Total Pageviews

Monday, November 24, 2008

"വിശുദ്ധ"പിതാക്കന്മാരുടെ വിലാപം അഥവാ അഭയയുടെ മോക്ഷം

കര്‍ത്താവേ,
നിരപരാധികള്‍ പീഡിപ്പിക്കപ്പെടുന്നത്
നീ കാണുന്നില്ലായോ?
അവിടുന്നരുളിയിട്ടുള്ളതിനപ്പുറം
അടിയങ്ങളൊന്നും ചെയ്തിട്ടില്ല;
എന്നിട്ടും ജനം ഞങ്ങളെ സംശയിക്കുന്നു.

"അന്വേഷിപ്പിന്‍,കണ്ടെത്തും,
മുട്ടുന്നവനു തുറക്കപ്പെടും"എന്നു നീയല്ലേ പറഞ്ഞത്.

ഞങ്ങള്‍ അന്വേഷിച്ചു ;കണ്ടെത്തി
ഞങ്ങള്‍മുട്ടി;ഞങ്ങള്‍ക്കു തുറന്നു കിട്ടി.

"ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിന്‍
ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും
വഴി ഞെരുക്കവും ഉള്ളത്"
എന്നു കല്പ്പിച്ചതും നീ തന്നെ. (ആമേന്‍)

അടുക്കളയുടെ ഇടുക്കു വാതിലിലൂടെ
അകത്തു കടന്ന്‍ ജീവങ്കല്‍ പ്രവേശിച്ച
അങ്ങയുടെ ദാസന്മാരിപ്പോള്‍
അപരാധികളായിരിക്കുന്നു!

"പുഴുവും തുരുമ്പും കെടുക്കാതെയും
കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയു മിരിക്കുന്ന
സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചു കൊള്‍വിന്‍ "
എന്ന നിന്റെ ഉപദേശപ്രകാരം അവിടെ
നിക്ഷേപം നടത്തിക്കൊണ്ടിരുന്നവാറേ
കര്‍ത്താവിന്റെ മണവാട്ടിയായ മറ്റൊരുവള്‍
കടന്നു വന്നത് ശരിയല്ലല്ലോ!
അവളെ ശത്രവായി ഞങ്ങള്‍ കണ്ടു;
അപ്പോള്‍ "ശത്രുക്കളെ സ്നേഹിപ്പിന്‍"
എന്ന തിരുവചനം ഇവര്‍ ചെവിക്കൊണ്ടു:
സ്നേഹിക്കാന്‍ കോടാലിയേ കിട്ടിയുള്ളൂ
(തലോടാന്‍ മറ്റായുധങ്ങള്‍
തരപ്പെടാഞ്ഞത് ഞങ്ങളുടെ കുറ്റമല്ലല്ലോ!)

എത്രയും പെട്ടന്നു നിന്നടുത്തെത്തിക്കാന്‍
ഞങ്ങളവളെ കിണറ്റിലിട്ടു.
നിന്നെ കല്ലറയില്‍ അടച്ചതിന്റെ
ഓര്‍മ്മയ്ക്ക് പിന്നീട് ഞങ്ങളാ കിണര്‍ മൂടി.

കര്‍ത്താവേ,
നിന്റെ മണവാട്ടിക്ക് മോക്ഷം
നല്‍കിയത് പാപമാകുന്നതെങ്ങനെ?

സഭാവസ്ത്രം കണ്ടിട്ടാകാം,ഞങ്ങളെ
"വെള്ള തേച്ച ശവക്കല്ലറകള്‍ '' എന്ന്‍
അവിശ്വാസികള്‍ വിളിക്കുന്നു.
''പുറമേ അഴകായി ശോഭിക്കുന്നെങ്കിലും
അകമേ ചത്തവരുടെ അസ്ഥികളും
സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു"
എന്ന നിന്റെ വചനമുദ്ധരിച്ച് ആക്ഷേപിക്കുന്നു.

കര്‍ത്താവേ! ഞങ്ങളോടൊപ്പമുള്ള
നിന്റെ മണവാട്ടിയേയും ഞങ്ങളേയും
രക്ഷിക്കേണമേ! (ആമേന്‍)





Fans on the page

6 comments:

പ്രാവ് said...

ആദ്യം പീഡിപ്പിക്കപ്പെട്ടവന്‍ കര്‍ത്താവാണ്... ബറാബാസുമാര്‍ക്ക് വേണ്ടിയാണ് അന്നും പുരോഹിതവര്‍ഗ്ഗം ആഞ്ഞുപിടിച്ചത്...

Joji said...

അല്പം "അത്മീയ നിര്‍വ്രതി" തേടുന്നതു ഇത്ര പ്രശ്നം ആകുമൊ ?

dethan said...

Prav ന്,
സ്നാപഹ യോഹന്നാന്‍ ഉള്‍പ്പെടെയുള്ള പ്രവാചകന്മാരെല്ലാം പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അധികാരികള്‍ക്കും പുരോഹിത വര്‍ഗ്ഗത്തിനും വേണ്ടിയാണ് അവരെ പീഡിപ്പിച്ചത്.കര്‍ത്താവിനെ പീഡിപ്പിച്ചത് മഹാപുരോഹിതന്മാര്‍ക്കു വേണ്ടിയായിരുന്നു.കര്‍ത്താവിനേക്കാള്‍ അന്നത്തെ പുരോഹിത വര്‍ഗ്ഗത്തിനു അഭിമതന്‍ കൊലപാതകിയായ ബറാബ്ബാസായിരുന്നു. ഇന്നും സ്ഥിതി അതു തന്നെയല്ലേ? കൊല്ലപ്പെട്ട അഭയയോടല്ല അവരെ കൊന്നവരോടാണ് സഭയ്ക്കും വൈദികര്‍ക്കും അനുതാപം.കര്‍ത്താവ് വീണ്ടും വന്നാലും ഇപ്പോഴത്തെ പുരോഹിത വര്‍ഗ്ഗം അദ്ദേഹത്തെയും കൊല്ലുമെ ന്നുള്ളതിനു സംശയം വേണ്ടാ.

ജോജിയ്ക്ക്,
അല്പമാക്കുന്നതെന്തിനാ? ഇമ്മിണി കൂടുതലയ്ക്കോട്ടെ!! അടുത്ത് അനാഥാലയമുള്ളപ്പോള്‍ എന്തിനാ
ഭയപ്പെടുന്നത്?

-ദത്തന്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

അഭയ കേസില്‍ അറസ്റ്റിലായവരെ പുറത്തിറക്കാന്‍ വേണ്ടി വന്നാല്‍ കുഞ്ഞാടുകളെ നിരത്തിലിറക്കാനും തയ്യാര്‍ എന്ന മട്ടിലാണ് സഭയുടെ നില്പ്. സംയമനം പാലിക്കണമെന്ന് വിശ്വാസികളോട് സഭ ആവശ്യപ്പെടുന്നത് കണ്ടില്ലേ. വേണ്ടി വന്നാല്‍ സി.ബി.ഐ യെത്തന്നെ കൊന്നു കിണിറ്റിലിട്ട് മൂടി അതിനു മീതെ ഒരു കുരിശ്ശും നാട്ടും. സഭയ്ക്കു മീതെ പരുന്തും പറക്കുമോ?

dethan said...

പ്രിയ മോഹന്‍,
പഴയ പോലെ കുഞ്ഞാടുകളെ കിട്ടുമോ എന്നു സംശയമാണ്.സഭ എന്നും സമ്പന്നര്‍ക്കു വേണ്ടിയേ
നില കൊണ്ടിട്ടുള്ളു.എത്ര ആഴത്തില്‍ കുഴിച്ചു മൂടിയാലും സത്യം എന്നെങ്കിലും പുറത്തു വരുമെന്ന്
ഇപ്പോഴും ഈ വിശുദ്ധ പിതാക്കന്മാര്‍ മനസ്സിലാക്കാത്തതാണ് അത്ഭുതം!സഭയ്ക്ക് മീതേ പരുന്ത് മാത്രമല്ല ചിലപ്പോള്‍ കാക്ക പോലും പറന്നെന്നിരിക്കും.

Thottupuram said...

ചില മാധ്യമങ്ങളുടെ പ്രചാരണം അടിസ്ഥാനരഹിതം: സിസ്റ്റര്‍ വിനീത

അഭയാ കേസ്‌ അന്വേഷണവുമായി ബന്ധപ്പെട്ട്‌ തന്റെ പേ രില്‍ ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ സിസ്റ്റര്‍ വിനീത പറഞ്ഞു. ഇപ്പോഴുള്ള അന്വേഷണസംഘം തന്നെ ചോദ്യം ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. അഭയ മരിച്ച കാലഘട്ടത്തില്‍ സെന്റ്‌ ജോസഫ്സ്‌ ജനറലേറ്റിലെ മദര്‍ ജനറലിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു. സംഭവദിവസം മദര്‍ സ്ഥലത്തില്ലായിരുന്നു. അതിനാല്‍ അഭയയെ കാണാനില്ലെന്നറിഞ്ഞപ്പോള്‍ പയസ്‌ ടെന്ത്‌ കോണ്‍ വെന്റില്‍ എത്തുകയായിരുന്നു.
പോലീസ്‌ ഉദ്യോഗസ്ഥര്‍ ഇന്‍ക്വസ്റ്റ്‌ തയാറാക്കുന്ന സമയത്ത്‌ അവിടെയുണ്ടായിരുന്നു എന്നല്ലാ തെ മറ്റു നടപടിക്രമങ്ങളുമായി തനിക്ക്‌ യാതൊരു ബന്ധവുമില്ല. മൃതദേഹത്തില്‍ കാണപ്പെട്ട പാടിനെപ്പറ്റി ഇന്‍ക്വസ്റ്റ്‌ തയാറാക്കുന്ന സമയത്ത്‌ പോലീസിനോട്‌ പറഞ്ഞതല്ലാതെ മറ്റൊരു കാര്യവും പറഞ്ഞിട്ടില്ല. ബി.സി.എം കോളജില്‍ ഇംഗ്ലീഷ്‌ വിഭാഗത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നു. അഭയ മരിച്ച അവസരത്തില്‍ അവധിയിലായിരുന്നു.
സഭാ സേവനത്തിന്റെ ഭാഗമായി കരുണാര്‍ദ്രസ്നേഹത്തിന്റെ വഴി തിരഞ്ഞെടുത്ത്‌ 1993ല്‍ ഞീഴൂരില്‍ ബുദ്ധിമാന്ദ്യമുള്ളവരെ ശുശ്രൂഷിച്ചിരുന്നു. പിന്നീട്‌ മൂന്നുവര്‍ഷം കണ്ണൂരില്‍ ആകാശപ്പറവകളുടെ ശുശ്രൂഷയിലായിരുന്നു. ഈ സ്ഥാപനം കപ്പൂച്ചിന്‍ സഭ ഏറ്റെടുത്തതിനെ തുടര്‍ന്ന്‌ 1997ല്‍ തൊടുപുഴക്കു സമീപം പടിഞ്ഞാറെ കോടിക്കുളത്ത്‌ ഫാ. ജെയിംസ്‌ വടക്കേല്‍ നടത്തിയിരുന്ന സുവിശേഷാശ്രമത്തില്‍ ശുശ്രൂഷ ചെയ്യാനെത്തി. ഇവിടെ അനാഥരായ കുട്ടികളെയും മാനസികരോഗികളെയും ശുശ്രൂഷിച്ച്‌ വരികയാണ്‌.
തന്നെ സഭയില്‍നിന്നും പുറത്താക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്‌. സഭയുടെ അനുമതിയോടെയാണ്‌ വിവിധ ശുശ്രൂഷകള്‍ക്കായി മാറിയത്‌. സഭാ നേതൃത്വത്തിലുള്ളവരും അല്ലാത്തവരുമായ എല്ലാ സന്യാസിനികളുമായും നല്ല ബന്ധമാണുള്ളത്‌.
കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ വൈദികരും സിസ്റ്റര്‍ സെഫിയും ഇതില്‍ ഉള്‍പ്പെട്ടുവെന്ന്‌ വിശ്വസിക്കുന്നില്ല. സത്യം തെളിയുമെന്നാണ്‌ കരുതുന്നത്‌.
http://catholicismindia.blogspot.com/2008/11/blog-post_28.html