Total Pageviews

Friday, January 16, 2009

ലഹരി...മദ്യത്തിന്റെയും ഭക്തിയുടെയും

ക്രിസ്മസ് ആഘോഷിക്കാന്‍ മലയാളി മദ്യത്തിനു വേണ്ടി തുലച്ചത് 55 കോടി;പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലഹരി ഇനത്തില്‍ ചെലവഴിച്ചത് 40.08.കോടി.സര്‍ക്കരിന്റെയും ബിവറേജസ് കോര്‍പ്പറേഷന്റെയും കണക്കാണിത്.അവരുടെ കണക്കിലും ദൃഷ്ടിയിലും പെടാത്ത കോടികള്‍ ഇതിലും അധികമായിരിക്കും. നവ വത്സരത്തെ സ്വീകരിക്കാന്‍ ‍ഉപയോഗിച്ചതിനേക്കാള്‍ മദ്യം ക്രിസ്മസ് ആഘോഷങ്ങള്‍ക്കാണ് ഉപയോഗിച്ചതെന്ന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.സാധാരണ ആഘോഷത്തെ അപേക്ഷിച്ച് ഭക്തി,വിശ്വാസ ച്ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍ക്കും ലഹരി പകരാനാണ് കൂടുതല്‍ തുക ചെലവഴിക്കുന്നത് എന്ന് സാരം.

ഇനി മറ്റൊരു കണക്ക്.ശബരിമലയിലെ ഈ വര്‍ഷത്തെ വരവ് 100കോടിയില്‍ അധികമാണ്.വിശ്വാസികളുടെ ഭക്തിക്കു ലഹരി പകരാന്‍ മദ്യം വാങ്ങിയാണു ആദ്യത്തെ കോടികള്‍ ചെലവായതെങ്കില്‍ അയ്യപ്പന് കോടികള്‍ ലഭിച്ചത് മദ്യം ചേര്‍ക്കാത്ത ഭക്തി കൂടിയതു കൊണ്ടാണ്.മദ്യലഹരിയായാലും ഭക്തിലഹരിയായാലും ശോഷിപ്പിക്കുന്നത് ജനത്തിന്റെ കീശയാണ്.

മദ്യലഹരിക്കു വേണ്ടി കോടികള്‍ ഒഴുകിയതില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെല്ലാം ഉത്കണ്ഠയാണ് .ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും മദ്യവില്പനയില്‍ ഉണ്ടായ സര്‍വ്വകാല റിക്കാര്‍ഡ് സര്‍വ്വരെയും അമ്പരപ്പിച്ചിരിക്കയാണ്.മലയാളിയുടെ മദ്യാസക്തിക്കെതിരെ പത്രങ്ങള്‍ മുഖപ്രസംഗമെഴുതുന്നു;ചാനലുകള്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു;സാമൂഹിക സംഘടനകള്‍ ബോധവല്‍ക്കരണത്തിനൊരുങ്ങുന്നു.ആകെ ബഹളമയം.

എന്നാല്‍ ഭക്തിലഹരി മൂത്ത് കോടികള്‍ ഒഴുകിയപ്പോള്‍ ആര്‍ക്കും വേവലാതിയുമില്ല ആവലാതിയുമില്ല.മറിച്ച് ഖജനാവു നിറഞ്ഞതില്‍ ദേവസ്വംബോര്‍ഡും സര്‍ക്കാരും വിശ്വാസികളും എല്ലാം സന്തോഷത്തിലാണ്.മറ്റു സംസ്ഥാനക്കാരുടെ കാശും കൂടിചേര്‍ന്നതാണല്ലൊ ഈ കോടികള്‍ എന്നോര്‍ക്കുമ്പോള്‍ സന്തോഷത്തിന് അല്പം മേന്മ കൂടാനും സാദ്ധ്യതയുണ്ട്.

യാതൊരു പ്രചരണവും പരസ്യവും കൂടാതെയാണ് മദ്യലഹരിയിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെട്ടതെങ്കില്‍ ശബരിമലയിലെ ഭക്തിലഹരിയിലേക്കുള്ള ജനത്തിന്റെ ഒഴുക്കിന് സംഘടിതവും ആസൂത്രിതവും ആയ പരസ്യ,പ്രചരണങ്ങളുടെ സ്വാധീനമുണ്ട്.
സാധാരണ ഭക്തര്‍ മുതല്‍ മാദ്ധ്യമങ്ങളും സര്‍ക്കരും വരെ അതിശയോക്തിയും വ്യാജവും കലര്‍ത്തി നടത്തുന്ന ഈ പ്രചരണങ്ങളില്‍ പങ്കാളികളാണ്.പൊന്നമ്പല മേട്ടില്‍ തീ കത്തിച്ചു കാട്ടി ദിവ്യജ്യോതിയാണെന്നു പ്രചരിപ്പിക്കുന്നതില്‍ ഈ ഘടകങ്ങള്‍ എല്ലാം ഒന്നിനൊന്നു മത്സരിക്കുകയാണ്.ദേവസ്വം ബോര്‍ഡു തന്നെ ദിവ്യജ്യോതിയുടെ രഹസ്യം വെളുപ്പെടുത്തിയിട്ടും അതു കാണാന്‍ ഭക്തലക്ഷങ്ങള്‍ കഷ്ടപ്പെട്ട് എത്തുന്നത് മാധ്യമങ്ങള്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ സ്വമേധയാ നടത്തുന്ന ഊതിപ്പെരുപ്പിച്ച
പ്രചരണങ്ങളുടെ ശക്തി കൊണ്ടാണ്.

മനുഷ്യന്റെ മനസ്സും ശരീരവും ധനവും നശിപ്പിക്കും; കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കും;സമൂഹത്തെ രോഗഗ്രസ്തമാക്കും തുടങ്ങി നിരവധി ദോഷവശങ്ങള്‍ മദ്യാസക്തിക്കെതിരെ ഉന്നയിക്കപ്പെടാറുണ്ട്.ഇപ്പറഞ്ഞ ദോഷപ്പട്ടികയില്‍ പലതും ഭക്തിലഹരിക്ക് അടിപ്പെടുന്നവര്‍ക്കും ബാധകമാണ്. വ്രതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയ്ക്കു വണ്ടി കയറുന്ന അത്താഴപ്പട്ടിണിക്കാരന്റെ അവസ്ഥ
ആലോചിച്ചാല്‍ ഇതു ബോദ്ധ്യമാകും.മുണ്ടു മുറുക്കിയുടുത്തും കുട്ടികളുടെ അവശ്യങ്ങളില്‍ പലതും വെട്ടിച്ചുരുക്കിയും കടം വാങ്ങിയുമാണ്
ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഭൂരിപക്ഷം ആളുകളും അയ്യപ്പദര്‍ശനത്തിനുള്ള വക കണ്ടെത്തുന്നത്.

കേരളത്തില്‍ പട്ടിണിയും പരിവട്ടവും ഒന്നുമില്ലെന്നുള്ള ചില സാമ്പത്തിക വിദഗ്ദ്ധരുടെയും മാദ്ധ്യമ വിശകലനക്കാരുടെയും സമ്പന്ന പ്രവാസികുളുടെയും പുതിയ ഐറ്റി കുഞ്ഞുങ്ങളുടെയും കണ്ടെത്തലുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല.ശബരിമലയില്‍ എത്തുന്ന ഭക്തരെല്ലാം വിജയ് മല്യമാരും യേശുദാസ് മാരും അംബാനിമാരും അല്ല.മാത്രമല്ല കൂടുതല്‍ പേരും വര്‍ദ്ധിച്ചു വരുന്ന യാത്ര
ക്കൂലിയും അനുബന്ധച്ചെലവുകളും താങ്ങാന്‍ കെല്പില്ലാത്ത സാധാരണക്കാരാണ് .കാര്യസാദ്ധ്യത്തിന്റെ പേരില്‍ ,മറ്റു നേര്‍ച്ചകളുടെ പേരില്‍ മല കയറുന്ന ആരും ഒരിക്കല്‍ മാത്രം പോയി നിര്‍ത്താറില്ല.ആണ്ടു തോറും ആവര്‍ത്തിക്കുന്നതാണ് കണ്ടു വരുന്നത്.ഇങ്ങനെ ഭക്തിലഹരിക്ക് അടിമപ്പെടുന്നവന്‍ മദ്യലഹരിക്ക് അടിമയാകുന്നവനില്‍ നിന്ന് ഏറെ ഭിന്നനാകില്ല.ശിഥിലവും അസ്വസ്ഥവും ആയ ഗാര്‍ഹികാന്തരീക്ഷവും കുടുംബ ബന്ധങ്ങളും സാമ്പത്തികസ്ഥിതിയും ഭക്ത്യാസക്തന്റെയും അനുഭവമാണ്.

മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണെന്നു സ്റ്റാട്യൂട്ടറി വാണിംഗ് നല്‍കുന്ന സര്‍ക്കാര്‍,മാനസികാരോഗ്യം തകര്‍ക്കുന്ന ഭക്തിലഹരിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.ഭക്തിയും വിശ്വാസവും പൗരന്റെ വ്യക്തിപരമായ കാര്യമാണ്.അതില്‍ ഭരണകൂടം പക്ഷം ചേരുന്നത് ആശാസ്യമല്ല.വ്യാജകഥകളും അയഥാര്‍ത്ഥ വര്‍ണ്ണനകളും അമിത പ്രാധാന്യവും കൊടുത്ത് സാധാരണക്കരന്റെ ദൗര്‍ബ്ബല്യങ്ങളെ ചൂഷണം ചെയ്യുന്നത് ഒരു പരിഷ്കൃത സര്‍ക്കാരിനും ചേര്‍ന്നതല്ല.വരുമാനമാണു ലക്ഷ്യമെങ്കില്‍ വേറേ എത്രയോ വഴികളുണ്ട്!


Fans on the page

4 comments:

Vadakkoot said...

മദ്യത്തിന്റെ ലഹരിയില്‍ രണ്ട് ദിനങ്ങള്‍ കൊണ്ട് (ക്രിസ്മസ് & ന്യൂ ഇയര്‍) പൊട്ടിയ കാശ് ശബരിമലയില്‍ നിന്ന് കിട്ടിയത് രണ്ട് മാസം കൊണ്ടാണ്. പോരാത്തതിന് ശബരിമലയില്‍ കണ്ടമാനം കാശ് വീശിയെറിഞ്ഞ് ഷോ കാണിക്കുന്നവര്‍ കയ്യില്‍ കാശുള്ളവരുമാണ്.

ഞാന്‍ ഒരു ഈശ്വരവിശ്വാസിയല്ല; അത്യാവശ്യത്തിന് കുടിക്കാറുമുണ്ട്. എങ്കിലും ചോദിക്കട്ടെ: ഭക്തിയുടെ ലഹരിയും മദ്യത്തിന്റെ ലഹരിയും രണ്ടും രണ്ടല്ലേ? ഭക്തി കൊണ്ട് ചിലര്‍ക്കെങ്കിലും കുറച്ച് ഗുണം ഉണ്ടാവുന്നില്ലേ?

dethan said...

വടക്കൂടന്‍,
കൈയില്‍ കാശുള്ളവന്‍ വീശി എറിയുന്നതു കണ്ടാണ് പാവപ്പെട്ടവനും ഇതിനെല്ലാം തുനിയുന്നത്.ഭക്തി
കൊണ്ട് ചിലര്‍ക്ക് ഗുണമുണ്ടാകാം.അതുകൊണ്ട് ഭക്തി ഭ്രാന്തായി മാറുന്നതു മൂലമുണ്ടാകുന്ന ദൂഷ്യങ്ങള്‍
ഇല്ലാതാകില്ല.ഭക്തിയുടെ ആയാലും മദ്യത്തിന്റെ ആയാലും ലഹരി ദോഷകരമായി ബാധിക്കുന്നത്
സാധാരണക്കാരനെയാണ്.
ഭക്തി കൊണ്ട് ലോകത്ത് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടായിട്ടുള്ളത് എന്നത് കേവല ചരിത്ര
സത്യം.
-ദത്തന്‍

Ranjith Jayadevan said...

u missed one thing: addiction to politics. isnt it the same as 'religion' / 'alchahol'? ppl are killing each other over politics when the leaders for whom they are wrking are doing nothing for the community.

some political parties are the wealthies 'private' entities in kerala. from whr does the money come? not from capitalist corporates nyway. i think u either forgot to mention this or u just ignored this aspect.

Tom said...

You are your own master. You decide your future. If anything else control over you, you're lost. Be it drugs, liquor, any kind of intoxication, politics, blind belief in religion, anything... You can drink (even in Christmas or in New year, why don't?), you can go to church. You can actively participate in any party campaigns. But neither of them should control over you.

There may be lots of statistical data regarding this.
ഒരു ദിവസം കേരളത്തിലെ മനുഷ്യര്‍ പീഡന കഥ വായിച്ചു എത്ര മനുഷ്യമണിക്കൂറുകള്‍ തുലക്കുന്നു? അവിഹിത വേഴ്ച്ചകള്‍ക്ക് ഒരു ദിവസം കേരളത്തിലെ പുരുഷന്മാര്‍ മുടക്കുന്ന പണം എത്രയായിരിക്കും? അതിന്റെ ഒന്നും കണക്കുകള്‍ ഏതായാലും കിട്ടില്ലായിരിക്കും.

പിന്നെ വടക്കൂടന്‍ ചോദിച്ചതിനു ഉത്തരം ഉണ്ട്. ഭക്തി കൊണ്ട് ചിലര്‍ക്ക് ഗുണം ഉണ്ടാകുന്നുണ്ട്. മദ്യം വിട്ടാല്‍ ബിവേരജെസ് കര്പരെഷന് ഗുണം ഉണ്ടാകുന്നില്ലേ. കുടിക്കുന്നവന് ഒരു സുഖം ഉണ്ടാകുന്നില്ലേ. അതും ഒരു ഗുണം അല്ലേ?