Total Pageviews

Friday, February 20, 2009

കവിത സര്‍വ്വതല സ്പര്‍ശിയാകുമ്പോള്‍

വേദാന്തവും ഭക്തിയും ഭൗതിക യാഥാര്‍ത്ഥ്യങ്ങളും ചേര്‍ന്ന് ആഹ്ലാദകരമായ വയനാനുഭവം പകരുന്നകവിതാസമാഹാരമാണ് ശ്രീമതി ഇന്ദിരാകൃഷ്ണന്റെ 'അകപ്പൊരുള്‍'.

'അകപ്പൊരുള്‍' മുതല്‍ 'പാഠഭേദം' വരെ 47കവിതകള്‍ ഉള്‍പ്പെടുന്ന ഈ സമാഹാരത്തിലൂടെ പലയാവര്‍ത്തി കടന്നു പോയാലേ വിഭിന്ന തലങ്ങളിലുള്ള ഭാവനയുടെ പൊരുളറിയാന്‍ കഴിയൂ.അലസ വായനയ്ക്കുള്ളതല്ല ഇതിലെ കവിതകളെന്നു സാരം.ഭക്തിയുടെ നിറയലും സാമൂഹിക പ്രശ്നങ്ങളുടെ നീറ്റലും വ്യക്തിജീവിതത്തിന്റെ ഭിന്ന ഭാവങ്ങളും കവിതകളെ വൈവിദ്ധ്യ സമ്പന്നമാക്കുന്നു.

'കൈനീട്ടം','എനിക്കു നീ','ഉണ്ണികള്‍','ബദരി','കേദാരം',തുടങ്ങിയവയില്‍ ഭക്തിയുടെ പ്രസരമാണ് അനുഭവപ്പെടുക.
ഭക്തിയില്‍ തന്നെ കൃഷ്ണഭക്തി വേറിട്ടു നില്‍ക്കുന്നു.കവയിത്രിക്ക് കൃഷ്ണഭക്തി ജീവിതത്തിന്റെ ഭാഗമാണ്.

ഭക്തിയുടെ വിഹായസ്സിലേക്ക് കൈകൂപ്പി നില്‍ക്കുമ്പോഴും ജീവിത ഭൂമിയിലാണ് തന്റെ കാലുകളുറപ്പിച്ചിട്ടുള്ളതെന്നും ഈ രചനകളിലൂടെ
ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.ലാളനയൂറുന്ന മാതൃത്വത്തിന്റെ നിഴലാട്ടം അതിന്റെ തെളിവാണ്.
'കൃഷ്ണനെന്‍ മാതൃ മനസ്സിന്റെ തൊട്ടിലില്‍
കൈകാലിളക്കി ച്ചിരിച്ചു കിടന്നവന്‍' (എനിക്കു നീ)
എന്ന വരികളിലൂടെ ആ ഭാവം വളരെ പ്രകടമാകുന്നുമുണ്ട്.അതുകൊണ്ടു തന്നെയാണ് സ്വന്തം ഉണ്ണികള്‍ക്കു കൂട്ടായി കണ്ണനെ സങ്കല്പിക്കുകയും അവരുടെ പുഞ്ചിരിയില്‍ അമ്പാടി പൈതലിനെ കാണുകയും ചെയ്യുന്നത്.

അന്തപ്പുരത്തിഉലെ ചെറിയ പിണക്കങ്ങള്‍ മുതല്‍ അന്തര്‍ദ്ദേശീയ സംഘട്ടനങ്ങള്‍ വരെ മറ്റു കവിതകള്‍ക്കു വിഷയമാകുന്നു.
അവയിലെല്ലാം വേരോടി നില്‍ക്കുന്നതാകട്ടെ മനുഷ്യ നന്മയുടെയും സ്നേഹത്തിന്റെയും മഹനീയതയും.

സമകാലിക ഭാരതത്തിന്റെ ദയനീയാവസ്ഥ സമര്‍ത്ഥമായി ധ്വനിപ്പിക്കുന്ന കവിതയാണ് 'അമൃതവര്‍ഷിണി'.
'അരികിലൂടൊഴുകും പുഴ,പൂമരം
കുളിരു പൂശുന്ന കാറ്റ് നിലാവുമീ
മഴയുമൊക്കെ നമുക്കിനിയന്യമോ?'
എന്ന ചോദ്യം ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ലേലം ചെയ്യപ്പെടുന്ന നമ്മുടെ പൈതൃകങ്ങളെക്കുറിച്ചുള്ള സാധാരണ പൗരന്റെ വിഹ്വലതയുടെ പ്രതിഫലനമാണ്.

സ്നേഹവും പരസ്പര വിശ്വാസവും മനുഷ്യനില്‍ നന്മ നിറയ്ക്കുമെന്നും കുടുംബ ബന്ധങ്ങള്‍ മധുരതരമാക്കുമെന്നും മിക്ക കവിതകളും നമ്മെ പഠിപ്പിക്കുന്നു.
'കാടന്‍ പൂച്ച','ഓലപ്പന്ത്',തുടങ്ങിയ കവിതകളിലും ശാന്തിയും സ്വസ്ഥതയും കാംക്ഷിക്കുന്ന കവിമനസ്സ് കാണാം.മനുഷ്യനിലെ വന്യതയുടെ പ്രതിരൂപമാണ് 'കാടന്‍ പൂച്ച'.അവന്‍ നമ്മിലെ നന്മയുടെയും സൗമ്യതയുടെയും പ്രതീകമായ കുറിഞ്ഞിപ്പൂച്ചയെ എപ്പോള്‍ വേണമെങ്കിലും കീഴ്പെടുത്താം.ക്രൗര്യത്തിന്റെ പേടിസ്വപ്നങ്ങള്‍ക്കൊടുവിലും നഷ്ടപ്പെട്ടിട്ടില്ലാത്ത നന്മയുടെ കുറിഞ്ഞിപ്പൂച്ചയെ ചേര്‍ത്തു പേടിക്കുന്ന കവയിത്രിയുടെ ശുഭാപ്തി വിശ്വാസത്തിന്റെ വെന്നിക്കൊടിയാണ് ഈ കവിത.'ഓലപ്പന്തി'ലാകട്ടെ,സമകാലിക ലോകത്തിന്റെ അക്രമവാസനയിലുള്ള ഉത്കണ്ഠയാണു തെളിയുന്നത്.

'മുള്ളുവാക്കിനാല്‍ പരിഹാസം മുറ്റിടും മുനയാല്‍ കുത്തി നോവിച്ചാലും ഉല്‍ക്കട സ്നേഹം മാത്രം പകരം വയ്ക്കുന്ന' സ്ത്രീയെക്കുറിച്ചും 'കത്തുന്ന പന്തമായി കുരുക്ഷേത്ര തടങ്ങളില്‍ നീങ്ങുന്ന' പാഞ്ചാലിയെക്കുറിച്ചുമുള്ള കവിതകള്‍ സ്ത്രീമഹത്വത്തിന്റെ വിളംബരമാണ്.
'പെണ്‍ മനസ്സുടയും പുത്തന്‍
പാതിരാപ്പര്‍ണ്ണശാലകള്‍
വട്ടമിട്ടു പറന്നാര്‍ക്കും
കഴുകന്മാര്‍ കലമ്പവേ'
പടര്‍ന്നാളുന്ന പന്തമായ് പാഞ്ചാലി വന്നു നില്‍ക്കുന്നത് സ്ത്രീഹൃദയങ്ങള്‍ക്ക് ആവേശം പകരാതിരിക്കില്ല.


Fans on the page

3 comments:

വികടശിരോമണി said...

അപ്പോൾ വായിക്കണല്ലോ....

വല്യമ്മായി said...

പരിചയപ്പെടുത്തലിനു നന്ദി.

dethan said...

വികട ശിരോമണി,
വായിച്ചു നോക്കുക.നിരാശപ്പെടേണ്ടി വരില്ല.

വല്യമ്മായീ,
നന്ദി.

-ദത്തന്‍