Total Pageviews

Sunday, November 30, 2008

വി. പി .സിംഗ്

താന്‍ വിശ്വസിച്ച ആദര്‍ശങ്ങള്‍ക്കു വേണ്ടി അധികാരക്കസേര ഉപേക്ഷിക്കേണ്ടി വന്ന ഒറ്റ പ്രധാനമന്ത്രിയേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളു;-നവംബര്‍ 27 ന് അന്തരിച്ച വി പി സിംഗ് എന്ന വിശ്വനാഥ് പ്രതാപ് സിംഗ്.1989 ല്‍ രണ്ടാമത്തെ കോണ്‍ഗ്രസേതര മന്ത്രിസഭയൂടെ തലവനായി അധികാരത്തിലെത്തിയ അദ്ദേഹത്തിന് റബ്ബര്‍ നെട്ടെല്ലും പ്ലാസ്റ്റിക് മനസ്സാക്ഷിയുമാണുണ്ടായിരുന്നതെങ്കില്‍ അഞ്ചു വര്‍ഷവും ഇന്ദ്രപ്രസ്ഥം വാഴാമായിരുന്നു.

ഇടതു പക്ഷ കക്ഷികളും ബിജെപിയും പിന്തുണച്ചതു കൊണ്ടാണ് ജനതാ ദള്‍ പാര്‍ട്ടിക്കാരനായ വി.പി.സിംഗിന് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത്.അഴിമതിയും അധികാര ഭ്രാന്തും കൊണ്ടു ജീര്‍ണ്ണിച്ച കോണ്‍ഗ്രസ്സിനോടു വിട പറഞ്ഞ് ജനതാദള്‍ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ അദ്ദേഹം സ്വപ്നം കണ്ടത് സംശുദ്ധമായ രാഷ്ട്രീയവും സംശുദ്ധഭരണവുമായിരുന്നു.അധികാരം കൈയില്‍ കിട്ടിയപ്പോള്‍ സ്വപ്നം യഥാര്‍ത്ഥ്യമാക്കാന്‍ അദ്ദേഹം ശ്രമിച്ചു.തീര്‍ത്തും ഭിന്നമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടായിരുന്ന ഘടക
കക്ഷികളുടെയും പിന്തുണക്കാരുടെയും ലക്ഷ്യം വേറെ ആയിരുന്നു.

സാമൂഹിക നീതി ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ബി ജെപി അവരുടെ തനിനിറം കാട്ടി.ഹിന്ദുത്വം എന്നാല്‍ സവര്‍ണ്ണ ഹിന്ദുത്വം ആണെന്നും അതില്‍ പിന്നോക്കക്കാരനും ദളിതനും പെടില്ല എന്നും ബിജെപിയും വിശ്വഹിന്ദുക്കളും പരിവാരങ്ങളും മണ്ഡല്‍കമ്മീഷന്‍ ശുപാര്‍ശയ്ക്കെതിരെ നിലകൊണ്ടതോടെ വ്യക്തമായി.നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവരുടെ മോചനമല്ല അയോദ്ധ്യയില്‍ ശ്രീരാമനു ക്ഷേത്രം നിര്‍മ്മിക്കലാണ് അടിയന്തിര കര്‍മ്മമെന്ന് അവര്‍ തീര്‍ച്ചപ്പെടുത്തി.അയോദ്ധ്യയില്‍ എവിടെയെങ്കിലും പോരാ ബാബറി മസ് ജിദ് പൊളിച്ചിട്ട് അവിടെത്തന്നെ അമ്പലം പണിഞ്ഞാലേ ഇഷ്ടദൈവം പ്രീതനാകൂ എന്നും അവര്‍ക്കു വെളിപാടുണ്ടായി.അങ്ങനെ ദശരഥന്റെ മകനു വേണ്ടി അദ്വാനി ഏകരഥ യാത്ര തുടങ്ങി.

ഉദ്ദേശ്യം വളരെ പ്രകടമായിരുന്നു:മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മന്ത്രിസഭയെ തള്ളിയിടുക.അതിന്റെ മുന്നൊരുക്കമായി വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കുക.പക്ഷേ തേരോട്ടം ബീഹാറില്‍ വച്ച് ലാലുപ്രസാദ് യാദവ് തടഞ്ഞു.അതോടെ ബിജെപി പിന്തുണ പിന്‍ വലിച്ചു.11 മാസം മാത്രം പ്രായമുള്ള വി.പി .സിംഗ് മന്ത്രിസഭ നിലം പതിച്ചു.

1990 ആഗസ്റ്റില്‍ മണ്ഡല്‍കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ തീരുമാനിച്ചതോടെ വിപി സിംഗിനെതിരെ യുദ്ധം തുടങ്ങിയിരുന്നു. അവശജന വിഭാഗങ്ങളെ എന്നും അധികാരത്തിന്റെ അകത്തളങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ആഗ്രഹിച്ച സവര്‍ണ്ണ,സമ്പന്ന വര്‍ഗ്ഗം സിംഗിനെതിരെ തെരുവിലിറങ്ങി.ഈ വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥി യുവജന സമൂഹത്തെ അവര്‍ അതിന് ആയുധമാക്കി.സമരം കണ്ടു നിന്ന നിരപരാധികളുടെമേല്‍ പെട്രോളൊഴിച്ചു കത്തിച്ച് രക്തസാക്ഷികളെ സൃഷ്ടിച്ചു.

അധികാരക്കസേരകളിട്ട് അമ്മാനമാടിയിരുന്ന കുത്തകപ്പത്രങ്ങളിലെ കൂലിയെഴുത്തുകാര്‍ പ്രധാനമന്ത്രിയെ തേജോവധം ചെയ്യാന്‍ മുഴുവന്‍ സമയവും വിനിയോഗിച്ചു.മാദ്ധ്യമ ലോകത്തെ മുടിചൂടാമന്നനായിരുന്ന ഒരു മാന്യന് ഉപകാരസ്മരണയായി, പിന്നീടു വന്ന ബിജെപി മന്ത്രി സഭയില്‍ കാബിനറ്റ് മന്ത്രി പദവി തന്നെ ലഭിച്ചു.വിറ്റുതുലയ്ക്കല്‍ വകുപ്പു മന്ത്രിയായ ഇദ്ദേഹം രാജ്യത്തെ തന്നെ വില്ക്കുന്നതാണ് പിന്നീടു നമ്മള്‍ കണ്ടത്.കേരളത്തിലെ ഒരു പത്രമുത്തശ്ശി വിപി സിംഗിന് ഭ്രാന്താണെന്നു വരെ എഴുതിപ്പിടിപ്പിച്ചു. ഇത്രയൊക്കെയായിട്ടും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.മണ്ഡലിന്റെ ശുപാര്‍ശ നടപ്പാക്കുക തന്നെ ചെയ്തു.

വിപി സിംഗ് പ്രധാനമന്ത്രിയായി ഭരിച്ചത് പതിനൊന്നു മാസം മാത്രം.പക്ഷേ പതിനൊന്നു കൊല്ലം ഭരിച്ചവരേക്കാള്‍ തന്റെ ഭരണകാലം അര്‍ത്ഥവത്താക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.മണ്ഡല്‍ ശുപാര്‍ശ നടപ്പാക്കതിരുന്നാല്‍ മതിയായിരുന്നു.അല്ലെങ്കില്‍ അദ്വാനി പള്ളി തകര്‍ക്കാന്‍ തുടങ്ങുമ്പോള്‍ കണ്ണടച്ചാല്‍ മതിയായിരുന്നു. (അതാണല്ലോ നരസിംഹറാവു ചെയ്തത് !)
എങ്കില്‍ സിംഗിന് അഞ്ചല്ല പത്തു കൊല്ലവും ഭരിക്കാമായിരുന്നു.തനിക്കോ തന്റെ കുടുംബക്കാര്‍ക്കോ സമുദായക്കാര്‍ക്കോ പാര്‍ട്ടിക്കാര്‍ക്കോ പ്രത്യേക നേട്ടമുണ്ടാക്കാന്‍ വേണ്ടിയായിരുന്നില്ല അപവാദങ്ങളും ശകാരങ്ങളും കേട്ടതും സ്ഥാനം നഷ്ടപ്പെടുത്തിയതും.

തനിക്കു മുമ്പ് ഭാരതത്തിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ ആരും ചെയ്യാന്‍ ധൈര്യപ്പെടാത്ത നപടിയാണ് വിപി സിംഗ് സ്വീകരിച്ചത്.സ്വാതന്ത്ര്യം കിട്ടി അര നൂറ്റാണ്ടാകാറയിട്ടും ഭരണയന്ത്രത്തിന്റെ ഏഴയലത്ത് അടുപ്പിക്കാതിരുന്ന ഒരു വലിയ ജനസമൂഹത്തെ അതിന്റെ ഭാഗമാക്കി മാറ്റാന്‍ തീരുമാനിച്ചു.1930കളില്‍ രാജഭരണ കാലത്തു തന്നെ കേരളത്തിലും മൈസൂറിലും മറ്റും പിന്നോക്കക്കാര്‍ക്ക് സര്‍ക്കരുദ്യോഗങ്ങളില്‍ കിട്ടിയിരുന്ന ആനുകൂല്യം, സ്വതന്ത്ര,പരമാധികാര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയ ഇന്ത്യയുടെ ഗവണ്മെന്റ് ജോലികളില്‍ ലഭിച്ചിരുന്നില്ല.സോഷ്യലിസം പ്രസംഗിച്ച ജവഹര്‍ലാല്‍ നെഹ്രു മുതല്‍ ഹൈടെക് ഭരണത്തിന്റെ വക്താവായ രാജീവ് ഗാന്ധി വരെയുള്ള പ്രധാന മന്ത്രിമാരാരും ഈ നീതി കേടിനു പരിഹാരം കാണാന്‍ ധൈര്യം കാട്ടിയില്ല.പിന്നോക്ക വിഭാഗങ്ങളുടെ അവശതയെക്കുറിച്ച് അന്വേഷിക്കുവാന്‍ ഒരു കമ്മീഷനെ നിയമിക്കാന്‍ പോലും മാറിമാറി അധികാരത്തില്‍ വന്നകോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ തയ്യാറായില്ല.1979 ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാരാണ് മണ്ഡല്‍ കമ്മീഷനെ നിയമിച്ചതു തന്നെ.റിപ്പോര്‍ട്ടു കിട്ടിയതിനു ശേഷം ഭരണത്തിലെത്തിയ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളാകട്ടെ അതിന്മേല്‍
അടയിരിക്കുകയാണ് ചെയ്തത്.

ഉദ്യോഗ സംവരണം എന്ന കേവല നേട്ടത്തിനപ്പുറം നിഷേധിക്കപ്പെട്ട സാമൂഹിക നീതി നടപ്പാക്കുക എന്ന വിശാല ലക്ഷ്യമായിരുന്നു വിപി .സിംഗിനുണ്ടായിരുന്നത്. പ്രലോഭനങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും അദ്ദേഹത്തെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. മറ്റ് ഇന്ത്യന്‍ പ്രധാനമന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കവിയും ചിത്രകാരനും കൂടിയായ ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നത് അതാണ്.1997ല്‍ തനിക്കു വച്ചു നീട്ടിയ പ്രധാനമന്ത്രി പദം സന്തോഷപൂര്‍ വ്വം തിരസ്കരിച്ച് അധികാരത്തിന്റെ പ്രലോഭനത്തില്‍ താന്‍ വീഴില്ലെന്ന് ഒരിക്കല്‍ കൂടി അദ്ദേഹം തെളിയിച്ചു. കുഴിയിലേക്കു കാലും നീട്ടിയിരിക്കുമ്പോഴും മന്ത്രിക്കസേരയില്‍ കണ്ണും നട്ട് നെടുവീര്‍പ്പിടുകയും സൃഗാലതന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അശ്ലീലജന്മങ്ങളു
മായി താരതമ്യപ്പെടുത്തുമ്പോഴേ വിപി സിംഗിന്റെ മരണത്തോടെ നമുക്കു നഷ്ടപ്പെട്ടതെന്തെന്ന്മനസ്സിലാകൂ.


Fans on the page

8 comments:

dethan said...

ഭീകരരുടെ വെടിയൊച്ചകള്‍ക്കും കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ നിലവിളികള്‍ക്കും ഇടയില്‍ ഇന്ത്യകണ്ട നീതിമാനായ പ്രധാനമന്ത്രിയുടെ മരണവാര്‍ത്ത അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ കടന്നുപോയി.ദീര്‍ഘകാലമായി രോഗം ബാധിച്ച് മരണം കാത്തു കിടന്ന ഒരാളുടെവേര്‍പാടിനെക്കാള്‍
തീര്‍ച്ചയായും വേദനയും നടുക്കവും ഉണ്ടാക്കുന്നത് അപ്രതീക്ഷിതവും ഭീതിദവുമായ കൊലപാതകങ്ങളാണ്.അതില്‍ അനുശോചിക്കുന്നതും സ്വാഭാവികം.പക്ഷേ വിപി സിംഗിനെപ്പോലെ അതുല്യനായ ഒരു വ്യക്തിയുടെ വിയോഗം ബ്ലോഗര്‍ലോകം കണ്ടില്ലെന്നു നടിക്കുന്നത് ശരിയായി തോന്നുന്നില്ല.
-ദത്തന്‍

വികടശിരോമണി said...

ആദരാജ്ഞലികൾ...

പാമരന്‍ said...

വീപീയുടെ മരണം ബോംബേ ആക്രമണത്തില്‍ മുങ്ങിപ്പോയി. അര്‍ഹിക്കുന്ന ആദരവ്‌ അദ്ദേഹത്തിനു കിട്ടിയോ എന്നു സംശയം. ആദരാഞ്ജലികള്‍.

dethan said...

വികടശിരോമണി,

പാമരന്‍,

അതെ.ആദരാഞ്ജലി അര്‍പ്പിക്കുക മാത്രമേ നമുക്കു കരണീയമായുള്ളു.

Sunith Somasekharan said...

വ പി സിങ്ങിന് എന്റെ ആദരാഞ്ജലികള്‍ , താങ്ങള്‍ പറഞ്ഞ എല്ലാ കാര്യങ്ങളിലും യോജിക്കാന്‍ സാധിക്കില്ല ... ഒരു വിദേശ ആക്രമി രാജ്യത്തെ ആക്രമിച്ചു അവിടുത്തെ സ്വത്തുക്കള്‍ തട്ടിയെടുത്തു നമ്മുടെ ദേശീയ പുരുഷന്‍ ആയ രാമന്റെ ക്ഷേത്രം ആക്രമിച്ചു കീഴ്പെടുത്തി ... അനേകായിരം പേര്ക്ക് അന്ന് ജീവഹാനി സംഭവിച്ചു ... രാജ്യത്തെ അപമാനിക്കാന്‍ ക്ഷേത്രം പൊളിച്ചു ഒരു കെട്ടിടം കെട്ടി ... അന്ന് ശക്തിയില്ലാതിരുന്ന നാം ശക്തിയുണ്ടായപ്പോള്‍ അതുപോളിച്ചുമാറ്റി... അപമാനം കഴുകികളഞ്ഞു ... ആരും പള്ളി പൊളിചിട്ടില്ല ... എല്ലാ ക്ഷേത്രങ്ങളെയും തുല്യ പ്രധാന്യത്തോട്‌ കാണാന്‍ നമ്മുടെ സംസ്കാരത്തിന് കഴിയും ...

dethan said...

My......C..R..A..C..K........Words,
ദേശീയ പക്ഷി,ദേശീയ മൃഗം എന്നൊക്കെ പറയുമ്പോലെ ദേശീയ പുരുഷനും ഉണ്ടോ?അപ്പോള്‍
ദേശീയ സ്ത്രീയും കാണണമല്ലോ!
അതാരാണ്?സീതയോ?ശ്രീകൃഷ്ണ ഭക്തരും ശിവഭക്തരും താങ്കളുടെ ഈ ബഹുമതി നല്‍കല്‍ അംഗീകരിക്കുമോ?

താങ്കള്‍ സൂചിപ്പിക്കുന്ന ആക്രമണകാരികള്‍ക്കു മുമ്പു മദ്ധ്യേഷ്യയില്‍ നിന്ന് വന്നവരായിരുന്നല്ലോ
ഇന്ത്യയിലെത്തിയ ആദ്യത്തെ ആക്രമണകാരികള്‍.
സാങ്കേതികജ്ഞാനത്തിലും സംസ്കാരത്തിലും വളരെ മുമ്പിലായിരുന്ന നമ്മുടെ പൂര് വ്വികരെ ആയുധബലം കൊണ്ടും കായികശേഷി കൊണ്ടും കീഴ്പ്പെടുത്തി
എല്ലാം നശിപ്പിച്ചത് അവരാണ്.ആ നിലക്ക് അവര്‍ നിര്‍മ്മിച്ച ക്ഷേത്രങ്ങളും കൂടി തകര്‍ത്താലേ തങ്കളുടെ
തിയറി പൂര്‍ത്തിയാകൂ.എങ്കില്‍ പിന്നെ യാതൊരു പ്രശ്നവുമില്ല.സര് വ്വം സ്വച്ഛം!!

പോരാളി said...

ദെത്തന്‍.അര്‍‌തഥവത്തായ പോസ്റ്റ്. കാണാന്‍ അല്പം വൈകി. ഞാനും വി പി യെക്കുറിച്ച് ഒരു പോസ്റ്റിട്ടിരുന്നു. http://kungikka.blogspot.com/2008/11/blog-post_30.html

അഭിനന്ദനങ്ങള്‍ താങ്കളുടെ പോസ്റ്റിന്

dethan said...

കുഞ്ഞിക്കയ്ക്ക്,
നന്ദി.
പോസ്റ്റു കണ്ടു.കമന്റ് ഇടുകയും ചെയ്തു.മഹാനായ ആ മനുഷ്യസ്നേഹിയെ അര്‍ഹമായ വിധം ആദരിക്കുന്നവര്‍
വേറെയും ഉണ്ടെന്നറിയുന്നതില്‍ സന്തോഷം.
-ദത്തന്‍