Total Pageviews

Wednesday, November 11, 2009

ഡോ. സി.ആര്‍.സോമന്‍



സാധാരണക്കാര്‍ക്ക് എപ്പോഴും പ്രാപ്യനായിരുന്ന ഒരു ഡോക്റ്റര്‍ കൂടി നമ്മെ വിട്ടു പോയിരിക്കുന്നു.
രോഗികളുടെ പക്ഷത്തു നിന്ന് വാദിക്കുവാനും ചികിത്സാരംഗത്തെ ആര്‍ത്തിപ്പരിഷകള്‍ക്കെതിരെ ശബ്ദിക്കുവാനും ശക്തിയും മനസ്സുമുണ്ടായിരുന്ന യഥാര്‍ത്ഥ ഡോക്റ്ററെയാണ് സി.ആര്‍.സോമന്റെ
മരണത്തോടെ നഷ്ടമായത്.പ്രാക്റ്റീസ് ചെയ്യുന്ന ഡോക്റ്ററായിരുന്നില്ല അദ്ദേഹം.പക്ഷേ അദ്ദേഹം ഏതു വലിയ ഭിഷഗ്വരനേക്കാളും രോഗികള്‍ക്ക് പ്രിയപ്പെട്ടവനായിരുന്നു.വന്‍ വ്യവസായമായി മാറിക്കഴിഞ്ഞ ആതുര ശുശ്രൂഷാ രംഗത്തെ നെറികേടുകള്‍ ചൂണ്ടിക്കാണിക്കുവാന്‍ ഡോക്റ്റര്‍മാര്‍ സാധാരണ ധൈര്യപ്പെടാറില്ല.അതു ചൂണ്ടിക്കാണിച്ചെന്നു മാത്രമല്ല അതിനെതിരെ ജനങ്ങളെ അണി നിരത്താനും അദ്ദേഹത്തിനു കഴിഞ്ഞു.സ്വന്തം വര്‍ഗ്ഗക്കാരുടെ വെറുപ്പും എതിര്‍പ്പും അദ്ദേഹം കൂട്ടാക്കിയില്ല.തന്റെ സേവനം ഡോക്റ്റര്‍മാര്‍ക്കല്ല;രോഗികള്‍ക്കാണ് ആവശ്യമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

മറ്റുള്ളവരുടെ ആരോഗ്യ കാര്യങ്ങളില്‍ അതീവ തല്പരനായിരുന്ന അദ്ദേഹം സ്വന്തം ആരോഗ്യത്തില്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല എന്നാണ് ഏറ്റവും അടുപ്പമുള്ളവര്‍ പറയുന്നത്.ഒരു പക്ഷേ അന്യരുടെ വേദനയ്ക്കു പരിഹാരം കാണാന്‍ വേണ്ടിയുള്ള പാച്ചിലിനിടയില്‍ സ്വന്തം ആരോഗ്യ പ്രശ്നങ്ങള്‍ വിസ്മരിച്ചതുമാകാം.

ഇത്രയധികം സാമൂഹിക ബോധമുള്ള ഡോക്റ്റര്‍മാരെ കണ്ടുകിട്ടുക പ്രയാസമാണ്.ഏതു വിഷയത്തെക്കുറിച്ചും സ്വന്തമായ അഭിപ്രായവും അതു പ്രകടിപ്പിക്കാനുള്ള സാമര്‍ത്ഥ്യവും ഡോ. സി. ആര്‍.സോമനുണ്ടായിരുന്നു.മരുന്നും രോഗികളും പോഷകാഹാര വിജ്ഞാനവും മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ വിഷയചക്രവാളത്തിന്റെ അതിരുകള്‍.മനുഷ്യ നന്മയ്ക്കുതകുന്നതെന്തും അദ്ദേഹത്തിന് പഥ്യമായിരുന്നു.സ്വയം ഹോമിക്കാനൊരുങ്ങിയ നിരവധി നിരാശരെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ അദ്ദേഹത്തിന്റെ സാന്ത്വന വചസ്സുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

"അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ"ഈ മനുഷ്യ സ്നേഹിയുടെ സ്മരണ കാലത്തെ അതിജീവിച്ച് വരും തലമുറകള്‍ക്ക് ശക്തി പകരുമെന്ന് സമാശ്വസിക്കാം.
Fans on the page

3 comments:

റൊമാന്‍സ് കുമാരന്‍ said...

അന്യരുടെ വേദനയ്ക്കു പരിഹാരം കാണാന്‍ വേണ്ടിയുള്ള പാച്ചിലിനിടയില്‍ സ്വന്തം ആരോഗ്യ പ്രശ്നങ്ങള്‍ പലരും മറന്നുപോകുന്നു എന്നത് വേദനയേറിയ ഒരു സത്യമാണ്. കെ.പി.എസിനെപ്പോലുള്ളവര്‍ നടുവേദന മറന്ന് കിടന്നുകൊണ്ട് ബ്ലോഗു ചെയ്യുന്നു എന്നറിഞ്ഞു. അദ്ദേഹം‍ ഈ ലേഖനം വായിച്ചിരുന്നെങ്കില്‍.

dethan said...

കുഞ്ഞിക്കണ്ണന്‍,
ശ്രീനാരായണഗുരു പറഞ്ഞതു പോലെ
'അപരന്നു വേണ്ടി അഹര്‍ന്നിശം പ്രയത്നം
കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു."ഡോ. സോമന്‍ അത്തരം കൃപാലു ആയിരുന്നു.
നമ്മില്‍ പലര്‍ക്കും അതിനു സാധിക്കുന്നില്ല.
-ദത്തന്‍

പിപഠിഷു said...

തീരെ ചെറുപ്പം തൊട്ട് ടിവിയിൽ കാണുന്ന ഒരു ഡൊക്‍റ്റർ... വാർത്ത അറിഞ്ഞപ്പോ നല്ല വിഷമം തോന്നി! :(

പോസ്റ്റിനു നന്ദി!