Total Pageviews

Tuesday, December 9, 2008

ചില ഭാഷാ പ്രശ്നങ്ങള്‍

കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് അങ്ങനെ പേരിട്ടതിനെ ചൊല്ലി വിവാദമുണ്ടായപ്പോള്‍ ഡയറക്ടറായിരുന്ന എന്‍ വി കൃഷ്ണവാര്യര്‍ പ്രതികരിച്ചത് ഇന്‍സ്ടിട്യൂട്ടിന്റെ ഉദ്ദേശ്യം ആ പേരില്‍ തന്നെയുണ്ടെന്നു വിശദീകരിച്ചുകൊണ്ടാണ്.ഭാഷാ കേന്ദ്രം, ഭാഷാസ്ഥാപനം എന്നിങ്ങനെ മലയാളത്തിലോ ലാംഗ്വേജ് ഇന്‍സ്റ്റിട്യൂട്ടെന്ന്‍ ഇംഗ്ലീഷിലോ എഴുതാന്‍ വാക്കുകളില്ലാഞ്ഞല്ല സങ്കരഭാഷ അവലംബിച്ചതെന്നും കൂടി അദ്ദേഹം പറഞ്ഞു.

സംസ്കതത്തില്‍ നിന്നും പല വാക്കുകളും പ്രയോഗങ്ങളും കടമെടുത്തതു പോലെ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ നിന്നും പലതും സ്വീകരിച്ചു മലയാളത്തെ വളര്‍ത്തുകയെന്ന ലക്ഷ്യം പേരില്‍ തന്നെ ഉള്‍ക്കൊള്ളിച്ച ഭാഷാ ഇന്‍സ്റ്റിട്യൂട്ടിന് ആ ലക്ഷ്യം പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിഞ്ഞോ എന്നു സംശയമുണ്ട്. മാത്രമല്ല ഓക്സിഡേഷന്‍ ഓക്സീകരണമാക്കിയും ബോയിലിങ് പോയിന്റിനെ ഖ്വതനാങ്കമാക്കിയും മറ്റും അസുഖകരമായ ചില പ്രയോഗങ്ങളാല്‍ ഭാഷാസ്നേഹികളുടെ എതിര്‍പ്പ്ക്ഷണിച്ചു വരുത്തുകയും ചെയ്തു.
അതുകൊണ്ടാണ് പ്രഖ്യാപിത ലക്ഷ്യം കൈവരിക്കാന്‍ കഴിയാതെ പോയത്.

ഭാഷാ ഇന്‍സ്റ്റിട്യൂട്ടിനു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയ പലതും ബ്ലോഗുകളില്‍ വിജയകരമായി നിര്‍വ്വഹിക്കപ്പെടുന്നുണ്ട്.പല പുതിയ പദങ്ങളും പ്രയോഗങ്ങളും അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.മിക്കവയും പ്രയോജനകരവും സൗകര്യപ്രദവും, അതുകൊണ്ടുതന്നെ ഉപയോഗക്ഷമവുമാണ്.ബ്ലോഗ് മാദ്ധ്യമത്തെ പൊതുവെ സൂചിപ്പിക്കുന്ന 'ബൂലോകം' ഏറ്റവും നല്ല ഉദാഹരണം.
പോസ്റ്റ് ചെയ്യുക എന്നതിനു പകരം പോസ്റ്റുക എന്നെഴുതുന്നത് ബൂലോകത്ത് പതിവായിരിക്കുന്നു.ഒപ്പിട്ടു എന്നതിന് ഒപ്പി തുടങ്ങിയ പലതും ബൂലോകം അംഗീകരിച്ചിരിക്കുന്നു.

പണ്ട് കോളേജ് ക്ലാസുകളില്‍ വച്ച് ഇത്തരം സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ ചില കുനുഷ്ട് ചോദ്യങ്ങളിറക്കി അദ്ധ്യപകര്‍ ഞങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ട്.'പോസ്റ്റി' പോലെ 'വര്‍ക്ക് ' ചെയ്തു എന്ന് എങ്ങനെയാണു പറയുന്നതെന്നാണ് ഒരു ചോദ്യം.അതു പോലെ 'ടൂര്‍'പോയി എന്നതിനു പകരം 'ടൂര്‍'ന്റെ ഭാവി,വര്‍ത്തമാന ,ഭൂത കാലങ്ങള്‍ എങ്ങനെ ?ഗ്രാമ്യമെന്നു തോന്നുന്ന അത്തരം പ്രയോഗങ്ങള്‍ വേണ്ടെന്നു വച്ചാല്‍ പോരെ എന്നു ചോദിച്ചാല്‍ സാറന്മാര്‍ക്കു സമ്മതമല്ലായിരുന്നു.അദ്ധ്യാപകര്‍
അനുവദിച്ചിരുന്നില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ വാമൊഴിയില്‍ ഇതെല്ലാം പ്രയോഗിക്കുമായിരുന്നു.

അന്ന് സര്‍വ്വസാധാരണമായി കാമ്പസ്സുകളില്‍ ഉപയോഗിച്ചു വന്ന ഒരു പ്രയോഗമാണ് "അണ്‍സഹിക്കബിള്‍".വ്യാകരണ നിയമങ്ങള്‍ നോക്കുമ്പോള്‍ വികലമായി തോന്നിയാലും ആശയം വേഗത്തില്‍ സംവേദനം ചെയ്യാന്‍ കഴിയുന്ന ഇത്തരം പ്രയോഗങ്ങള്‍ക്കു സാധുത നല്‍കേണ്ടതാണ്.ഇങ്ങനെ 'അബിള്‍' പ്രത്യയം ചേര്‍ത്ത് പല വാക്കുകള്‍ക്കും പുതിയ അര്‍ത്ഥം നല്‍കാന്‍ കഴിയും.വായിക്കബിള്‍, കേള്‍ക്കബിള്‍ എന്നിങ്ങനെ പലതും.ഇംഗ്ലീഷ് മട്ടില്‍ ബഹുവചനം നിര്‍മ്മിക്കുകയാണ് മറ്റൊരു രീതി.പഴയ മണിപ്രവാള കാലഘട്ടം പോലെ പുതിയ മംഗ്ലീഷ് കാലഘട്ടം മലയാളത്തിനു വന്നുചേര്‍ന്നോ എന്ന് ചോദിച്ചേക്കാം. മണിപ്രവാള ഘട്ടം നേട്ടമേ ഭാഷയ്ക്ക് ഉണ്ടാക്കിയിട്ടുള്ളു.അപ്പോള്‍ മംഗ്ലീഷ് കാലവും ഭാഷയ്ക്ക് ഗുണം ചെയ്യുമെന്നു വിശ്വസിക്കാം.

ചാറ്റിങ്ങും ഇ മെയലിങ്ങും പതിവായപ്പോള്‍ ചുരുക്കെഴുത്തും സൂത്രപ്പണികളും ഇംഗ്ലീഷിലെഴുത്ത് എളുപ്പമാക്കി.മലയാളത്തിലും ഈ രീതി അവലംബിക്കാവുന്നതേ ഉള്ളൂ.അതിന് മറ്റു ഭാഷകുളുടെ സഹായം തേടുന്നതില്‍ തെറ്റില്ല.

മരിക്കുക എന്നതിന് ചാകുക എന്നാണ് അര്‍ത്ഥം.പക്ഷേ മരണം എന്ന നാമരൂപത്തിനു സമാനമായി "ചാക്ക് "എന്നു സാധാരണ പ്രയോഗിക്കാറില്ല."ചാക്കാല" യാണ് പതിവ്.എന്നാല്‍,
"ആക്കു ബുദ്ധി കലരുന്ന പോറ്റിമാര്‍
'ചാക്കു' നല്‍കി നൃപതിക്കു നഞ്ഞിനാല്‍" എന്ന് മഹാകവി ഉള്ളൂര്‍ 'ഉമാകേരള'ത്തില്‍ പ്രയോഗിച്ചിരിക്കുന്നതു കണ്ടപ്പോള്‍,
ചാക്കാല പോലെ "ചാക്കും" മരണത്തിനു പകരമായി ഉപയോഗിക്കാമെന്നു മനസ്സിലായി.വാല്‍മീകി രാമായണം തര്‍ജ്ജമ(കിഷ്ക്കിന്ധാ കാണ്ഡം)യില്‍ മഹാകവി വള്ളത്തോളും ഇതേ അര്‍ത്ഥത്തില്‍ "ചാക്ക് " പ്രയോഗിച്ചിട്ടുണ്ട്.മഹാകവികള്‍ക്ക് ഇത്തരം
സ്വാതന്ത്ര്യമാകാമെങ്കില്‍ വായനക്കാരായ നമുക്കും അല്പസ്വല്പം സ്വാതന്ത്ര്യം എടുത്തു കൂടേ? കവികള്‍ പ്രാസം ഒപ്പിക്കാനാണ് ഈ പരാക്രമം കാണിക്കുന്നതെങ്കില്‍ നമ്മള്‍ സ്വാതന്ത്ര്യമെടുക്കുന്നത് ആശയം വെളിവാക്കാനാണെന്നു മാത്രം.ഭാഷയ്ക്കു ഗുണകരമാകുമെങ്കില്‍ ഇങ്ങനെ കാട്ടുന്ന സ്വാതന്ത്ര്യം നല്ലതല്ലേ?




Fans on the page

7 comments:

Umesh::ഉമേഷ് said...

ചാക്കു് മരണം എന്ന അര്‍ത്ഥത്തില്‍ അംഗീകരിക്കപ്പെട്ട വാക്കാണു്.

സംഭാവിതസ്യ ചാകീര്‍ത്തിര്‍-
മരണാദതിരച്യതേ

എന്ന മഹാഭാരത(ഭഗവദ്‌ഗീത)ശ്ലോകാര്‍ദ്ധത്തെ

പേര്‍ കേട്ടവന്നു ദുഷ്കീര്‍ത്തി
ചാക്കിലും വലുതാണെടോ

എന്നാണു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പരിഭാഷപ്പെടുത്തിയതു്.

ചാക്കേകുന്നതിനാളുകള്‍ക്കു യമനോടര്‍ദ്ധാംശഭുക്ക്...

ചാക്കില്ലാത്ത ജനങ്ങളില്ല...

എന്നൊക്കെ വേറെയും പ്രയോഗങ്ങളുണ്ടു്. പദ്യത്തിലെ കണ്ടിട്ടുള്ളൂ.

നല്ല ലേഖനം.

അനോണി ആന്റണി said...

ദത്താ, ലേഖനം നന്നായി. പുതിയ വാക്കുകളും പ്രയോഗങ്ങളും ജനിക്കുന്നത് ഭാഷ നിലനില്‍ക്കുന്നുണ്ട് എന്നതിന്റെയും പ്രയോഗിക്കപ്പെടുന്നുണ്ട് എന്നതിന്റെയും പ്രധാന തെളിവുകളില്‍ ഒന്നാണ്‌ . പേസ്റ്റി/ ക്ലിക്കി/ കമന്റി തുടങ്ങിയ പ്രയോഗങ്ങള്‍ നല്ല ലക്ഷണം തന്നെയെന്ന് തോന്നുന്നു.

ദോശ "ചുട്ടു", കറി "വച്ചു", അമ്പ് എയ്തു വെടി വച്ചു .. ഈ കാറ്റഗറിയില്‍ വരുന്ന ഒരു പ്രയോഗം ഓഫ് "അടിച്ചു". ഓഫ് ടോപ്പിക്ക് കമന്റ് എഴുതി എന്ന് അര്‍ത്ഥം.

ചാ+ ആദിദ്രാവിഡ പദമാണ്‌. ചാവ്/ചാക്ക്/ചത്തു/ തുടങ്ങിയവ തമിഴ് , മലയാളം, തുളു തെലുങ്കാദി ഭാഷകളില്‍ കാണാം.

അല - നിലവിളി (അലമുറയിട്ടു എന്നതിലെ അല തന്നെ) മറ്റൊരു ആദി ദ്രാവിഡ പദവും . അലപ്പ്, അലച്ചു അലപ്പി, അലന്ത് എന്നതെല്ലാം വേദനകൊണ്ട് കരയുന്നു എന്നയര്‍ത്ഥമുള്ള പദപ്രയോഗം.
(ചാക്കപ്പന്‍ = ചാക്ക്+ അപ്പന്‍ - മരണത്തിന്റെ പിതാവ് ആണോ എന്ന് ചോദിക്കല്ലേ, ഉത്തരം മുട്ടും. )
ബന്ധുക്കളോ സ്നേഹിതരോ ആരെങ്കിലും മരിച്ച വേദനയില്‍ കരയുന്ന ചടങ്ങ് എന്നതാണ്‌ ചാക്ക് + അല = ചാക്കാല.

dethan said...

ഉമേഷിന്,
നന്ദി.തമ്പുരാന്റെ ഭാരതം തര്‍ജ്ജമ വായിച്ചിട്ടില്ല.
അറിഞ്ഞതില്‍ സന്തോഷം.സാധാരണഗതിയില്‍
"ചാക്ക് " മരണത്തിനു പകരമായി പ്രയോഗിക്കാറില്ലെന്നേ ഉദ്ദേശിച്ചുള്ളു.

അനോണി ആന്റണിക്ക്,
വളരുന്ന ഭാഷയിലേ പുതിയ പദങ്ങളും പ്രയോഗങ്ങളും ജനിക്കൂ എന്നു താങ്കള്‍ പറഞ്ഞതു ശരിയാണ്.
ഓഫ് അടിച്ചതു പോലെ പുതിയപ്രയോഗങ്ങള്‍
ഇനിയും ധാരാളം ഉണ്ടാകട്ടെ."ചാക്കാല" യുടെ നിഷ്പത്തി അസ്സലായി.നന്ദി.

-ദത്തന്‍

Radheyan said...

പുതുമയുള്ള ലേഖനം.നന്നായി,ഉമേഷ്‌ജിയുടെയും അന്തോണിച്ചന്റെയും വിശദീകരണങ്ങളും നന്ന്.

dethan said...

രാധേയന്,
നന്ദി.പോസ്റ്റൊന്നും ഈയിടെ കാണാനില്ലല്ലോ.
-ദത്തന്‍

chithrakaran ചിത്രകാരന്‍ said...

ഭാഷ വളരാന്‍ തെരുവുകളും,ചന്തകളും,ചായക്കടകളും,ബാര്‍ബര്‍ ഷോപ്പുകളും ഉണ്ടായാല്‍ മതിയാകും.
:)

dethan said...

ചിത്രകാരാ,
കള്ളുഷാപ്പു കൂടെ വേണ്ടേ?
-ദത്തന്‍