Total Pageviews

Friday, March 6, 2009

സെക്രട്ടറിയേറ്റ് അടിച്ചു മാറ്റുമ്പോള്‍

ഒരു പ്രാവശ്യം കൂടി ഭരണം കിട്ടിയിരുന്നെങ്കില്‍ സെക്രട്ടറിയേറ്റും കൂടി യുഡി എഫുകാര്‍ പൊളിച്ചു വില്‍ക്കുമായിരുന്നു എന്ന്,
അവസാന വട്ടം മുഖ്യമന്ത്രി ആയപ്പോള്‍ ശ്രീ. ഇ.കെ.നായനാര്‍ പറഞ്ഞു.നായനാര്‍ പറഞ്ഞതു പോലെ ഇപ്പോള്‍ സെക്രട്ടറിയേറ്റ് അല്പാല്പമായി പൊളിച്ചു വില്‍ക്കാന്‍ തുടങ്ങിയിരിക്കുന്നതായാണ് പത്രവാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.ആലങ്കാരികമായി നായനാര്‍ പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സംഭവിക്കുകയാണ്.യു ഡി എഫ് ഭരണകാലത്തല്ല എല്‍ ഡി എഫ് അധികാരത്തിലിരിക്കുമ്പോള്‍ ആണ് പൊളിച്ചു വില്പന നടക്കുന്നത് എന്നത് ചരിത്രത്തിന്റെ ഫലിതമാകാം.

ധനകാര്യ വിഭാഗം പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റിന്റെ പഴയ മന്ദിരത്തിലെ ആര്‍ച്ച് മാതൃകയിലുള്ള ജനലുകളും വാതിലുകളുമാണത്രേ പൊളിച്ചു കടത്തുന്നത്.തേക്കും ഈട്ടിയും കൊണ്ടു തീര്‍ത്ത ശില്പചാരുതയുള്ള ഈ ചരിത്രസ്മാരക ഭാഗങ്ങള്‍, മന്ദിര നവീകരണത്തിന്റെ മറവിലാണ് എടുത്തു മാറ്റുന്നത്.പകരം വയ്ക്കുന്നതോ ഗ്ലാസ് പിടിപ്പിച്ച ഇരുമ്പു ജനലുകള്‍!ഇതോടൊപ്പം പഴയ ഓഫീസ് ഫര്‍ണിച്ചറുകള്‍ രഹസ്യമായി കടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.സര്‍ക്കര്‍ സ്കൂളുകള്‍ക്ക് സൗജന്യമായി കൊടുക്കുന്നതായിട്ടണ്
ഔദ്യോഗിക രേഖ.

സെക്രട്ടറിയേറ്റ് പൊളിച്ചടുക്കുന്ന വാര്‍ത്ത കണ്ടപ്പോള്‍ ഇതു പോലുള്ള മറ്റൊരു സംഭവമാണ് ഓര്‍മ്മ വരുന്നത്.

മുമ്പ് കേരള സര്‍വ്വകലാശാലയുടെ അക്വാട്ടിക് ബയോളജി വിഭാഗവും അക്വേറിയവും നിന്ന സ്ഥലത്താണ് ,രുവനന്തപുരം ശംഖുമുഖത്തെ വ്യോമസേനാ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് .അവിടെയുള്ള കെട്ടിടങ്ങള്‍ ഉള്‍പ്പെടെയാണ് വ്യോമസേന യൂണിവേഴ്സിറ്റിയില്‍ നിന്നും ഏറ്റെടുത്തത്.വസ്തു കൈമാറ്റത്തിനു കരാറുണ്ടാക്കി ഒരു വര്‍ഷത്തിനു മേലായി യൂണിവേഴ്സിറ്റിഡിപ്പാര്‍ട്ട്മെന്റ് അവിടെ നിന്നും മാറ്റിയപ്പോള്‍. നേരത്തെ പ്രവര്‍ത്തനം നിലച്ചിരുന്ന അക്വേറിയ മന്ദിരം ഈ കാലയളവില്‍ വ്യോമസേനയ്ക്കു വിട്ടുകൊടുത്തിരുന്നു.അതിലെ യൂണി.വക ഫര്‍ണിച്ചറുകളും മറ്റും ഡിപ്പാര്‍ട്ട്മെന്റ് മാറ്റുമ്പോള്‍ എടുത്തു മാറ്റിക്കൊള്ളാമെന്നായിരുന്നു വ്യവസ്ഥ.തേക്കലും ഈട്ടിയിലും തീര്‍ത്ത വലിയ മേശകള്‍ ,അലമാരകള്‍ ,കബോഡുകള്‍ തുടങ്ങി നിരവധി മരസാമാനങ്ങള്‍ ആ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു.

അറ്റകുറ്റപ്പണിക്കായി വ്യോമസേനയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്‍ കെട്ടിടത്തിന്റെ താക്കോല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വാങ്ങിയിരുന്നു.പണി മുറയ്ക്കു നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു.ഒരു ദിവസം യൂണിവേഴ്സിറ്റിയുടെ സെക്യൂരിറ്റി ഗാഡ് നോക്കുമ്പോള്‍ ഒരു പട്ടാള ട്രക്കില്‍ അക്വേറിയ മന്ദിരത്തില്‍ നിന്നും എന്തൊക്കയോ കടത്തുന്നു.അയാള്‍ ട്രക്കു തടഞ്ഞിട്ട് രജിസ്ട്രാറെ അറിയിച്ചെങ്കിലും ഏഴു കിലോമീറ്റര്‍ അകലെയുള്ള യൂണിവേഴ്സിറ്റി ആസ്ഥാനത്തു നിന്നും ബന്ധപ്പെട്ടവര്‍ എത്തും മുമ്പേ പട്ടാള മുഷ്ക് പ്രകടിപ്പിച്ച് അവര്‍ സാധനങ്ങളും കൊണ്ടുപോയി.

അടുത്ത ദിവസം വകുപ്പദ്ധ്യക്ഷന്‍ വന്ന് പരിശോധിച്ചപ്പോഴാണ് അക്വേറിയം കെട്ടിടത്തില്‍ അകസാമാനങ്ങള്‍ അധികമൊന്നും അവശേഷിച്ചിട്ടില്ലെന്നു മനസ്സിലായത്.ഫര്‍ണിച്ചര്‍ മാത്രമല്ല അകത്തുള്ള കതകുകളും കട്ടിളയും വരെ അടിച്ചു മാറ്റിയിരുന്നു.
അന്വേഷണത്തില്‍,ശംഖുമുഖത്തെ ചുമതലക്കാരനായ മലയാളി സൈനികോദ്യോഗസ്ഥന്റെ വീട്ടില്‍ തകൃതിയായി ഫര്‍ണിച്ചര്‍ പണി നടക്കുന്നതായറിഞ്ഞു.സര്‍വ്വകലാശാലയില്‍ നിന്ന് ഔദ്യോഗിക പരാതി വായുസേനാ വിഭാഗത്തിലേക്ക് പോയി.വകുപ്പുതല അന്വേഷണത്തിനു ശേഷം പട്ടാള ഉദ്യോഗസ്ഥനെതിരെ നടപടി അവര്‍ കൈക്കൊള്ളുകയും ചെയ്തു.

സര്‍വ്വകലാശാലയുടെ അറിവോടെ അല്ലാഞ്ഞതിനാലും മോഷ്ടാവ് സൈനികോദ്യോഗസ്ഥനായതിനാലും ആകണം നടപടി ഉണ്ടായത് വല്ല സിന്‍ഡിക്കേറ്റംഗത്തിന്റെയും സമ്മതത്തോടെ ആയിരുന്നു കള്ളക്കടത്തു നടന്നതെങ്കില്‍ യാതൊരു നടപടിയും ഉണ്ടാകുമായിരുന്നില്ല.തന്നെയുമല്ല സംഭവം റിപ്പോര്‍ട്ട് ചെയ്ത വകുപ്പദ്ധ്യക്ഷനായ പ്രൊഫസര്‍ ചിലപ്പോള്‍ സസ്പന്‍ഷനിലാകുകയും ചെയ്തേനേ.

മന്ത്രിമാരെയും സെക്രട്ടറിയേറ്റിനെയും വിഴുങ്ങുന്ന ചില ഉദ്യോഗസ്ഥ തിമിംഗലങ്ങളാകാം ഇപ്പോഴത്തെ അടിച്ചു മാറ്റലിനു പിന്നില്‍.
അല്ലെങ്കില്‍ അമ്പലം വിഴുങ്ങികളായ ഏതെങ്കിലും മന്ത്രിപ്രവരന്മരുടെ ഒത്താശ കാണും.ബോധപൂര്‍വ്വമാണ് ഈ വില്പന നടക്കുന്നതെങ്കില്‍ അഴിമതിയാണ്.മന്ത്രിമാരെ കബളിപ്പിച്ചാണ് നാടകം അരങ്ങേറുന്നതെങ്കില്‍ ഭരണക്കാര്‍ക്ക് നാണക്കേടാണ്.
രണ്ടായാലും പൊതുമുതലിന്റെ ദുരുപയോഗമാണ്.ചരിത്ര പൈതൃകത്തെ അപമാനിക്കലാണ്.


Fans on the page

5 comments:

മാണിക്യം said...

:)
വേലി തന്നെ വിളവ് തിന്നുക!!

അയല്‍ക്കാരന്‍ said...

ഞാനും ഒരിടതുപക്ഷപ്രയോഗം കടമെടുക്കുന്നു.. ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കുന്നു എന്ന ശൈലിയില്‍ ഒരു സെക്രട്ടേറിയറ്റ് നശിച്ചാല്‍ അത്രയും അഴിമതി നശിക്കുന്നു എന്ന് വിശ്വസിക്കുവിന്‍

dethan said...

മാണിക്യം,
"കാട്ടിലെ തടി, തേവരുടെ ആന" എന്ന മനോഭാവമാണ് ഇതിനു പിന്നിലുള്ളത്.

അയല്‍ക്കാരന്‍,
അമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞേക്കാം.അതേ രീതിയില്‍ സെക്രട്ടറിയേറ്റിനെ കാണാന്‍ കഴിയില്ല.ഒരു സംസ്ഥാനത്തിന്റെ ഭരണകേന്ദ്രമാണത്.അതില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരും ഭരണാധിപരും അഴിമതിക്കരും അപ്രാപ്തരുമാകുന്നതു കൊണ്ടാണ് ഇത്തരം ദ്രോഹ
പരമായ നടപടികള്‍ ഉണ്ടാകുന്നത്.അത്തരക്കാരെ അകറ്റിനിര്‍ത്തുകയാണ് പ്രതിവിധി.

"ഒര‍മ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയും" എന്നു പറഞ്ഞത് ഇടതുപക്ഷക്കാര്‍ ആരുമല്ല;മുന്‍ തിരു-കൊച്ചി മുഖ്യമന്ത്രി ആയിരുന്ന ശ്രീ.സി.കേശവന്‍.മാര്‍ക്സിനെ'ഭഗവാന്‍ കാള്‍മാര്‍ക്സ്' എന്നു വിശേഷിപ്പിച്ച ഏക കോണ്‍ഗസ്സുകാരനാണ് അദ്ദേഹം.

-ദത്തന്‍

പാവപ്പെട്ടവന്‍ said...

മനോഹരമായിരിക്കുന്നു
ആശംസകള്‍

dethan said...

പാവപ്പെട്ടവന്‍,
നന്ദി.