Total Pageviews

Thursday, November 20, 2008

മാലേഗാവ് വിരല്‍ ചൂണ്ടുന്നത്

മാലേഗാവ് സ്ഫോടനത്തിന്റെ അന്വേഷണ ഫലം വിരല്‍ ചൂണ്ടുന്നത് എവിടേയ്ക്കാണെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞിരുന്നു.പറഞ്ഞത് അദ്ദേഹമായതുകൊണ്ട് ആരും അത്ര കാര്യമായി എടുത്തു കാണില്ല. എന്നാല്‍ എല്ലാ സംശയങ്ങള്‍ക്കും അറുതി വരുത്തിക്കൊണ്ട് ലാലുപ്രസാദിന്റെ പ്രസ്താവന വാസ്തവമാണെന്നു തെളിഞ്ഞിരിക്കുന്നു.ബിജെപി ഭീകര സംഘടനയാണെന്നും അദ്വാനി തീവ്രവാദി യാണെന്നുമാണ് യാദവന്‍ സൂചിപ്പിച്ചത്.

മാലേഗാവ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരയായ പ്രജ്ഞാസിങ് ഠാക്കൂര്‍ എന്ന സന്യാസിനിയമ്മയെ പോലീസ് പീഡിപ്പിക്കുന്നെന്ന് പറഞ്ഞ് അദ്വാനിജി രംഗത്തെത്തിയിരിക്കുന്നു.സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരോട് സഹതാപം തോന്നാത്ത നേതാവിന്,സ്ഫോടനം നടത്തുന്നതിന് ആവശ്യമായതെല്ലാം ചെയ്തുകൊടുക്കുകയും സ്ഫോടനത്തില്‍ ആള്‍നാശം കുറഞ്ഞതില്‍ കുണ്ഠിതപ്പെടുകയും ചെയ്യുന്ന സോകാള്‍ഡ് സന്യാസിനിയെ പോലീസ് ചോദ്യം ചെയ്യുന്നതു പോലും സഹിക്കുന്നില്ല!

ഭീകരവിരുദ്ധ സ്ക്വാഡിന്റെ അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ പല കള്ളിക്കളികളും പുറത്തുവരും.മുസ്ലീംതീവ്രവാദികളുടെ മേല്‍ ഇതുവരെ കെട്ടിവച്ചിരുന്ന പല സ്ഫോടനങ്ങളും ആസൂത്രണം ചെയ്തതത് ബിജെപി,സംഘപരിവാര്‍,വിശ്വഹിന്ദു,സിന്‍ഡിക്കേറ്റ്,ആണെന്ന സത്യം പൂര്‍ണ്ണമായും അനാവരണം ചെയ്യപ്പെടുമോ എന്നാണ് അദ്വാനി ഉള്‍പ്പെടെയുള്ളവരുടെ ഭയം.ബാബറി മസ് ജിദ് തകര്‍ത്തവര്‍ക്ക് ഭീകരപ്രവര്‍ത്തനത്തിന്റെ പ്രായോഗിക പാഠങ്ങള്‍ ആരും ഉപദേശിക്കേണ്ട ആവശ്യമില്ല.പക്ഷേ ഹിന്ദുത്വത്തിന്റെ രക്ഷകവേഷം കെട്ടിയാടിയവര്‍ സാധുക്കളായ ഹിന്ദുക്കളെയും ബോംബു വച്ച് കൊല്ലുന്നത് ജനങ്ങളെ അമ്പരപ്പിച്ചിരിക്കയാണ്.

2006 ല്‍ 36 പേരുടെ മരണത്തിനിടയാക്കിയ ആദ്യ മാലേഗാവ് സ്ഫോടനത്തിനു ചുക്കാന്‍ പിടിച്ചതും ഇവരാകാനാണ് സാദ്ധ്യത.സംശോധാ എക്സ്പ്രസ് സ്ഫോടനത്തിന്റെ പിന്നിലും മറ്റാരുമല്ലെന്ന് വെളിപ്പെട്ടു കൊണ്ടിരിക്കുന്നു.ഗോദ്ധ്രയിലെ തീവണ്ടിയാക്രമണവും ഇതുപോലെ സംഘടിപ്പിച്ചതാണെന്ന്‍ റെയില്‍വേ നിയോഗിച്ച അന്വേഷണ കമ്മിറ്റി കണ്ടെത്തിയിരുന്നു.അന്ന് മോഡി പറഞ്ഞുവിട്ട'അഭിനവ ഭാരത്' സംഘത്തിലെ ശ്രീകാന്ത് പുരോഹിതന്മാരും പ്രജ്ഞാസിങ്ങുമാരും ദയാനന്ദ പാണ്ഡേമാരും ആരൊക്കെയായിരുന്നെന്നേ അറിയാനുള്ളു.അതു പുറത്താകാതിരിക്കാനാണ് റെയില്‍ വേയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരണം സുപ്രീം കോടതി വഴി തടഞ്ഞത്.സമീപ കാലത്ത് ഭാരതത്തില്‍ നടന്ന സ്ഫോടനങ്ങളില്‍ മിക്കതും ഭാരതീയ ജനതാപ്പാര്‍ട്ടിയും അവരുടെ പോഷക സംഘടനകളും കൂടി ആസൂത്രണം ചെയ്തതാണെന്ന് ഈ സംഭവ പരമ്പര വ്യക്തമാക്കുന്നു.

ഇപ്പോള്‍ പിടിയിലായ കാഷായ വേഷങ്ങളും പട്ടാളക്കാരനും മുന്തിയ ബിജെപി,ശിവസേനാ,സംഘപരിവാര്‍ നേതാക്കളുടെ ദൈവങ്ങളും ചങ്ങാതിമാരുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.കാവിക്കുള്ളിലെ ക്രിമിനലുകളെ രക്ഷിക്കാന്‍ നേതാക്കള്‍ വെപ്രാളം കാട്ടുന്നത് അതുകൊണ്ടാണ്.

മുസ്ലീം ഭീകര സംഘടനകള്‍,അവര്‍ നടത്തിയ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോള്‍ തങ്ങളുടെ പാപഭാരം മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആര്‍ഷസംസ്കാരത്തിന്റെ പ്രചാരകരായ വിശ്വഹിന്ദു വീരന്മാര്‍ തുനിഞ്ഞത്.കുരുക്ഷേത്രത്തില്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ അര്‍ജ്ജുനനെ ഉപദേശിച്ചത് പണ്ടത്തെ കൃഷ്ണനാണ്- ശ്രീകൃഷ്ണന്‍.ഇപ്പോഴത്തെ ക്ലീബസംഗരത്തിനു ഉപദേശം കൊടുക്കുന്നത് പുതിയ കൃഷ്ണനാണ്-ലാല്‍ കൃഷ്ണന്‍(അദ്വാനി).

സ്വച്ഛന്ദമൃത്യു ആയ ഭീഷ്മരെ നേരിട്ട് ജയിക്കുക അസാദ്ധ്യമാണെന്നു മനസ്സിലാക്കിയതു കൊണ്ടാണ് ശിഖണ്ഡിയെ മുന്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ ശ്രീകൃഷ്ണന്‍ പറഞ്ഞത്.ഒരു നേരത്തെ അന്നത്തിനു വക തേടി പോകുന്ന പാവങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ ആയിരുന്നില്ല.ആണും പെണ്ണും കെട്ടവനെ മറയാക്കി അന്തസ്സോടെ യുദ്ധം നടത്താനാണ് പുരാണകൃഷ്ണന്റെ ഉപദേശം;അല്ലതെ ആണും പെണ്ണും കെട്ട പ്രവൃത്തി കാട്ടാനല്ല.

മുസ്ലീങ്ങളെ നിത്യശത്രുക്കളായി കരുതുന്നവര്‍ മുസ്ലീം ഭീകരരുടെ മുദ്രാവാക്യങ്ങള്‍ കടം കൊള്ളുകയും പോക്കും ചാക്കാലയുമില്ലത്ത പാവപ്പെട്ട യുവാക്കളെ വലവീശി കുറ്റകൃത്യങ്ങള്‍ക്കു നിയോഗിക്കുകയും ചെയ്യുന്നത് ആണത്തമല്ല;ഷണ്ഡത്വമാണ്.ബാബറി മസ് ജിദ് തകര്‍ത്തതിന് വിശ്വാസപരമായ പരിവേഷം നല്‍കി ന്യായീകരിച്ചവര്‍ക്ക് ഇപ്പോഴത്തെ സാധുഹിംസയ്ക്ക് എന്തു ന്യായീകരണമാണുള്ളത്?

രാജ്യത്ത് അസ്വസ്ഥതയും അസ്ഥിരതയും സൃഷ്ടിച്ച് മുതലെടുപ്പു നടത്താനാണ് ഈ കാപാലികക്കൂട്ടം ശ്രമിക്കുന്നത്.ഏത് ഹൈന്ദവ ധര്‍മ്മമാണ് അന്യായമായ നരഹത്യയിലൂടെ ഇവര്‍ സ്ഥപിക്കാന്‍ ഒരുങ്ങുന്നത്?എന്തു തരം ഭാരതീയതയാണ് ബോബ് പൊട്ടിച്ച് പുനര്‍നിര്‍മ്മിക്കാന്‍ പോകുന്നത്?പക്കിസ്ഥാന്റെ പണം പറ്റി ജനക്കൂട്ടത്തിനിടയില്‍ ബോംബു വയ്ക്കുന്ന തീവ്രവാദികളും ഇവരും തമ്മില്‍ എന്താണു വ്യത്യാസം? പാക്കിസ്ഥാന്‍ പ്രിവിശ്യയില്‍ ജനിച്ചതിന്റെ അബോധ സ്നേഹം അദ്വാനിയെ ഇപ്പോഴും ഭരിക്കുന്നതിന്റെ ലക്ഷണമല്ല ഇതെന്നു പറയാന്‍ കഴിയുമോ?

കുരുക്ഷേത്ര യുദ്ധത്തിന്റെ ആരംഭ ദിവസം മുതല്‍ അനുഗ്രഹം തേടി ചെന്ന ദര്യോധനനോട് ഗാന്ധാരി പറഞ്ഞത് "ജയിച്ചു വരൂ" എന്നല്ല,"എവിടെ ധര്‍മ്മമുണ്ടോ അവിടേ ജയമുണ്ടാകൂ" എന്നാണ്.യുദ്ധം നടന്ന പതിനെട്ടു നാളും ഇതു മാത്രമാണ് അവര്‍ മകനെ ഓര്‍മ്മിപ്പിച്ചത്.ആര്‍ഷപാരമ്പര്യത്തിന്റെയും ധര്‍മ്മത്തിന്റെയും ഹോള്‍സെയില്‍ ഏജന്റുമാരെന്ന്‍ അവകാശപ്പെടുന്നവര്‍ നിരപരാധികളെ ബോംബു വച്ചു കൊല്ലാന്‍ പോകുമ്പോള്‍ ഗാന്ധാരിയുടെ വാക്കുകള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.രാമന്റെ പേരു പറഞ്ഞ് ഒരിക്കല്‍ ഇന്ദ്രപ്രസ്ഥം പിടിച്ചവര്‍ "വൈരം കൂടാതുള്ള ഹിംസ പാപമാണ്"എന്ന രാമവാക്യം ചെവിക്കൊള്ളാത്തത് എന്ത്?രാജ്യത്തെ ഒറ്റുകൊടുത്താല്‍ കിട്ടുന്ന കാശിനാണ് രാമോപദേശത്തേക്കാള്‍ ഇവര്‍ വില കല്പിക്കുന്നതെന്നാണോ ധരിക്കേണ്ടത് ?
Fans on the page

8 comments:

MA. Bakar said...

കാലത്തിന്‌ സാക്ഷിയായി നില്‍ക്കുന്ന വരികള്‍ ..

രാമനും ക്രിഷ്ണനും ധര്‍മ്മസംസ്താപനത്തിനായി പുനരവതരിച്ചാല്‍ അവര്‍ എയ്യുന്ന അസ്ത്രങ്ങള്‍ ഈ അഭിനവ ലാല്‍ കിഷന്‍ അദ്വാനിജിമാര്ക്കെതിരെയായിരിക്കുമെന്നതില്‍ സംശയമുണ്ടോ...

dethan said...

MA. Bakar ന്,
നന്ദി.
രാമനും കൃഷ്ണനും പുനരവതരിച്ചാല്‍ ഇവര്‍ ബോംബു വച്ചു കൊല്ലും.എന്നിട്ട് അതിന്റെ പേരില്‍
വോട്ടു തട്ടാന്‍ പറ്റുമോ എന്നു നോക്കും.
-ദത്തന്‍

യരലവ said...

ഇനിയാരിലാണ് പ്രതീക്ഷ; ഇനിയാരെയാണ് കാത്തിരിക്കേണ്ടത്. ദേവാ; ഇതൊക്കെ കേള്‍ക്കുമ്പോള്‍ പേടി തോന്നുന്നു. അധിജീവനത്തിന് വഴികണ്ടുപിടിക്കാന്‍ എവിടം വരെ പോകണം.

ദേവാ: “പാക്കിസ്ഥാന്‍ പ്രിവിശ്യയില്‍ ജനിച്ചതിന്റെ അബോധ സ്നേഹം അദ്വാനിയെ ഇപ്പോഴും ഭരിക്കുന്നതിന്റെ ലക്ഷണമല്ല ഇതെന്നു പറയാന്‍ കഴിയുമോ?“ ഈ വരികള്‍ പോസ്റ്റിന്റെ മാന്യതയ്ക്ക് യോജിക്കാത്തതായി തോന്നുന്നു.

മുക്കുവന്‍ said...

"ജയിച്ചു വരൂ" എന്നല്ല,"എവിടെ ധര്‍മ്മമുണ്ടോ അവിടേ ജയമുണ്ടാകൂ"

thats very good lines.

ശ്രീ @ ശ്രേയസ് said...

യരലവ പറഞ്ഞതുപോലെ, 'ഇനിയാരിലാണ് പ്രതീക്ഷ?"

അവനവനില്‍ തന്നെ പ്രതീക്ഷ അര്‍പ്പിക്കാം എന്ന് ഈയുള്ളവന് തോന്നുന്നു.

പുരാണങ്ങള്‍ അനുസരിച്ച് പണ്ടു ദ്വാപരയുഗത്തിലും ത്രേതായുഗത്തിലും യുദ്ധങ്ങളും കെടുതികളും ദുഷ്ടരായ ഭരണാധികാരികളും ഒക്കെ ഉണ്ടായിട്ടുണ്ട്. ചരിത്രം അനുസരിച്ച് ലോകത്തില്‍ അശോകന്‍മാരും അലക്സാണ്ടര്‍മാരും ചെറുതും വലുതുമായ ബുഷ്മാരും ഹിറ്റ്ലര്‍മാരും സദ്ദാം ഹുസൈനും ഒക്കെ ഉണ്ടായിട്ടുണ്ട്. ഈ ലോകം നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും.

അപ്പോള്‍ പിന്നെ ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ നമ്മള്‍ ആരെയെങ്കിലും കാത്തിരിക്കുന്നതില്‍ അര്‍ഥമുണ്ടോ?

നമ്മുടെ ഉള്ളിലേക്ക് തിരിഞ്ഞാല്‍ ചിലപ്പോള്‍ നന്മ കാണാം, ആ ശാന്തത അനുഭവിക്കാം. അല്ലാതെ ഈ ബഹിര്‍ലോകത്ത് ശാന്തിയും സമാധാനവും എന്നെങ്കിലും പ്രതീക്ഷിക്കാമോ?

dethan said...

യരലവ യ്ക്ക്,
ആരിലും പ്രതീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
ബാബറി മസ് ജിദ് തകര്‍ക്കല്‍ തുടങ്ങി രാജ്യത്ത് വംശീയ കലാപമുണ്ടാക്കാന്‍ പറ്റുന്ന പലതിനും
നേതൃത്വം കൊടുക്കുന്നതില്‍ അദ്ദേഹത്തിന്റെ ഉപബോധ മനസ് പ്രവര്‍ത്തിച്ചിട്ടുണ്ടാകുമെന്നത്
എന്റെ ഒരു ഊഹമാണ്.ശരിയാകണമെന്നു ശഠിക്കുന്നില്ല.
നന്ദി.
-ദത്തന്‍

മുക്കുവന്,

നല്ല വാക്കിനു നന്ദി.

ശ്രീ@ശ്രേയസ്,
രക്ഷിക്കണ്ടാ.ശിക്ഷിക്കാതിരുന്നു കൂടെ?ശ്രീബുദ്ധന്റെ നാട്ടില്‍ ഇത്തരം കാപാലികത്വത്തെ പ്രോത്സാഹിപ്പിക്കരുത്.ഹിന്ദുക്കള്‍ ബോബ് പൊട്ടിക്കുന്നത് ധര്‍മ്മമാണെന്ന വികലവാദം കാടത്തമാണ്.

ഉളളിലെ നന്മയെ താലോലിച്ചിരുന്നാലും മതിയായിരുന്നു.നമ്മളല്ല;അക്രമത്തെ അനുകൂലിക്കുന്ന
നേതാക്കള്‍.പൂര്‍ണ്ണയോജിപ്പില്ല;കാരണം
"താനൊറ്റയില്‍ ബ്രഹ്മ പദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്ത്ഥ്യം ?"
-ദത്തന്‍

ശ്രീ @ ശ്രേയസ് said...

"ശ്രീ@ശ്രേയസ്,
രക്ഷിക്കണ്ടാ.ശിക്ഷിക്കാതിരുന്നു കൂടെ?ശ്രീബുദ്ധന്റെ നാട്ടില്‍ ഇത്തരം കാപാലികത്വത്തെ പ്രോത്സാഹിപ്പിക്കരുത്.ഹിന്ദുക്കള്‍ ബോബ് പൊട്ടിക്കുന്നത് ധര്‍മ്മമാണെന്ന വികലവാദം കാടത്തമാണ്."


ദത്താ,
താങ്കള്‍മുകളില്‍ പറഞ്ഞതുപോലെ എന്തെങ്കിലും ഈയുള്ളവന്‍ പറഞ്ഞോ? ഈയുള്ളവന്‍ എഴുതിയത് ശാന്തമായി വായിച്ചു നോക്കൂ. ഒരു പ്രപഞ്ചസത്യം പറഞ്ഞുവെന്നു മാത്രം. അതാണ്‌ ഈ സംസാരസാഗരം എന്നൊക്കെ പറയുന്നത്. സ്വയം മനസ്സമാധാനം കണ്ടുപിടിക്കാതെ ലോകത്തിനു സമാധാനം കൊടുക്കാന്‍ പറ്റില്ല എന്ന് വിവക്ഷ.

ഈയുള്ളവന്‍റെ അഭിപ്രായങ്ങളെ ദയവായി ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ പ്രസ്ഥാനങ്ങളുമായോ കൂട്ടി ക്കുഴയ്ക്കല്ലേ ദത്താ :-)

പിന്നെ, ശ്രീബുദ്ധന്‍റെ നാടോ? അതെവിടെയാ ദത്താ?

"താനൊറ്റയില്‍ ബ്രഹ്മ പദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്ത്ഥ്യം ?"

ആരുടെ കവിതയാ? ബ്രഹ്മപദം അറിഞ്ഞ ഒരാള്‍ പറഞ്ഞതാണോ? അല്ലല്ലോ. എന്തായാലും അത് പിന്നെ ചര്‍ച്ചചെയ്യാം, വിഷയം മാറരുതല്ലോ.

dethan said...

ശ്രീ@ശ്രേയസ്,
താങ്കള്‍ അങ്ങനെ പറഞ്ഞതായി ഞാനും സൂചിപ്പിച്ചിട്ടില്ല.ഒറിജിനല്‍ പോസ്റ്റിനു പൂരണമായ ഒരു പൊതു തത്ത്വം എന്നു കരുതിയാല്‍ മതി.

"തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ് ചേറ്റിലമര്‍ന്നിരിക്കേ
താനൊറ്റയില്‍ ബ്രഹ്മ പദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്ത്ഥ്യം?"
എന്ന് ശ്ലോകത്തിന്റെ പൂര്‍ണ്ണരൂപം. കവിത ഉള്ളുരിന്റേതാണെന്നാണ് ഓര്‍മ്മ.അദ്ദേഹത്തിനു
ബ്രഹ്മ പദം സിദ്ധിച്ചിട്ടുണ്ടോ എന്ന് അറിഞ്ഞുകൂടാ.
താങ്കള്‍ പറഞ്ഞ പോലെ അതു പിന്നീട് ചര്‍ച്ച
ചെയ്യാം.