Total Pageviews

Monday, March 9, 2009

പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന മോഷണത്തില്‍ വല്യബ്ദുള്ള

മാര്‍ച്ച് 5 വ്യാഴാഴ്ച കേരളകൗമുദിയിലെ, "കരുനീക്കം" പംക്തിയില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ 'മരുന്നിന്റെ ദംഷ്ട്രകള്‍ 'എന്ന ലേഖനം മോഷണമാണെന്ന് ആരോപണമുണ്ടായിരിക്കുന്നു.അത്രയൊന്നും പ്രശസ്തനല്ലാത്ത മറ്റൊരു സാഹിത്യകാരന്‍ 'മാതൃ നാട് ' എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച "മരുന്നു ചന്തയിലെ ഗിനിപ്പന്നികള്‍"ആണത്രേ ഡോ. പുനത്തില്‍ അടിച്ചു മാറ്റിയത്.യഥാര്‍ത്ഥ ലേഖകന്‍ കുഞ്ഞബ്ദുള്ളയോട് പരാതി പറഞ്ഞപ്പോള്‍,താന്‍ എന്തെങ്കിലും വായിച്ചാല്‍ അതേപടി ഓര്‍മ്മയില്‍ കിടക്കുമെന്നും ഒരുപക്ഷേ അറിയാതെ എഴുത്തില്‍ പ്രതിഫലിച്ചേക്കാമെന്നും ആയിരുന്നു മറുപടി.എന്നാല്‍ മാതൃനാട് പത്രാധിപര്‍ വിരട്ടിയപ്പോള്‍ മഹാസാഹിത്യകാരന്‍ അടവു മാറ്റി.അബദ്ധം പറ്റിപ്പോയി;അയാള്‍ക്ക് തക്ക പ്രതിഫലം കൊടുക്കാമെന്നായി.

ഒരു ചാനലില്‍ മാത്രമേ ഈ വാര്‍ത്ത കണ്ടുള്ളു.എങ്കിലും പ്രതി പുനത്തില്‍ കുഞ്ഞബ്ദുള്ള ആയതിനാല്‍ വാര്‍ത്തയുടെ സത്യാവസ്ഥയെ കുറിച്ച് ശങ്കിക്കേണ്ടതില്ല.ഇദ്ദേഹത്തിന്റെ നോവലായ 'കന്യാവനങ്ങ'ളിലെ ഒരു അദ്ധ്യായം മുഴുവന്‍ മോഷണമായിരുന്നെന്ന് ,അത് പുറത്തിറങ്ങിയ കാലത്തു തന്നെ കണ്ടെത്തിയതാണ്.അന്ന് അപഹരിച്ചത് ചില്ലറക്കാരുടെ കൃതിയല്ല.
സാക്ഷാല്‍ രവീന്ദ്രനാഥ ടാഗോറിന്റെ പുസ്തകത്തില്‍ നിന്നു മോഷ്ടിച്ചാണ് കന്യാവനങ്ങളെ മോടി പിടിപ്പിച്ചത്.ഇപ്പോള്‍ കേള്‍ക്കുന്നത്
ഇദ്ദേഹത്തിന്റെ"മരുന്ന്" എന്ന വിഖ്യാത നോവലും വ്യാജനാണെന്നാണ്.ഇക്കണക്കിന് പുനത്തിലിന്റെ ഡോക്റ്റര്‍ ബിരുദത്തെ കുറിച്ചു പോലും സംശയിക്കേണ്ടിയിരിക്കുന്നു.

സാഹിത്യ ചോരണം എല്ലാ ഭാഷകളിലും നടക്കാറുണ്ട്.മലയാളത്തില്‍ കുറച്ചു കൂടുതലാണ്.നമ്മുടെ പല കവികളും കഥാകാരന്മാരും ഇത്തരം മോഷണം വളരെ വിദഗ്ദ്ധമായി നടത്തിയിട്ടുണ്ട്.പേരും പ്രശസ്തിയുമൊക്കെ ആയിക്കഴിഞ്ഞാല്‍ ഈ അലമ്പ് പരിപാടി അവരെല്ലാം നിര്‍ത്തുകയാണു പതിവ്.ആദ്യം'മലയാളനാടി'ലും പിന്നീട് 'കലാകൗമുദി'യിലും ഒടുവില്‍'മലയാളം വാരിക'യിലും തന്റെ'സാഹിത്യവാരഫലം' പംക്തിയിലൂടെ പ്രൊഫ.എം കൃഷ്ണന്‍ നായര്‍ പല സാഹിത്യ കള്ളന്മാരുടെയും മോഷണം വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്.അദ്ദേഹം ഇല്ലാതായതോടെ മോഷ്ടാക്കളുടെ സ്വൈരവിഹാരം സാഹിത്യ ലോകത്ത് കൂടിവരികയാണ്.എം.മുകുന്ദന്‍ ഉള്‍പ്പെടെയുള്ള പലരെയും കൈയോടെ പിടികൂടിയിട്ടുള്ള അദ്ദേഹത്തെയും കുപ്പിയിലിറക്കിയ വേന്ദ്രനാണ് ശ്രീ.കുഞ്ഞബ്ദുള്ള.
'കന്യാവനങ്ങള്‍' പ്രകാശനം ചെയ്യിച്ചത് കൃഷ്ണന്‍ നായര്‍ സാറിനെക്കൊണ്ടായിരുന്നു.അദ്ദേഹം കണ്ടുപിടിക്കാത്ത സ്ഥിതിക്ക് ആരും മോഷണം മനസ്സിലാക്കില്ലെന്നാണ് കരുതിയത്.പക്ഷേ ഓ.കെ.ജോണി എന്ന പത്രപ്രവര്‍ത്തകന്‍ ആ ചോരണം കണ്ടു പിടിച്ചു.

താന്‍ ആര്‍ജ്ജിച്ച പേരിന്റെയും സാമൂഹിക മേന്മയുടെയും ചില സാഹിത്യ നായകന്മാരുടെ ആനുകൂല്യത്തിന്റെയും ബലത്തില്‍ അന്ന്‍ പുനത്തില്‍ രക്ഷപ്പെട്ടു.പക്ഷേ 'മരുന്നില്‍'പിന്നെയും സഹജ വാസന പ്രകടിപ്പിച്ചു.നോവലിലും കഥയിലും മാത്രമേ കുഞ്ഞബ്ദുള്ള മോഷണം നടത്താന്‍ സാദ്ധ്യതയുള്ളൂ എന്ന് സഹൃദയ ലോകം സമാധാനിച്ചിരിക്കുമ്പോഴാണ് ലേഖനാപഹരണത്തിന്റെ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.അണ്ണാന്‍ മൂത്താലും മരം കേറ്റം നിര്‍ത്തില്ല എന്നു പറയുന്നത് എത്ര വാസ്തവം!എന്തായാലും പുനത്തില്‍ കുഞ്ഞബ്ദുള്ള കവിതയില്‍ കൈ വയ്ക്കാഞ്ഞത് കവിതയുടെ ഭാഗ്യം.

മോഷണത്തിന്റെ മുന്‍ കാല ചരിത്രം അറിവുണ്ടായിരുന്നിട്ടും ആഴ്ചയില്‍ ഒരു ദിവസം ഇദ്ദേഹത്തിനുവിളയാടാന്‍ എഡിറ്റോറിയല്‍ പേജ് തീറെഴുതിക്കൊടുത്ത കേരളകൗമുദിയും ഒരു കണക്കിനു വായനക്കാരോട് അപരാധമാണു ചെയ്തത്.നേരായ മാര്‍ഗ്ഗത്തിലൂടല്ലാതെ പ്രശസ്തി നേടിയെടുത്തവരെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് നമ്മുടെ പത്ര മാദ്ധ്യമങ്ങള്‍ ഇനി എന്നാണു പഠിക്കുക?എഴുതിയത്
എന്താണെന്നു ശ്രദ്ധിക്കാതെ ആരാണ് എഴുതിയത് എന്നു നോക്കി രചനകള്‍ തെരഞ്ഞെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവരാണ് പല പത്രാധിപന്മാരും.നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ രചനാനിലവാരം പോലുമില്ലാത്ത അസംബന്ധ സൃഷ്ടികള്‍ ചില മന്ത്രിമാര്‍ എഴുതിക്കൊടുക്കുന്നത് 'കവിത 'എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത് ഇതിനുദാഹരമാണ്.

പ്രതിഭാശാലികളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ സാമൂഹികവിരുദ്ധരെ ഒറ്റപ്പെടുത്തുന്നതും
പത്രധര്‍മ്മമാണ്.കേരളകൗമുദിയും അതറിഞ്ഞു പ്രവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.


Fans on the page

11 comments:

അനില്‍@ബ്ലോഗ് said...

ഓ, ഇതിലിത്ര അത്ഭുതപ്പെടാനൊന്നുമില്ല.
അദ്ദേഹം പണ്ടേ പറഞ്ഞതാണ് “കപ്പല്‍ യാത്ര നടത്താത്ത ഒരാള്‍ , നടത്തിയ ഒരാളെഴുതിയ കാര്യങ്ങള്‍ എടുത്തെഴുതുന്നതില്‍ തെറ്റൊന്നുമില്ലെന്ന്‍”.

മലമൂട്ടില്‍ മത്തായി said...

പുനത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ എന്നാണ് കൃഷ്ണന്‍ നായര്‍ ഇദ്ദേഹത്തെ വിളിച്ചിരുന്നത്. എന്തായാലും കോപ്പി അടിച്ചത് പിടികൂടിയല്ലോ, അത് നല്ല കാര്യം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അമ്പടാ!!!

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹി....

കുഞ്ഞബ്ദുള്ള, കുഞ്ഞല്ലെ മാഷെ....വിട്ട് കള.....

dethan said...

അനില്‍@ബ്ലോഗ്,
ഏതു മോഷ്ടാവിനും സ്വന്തം ന്യായീകരണങ്ങള്‍ കാണും.ടഗോര്‍ ‍കൃതിയില്‍ നിന്നും ചൂണ്ടിയതിനുള്ള വിശദീകരണമാണ് താങ്കള്‍ ഉദ്ധരിച്ചിരിക്കുന്നത്. ഇത് കപ്പല്‍ യാത്ര അല്ലല്ലോ.കുഞ്ഞബ്ദുള്ളയുടെ തൊഴിലിന്റെ ഭാഗമല്ലേ മരുന്ന്?
"വെറുമൊരു മോഷ്ടാവാമെന്നെ
കള്ളനെന്നു വിളിച്ചില്ലേ?"എന്ന അയ്യപ്പപണിക്കരുടെ കവിത ഓര്‍ക്കുക.അതിലും എല്ലാ ചോദ്യത്തിനും
കള്ളനു മറുപടിയുണ്ട് :
അപ്പോള്‍ കോഴിയെ മോഷ്ടിച്ചതോ?
"പൊരിച്ചു തിന്നാനായിരുന്നല്ലോ."
പശുവിനെ മോഷ്ടിച്ചതോ ?
"പലു കുടിക്കാനായിരുന്നല്ലോ."

മലമൂട്ടില്‍ മത്തായി,
മോഷണം മനസ്സിലായപ്പോള്‍ വിളിച്ചതാകും.

പ്രിയ ഉണ്ണികൃഷ്ണന്‍,
അമ്പമ്പടാ എന്നും പറഞ്ഞു പോകും.നന്ദി.

ചാണക്യന്‍,
കൈയ്യിലിരുപ്പ് കുഞ്ഞിന്റെതല്ലല്ലോ.പിന്നെങ്ങനാ വിട്ടുകളയുന്നത്?

-ദത്തന്‍

വികടശിരോമണി said...

മോഷണം എന്ന കല എങ്ങനെ സാംസ്കാരികഗൌരവത്തോടെ ചെയ്യാം എന്നു വരും തലമുറയെ പഠിപ്പിക്കാൻ ഇവരൊക്കെ ശ്രമിക്കേണ്ടതാണ്.
ഏതായാലും മന്ത്രി കവിത കോപ്പിയടിക്കുന്നു എന്നാരും പറയില്ല,കാരണം ഡി.പി.ഇ.പി കുട്ട്യോൾടെ കവിത പോലും......:)

Thaikaden said...

Moshanam oru kalayaanallo! yethu? (Pinne, kavitha: apaara tholikkatti thanne.)

കെ.കെ.എസ് said...

No body is living in watertight
compartment...

dethan said...

വികടശിരോമണി,
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്നു ഗാന്ധിജി പറഞ്ഞിട്ടില്ലേ? അതുപോലെ ഡോക്റ്ററുടെ
സാഹിത്യജീവിതം തന്നെ മോഷണകലയുടെ പാഠശാലയല്ലേ?

മന്ത്രിയെ പറഞ്ഞിട്ട് കാര്യമില്ല.എഴുതി
ക്കൊണ്ടു ചെല്ലുമ്പോള്‍ "ഇതു കവിതയല്ല" എന്നു പറയേണ്ടതിനു പകരം "ഇതു താന്‍ കവിത" എന്നു പറഞ്ഞു പ്രസിദ്ധീകരിക്കുന്ന പത്രക്കാരല്ലേ യഥാര്‍ത്ഥത്തില്‍ ജനത്തെ അവഹേളിക്കുന്നത്!!

Thaikaden,
മോഷണത്തെ കലയാക്കാനും അല്പം ഒറിജിനാലിറ്റിയൊക്കെ വേണ്ടേ?
തൊലിക്കട്ടി രാഷ്ട്രീയക്കാര്‍ക്കു സഹജമാണല്ലോ!

കെ.എസ്.എസ്,
വാട്ടര്‍ടൈറ്റ് കമ്പാര്‍ട്ട്മെന്റില്‍ അല്ലാത്തതു കൊണ്ട് ആരുടെയും വഹകള്‍ ചൂണ്ടാമെന്നാണോ?
എങ്ങനെ ജീവിച്ചാലും പ്രതിഭാശാലികള്‍ മോഷണം തൊഴിലാക്കാറില്ല.

-ദത്തന്‍

SreeDeviNair.ശ്രീരാഗം said...

ദത്തന്‍,
"ഇഷ്ടമായീ...കേട്ടോ?"

ആശംസകള്‍

dethan said...

ശ്രീദേവി നായര്‍.ശ്രീരാഗം,
നന്ദി.

-ദത്തന്‍