കുടിക്കുവാന്‍ വെള്ളം ശകലമില്ലാതെ
കടിക്കുവാന്‍ പച്ചത്തലപ്പുമില്ലാതെ
വരണ്ട കാടിന്റെ വിജന വീഥിയില്‍
വയറു കാഞ്ഞു കുഞ്ഞജങ്ങള് കേഴുമ്പോള്‍,
അരും കൊല ചെയ്തു കിണറ്റില്‍ തള്ളിയ
ചെറിയ പെണ്ണാടിന്നകാല മൃത്യുവില്‍
കൊടിയ വേദന സഹിച്ച,മര്ഷത്താല്
മുതിര്‍ന്നവ ചേര്‍ന്നു കലമ്പല്‍ കൂട്ടുമ്പോള്‍,
തുടിക്കുമുല്ക്കണ്ഠ മുഖത്തണിഞ്ഞുകൊ-
ണ്ടിടയ സംഘങ്ങളടുത്തു വന്നെത്തി.
നിറഞ്ഞ കാഞ്ചന ചഷകം മൊത്തിയും
ഹരിത ശോഭയില്‍ തിളങ്ങും പത്രങ്ങ-
ളുലച്ചുമെത്തു ന്നൊരിടയരെ കാണ്‍കെ,
ഇലയും വെള്ളവും വിശപ്പടക്കുവാന്‍
ലഭിക്കുമെന്നവ കൊതിച്ചു നില്ക്കുമ്പോള്,
ഉരച്ചു രക്ഷകര്‍ ഒരൊറ്റയീണത്തില്‍ :
"വരുവിന്‍ നിങ്ങളീയിടയ ലേഖനം
ശരിക്കു വായിച്ചു പഠിച്ചു കൊള്ളുവിന്‍.
വിശപ്പും ദാഹവുമകന്നു പോയിടും
വിശിഷ്ടമാം ശക്തി വളരെ വന്നിടും.
മരിച്ചോളെയോര്ത്തു കരയാതെ,യിതില്‍
പറയും മാതിരി നടന്നു കൊള്ളുവിന്‍ ."
ഉടലില്‍ ശേഷിക്കും കരുത്തു സര്‍വ്വവു-
മെടുത്തു നാല്‍ക്കാലിപ്പട ഇടയരെ
ഒടുക്കുവാന്‍ ചാടിയടുക്കുന്നു; ഭയം
ഗ്രസിച്ച രക്ഷക, രിടയ ലേഖനം
പരിചയാക്കിയും കനകം പൂശിയ
പുതിയ ചാട്ടകള്‍ ചുഴറ്റിയു,മാട്ടിന്
നിരയെത്തല്ലുന്നു; പ്രഹരമേറ്റവ
നിലവിളിക്കുന്നു;പിടഞ്ഞു ചാകുന്നു.
"ഇതെന്റെ ദേഹമാണശിച്ചു കൊള്"കെന്നും
"ഇതെന്റെ ശോണിതം;കുടിച്ചുകൊള്"കെന്നും
പറഞ്ഞ പണ്ടത്തെ വലിയ രക്ഷകന്
ഉയരെ നിന്നുമീ ദുരിതക്കാഴ്ച ക-
ണ്ടുരുവിടുന്നുണ്ടാം പഴയ പ്രാര്‍ത്ഥന:
"പിതാവേ ഇവരോടു പൊറുക്കേണമേ...
..............."
Fans on the page
3 comments:
"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നോരും ആയുള്ളോരേ,എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും" എന്നു പറഞ്ഞ വലിയ ഇടയന്റെ പേരില്‍ ആണയിടുന്ന ഇപ്പോഴത്തെ ഇടയപ്രഭുക്കള് ആഴ്ച തോറും ചൂഷകര്‍ക്കും ധനവാന്മാര്ക്കും വേണ്ടി പടച്ചു വിടുന്ന 'ഇടയ ലേഖനങ്ങള്‍'കണ്ടപ്പോള്‍
എഴുതിപ്പോയ ഒരു കവിത
-ദത്തന്
ഉടലില്‍ ശേഷിക്കും കരുത്തു സര്‍വ്വവു-
മെടുത്തു നാല്‍ക്കാലിപ്പട ഇടയരെ
ഒടുക്കുവാന്‍ ചാടിയടുക്കുന്നു .
ഇങ്ങനെ പോയാല്‍ അതുണ്ടാവും ഒട്ടും സംശയകരമല്ല വെറും സ്വാഭാവിക അക്രമം.
പാവപ്പെട്ടവന്,
അങ്ങനെ സംഭവിക്കുന്നെങ്കില്‍,താങ്കള്‍ പറഞ്ഞതുപോലെ അതു സ്വാഭാവിക പരിണിതി മാത്രമായിരിക്കും.ലോക ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്.
Post a Comment