Total Pageviews

Sunday, November 1, 2009

"പൊളിട്രിക്സി"ന്റെ ഭാഷാ വിജ്ഞാനം



ഇന്ത്യാവിഷന്റെ ഒരു ജനപ്രിയ പരിപാടിയാണ് "പൊളിട്രിക്സ്".രാഷ്ട്രീയ ആക്ഷേപഹാസ്യം എന്ന്
പേരില്‍ നിന്നു തോന്നുമെങ്കിലും ഒരു മേഖലയേയും പൊളിട്രിക്സ് വെറുതേ വിടാറില്ല.അടുത്ത കാലത്ത് "മാദ്ധ്യമ സ്വാതന്ത്ര്യ"ത്തെ കുറിച്ചു തിരുവനന്തപുരത്ത് ഒരു സംഘടന നടത്തിയ സെമിനാറിന്റെ നേരെ പൊളിട്രിക്സ് ക്യാമറാ തിരിച്ചപ്പോള്‍ എന്തെങ്കിലും കനപ്പെട്ട പരിഹാസത്തിനുള്ള വക കാണുമെന്നാണു കരുതിയത്.

മന്ത്രിമാരും മറ്റും നിറഞ്ഞ വേദിയില്‍ നിന്ന്, ഒരാള്‍ പിറകില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബാനറില്‍
എന്തോ ചെയ്യുന്നു.ക്യാമറ അടുത്തു വരുമ്പോള്‍ മനസ്സിലാകുന്നു "സ്വാതന്ത്യ"ത്തെ "സ്വാതന്ത്ര്യ"മാക്കുന്ന
തിരക്കിലാണ് അദ്ദേഹമെന്ന്‍.ഇത്രയധികം വി.ഐ.പി കളും വി.വി.ഐ.പികളും അടങ്ങുന്ന വമ്പരെ ക്ഷണിച്ചവര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കണമായിരുന്നു.(വി.ഐ.പികളില്ലെങ്കില്‍ എന്തുമാകാം എന്ന് അര്‍ത്ഥമില്ല).സെമിനാറിനെ ചടങ്ങാക്കിയ സംഘാടകര്‍ ശരിക്കും പരിഹാസവും വിമര്‍ശനവും അര്‍ഹിക്കുന്നുണ്ടെന്നു പറയാതെ തരമില്ല.

അങ്ങനെ "പൊളിട്രിക്സി"നെ അഭിനന്ദിച്ചിരിക്കുമ്പോള്‍ കാണാം ക്യാമറ മറ്റൊരു വൃത്തത്തിലേക്ക് കൂടെക്കൂടെ തിരിയുന്നു.അവിടത്തെ പ്രമാദം എന്താണെന്നു നോക്കിയിട്ട് മനസ്സിലാകുന്നില്ല.വീണ്ടും വീണ്ടും ക്യാമറ ഫോക്കസ് ചെയ്യുന്നിടത്തേക്കു ശ്രദ്ധിച്ചു.പൊളിട്രിക്സ് കണ്ടുപിടിച്ച തെറ്റു കണ്ട് ഞെട്ടിപ്പോയി."മാദ്ധ്യമ" മദ്ധ്യത്തിലുള്ള "ദ്ധ". "മാധ്യമം" പത്രം ചെയ്ത വിനയോര്‍ക്കണേ!
മാധ്യമം പത്രത്തിന്റെ പേരു പോലെയാണ് medium എന്നര്‍ത്ഥമുള്ള വാക്കും എഴുതേണ്ടതെന്നാകും അതു മാത്രം കണ്ടു ശീലമുള്ള പൊളിട്രിക്സുകാരന്‍ ധരിച്ചിരിക്കുന്നത്.

ടൈപ് റൈറ്ററിലെ ഉപയോഗത്തിനും എളുപ്പത്തിനും വേണ്ടി ഒരുകാലത്ത് മലയാള ലിപികളുടെ
കൈയും കാലും മുറിക്കുകയും കെട്ടിത്തൂക്കുകയും ഒക്കെ ചെയ്തിട്ടുണ്ട്.അച്ചടിയുടെ എളുപ്പത്തിനു വേണ്ടി ചില പത്രക്കാര്‍ വാക്കുകള്‍ക്ക് അംഗഭംഗം വരുത്തുകയുമുണ്ടായി.'ദ'യും'ധ'യും ചേര്‍ത്തെഴുതേണ്ട വാക്കുകളില്‍ 'ധ'മാത്രം പ്രയോഗിച്ചു.'ത'യും 'ഥ'യും കൂടി എഴുതേണ്ടിടത്ത് 'ഥ'മാത്രമെഴുതി.അങ്ങനെ
'അദ്ധ്യാപകനും' 'മാദ്ധ്യമവും' യഥാക്രമം 'അധ്യാപകനും' 'മാധ്യമവും' ആയി. 'അര്‍ത്ഥം' 'അര്‍ഥ'വുമായി.

മലയാളത്തിലെ ഏതക്ഷരവും പഴയ മട്ടില്‍ എഴുതാന്‍ കമ്പ്യൂട്ടറില്‍ ഇന്ന് സംവിധാനമുണ്ട്.ആ സൗകര്യമുള്ളതിനാല്‍ തനതു മട്ടില്‍ തന്നെ പലരും അച്ചടിക്കാന്‍ തുടങ്ങി.എഴുത്തിനും ഉച്ചാരണത്തിനും ഭേദമില്ലാത്ത പഴയ അവസ്ഥയിലെത്തി.എന്നിട്ടും എളുപ്പം നോക്കിയും അറിവില്ലായ്മ കൊണ്ടും ഇടക്കാലത്തെ പോലെ അക്ഷരം കുറച്ച് വാക്കുകള്‍ എഴുതുന്ന രീതി ചിലര്‍ അവലംബിക്കാറുണ്ട്.
വ്യാകരണ ദൃഷ്ട്യാ തെറ്റാണെങ്കിലും പ്രയോഗം കൊണ്ട് സാധുത ഉണ്ടെന്നാണ് അവര്‍ വാദിക്കുന്നത്.
അവരുടെ സ്വാതന്ത്ര്യത്തെ ആരും ചോദ്യം ചെയ്യുന്നില്ല. പക്ഷേ തങ്ങളെഴുതുന്ന വികലാംഗ വാക്കുകളാണ് ശരി എന്ന് ശഠിച്ചാല്‍ സമ്മതിക്കാന്‍ നിര്‍ വ്വാഹമില്ല.

ചില ചാനല്‍അവതാരകര്‍ ഭാഷയെ ബാഷയും ഗര്‍ഭത്തെ ഗര്‍ബ്ബവും മൃതശരീരത്തെ ഭൗതികശരീരവും മറ്റുമാക്കി പീഡിപ്പിക്കുന്നതിന്റെ പിറകെ ഇത്തരം "പാണ്ഡിത്യ" പ്രകടനവും കൂടിയാകുമ്പോള്‍ സഹിക്കില്ല;മലയാളവും മാലോകരും.
Fans on the page

4 comments:

dethan said...

കേരളപ്പിറവി ദിനത്തില്‍ മലയാളത്തെപ്പറ്റിയാകട്ടെ ആലോചന
-ദത്തന്‍

അപ്പൂട്ടൻ said...

ദത്തൻ,
ഒരു ചെറിയ പഴയ തമാശ കൂടി ഞാനിവിടെ ചേർക്കട്ടെ.
ഞാനടങ്ങുന്ന ഒരു ചെറു സുഹൃദ്സംഘം ഒരിക്കൽ തമാശ പറഞ്ഞിരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു, നമ്പൂതിരിമാർ പലപ്പോഴും ഇരട്ടഖരാക്ഷരങ്ങൾ ഒന്നുകൂടി ഉറപ്പിച്ചുപറയും എന്ന്. ഉദാഹരണങ്ങൾ വഴിയേ വന്നു.
പൊഠ, ഓഠ..... (പൊട്ട, ഓട്ട)
ഇതിങ്ങിനെ നീളവേ ഒരാൾ പറഞ്ഞു
ശരിയാ....മിഠായി......
മിട്ടായി മിട്ടായി എന്ന് പറഞ്ഞുകേട്ട്‌ അതാണ്‌ ശരി എന്നൊരു ധാരണ വന്നതാവാം. തെറ്റിപ്പറഞ്ഞും തെറ്റിയെഴുതിയും ഇപ്പോൾ ശരിയായത്‌ കേട്ടാൽ പോലും ചിരിവരുന്ന കാലമാണ്‌.
വിധ്യാർത്തി എന്നു പറയുന്ന എത്രയോ നേതാക്കളെ കാണാം, അതു കേൾക്കുമ്പോൾ വിദ്യാർത്തിയാണ്‌ ഭേദം എന്ന് തോന്നിപ്പോകുന്നു.

dethan said...

അപ്പൂട്ടന്‍,
ഇതുപോലെ ധാരളം അനുഭവം എനിക്കുമുണ്ട്.താങ്കള്‍ പറഞ്ഞതു പോലെ വിധ്യാര്‍ത്തി എന്നും വിത്ത്യാബ്യാസം
എന്നും പറഞ്ഞിരുന്ന വിദ്യാഭ്യാസ മന്ത്രിമാര്‍ ഉണ്ടായിരുന്ന നാട്ടില്‍ ഇങ്ങനൊക്കെ ചാനലുകാര്‍ പറഞ്ഞില്ലെങ്കിലേ
അതിശയമുള്ളൂ.എങ്കിലും ഇതൊക്കെ കേള്‍ക്കുമ്പോഴും കാണുമ്പോഴും പ്രതികരിക്കാതിരിക്കുന്നതെങ്ങിനെ?
നന്ദി.
-ദത്തന്‍

ബിനോയ്//HariNav said...

"..ചില ചാനല്‍അവതാരകര്‍ ഭാഷയെ ബാഷയും ഗര്‍ഭത്തെ ഗര്‍ബ്ബവും മൃതശരീരത്തെ ഭൗതികശരീരവും മറ്റുമാക്കി പീഡിപ്പിക്കുന്നതിന്റെ പിറകെ ഇത്തരം "പാണ്ഡിത്യ" പ്രകടനവും കൂടിയാകുമ്പോള്‍ സഹിക്കില്ല;മലയാളവും മാലോകരും.."

:))