Total Pageviews

Saturday, December 20, 2008

ശിഖണ്ഡിയങ്കം (വടക്കന്‍ പാട്ട്)

വെള്ളക്കുപ്പായത്തിന്‍ വീട്ടുകാരെ
തള്ളി;ച്ചുവപ്പു കുടുംബക്കാര്‍ക്ക്
നാട്ടു കുടുംബത്തിന്‍ നായകത്വം
നാട്ടുകാര്‍ നല്‍കി പോല്‍ സ്നേഹപൂര്‍വ്വം.

ശോണകുടുംബത്തിന്‍ മൂത്ത ചേകോന്‍,
ശോഷണമേശാത്ത വീറു കാരന്‍
നാട്ടു കുടുംബത്തിന്‍ നാഥനായി
വീട്ടുകാരേറെയും തുഷ്ടരായി.

നാളേറെയായിട്ടീ വന്‍ കുടുംബ-
നായക വേഷം കിനാവുകണ്ട
ഇളമുറക്കാരന്‍ ,കുറുമ്പുകാരന്‍‍
കളിയേറെക്കണ്ട കടുപ്പക്കാരന്‍
വിരുതുള്ളോന്‍, വീട്ടിന്റെ നേതൃ സ്ഥാനി
വിജയം കൊതിക്കുന്ന കൊച്ചു ചേകോന്‍,
നാഥനായ് മൂപ്പന്‍ വരാതിരിക്കാന്‍
നോക്കിയ വേല ഫലിച്ചിടാഞ്ഞ്
തോക്കിന്റെ പാത്തി തിരിച്ചു വച്ച്
പോക്കറ്റിലുണ്ട തിരുകി വച്ച്
ലാവലിന്‍ പേടി മറച്ചു വച്ച്
ലാപ് ടോപ്പ് ബാഗു വലിച്ചടച്ച്
ശിഖണ്ഡികളെത്തന്റെ മുന്നില്‍ നിര്‍ത്തി
ഒളിയങ്കം പലതും തുടങ്ങയായി.

നാഥന്റെ വിശ്വസ്ത സേവകരെ
നാടു കടത്തുന്നു കൊച്ചു ചേകോന്‍
പകരമായ് ചാരരെ വേഷം മാറ്റി
പടിയകത്താക്കുന്നു കൊച്ചു ചേകോന്‍.

നാട്ടു ഭരണം വെടിപ്പിലാക്കാന്‍
വീട്ടുകാരൊക്കയും കൂട്ടു വേണം.
വീടിന്റെ താക്കോലോ കൊച്ചു ചേകോന്‍
നേടിയെടുത്തല്ലോ തഞ്ചമായി.
ചക്കര കാട്ടീട്ടും ചമ്മട്ടി വീശീട്ടും
ചാക്കിലാക്കുന്നവന്‍ കൂറ്റുകാരെ.
വീറോടെ മൂപ്പന്റെ പിന്നില്‍ നിന്നോര്‍
കൂറു മാറുന്നല്ലോ കൂട്ടത്തോടെ.
ഒട്ടും മെരുങ്ങാത്ത കാരണോര്‍ പക്ഷത്തെ
തട്ടിപ്പുറത്താക്കി പ്പടിയടിച്ച്
കള്ളര്‍"കുലം കുത്തി ക്കൂട്ട"രെന്ന്
ചൊല്ലിത്തകര്‍ക്കുന്നു കൊച്ചു മൂപ്പന്‍.

കണ്ടവര്‍ കട്ട കുടുംബ ഭൂമി
വീണ്ടെടുത്തപ്പോള്‍ "ക്രഡിറ്റു" ചൊല്ലി
വക്കാണമായി പുലഭ്യമായി
വാക്കിലും നോക്കിലും ചീറ്റലായി.

മൂലധനത്തിന്റെ മൂടു താങ്ങാന്‍
മൂപ്പന്‍ മടിക്കുന്ന കാരണത്താല്‍
വികസനത്തിന്നു വിരുദ്ധനെന്നും
വികല വിശ്വാസത്തിനടിമയെന്നും,
വായ്പയ്ക്കും കമ്മീഷന്‍ വാങ്ങി വാഴും
വാചക വീരരേം വന്ദികളേം
കൊണ്ടു വിളിപ്പിച്ചു കാരണോരെ,
പിന്നില്‍ നിലകൊണ്ടു ചിന്ന മൂപ്പന്‍

ഭൂമിയും വൃക്കയുംകട്ടും വിറ്റും
കേമരായ് മാറിയ കൊള്ളക്കാരെ
വീട്ടിന്റെ സ്വന്തമാം ചാനലൊന്നില്‍
കേറ്റിയിരുത്തുന്നു കൂവിക്കുന്നു.

അയലത്തെ വെള്ള ക്കുടുംബക്കാരും
അരുളാനറയ്ക്കും തെറികള്‍ പോലും
കിങ്കരക്കൂട്ടത്തെ വിട്ടു വിളിപ്പിച്ചു
തങ്കാര്യം കാട്ടുന്നു കൊച്ചു മൂപ്പന്‍.

പതിനെട്ടടവും പയറ്റിയിട്ടും
പൂഴിക്കടകനും നോക്കിയിട്ടും,
വെട്ടും തടയും മറിച്ചു തട്ടും
വെട്ടിനിരത്തലും കുന്തമേറും
കുതികാലു വെട്ടും കഴുത്തു വെട്ടും
ചതിയു,മൊളിയമ്പു കൊണ്ടു കുത്തും
ഒട്ടേറെക്കണ്ടവന്‍ മൂത്ത ചേകോന്‍
ഒട്ടുമേ കൂസുന്നില്ലെന്നറിഞ്ഞ്,
നാട്ടു കുടുംബത്തിന്‍ നാഥവേഷം
വിട്ടു കളിയ്ക്കില്ല എന്നറിഞ്ഞ്,
തിളയ്ക്കുമരിശത്താല്‍ കൊച്ചു ചേകോന്‍
ഒളിയങ്കോം തെളിയങ്കോമൊത്തു ചേര്‍ത്ത്
വെളിവില്ലാമട്ടില്‍ കുതിയ്ക്കയായി
തെളിവില്ലാത്തനുചരര്‍ക്കൊപ്പമായി.

ചേരുന്നു ചോപ്പന്‍ കുടുംബയോഗം
ചാര്‍ത്തുന്നു മൂപ്പനു മേലേ കുറ്റം:
"ചോപ്പന്‍ കുടുംബം മുടിക്കുവാനായ്
മൂപ്പനുപജാപം ചെയ്യുന്നെ"ന്ന്,
പണ്ടു താന്‍ കേറ്റിയ ചാരന്മാരെ-
ക്കൊണ്ടു പറയിച്ചു കൊച്ചു ചേകോന്‍.

നാട്ടു കുടുംബത്തിന്‍ നായകത്വം
പെട്ടെന്നു മൂപ്പനില്‍ നിന്നു മാറ്റാന്‍
യോജിച്ചൊരേമട്ടില്‍ ശങ്കയെന്യേ
യോഗത്തിലേവരും ചൊന്ന കാര്യം
അങ്ങു വടക്കുള്ള വല്യപ്പനെ
ചെന്നു ധരിപ്പിക്കാനോട്ടമായി.

കേറിയ നാള്‍ മുതല്‍ക്കിന്നേവരെ
കൂറൊള്ള വാക്കൊന്നുരച്ചിടാതെ
നേരിയ സ്വസ്ഥത നല്‍കിടാതെ
കാര്‍ന്നോരെയിട്ടു പെടുത്തും പാട്
കണ്ടു മനം വിണ്ട നല്ല മാളോര്‍
ചോദിപ്പൂ: "പണ്ടൊരു പാവത്താനാം-
വെള്ളക്കുടുംബത്തിന്‍ മൂപ്പനാരെ
വെള്ളം കുടിപ്പിച്ച തന്തേം മോനേം
പിന്നിലാക്കീടാനോ ചിന്നച്ചേകോന്‍
പിന്നെയും കച്ച മുറുക്കി നില്പൂ? "

ചോപ്പന്‍ കുടുംബം വളര്‍ത്തുവാനായ്,
ലാത്തിക്കടിയേറ്റു മണ്ടകീറി,
തോക്കിനിരയായി നെഞ്ചു പൊട്ടി,
രക്ത സാക്ഷിത്വം വരിച്ചവര്‍ തന്‍,
ചങ്കില്‍ വെടിയുണ്ട കേറുമ്പൊഴും
ഇങ്ക്വിലാബ് വീറില്‍ വിളിച്ചവര്‍ തന്‍,
സ്മൃതി മണ്ഡപത്തിന്റെയുള്ളില്‍ നിന്നും
അതി രൂക്ഷം പൊങ്ങുന്നീ തപ്തവാക്യം:
"ചേരി തിരിഞ്ഞും കെണിയൊരുക്കീം
പാര പണിഞ്ഞും കൊല വിളിച്ചും
നിങ്ങള്‍ നടത്തുന്ന പുത്തനങ്കം
ഞങ്ങളെ കൊല്ലുന്നു വീണ്ടും വീണ്ടും."

"തമ്മിലടിച്ചും തലയറുത്തും
കുമ്മിയടിച്ചും തെറി വിളിച്ചും
ചക്കളത്തിപ്പോര്‍ നടത്താനല്ല
ഇക്കുടുംബത്തിന്റെ താക്കോലെല്ലാം
നിങ്ങള്‍ക്കടിയറ വച്ചു ഞങ്ങള്‍;"
നീറും മനസ്സാലുരപ്പു നാട്ടാര്‍.

ശോണകുടുംബത്തിന്‍ നന്മയോര്‍ത്ത്
ശോണിതം ചിന്തുന്ന നിസ്വ വര്‍ ഗ്ഗോം
താക്കീതുറങ്ങുമീ വാക്കു തന്നെ
ഏറ്റു ചൊല്ലുന്നല്ലോ ഖേദമോടെ.Fans on the page

2 comments:

...പകല്‍കിനാവന്‍...daYdreamEr... said...

"ചേരി തിരിഞ്ഞും കെണിയൊരുക്കീം
പാര പണിഞ്ഞും കൊല വിളിച്ചും
നിങ്ങള്‍ നടത്തുന്ന പുത്തനങ്കം
ഞങ്ങളെ കൊല്ലുന്നു വീണ്ടും വീണ്ടും."

കൊള്ളാമല്ലോ സുഹൃത്തേ...
ആശംസകള്‍ ...

dethan said...

പകല്‍ കിനാവന്,
നന്ദി.
-ദത്തന്‍