Total Pageviews

Saturday, February 7, 2009

അധികാരിയും അടിയാനും

രണ്ടു ദിവസം മുമ്പു തിരുവനന്തപുരത്തു ചെയ്ത ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഏറെ സമയവും മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും ശകാരിക്കാനും പരിഹസിക്കാനും കമ്യൂണിസം പഠിപ്പിക്കാനുമാണ് മന്ത്രി ജി. സുധാകരന്‍ ശ്രമിച്ചത്.പ്രസംഗം ശ്രവിച്ച സകലര്‍ക്കും അതു മനസ്സിലാവുകയും ചെയ്തു.പക്ഷേ തൊട്ടടുത്ത ദിവസം നവകേരള യാത്രയുമായി ബന്ധപ്പെട്ട് നടത്തിയ
പത്രസമ്മേളനത്തില്‍ സ.പിണറായി വിജയന്‍ വ്യാഖ്യാനിച്ചത്," സുധാകരന്‍ വിമര്‍ശിച്ചത് സോമനാഥ് ചാറ്റര്‍ജിയെ ആണ്." എന്നാണ്.

അടുത്തദിവസം മാദ്ധ്യമക്കാര്‍, പിണറായി ഇങ്ങനെയാണല്ലോ പറഞ്ഞത് എന്നു ചൂണ്ടിക്കാട്ടിയപ്പോള്‍ സുധാകരന്റെ മറുപടി ഇപ്രകാരം:"പിണറായി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ശരിയാണ്."

വര്‍ഷങ്ങള്‍ മുമ്പ്,കേരളത്തില്‍ ജന്മി കുടിയാന്‍ സമ്പ്രദായം നിലനിന്ന കാലം.അന്നത്തെ അംശം അധികാരി എന്നു വച്ചാല്‍ ചെറിയ രാജാവാണ്. അധികാരിയുടെ മകളുടെ കല്യാണം.അധികാരിയുടെ 'സാമ്രാജ്യാ'തിര്‍ത്തിയിലുള്ള സകലമാന പേരും കാഴ്ചദ്രവ്യങ്ങളുമായി അയാളുടെ വീട്ടിലെത്തി.അധികാരിയുടെ ആശ്രിതനും കുടികിടപ്പുകാരനുമായ കണ്ടങ്കോരനും തമ്പ്രാന്റെ
സവിധത്തിലെത്തി.കണ്ടങ്കോരന്‍ പട്ടിണിക്കരനാണെങ്കിലും മക്കളെല്ലാം പഠിക്കാന്‍ അതി സമര്‍ത്ഥര്‍.അധികാരിയുടെ സന്താനങ്ങളോ തിരുമണ്ടന്മാര്‍!

അധികാരിയും മറ്റു പ്രമാണിമാരും വെടി പറഞ്ഞിരിക്കുമ്പോഴാണ് കണ്ടങ്കോരന്റെ വരവ്.കാഴ്ചവസ്തുക്കള്‍ സ്വീകരിച്ച ശേഷം സംഭാഷണം പിള്ളേരുടെ പഠിത്തക്കാര്യത്തിലേക്കു കടന്നു."ഇവന്മാര്‍ക്കൊക്കെ ഇത്ര ബുദ്ധിമാന്മാരായ കുട്ടികളൊണ്ടാകുന്നതെങ്ങനെ?"
ഒരു പ്രമാണിയുടെ സംശയം.അധികാരി സംശയം മാറ്റി:"അതു നമ്മടെ പിള്ളേരായിരിക്കും"ഉറപ്പു വരുത്താനായി കണ്ടങ്കോരനോട്, "അല്ലേ കണ്ടങ്കോര?" എന്ന് ഒരു ചോദ്യം കൂടി.കേള്‍ക്കാത്ത താമസം,ആശ്രിതന്‍മറുപടി കൊടുത്തു:"ആയിരിക്കുവേ."

കേരളത്തില്‍ നിയമം മൂലം ജന്മിത്തം അവസാനിപ്പിച്ച് അടിയാളന്മാരെ മോചിപ്പിച്ച പാര്‍ട്ടിയുടെ പിന്തുടര്‍ച്ച അവകാശപ്പെടുന്ന ഈ മന്ത്രി,കണ്ടങ്കോരനെപ്പോലുള്ള അടിയാന്മാരുടെ വംശം കുറ്റിയറ്റു പോയിട്ടില്ലെന്നു തെളിയിച്ചിരിക്കുന്നു.


Fans on the page

9 comments:

dethan said...

"കല്പിച്ചെങ്കില്‍"റാനെ"ന്നല്ലാ-
തിപ്പരിഷയ്ക്കൊന്നുരിയാടാമോ?"

Karuthedam said...

കേരളത്തില്‍ ഇപ്പോള്‍ കുടിയാന്‍ ജന്മ്മിയും, ജന്മി കുടിയാനും, ന്യൂന പക്ഷം ഭൂരിപക്ഷവും, ഭൂരിപക്ഷം ന്യൂന പക്ഷവുമല്ലേ?

ചിത്രകാരന്‍chithrakaran said...

കണ്ടംകോരന്റെ കഥ നന്നായി.
അധികാരിയുടെ എട്ടുകാലി
മമ്മൂഞ്ഞ് വേഷവും.

ബിനോയ് said...

പിതൃത്വത്തെപ്പറ്റി സംശയമില്ലാത്ത കണ്ടംകോരന്‍‌മാരെല്ലാം ഇപ്പൊള്‍ പടിക്കു പുറത്താണ്. സ്വന്തം ആത്മാവ് പ്രസ്ഥാനത്തിനു സമര്‍‌പ്പിച്ചതുകൊണ്ടു മാത്രം എട്ടുകാലിമമ്മൂഞ്ഞമാര്‍‌ക്ക് കീഴ്‌പ്പെട്ടുനില്‍ക്കുന്നു മറ്റുചിലര്‍

dethan said...

Karuthedam ,
ജന്മിയുടെയും കുടിയാന്റെയും അംഗബലമല്ല ഇവിടെ പ്രശ്നം.കുഞ്ചന്‍ നമ്പ്യര് പറഞ്ഞതു പോലെ
കല്പിച്ചെങ്കില്‍ "റാന്‍"എന്നു മാത്രം പറയാന്‍ ശീലിച്ച അടിമയെപ്പോലെ പാര്‍ട്ടി സെക്രട്ടറിയ്ക്കു മുമ്പില്‍
സ്വന്തം അഭിപ്രായം അടിയറ വയ്ക്കുന്ന ഒരു മന്ത്രിയുടെ നാണം കെട്ട അവസ്ഥയാണു വിഷയം.

ചിത്രകാരന്‍,
നന്ദി.

ബിനോയ്,
'സ്വന്തം ആത്മാവ് ' പ്രസ്ഥാനത്തിനാണു സമര്‍പ്പിച്ചതെങ്കില്‍ പ്രസ്ഥാനത്തിനേ കീഴ്പ്പെടുമായിരുന്നുള്ളു. ഇവിടെ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ള വ്യക്തിയുടെ അടിമയായി മാറുകയാണ്.സമര്‍പ്പണം നേതാവിന്റെ തിരുമുമ്പില്‍ ആണെന്നു സാരം.

-ദത്തന്‍

കടവന്‍ said...

കല്പിച്ചെങ്കില്‍ "റാന്‍"എന്നു മാത്രം പറയാന്‍ ശീലിച്ച അടിമയെപ്പോലെ പാര്‍ട്ടി സെക്രട്ടറിയ്ക്കു മുമ്പില്‍
സ്വന്തം അഭിപ്രായം അടിയറ വയ്ക്കുന്ന ഒരു മന്ത്രിയുടെ നാണം കെട്ട അവസ്ഥയാണു വിഷയം.very good

dethan said...

കടവന്‍,
നന്ദി.

knknamboodiri said...

എല്ലാവരുടെ നേരെയും കുരച്ചു ചാടുന്ന- സത്യങ്ങൾ വിളിച്ചുപറയുന്ന ആൾ എന്നവകാശപ്പെടുന്ന -സുധാകരന്റെ വിധേയത്വവും പാപ്പരത്വവും നന്നായി വരച്ചു കാട്ടി. നന്നായി.

dethan said...

കെ എന്‍ കെ നമ്പൂതിരി,
നന്ദി.മുസ്ലീങ്ങളുടെ കൈ വെട്ടും കഴുത്തു വെട്ടും എന്നൊക്കെ സഞ്ജയ പുത്രന്‍ പറഞ്ഞത് ഈ
പിണറായി വിധേയനില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു