ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നതോടെയാണ് ശ്രീരാമന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വല്ലാത്ത സ്വാധീനമുണ്ടെന്ന് പലരും തിരിച്ചറിഞ്ഞത്.അതോടെ രാമന്‍ നല്ലൊരു വിജയ ഉപകരണമായി മാറി.യഥാര്‍ത്ഥത്തില്‍ ശ്രീരാമ മഹത്വം ആദ്യംമനസ്സിലാക്കിയ രാഷ്ട്രീയ നേതാവ് ഗാന്ധിജി ആയിരുന്നു.അദ്ദേഹത്തിന്റെ ആദര്‍ശപുരുഷനായിരുന്നു രാമന്‍.'രാമരാജ്യം' ആദര്‍ശരാഷ്ട്രവും.
ആദര്‍ശപുരുഷനെന്ന ഗാന്ധിയന്‍ സങ്കല്പത്തെ ഈശ്വരാവതാരമായി പരിവര്‍ത്തിപ്പിച്ച് ഭക്തി വളര്‍ത്തി ഹിസ്റ്റീരിയയാക്കി മാറ്റിയാണ് ബിജെപിയും പരിവാരങ്ങളും വിജയം കൊയ്തത്.ദേശീയ തലത്തില്‍ മതകലഹങ്ങള്‍ക്കു തുടക്കം കുറിക്കാനാണ് ഈ ഭക്തിഭ്രാന്ത് വഴിതെളിച്ചത്.മുമ്പും രാമന്‍ദൈവമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.പതിനഞ്ചാം നൂറ്റാണ്ടില്‍ ഉദയം കൊണ്ട ഭക്തിപ്രസ്ഥാനമാണ് അതിനു തുടക്കമിട്ടത്.വാല്‍മീകി രാമായണത്തെക്കാള്‍ അദ്ധ്യാത്മ രാമായണത്തിന് ഭാരതമാകെ പ്രചാരം സിദ്ധിച്ചതും അന്നു മുതല്‍ക്കാണ്.
മലയാളികളെ ആ ഭക്തിമാര്‍ഗ്ഗത്തിലേക്കു നയിച്ചത് എഴുത്തച്ഛന്റെ അദ്ധ്യാത്മ രാമായണ തര്‍ജ്ജമയും.
ഹിന്ദുവര്‍ഗ്ഗീയ വാദികള്‍ രാമനെ വില്പനച്ചരക്കാക്കി.ഇതിഹാസ കഥാപത്രത്തെ ഒരേസമയം ഈശ്വരാവതാരമായും ചരിത്രപുരുഷനായും അവര്‍ ചിത്രീകരിച്ചു.അദ്ദേഹത്തിന്റെ ജന്മസ്ഥലം വരെ അവര്‍ 'കണ്ടുപിടിച്ചു'കളഞ്ഞു.അതിന്റെ പേരില്‍ സാധാരണക്കാരന്റെ ഭക്തിയും മതവികാരവും ഇളക്കാമെന്നു മനസ്സിലാക്കി.ശ്രീരാമ സേന പോലെയുള്ള ഭീകര സംഘടനകളും പ്രജ്ഞാസിംഗിനെ പോലുള്ള
പ്രജ്ഞാശൂന്യരും ഇതിന്റെ ഉപോല്പന്നങ്ങളാണ്.
രാമജന്മഭൂമയുടെ തീവ്രത നഷ്ടപ്പെട്ടപ്പോഴാണ് രാമസേതു വിഷയം വീണു കിട്ടിയത്.ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള കടലില്‍ സേതു പോലെ കണപ്പെടുന്നത് സീതയെ വീണ്ടെടുക്കാന്‍ ലങ്കയിലേക്കു യുദ്ധത്തിനു പോകാന്‍ ശ്രരാമന്‍ നിര്‍മ്മിച്ച ചിറയാണെന്നും അതുകൊണ്ട് വിശുദ്ധമായ അതിനെ കീറി മുറിച്ചുള്ള സേതു സമുദ്രം പദ്ധതി അനുവദിക്കില്ല എന്നുമാണ് ബിജെപിയും സംഘപരിവാരങ്ങളും വാദിച്ചത്.എങ്ങനെയാണ് കവിഭാവനയെ തങ്ങള്‍ക്കനുകൂലമായ ചരിത്ര സത്യമാക്കി ഇവര്‍ മാറ്റുന്നത് എന്നതിന്റെ മറ്റൊരുദാഹരണമാണിത്.
രാമായണത്തില്‍ വിവരിച്ചിട്ടുള്ളതെല്ലാം ചരിത്ര സത്യമാണെങ്കില്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഈ രാമഗവേഷകര്‍ മറുപടി പറയേണ്ടിവരും.
സമുദ്രം നിര്‍ദ്ദേശിച്ചതനുസരിച്ച് ,വിശ്വകര്‍മ്മാവിന്റെ മകനായ നളന്‍ എന്ന വാനരനാണ് സേതു നിര്‍മ്മിച്ചതെന്ന് രാമായണത്തില്‍ വ്യക്തമായി പറയുന്നുണ്ട് .നൂറായിരം കപികളുടെ സഹായത്തോടെ മരവും കല്ലും പാറയും മണലും എല്ലാം കൊണ്ട് "നളന്‍ ചമച്ചാ ശ്രീസേതു മകരാലയ സിന്ധുവില്‍" എന്നു രാമായണം.
ഈ ചിറയില്‍ കൂടി ലങ്കയില്‍ എത്തിയ വാനര സേനയുടെ എണ്ണമറിയണ്ടേ?അനേകായിരം കോടി. ലങ്കയിലെ രാക്ഷസരുടെ സംഖ്യ അതിലും കൃത്യമാണ്.നൂറായിരം കോടി.രണ്ടായിരത്തി ഏഴിലെ(2007) കണക്കനുസരിച്ച് ശ്രീലങ്കയിലെ ആകെ ജനസംഖ്യ രണ്ടു കോടി ഒന്‍പതു ലക്ഷത്തി ഇരുപത്താറായിരത്തി മുന്നൂറ്റി പതിനഞ്ചു (20926315)മാത്രമാണ്.അനേകായിരം കോടി കുരങ്ങുകളും നൂറായിരം കോടി രാക്ഷസരും കൂടി 64740ച.കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ലങ്കയില്‍ എങ്ങനെ ഘോര യുദ്ധം നടത്തിയെന്ന് ശ്രീരാമസേതുവിന്റെ ചരിത്രസാംഗത്യം കണ്ടെത്തി വികാരം കൊള്ളുന്നവര്‍ വിശദീകരിക്കണം.
രാമസേതു ശ്രീരാമന്റെ തൃക്കൈ കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണെന്നു സമ്മതിച്ചാല്‍ തന്നെ,അതു നശിപ്പിച്ച് നാമമാത്രാവശിഷ്ടമായി മാറ്റിയത് ഇന്ത്യാ ഗവണ്മെന്റല്ല;പ്രകൃതിയാണ്.ആ നിലയ്ക്ക് ശ്രീരാമ ഭക്തര്‍ പ്രകൃതിക്കെതിരെയല്ലേ ആദ്യം പ്രക്ഷോഭം സംഘടിപ്പിക്കേണ്ടത്?
കുബേരനില്‍ നിന്നു രാവണന്‍ കൈക്കലാക്കിയ പുഷ്പകവിമാനം രാവണ വധത്തോടെ രാമന് അര്‍ഹതപ്പെട്ടതായി.രാമലക്ഷമണന്മാരും സീതയും സുഗ്രീവനും അയാളുടെ പരശതം വാനര സൈനികരും, വിഭീഷണനും ആയിരക്കണക്കിനുള്ള രാക്ഷസ ഭടന്മാരും, എല്ലാം കൂടി ലങ്കയില്‍ നിന്നു അയോദ്ധ്യയിലേക്കു പോയത് ഈ ആകാശയാനത്തിലാണ്.അയോദ്ധ്യയിലെത്തിച്ചേര്‍ന്ന ശേഷം രാമന്‍ അതു കുബേരന് തിരിച്ചു നല്‍കിയെങ്കിലും അദ്ദേഹം പുഷ്പകത്തെ രാമന്റടുക്കലേക്കു തന്നെ മടക്കി അയയ്ക്കുകയാണു ചെയ്തത്.യജമാനന്റെ ആഗ്രഹാനുസരണം വികസിക്കാനും വേഗം ക്രമീകരിക്കാനും കഴിവുള്ളതും"മേരുശൃംഗോപമവും സുവര്‍ണ്ണ ഹര്‍മ്മ്യോജ്വല"വും ആയ പുഷ്പകവും അതുകൊണ്ടുതന്നെ രാമന്റെ സ്വന്തമാണ്.ശ്രീരാമന്റെ ജന്മഗൃഹത്തിന്റെയും സ്ഥാവര ജംഗമ വസ്തുക്കളുടെയും കണക്കെടുപ്പു നടത്തുകയും അതിന്റെ പേരില്‍ കലാപവും വംശഹത്യയും ആസൂത്രണം ചെയ്യുകയും ചെയ്യുന്നവര്‍ പുഷ്പകവിമാനത്തെ വിട്ടു കളയുന്നതു ശരിയാണോ?
ശ്രീരാമന്റെ അച്ഛന്‍ ദശരഥന്‍ എത്ര വര്‍ഷം ജീവിച്ചിരുന്നു എന്നു വ്യക്തമല്ല.മകന്റത്രയും കാലം എന്നു കൂട്ടിയാല്‍ രണ്ടുപേരുടെയും കൂടി ജീവിത കാലം ഇരുപത്തീരായിരം(22,000)കൊല്ലമായിരുന്നിരിക്കണം.ദശരഥന്റെ കാലം മുതല്‍ രാമന്റെ കാലശേഷവും വസിഷ്ഠനും തേരാളിയായ സുമന്ത്രരും ജീവിച്ചിരുന്നതായി രാമായണം പറയുന്നു.അതു വിശ്വസിച്ചാല്‍ രണ്ടുപേരുടെയും ആയുസ്സ് ഇരുപത്തീരായിരം വര്‍ഷത്തിനു മേലായിരിക്കണം.വസിഷ്ഠന്‍ മഹര്‍ഷി ആയതുകൊണ്ട് അതില്‍ കൂടുതല്‍ വര്‍ഷം ജീവിച്ചിരിക്കുമെന്നു ഭക്തര്‍ വാദിച്ചേക്കാം.പക്ഷേ തേരാളിയുടെ ആയുര്‍ ദൈര്‍ഘ്യത്തിന് എന്തു വിശദീകരണമാണു നല്‍കുക?
രാമനെയും രാമായാണത്തെയും നേട്ടങ്ങള്‍ക്കു വേണ്ടി കരുവാക്കുന്നവര്‍ വസ്തുതകള്‍ ശരിയായ രീതിയില്‍ മനസ്സിലാക്കാത്തതു കൊണ്ട് മാത്രമാണു കലഹത്തിനു തുനിയുന്നത് എന്നു കരുതുക വയ്യ.ബോധപൂര്‍വ്വം അവര്‍ കെട്ടുകഥകള്‍ മെനയുകയാണ്.കല്പിത കഥയെ ചരിത്രമായി വ്യാഖ്യാനിക്കുകയാണ്.അങ്ങനെയാണ് രാമന്റെ രാമജന്മഭൂമി,രാമസേതു തര്‍ക്കങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.സദാചാരത്തിന്റെ കാവലിനായി ശ്രീരാമ സേനകളെ സംഘടിപ്പിക്കുന്നത്.
Fans on the page
4 comments:
വസ്തുതകളെക്കാളും രാഷ്ട്രീയത്തിൽ പ്രസക്തം,ഗതികളെ നിയന്ത്രിക്കാവുന്ന വിധത്തിലുള്ള സെൻസിറ്റിവിറ്റിക്കാണ്.രാമന്റെ ആ സാധ്യതയിലാണ് ഹിന്ദുത്വത്തിന്റെ മൊത്തക്കച്ചവടക്കാർ കളിച്ചത്,കളിച്ചുകൊണ്ടിരിക്കുന്നത്.
സെന്‍സിബിള്‍ ആയിരിക്കേണ്ട രാഷ്ട്രീയ രംഗം സെന്‍സിറ്റിവിറ്റിക്കു കീഴടങ്ങിയതാണ് മിക്ക
കുഴപ്പങ്ങള്‍ക്കും കാരണം.രാമനെ മാത്രമല്ല വൈകാരികമായി ചൂഷണം ചെയ്താല്‍ ലാഭമുണ്ടാക്കാവുന്ന
എല്ലാറ്റിനെയും ഹിന്ദുത്വത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്.
-ദത്തന്‍
“ജ്ജ് കളിച്ചോ കളിച്ചോ...പക്കേങ്കീ..കളീമ്മക്കളി ബേണ്ട” എന്ന് ഓ.വി.വിജയന്‍ എഴുതിയത് (വേറെ കോണ്ടെക്സ്റ്റിലാണ്‍) ഇവരോട് പറയാം.
സൂരജ്,
ജ്ജും കളിച്ചോ. കളീമ്മേല്‍ കളിയായാലും ഞമ്മക്ക് ബേജാറില്ല.
-ദത്തന്‍
Post a Comment