Total Pageviews

Sunday, September 21, 2008

പോലീസ് മാഫിയ

യൂണിഫോം ഇട്ട ക്രിമിനലുകളാണ് നമ്മുടെ പോലീസുകാരില്‍ പലരും എന്ന് പണ്ടേ കേള്‍ക്കാന്‍ തുടങ്ങിയതാണ്.അതിശയോക്തിയാണെന്നാണ് അടുത്തകാലം വരെ ധരിച്ചിരുന്നത്.സിനിമയിലും മറ്റും മാത്രം
കാണുന്ന അയഥാര്‍ത്ഥ ലോകത്തിലേ അത്തരം പോലീസുകാര്‍ കാണുകയുള്ളു എന്നു കരുതി.എന്നാല്‍ എല്ലാ
കല്പിത കഥകളെയും വെല്ലും വിധത്തില്‍ നമ്മുടെ പോലീസ് പരാക്രമം വളരുകയാണ്.പൊതുജന സേവനത്തിന്റെ ഉത്തമ മാതൃകയാണ് പരിഷ്കൃത രാജ്യങ്ങളിലെ പോലീസ് സേനകള്‍. നമ്മുടെ പോലീസാകട്ടെ എല്ലാ കൊള്ളരുതായ്മകളുടെയും വിളനിലമായി പരിലസിക്കുന്നു.

'ടോട്ടല്‍ ഫോര്‍ യു' തട്ടിപ്പു വീരന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തതില്‍ നല്ലൊരു തുക ആദ്യം കേസ്സന്വേഷിച്ച പോലീസ് സംഘം കീശയിലാക്കിയെന്നതാണ് ഏറ്റവും ഒടുവിലത്തെ പോലീസ് ചരിതം.ഇല നക്കിയ നായുടെ
ചിറി നക്കിയ നായ് എന്നു കേട്ടിട്ടില്ലേ. അതു തന്നെ.തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ചവരെപ്പറ്റി അന്വേഷണം നടക്കുകയാണിപ്പോള്‍.കേരളത്തില് നടക്കുന്ന മിക്ക അക്രമങ്ങള്‍ക്കു പിന്നിലും പോലീസ് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.അക്രമങ്ങള്‍ക്ക് മാത്രമല്ല സകല സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്തു കൊടുക്കുന്നത് പോലീസുകാരാണത്രെ.കോണ്സ്റ്റബിള്‍ മുതല്‍ വലിയ ഓഫീസര്‍മാര്‍ വരെ ഇതില്‍ പങ്കാളികളാണ്.തട്ടിപ്പുകാരനില്‍ നിന്നും തട്ടിപ്പു നടത്തിയതു കൂടാതെ അയാള്‍ക്ക് തട്ടിപ്പു നടത്താന്‍ വേണ്ട സഹായം ചെയ്തു കൊടുക്കുന്നതിലും പോലീസ് സന്നദ്ധമായിരുന്നു.ശബരീനാഥിന്‍റെ വഴികാട്ടിയും സഹായിയും ആയ ചന്ദ്രമതി എന്ന സിഡ്കോ ഉദ്യോഗസ്ഥയെ ഇത്ര നാളായിട്ടും പിടികിട്ടാത്തതും ഏമാന്മാരുടെ സഹായം കൊണ്ടാണെന്നാണ് കേഴ്വി.

സന്തോഷ് മാധവന്‍ എന്ന കള്ളസന്ന്യാസിയുടെ മാനേജരായിരുന്ന് പാവങ്ങളെ ഭീഷണിപ്പെടുത്തിയത് സര്‍ വ്വീസിലുള്ള ഒരു ഡി വൈ എസ് പി ആയിരുന്നല്ലോ!വ്യാജന്‍റെ ഫ്ലാറ്റില്‍ നിന്നു കിട്ടിയ അയാളുടെ യൂണിഫോം
മരിച്ചു പോയ ഏതോ ഒഫീസറുടേതാണെന്നു വരുത്തി തീര്ക്കുകയും ചെയ്തു.കള്ള സ്വാമിയുടെ അനുഗ്രഹം
കൈപ്പറ്റിയവരുടെ കൂട്ടത്തില് ചില ഐപി എസ് വനിതകളും ഉണ്ടായിരുന്നു എന്നതും രഹസ്യമല്ല.
ആയിടയ്ക്കു പിടിക്കപ്പെട്ട കപടസ്വാമിമാരുടെ ഭക്തരില്‍ പലരും പോലീസ് ഓഫീസര്മാരായിരുന്നു എന്നതു കേസ്സന്വേഷണം എങ്ങുമെത്താതെ പോയതിന്‍റെ കാരണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ഏതു മുന്നണി ഭരിച്ചാലും പോലീസിന്‍റെ ക്രിമിനല്‍ സ്വഭാവത്തിനു വ്യത്യാസമുണ്ടാകുന്നില്ല എന്നാണു കരുതേണ്ടത്.ക്രമസമാധാനം പാലിക്കേണ്ടവര്‍ ക്രിമിനലുകള്‍ക്ക് ചൂട്ടു പിടിച്ചു കൊടുക്കുകയും ഗുണ്ടാകളെ നാണിപ്പിക്കുന്ന ക്രിമിനലുകളായി മാറുകയും ചെയ്യുന്നു. നിയന്ത്രിക്കേണ്ട ഭരണാധികാരികള്‍ അവരോടൊപ്പം ചേരുകയോ അവരെ ഉപയോഗിച്ച് സ്വന്തം കാര്യം നേടുകയോ ചെയ്യുന്നു.

കേരളത്തില്‍ നിന്നും വ്യത്യസ്തമല്ല മറ്റു സംസ്ഥാനങ്ങളിലെയും സ്ഥിതി.കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയായ
സിബിഐ യുടെ അവസ്ഥ ഇതിലും മോശമാണെന്നാണ് സമീപകാല കോടതിവിധികളും പത്രവാര്‍ത്തകളും
സൂചിപ്പിക്കുന്നത്.ഒന്നര ദശകം പിന്നിട്ട അഭയ കേസ്സും ഒരു പതിറ്റാണ്ടു കഴിഞ്ഞ ചേകന്നൂര്‍ മൗലവി കേസ്സും
സിബിഐയുടെ കാര്യക്ഷമത എത്രയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്.

ഭരണകൂടത്തിന്‍റെ പ്രേരണയോ നിര്‍ബ്ബന്ധമോ കൂടാതെതന്നെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം
നല്‍കേണ്ടവര്‍ അവര്ക്ക് ഭീഷണിയായിത്തീരുന്ന അവസ്ഥ വളരെ ദാരുണമാണ്.ധര്‍മ്മദൈവം ബാധയാകുമ്പോള്‍
സൃഷ്ടിക്കപ്പെടുന്ന അരക്ഷിതാവസ്ഥ ഭയാനകമാണ്.ഇന്നത്തെ ഈ ദയനീയ സ്ഥിതിക്ക് ഉത്തരവാദികള്‍ രാഷ്ട്രീയപ്പാര്‍ട്ടികളാണ്.അവരുടെ സംരക്ഷണം ഉറപ്പുള്ളതിനാലാണ് പോലീസ്ക്രിമിനലുകളുടെ സംഖ്യ വര്‍ദ്ധിക്കുന്നത്;ക്രിമിനലുകളെ നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതെ വരുന്നതും.



Fans on the page

4 comments:

ഒരു “ദേശാഭിമാനി” said...

തന്റേടമുള്ളവര്‍ വേട്ടനായ്ക്കളെ എറിഞ്ഞു കൊല്ലുക! ദയവായി മനുഷ്യരെ ഉപദ്രവിക്കരുതു!

dethan said...

ദേശാഭിമാനിയ്ക്ക്,
വേട്ടനായ്ക്കളെ എറിഞ്ഞോ വെടിവച്ചോ കൊന്നതുകൊണ്ട് പ്രശ്നം തീരില്ലല്ലോ. വേട്ട
നായ്ക്കളെയും വീട്ടുനായ്ക്കളെയും തിരിച്ചറിയാന്‍ തന്നെ ബുദ്ധിമുട്ടായ സ്ഥിതിക്ക് അതും അത്ര എളുപ്പമല്ല.
-ദത്തന്‍

വീകെ said...

എന്തിനും ഏതിനും ആര്‍ക്കും എപ്പോഴും ഉണ്ടാകേണ്ട ഒന്നാണു പേടി.കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നുള്ള ഭയം.അങ്ങിനെ ഒന്നു നമ്മുടെ നാട്ടില്‍ ഇല്ലാതാക്കിയതു രാഷ്ട്രീയക്കാരാണ്‍.അവര്‍ അതു തുടരുന്നിടത്തോളം ഇതെല്ലാം തുടര്‍ന്നുകൊണ്ടേയിരിക്കും.

dethan said...

വീ കെ യ്ക്ക്,
എല്ലാവരെയും എല്ലാക്കാലത്തേക്കും പറ്റിക്കാന്‍ കഴിയില്ല;എത്ര വലിയ രാഷ്ട്രീയക്കാരനായാലും.
ഭയം ഇല്ലാതാക്കുകയല്ല ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയാണ് പുതിയ രാഷ്ട്രീയ തന്ത്രം.രാഷ്ട്രീയക്കാരുടെ മാത്രമല്ല
മത നേതാക്കന്മാരുടെ അടവും അതു തന്നെ.
-ദത്തന്‍