Total Pageviews

Monday, December 15, 2008

കെ.പി.അപ്പനു പ്രണാമം

സാഹിത്യ വിമര്‍ശനത്തിനു പുതിയ മാനങ്ങള്‍ നല്‍കിയ പ്രതിഭാശാലിയാണ് ഇന്ന് അന്തരിച്ച കെ പി അപ്പന്‍.അതുല്യനായ ഈ അദ്ധ്യാപകന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത ഓരോ കൃതിയും ഓരോ തരത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്നവയാണ്.
വിമര്‍ശനത്തെ സര്‍ഗ്ഗസാഹിത്യത്തിനു സമമായി ഉയര്‍ത്തുവാന്‍ അദ്ദേഹത്തോളം സാധിച്ചവര്‍ അധികമില്ല.മിഴിവും ചടുലതയും നിറയുന്ന അസാധാരണ ശൈലിയിലൂടെ ഒരു കാലഘട്ടത്തിലെ യൗവന ഹൃദയത്തെ ഒന്നാകെ അപ്പന്‍ സാര്‍ വശീകരിച്ചു.

ക്ഷോഭിക്കുന്നവരുടെ സുവിശേഷം,തിരസ്ക്കാരം,മാറുന്ന മലയാള നോവല്‍,കലഹവും വിശ്വാസവും,വരകളും വര്‍ണ്ണങ്ങളും,
ബൈബിള്‍:വെളിച്ചത്തിന്റെ കവചം,സമയപ്രവാഹവും സാഹിത്യകലയും,പേനയുടെ സമര മുഖങ്ങള്‍,തുടങ്ങിയ കൃതികളെല്ലാം
ഒന്നിനൊന്നു വ്യത്യസ്തങ്ങളാണ്.അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികളും ഒരര്‍ത്ഥത്തില്‍ നിലവിലുള്ള വീക്ഷണങ്ങളോടുള്ള കലഹങ്ങളായിരുന്നു.

ഒരു ക്ലിക്കിലും പെടാതെ അദ്ധ്യാപനവും സാഹിത്യ രചനയും മാത്രം കൊണ്ടു നടന്ന അപൂര്‍വ്വവ്യക്തിത്വമാണ് നമ്മളെ വിട്ടുപോയത്.'സമയപ്രവാഹത്തെ സാഹിത്യകല'യോടു ബന്ധിപ്പിച്ച സാഹിത്യാചാര്യനും കാലപ്രവാഹത്തില്‍ അമര്ന്നുപോയി.
വിലമതിക്കാനാകാത്ത സമ്പത്ത് വരും തലമുറയ്ക് അവശേഷിപ്പിച്ചിട്ടാണ് കടന്നു പോയതെങ്കിലും വേര്‍പാട് വേര്‍പാടുതന്നെയാണ്.
അദ്ദേഹത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത പരിഹരിക്കാനാവത്തതും.ആധുനിക വിമര്‍ശനത്തിന്റെ ഈ അപ്പോസ്തലന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍.



Fans on the page

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആധുനിക വിമര്‍ശനത്തിന്റെ ഈ അപ്പോസ്തലന്റെ സ്മരണയ്ക്കു മുമ്പില്‍ എന്റ്റെ ആദരാഞ്ജലികള്‍.

dethan said...

സഗീറേ,
കുമാരനാശാന്‍ ചോദിച്ചപോലെ,
"..ആരിവിടെയീ നഷ്ടത്തെ വീട്ടാനിനി ?"
-ദത്തന്‍