Total Pageviews

Tuesday, March 31, 2009

ഇടയലേഖനം

കുടിക്കുവാന്‍ വെള്ളം ശകലമില്ലാതെ
കടിക്കുവാന്‍ പച്ചത്തലപ്പുമില്ലാതെ
വരണ്ട കാടിന്റെ വിജന വീഥിയില്‍
വയറു കാഞ്ഞു കുഞ്ഞജങ്ങള്‍ കേഴുമ്പോള്‍,
അരും കൊല ചെയ്തു കിണറ്റില്‍ തള്ളിയ
ചെറിയ പെണ്ണാടിന്നകാല മൃത്യുവില്‍
കൊടിയ വേദന സഹിച്ച,മര്‍ഷത്താല്‍
മുതിര്‍ന്നവ ചേര്‍ന്നു കലമ്പല്‍ കൂട്ടുമ്പോള്‍,
തുടിക്കുമുല്‍ക്കണ്ഠ മുഖത്തണിഞ്ഞുകൊ-
ണ്ടിടയ സംഘങ്ങളടുത്തു വന്നെത്തി.

നിറഞ്ഞ കാഞ്ചന ചഷകം മൊത്തിയും
ഹരിത ശോഭയില്‍ തിളങ്ങും പത്രങ്ങ-
ളുലച്ചുമെത്തു ന്നൊരിടയരെ കാണ്‍കെ,
ഇലയും വെള്ളവും വിശപ്പടക്കുവാന്‍
ലഭിക്കുമെന്നവ കൊതിച്ചു നില്‍ക്കുമ്പോള്‍,
ഉരച്ചു രക്ഷകര്‍ ഒരൊറ്റയീണത്തില്‍ :

"വരുവിന്‍ നിങ്ങളീയിടയ ലേഖനം
ശരിക്കു വായിച്ചു പഠിച്ചു കൊള്ളുവിന്‍.
വിശപ്പും ദാഹവുമകന്നു പോയിടും
വിശിഷ്ടമാം ശക്തി വളരെ വന്നിടും.
മരിച്ചോളെയോര്‍ത്തു കരയാതെ,യിതില്‍
പറയും മാതിരി നടന്നു കൊള്ളുവിന്‍ ."

ഉടലില്‍ ശേഷിക്കും കരുത്തു സര്‍വ്വവു-
മെടുത്തു നാല്‍ക്കാലിപ്പട ഇടയരെ
ഒടുക്കുവാന്‍ ചാടിയടുക്കുന്നു; ഭയം
ഗ്രസിച്ച രക്ഷക, രിടയ ലേഖനം
പരിചയാക്കിയും കനകം പൂശിയ
പുതിയ ചാട്ടകള്‍ ചുഴറ്റിയു,മാട്ടിന്‍
നിരയെത്തല്ലുന്നു; പ്രഹരമേറ്റവ
നിലവിളിക്കുന്നു;പിടഞ്ഞു ചാകുന്നു.

"ഇതെന്റെ ദേഹമാണശിച്ചു കൊള്‍"കെന്നും
"ഇതെന്റെ ശോണിതം;കുടിച്ചുകൊള്‍"‍കെന്നും
പറഞ്ഞ പണ്ടത്തെ വലിയ രക്ഷകന്‍
ഉയരെ നിന്നുമീ ദുരിതക്കാഴ്ച ക-
ണ്ടുരുവിടുന്നുണ്ടാം പഴയ പ്രാര്‍ത്ഥന:
"പിതാവേ ഇവരോടു പൊറുക്കേണമേ...
..............."


Fans on the page

3 comments:

dethan said...

"അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നോരും ആയുള്ളോരേ,എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍;
ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും" എന്നു പറഞ്ഞ വലിയ ഇടയന്റെ പേരില്‍ ആണയിടുന്ന ഇപ്പോഴത്തെ ഇടയപ്രഭുക്കള്‍ ആഴ്ച തോറും ചൂഷകര്‍ക്കും ധനവാന്മാര്‍ക്കും വേണ്ടി പടച്ചു വിടുന്ന 'ഇടയ ലേഖനങ്ങള്‍'കണ്ടപ്പോള്‍
എഴുതിപ്പോയ ഒരു കവിത
-ദത്തന്‍

പാവപ്പെട്ടവൻ said...

ഉടലില്‍ ശേഷിക്കും കരുത്തു സര്‍വ്വവു-
മെടുത്തു നാല്‍ക്കാലിപ്പട ഇടയരെ
ഒടുക്കുവാന്‍ ചാടിയടുക്കുന്നു .
ഇങ്ങനെ പോയാല്‍ അതുണ്ടാവും ഒട്ടും സംശയകരമല്ല വെറും സ്വാഭാവിക അക്രമം.

dethan said...

പാവപ്പെട്ടവന്‍,
അങ്ങനെ സംഭവിക്കുന്നെങ്കില്‍,താങ്കള്‍ പറഞ്ഞതുപോലെ അതു സ്വാഭാവിക പരിണിതി മാത്രമായിരിക്കും.ലോക ചരിത്രം അതാണു നമ്മെ പഠിപ്പിക്കുന്നത്.