കുന്ന ഒരു ചാനൽ മറ്റുള്ളവയ്ക്ക് അതോടൊപ്പം കിട്ടിയ അവാർഡുകളെക്കുറിച്ച് ഒരു ചെറിയ പരാമർശം പോലും നടത്തില്ല.വാർത്തയുടെ പ്രാധാന്യമോ മാനേജ്മെന്റിന്റെ താല്പര്യമോ മൂലം അന്യ ചാനലിന്റെ ചില റിപ്പോർട്ടുകൾ സമ്പ്രേഷ്ണം ചെയ്യേണ്ടി വരുമ്പോൾ പോലും വാർത്തയുടെ ഉടമയായ ചാനലിന്റെ പേരു പറയാൻ മടിയാണു.പണ്ടത്തെ സ്ത്രീകൾ ഭർത്താവിനെകുറിച്ചു സൂചിപ്പിക്കാൻ കൊച്ചിന്റച്ഛൻ, വീട്ടുകാരൻ, എന്നൊക്കെ പറഞ്ഞിരുന്നതു പോലെ പോലും മറ്റേചാനലിനെ പറ്റി പരാമർശിക്കില്ല.

മാദ്ധ്യമസദാചാരമില്ലായ്മ എന്നാണു മിതമായ ഭാഷയിൽ ഇതിനെക്കുറിച്ചു പറയേണ്ടത്.സാധാരണ രാഷ്ട്രീയനേതാക്കൾ പ്രയോഗിക്കുന്ന വാക്കാണിത്.തങ്ങൾക്ക് ഇഷ്ടമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവർ എന്നേ അവരുടെ പ്രയോഗത്തിനു അർത്ഥമുള്ളു.ഇവിടെ ഉദ്ദേശിക്കുന്നത് അതല്ല.
സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ തമസ്കരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന വാർത്താ മാദ്ധ്യമങ്ങളുടെ അല്പത്തത്തെയും മര്യാദയില്ലായ്മയുമയേയും സൂചിപ്പിക്കാൻ പറ്റിയ ഉചിതമായ വാക്കണു മാദ്ധ്യമസദാചാരമില്ലായ്മ.അത് ഏറ്റവും അധികം യോജിക്കുന്നത് ചാനലുകൾക്കാണു.അതുകൊണ്ടാണു പലപ്പോഴും ബഷീറിയൻ കഥാപാത്രത്തിന്റെ വേഷം അവർ കെട്ടുന്നത്.

No comments: