Total Pageviews

Saturday, December 27, 2008

പിള്ള മനസ്സിലെ കള്ളം

ഒന്നാം ക്ലാസില്‍ ടീച്ചര്‍ പഠിപ്പിക്കുന്നു.ഒരു വാക്ക് എഴുതിക്കാണിക്കാന്‍ അവര്‍ ബോര്‍ഡിലേക്കു തിരിയുന്നു.ഒരക്ഷരം എഴുതിയതേ ഉള്ളു. ഒരുഗ്രന്‍ കൂവല്‍.തുടര്‍ന്ന് കൂട്ടച്ചിരി.ടീച്ചര്‍ ദേഷ്യത്തോടെ തിരിഞ്ഞു നോക്കുമ്പോള്‍ ക്ലാസ് നിശ്ശബ്ദം.ആരാണു കൂവിയതെന്ന്‍ ചോദിച്ചിട്ട് ആര്‍ക്കും ഒരു ഭാവഭേദവുമില്ല.ടീച്ചര്‍ ബോര്‍ഡിലേക്കു തിരിഞ്ഞപ്പോള്‍ വീണ്ടും കൂവല്‍.രണ്ടാമതും അവര്‍ ശിഷ്യരെ ചോദ്യം ചെയ്യുന്നു.ഒരു പ്രതികരണവുമില്ല.ഈ കലാപരിപാടി രണ്ടു പ്രാവശ്യം കൂടി ആവര്‍ത്തിച്ചു.ദേഷ്യവും സങ്കടവും
വന്ന ടീച്ചര്‍ രണ്ടും കല്പിച്ച് ഒരു ശ്രമം നടത്തി.അങ്ങനെ അഞ്ചാമത്തെ പ്രാവശ്യം കൂവാനൊരുങ്ങുമ്പോള്‍ പ്രതിയെ കൈയോടെ പിടികൂടി.

സ്വന്തം അനുഭവം പരിചയസമ്പന്നയായ ടീച്ചര്‍ പറഞ്ഞത് വിശ്വസിക്കാതെ വയ്യ.ബാലചാപല്യമാണെന്നു കരുതി സമാധാനിക്കാന്‍ അവരെ ഉപദേശിക്കുമ്പോള്‍ "പിള്ള മനസ്സില്‍ കള്ളമില്ല" എന്നപഴഞ്ചൊല്ല് വാസ്തവമല്ലെന്നു വരികയാണോ എന്നു സംശയിച്ചു.
"അച്ഛന്‍ പത്തായത്തില്‍ പോലുമില്ല" എന്നു പറഞ്ഞ പഴയ പിള്ളകളല്ല ഇപ്പോഴുള്ളത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

സാധാരണഗതിയില്‍ ,കൂവല്‍ കേട്ടു ടീച്ചര്‍ തിരിഞ്ഞു നോക്കുമ്പോള്‍ കുറച്ചു കുട്ടികളെങ്കിലും അടക്കിപ്പിടിച്ചു ചിരിക്കുന്നുണ്ടാകും.അഥവാ അങ്ങനെ ആരെയും കണ്ടില്ലെങ്കില്‍ റ്റീച്ചറുടെ ചോദ്യം കേള്‍ക്കുമ്പോള്‍ ചിലരുടെ നോട്ടം കൊണ്ടെങ്കിലും ആരാണു വില്ലനെന്ന്‍ അറിയാന്‍ പറ്റും. ഇവിടെ ടീച്ചര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു കുഞ്ഞു പോലും സത്യം പറയാന്‍ കൂട്ടാക്കിയില്ല.
ചെറിയ ഭാവ വ്യത്യാസം പോലും ഈ പിഞ്ചുമുഖങ്ങളില്‍ കാണാനായില്ല എന്നതാണ് അമ്പരപ്പുളവാക്കുന്ന വസ്തുത.

വിവര സാങ്കേതിക വിദ്യയും ആധുനിക വിജ്ഞാനവ്യാപന സൗകര്യങ്ങളും ടിവി,സിനിമ തുടങ്ങിയവയും നമ്മുടെ ബാലമനസ്സുകളെ പരിണാമ വിധേയമാക്കിക്കൊണ്ടിരിക്കയാണോ?കുട്ടികളിലെ കുട്ടിത്തം നഷ്ടപ്പെടുകയാണോ?മൃഗങ്ങളില്‍ പോലും ചുറ്റുപാടുകള്‍ സ്വഭാവ മാറ്റം സൃഷ്ടിക്കുമ്പോള്‍ സമൂഹജീവിയായ മനുഷ്യന്റെ കുഞ്ഞിനെങ്ങനെ അതിനെ അതിജീവിക്കാന്‍ പറ്റും?Fans on the page

6 comments:

ബാജി ഓടംവേലി said...

വിവര സാങ്കേതിക വിദ്യയും ആധുനിക വിജ്ഞാനവ്യാപന സൗകര്യങ്ങളും ടിവി,സിനിമ തുടങ്ങിയവയും നമ്മുടെ ബാലമനസ്സുകളെ പരിണാമ വിധേയമാക്കിക്കൊണ്ടിരിക്കയാണോ?കുട്ടികളിലെ കുട്ടിത്തം നഷ്ടപ്പെടുകയാണോ?
നല്ല നിരീക്ഷണം.........

ശിവ said...

അതെ ഇതു നല്ല നിരീക്ഷണം തന്നെയാണ്.....

smitha adharsh said...

നമ്മുടെ കുട്ടികളും ഹൈടെക് വിദ്യകള്‍ പയറ്റി തുടങ്ങിയിരിക്കുന്നു...അല്ലെ?
എന്നാലും,ബാല്യത്തിന്റെ നിഷ്കളങ്കത കൈ മോശം വരുമോ?

dethan said...

ബാജി ഓടംവേലി,
ശിവ,
നന്ദി.

സ്മിത ആദര്‍ശ്,
നിഷ്കളങ്കതയ്ക്ക് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നാണ് അനുമാനിക്കേണ്ടത്.

-ദത്തന്‍

Rose Bastin said...

കുഞ്ഞുങ്ങളുടെ നിഷ്കളങ്കത നഷ്ടപ്പെട്ടിരിക്കുന്നു!!ചുറ്റും കാണുന്നത് അനുകരിക്കാനാണല്ലോ കുഞ്ഞുങ്ങൾക്കു വാസന. കാപട്യവും കൃത്രിമത്വവും നിറഞ്ഞ ലോകത്തിൽ നിന്ന് അവർക്കു അനുകരിക്കാൻ മറ്റെന്താണു ലഭിക്കുക? “പിള്ളമനസിൽ കള്ളമില്ല" എന്ന പഴമൊഴി തിരുത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്!

dethan said...

റോസ് ബാസ്റ്റിന്,
ശരിയാണ്;കപടലോകത്തില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് കാപട്യമല്ലാതെ മറ്റൊന്നും അനുകരിക്കാന്‍ കിട്ടില്ല.