Total Pageviews

Saturday, November 15, 2008

ചാന്ദ്രയാനും കവികളുടെ അമ്പിളിയും

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പറഞ്ഞതു പോലെ നമ്മുടെ ശാസ്ത്രജ്ഞന്മാര്‍
"ഇന്ത്യയ്ക്ക് ചന്ദ്രനെ സമ്മാനിച്ച"സന്ദര്‍ഭം ഓരൊ ഭാരതീയനും അഭിമാനത്തിന്റെതാണ്.ചാന്ദ്രയാന്‍ ദൗത്യം വിജയിപ്പിച്ച ശാസ്ത്ര പ്രതിഭകള്‍ക്ക് അഭിവാദ്യങ്ങള്‍.ശാസ്ത്രജ്ഞര്‍ പരീക്ഷണ വിധേയമാക്കുന്ന ചന്ദ്രന്‍ നമ്മുടെ കവിഭാവനയെ സ്വാധീനിച്ചത് എങ്ങനെയെന്ന് പരിശോധിക്കുന്നത് രസകരമായിരിക്കും.

കുഞ്ഞിനെക്കണ്ടപ്പോള്‍ ഇരയിമ്മന്‍ തമ്പി സംശയിച്ചത്,
'ഓമനത്തികള്‍ കിടാവോ' എന്നാണ്.

"തുമ്പപ്പൂവിലും തൂമയെഴും നിലാ‌-
വമ്പില്‍ത്തൂകിക്കൊണ്ടാകാശ വീഥിയില്‍
അമ്പിളി പൊങ്ങി നില്‍ക്കുന്നിതാ മര-
ക്കൊമ്പില്‍ നിന്നൊരു കോലോളം ദൂരത്തില്‍.
.....
ഒട്ടു നില്‍ക്കങ്ങു വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെനിക്കോമനേ." എന്ന് കുമാരനാശാന്‍.

"ആമ്പല്‍പ്പൂ പോലുള്ള നിന്മിഴിയൊട്ടൊട്ടു
കൂമ്പുന്നതിന്‍ ഭംഗി കാണുവാനോ
സാമ്പ്രതം നോക്കി നില്‍ക്കുന്നൂ നഭസ്സിങ്ക-
ലാമ്പല്‍ വിടര്‍ത്തുന്നൊരമ്പിളി താന്‍." എന്നാണ് കുഞ്ഞുറങ്ങുന്നതു കണ്ടപ്പോള്‍ വള്ളത്തോളിനു
തോന്നിയത്.

"അമ്പിളിയമ്മാവാ! തിരിഞ്ഞു നി-
ന്നന്‍പിനോടൊന്നുചൊല്ല്;
എങ്ങുപോകുന്നിവണ്ണം നീ തനി-
ച്ചങ്ങു ഞാനും വരട്ടോ ?
.............................
വെള്ളിത്തളിക പോലെ മാനത്തു നീ
മിന്നിത്തിളങ്ങുന്നല്ലോ
വല്ലതും തന്നിടാമോ വിശക്കുന്നു
കൂടെ ഞാനും വരട്ടോ?" എന്ന് പന്തളം കേരളവര്‍മ്മ ചന്ദ്രനോടു ചോദിക്കുന്നു.

ജി ശങ്കരക്കുറുപ്പ്,ചന്ദ്രനോടു പറയുന്നതിങ്ങനെ:
"കുളിരമ്പിളി നിന്നെ ഞാന്‍ പിടിക്കും
പുളി മേല്‍ കേറ്റിയൊരാളിരുത്തിയെങ്കില്‍"

"ചന്ദ്രികയൊഴുകും തിരുവാതിരയും
ചന്ദന ഗന്ധം തഴുകും രാവും
സുന്ദരിമാരുടെ പാട്ടും കളിയും
സമ്മേളിക്കുകിലെന്താവും?" എന്ന് അത്ഭുതപ്പെടുന്നു വെണ്ണിക്കുളം ഗോപാലക്കുറുപ്പ്.

വൈലോപ്പിള്ളിക്ക് ചന്ദ്രക്കല കണ്ടപ്പോള്‍,
"കാളുന്ന വാനത്തു നാളീകേര-
പ്പൂളൊന്നു വാടിക്കിട"ക്കുകയാണെന്നതില്‍ സംശയമുണ്ടായില്ല.

അമ്പിളിയെ തൊടാനുള്ള ആശാന്റെ ആഗ്രഹംനമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിരിക്കുന്നു.കവി ഭാവന യാഥാര്‍ത്ഥ്യമായി: ഒരു മഹാരാജ്യത്തിന്റെ സ്വപ്നങ്ങളും!!


Fans on the page

2 comments:

fanny magnet said...

ITHU ORU CHERIYA CHAVITTUPATI MAATHRAM.VERUKALIL URACHUNILKUMBOLUM AAKASATHILEYKKU NAAM PADARNNU PANTHALIYKKANAM

dethan said...

fanny magnet ,
ആകാശത്തിനപ്പുറവും പടരട്ടെ
-ദത്തന്‍