Total Pageviews

Sunday, September 14, 2008

ഇങ്ങനെ ചെയ്യാന്‍ പാടുവോ സാര്‍?

വര്‍ഷങ്ങള്‍ മുമ്പു തിരുവനന്തപുരം കിഴക്കേകോട്ടയില്‍ ബസ്സ് കാത്തുനില്ക്കുമ്പോള്‍ ഒരു ഭാഗ്യക്കുറി വാഹനത്തില്‍ നിന്നും അനൗണ്‍സ്മെന്‍റ് ഒഴുകി വരുന്നു.''.....വമ്പിച്ഛ വമ്പിതമായ സമ്മാനങ്ങള്....."
എന്തപ്പനേ ഈ 'വമ്പിതം' എന്നു കുറേ നേരം ആലോചിച്ചു.പല നിഘണ്ടുക്കളിലും പരതിയെങ്കിലും അങ്ങനൊരു വാക്ക് കണ്ടു കിട്ടിയില്ല.നാട്ടിന്‍ പുറത്തോ നഗരത്തിലോ ഉള്ള ഏതെങ്കിലും അനൗണ്സ്മെന്റ് വീരനെക്കൊണ്ട് തയ്യാറാക്കിച്ച കാസറ്റില്‍ നിന്നാകാം പുതിയ പദം പുറത്തു ചാടിയത്.

അന്നു മലയാളം ചാനലുകളൊന്നും തുടങ്ങിയിട്ടില്ലാഞ്ഞതു മലയാളത്തിന്‍റെ ഭാഗ്യം!അല്ലായിരുന്നെങ്കില്‍ ആ
അപ പദവും ചാനലുകള്‍ ഏറ്റെടുത്തേനെ.ഈ പോസ്റ്റിന്‍റെ തലക്കെട്ട് അങ്ങനെ ചാനലുകളില്‍ ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യ വാചകമാണ്.വെറും പരസ്യമല്ല സ്വര്ണ്ണപ്പരസ്യം.കേരളത്തിലെ
ഒരു വന്‍ കിട സ്വര്ണ്ണക്കടയുടെ പരസ്യത്തിലാണ്,ഭാഷാപരിജ്ഞാനം അല്പെമെങ്കിലുമുള്ളവര്‍ നാണിച്ചു
പോകുന്ന ഈ അപശ്രുതി. 'ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ' എന്നതാണ് 'ചെയ്യാന്‍ പാടുവോ' എന്ന് വ്യഭിചരിക്കപ്പെട്ടിരിക്കുന്നത്.

അക്ഷയ തൃതീയ തുടങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് കീശ നിറയ്ക്കാന്‍ സംഘടിത
ശ്രമം നടത്തുന്ന സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്ക് ഭാഷയെ കളങ്കപ്പെടുത്തുന്നതില്‍ മനസ്സാക്ഷിക്കുത്ത് കണില്ലല്ലോ.

സൂര്യനെക്കുറിച്ച്,
'മന്നിന്‍ മലിന മുഖത്തു നിത്യം
പൊന്നിന്‍ പൊടി പൂശും ദേവദേവന്‍'
എന്ന് മഹാകവി കുമാരനാശാന്‍ പാടിയിട്ടുണ്ട്.

സ്വര്‍ണ്ണക്കച്ചവടക്കാരാകട്ടെ,
മാതൃഭാഷയ്ക്കും മനുഷ്യനും മേല്‍
മാലിന്യക്കൂമ്പാരം വാരിത്തൂകി,
ഉപഭോക്താവിന്‍റെ സാമാന്യ ബുദ്ധിയെപ്പോലും അവഹേളിച്ചുകൊണ്ട് പൊന്നിന്‍ വ്യാപാരം പൊടി പൊടിക്കുന്നു.കാശു കിട്ടുമെങ്കില്‍ എന്തു ചവറും പരസ്യം ചെയ്യാന്‍ ചാനലുകള്‍ സന്നദ്ധമാകുമ്പോള്‍ അവര്‍ ആരെ പേടിക്കണം? അല്ലെങ്കില്‍ത്തന്നെ 'വേറിട്ട കദ'കളും 'മദ്യ കേരള' വും 'വിത്ത്യാബ്യാസ',വും ഒക്കെ വിസര്‍ജ്ജിക്കുന്ന സ്വന്തം അവതാരകരെ നേരേയാക്കാന്‍ കഴിയാത്ത ചാനലുകാര്‍ക്ക് പരസ്യവാചകത്തിനു ശുദ്ധി വേണമെന്നു ശഠിക്കുവാന്‍ കഴിയുമോ?
Fans on the page

4 comments:

ശിവ said...

ഇത് കേരളമാ...ഇവിടെ ഇങ്ങനെയും ചെയ്യാന്‍ പാടും സര്‍...

dethan said...

ശിവന്,
ശരിയാ. ഇവിടെ എങ്ങനെയും പാടും. ആരും പാടും എന്തും പാടും.അന്യന്‍റെ മുതല്‍ കക്കാന്‍ പാടുമോ?
പരദാരങ്ങളെ മോഹിക്കാന്‍ പാടുമോ? ആണവക്കരാര്‍ ഇന്നത്തെ സാഹചര്യത്തില്‍ ഒപ്പിടാന്‍ പാടുമോ?
അതോ ഒപ്പിട്ടിട്ട് മന്‍ മോഹന്‍ സിംഗും കോണ്ടലീസാ റൈസും ചേര്‍ന്ന് യുഗ്മ ഗാനം പാടുമോ?
നന്ദി.
-ദത്തന്‍

mayavi said...

അതെ പോലെ, തന്നെ നിത്യവും മിക്ക ചാനലുകളിലും കേള്‍ക്കുന്നതാണ്‌, പൊലീസ് "പെട്രോളിംഗ്" എന്നാണാവൊ ഇവര്‍ പട്രോളും, പെട്രോളും തമ്മിലുള്ള വ്യത്യാസം മനസിലാക്കുന്നത്. നമ്മുടെ ശ്രീക്കുട്ടന്‍ (ഐഡിയാ സ്റ്റാര്‍സിംഗര്‍) നിത്യം ഉപയോഗിക്കാറുള്ള ഒരുപ്രയോഗമാണ്‌ "ഓഡിയന്‍" അദ്ദേഹത്തിന്‌ ഓഡിയന്സ് എന്നത് ബഹുവചനമായിത്തോന്നുന്നുണ്ടാവാം!!!! ശ്രീമാന്‌ കൈപ്പള്ളി അതെപ്പറ്റി കുറെമാസങ്ങള്‍ മുമ്പ് ഒരു കുറിപ്പെഴുതിയിരുന്നു....ഫലം നാസ്തി..

dethan said...

മായാവിക്ക്,
ചനലുകള്‍ സ്വയം വരുത്തുന്ന അബദ്ധങ്ങളും ഉച്ചാരണപ്പിശകുകളും ഉച്ചാരണ വൈകല്യങ്ങളും അന്തമറ്റതാണ്.
തെറ്റു ബോദ്ധ്യമായാലും തിരുത്താന്‍ അവര്‍ തയ്യാറാകില്ല.എങ്കിലും ഭാഷയോടുള്ള സ്നേഹം കൊണ്ടു നമ്മള്‍
പറഞ്ഞുപോകും.
-ദത്തന്‍