Total Pageviews

Monday, September 29, 2008

ആരോരുമില്ലാത്ത മഹാകവികള്‍

ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളില്‍ കേരളത്തിലെ പ്രൈമറി ക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന ഒരു
പാഠപുസ്തകത്തില്‍
'പൈങ്കിളിയേ!പൈങ്കിളിയേ!
കളിയാടീടാന്‍ വരുമോ നീ?' എന്നു തുടങ്ങുന്ന ബാലകവിത ഉണ്ടായിരുന്നു.മഹാകവി ഉള്ളൂര്‍ ആണ് ഇതിന്‍റെ
കര്‍ത്താവ് എന്നായിരുന്നു പുസ്തകത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

ഈ കവിത യഥാര്‍ത്ഥത്തില്‍ മഹാകവി പന്തളം കേരളവര്‍മ്മയുടേതാണ്.മഹാകവി ഉള്ളൂരിന്‍റെ സമകാലികനും സമശീര്‍ഷനുമായ കവിയായിരുന്നു പന്തളം.മലയാളത്തിലെ ആദ്യത്തെ കവിതാമാസികയായ 'കവനകൗമുദി'യുടെ പത്രാധിപര്‍.കവനകൗമുദിയില്‍ പരസ്യം വരെ പദ്യത്തിലായിരുന്നു.'പദം കൊണ്ടു പന്തടിക്കുന്ന പന്തളം'എന്നാണ് മഹാകവി വള്ളത്തോള്‍ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.രുഗ്മാംഗദ ചരിതം മഹാകാവ്യത്തിന്‍റെ കര്‍ത്താവായ അദ്ദേഹത്തിന്‍റെ ബാലകവിതകള്‍ അതിപ്രശസ്തങ്ങളാണ്.പക്ഷേ പല കവിതകളുടെയും കര്‍ത്തൃത്വത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ പേര് ബോധ പൂര്‍ വ്വമായോ അല്ലാതെയോ വെട്ടിമാറ്റപ്പെട്ടതായിട്ടാണ് അനുഭവം.

സര്‍ക്കാര്‍ അദ്ദേഹത്തിന്‍റെ കവിത ഉള്ളൂരിന്‍റേതാക്കിയെങ്കില്‍ സ്വകാര്യ പാഠപുസ്തക നിര്‍മ്മാതാക്കളും കാസറ്റ് കച്ചവടക്കാരും പേര് വെട്ടിമാറ്റി അനാഥ(അജ്ഞാത കര്‍ത്തൃത്വ) കവിതകളുടെ കൂട്ടത്തില്‍ പെടുത്തി.
'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം' എന്ന വളരെ പ്രചാരമുള്ള ഈശ്വരപ്രാര്‍ത്ഥനയുടെ കര്‍ത്താവും പന്തളം
കേരളവര്‍മ്മയാണ്.പക്ഷേ നാടന്‍ പാട്ടുകളുടെയോ കര്‍ത്താവില്ലാത്തവയുടെയോ ഇനത്തിലാണ്
ഇതിനെയും ഉള്‍പ്പെടുത്തിയിരുന്നത്.ലാഭ ലാക്കോടെ സ്വകാര്യ പാഠപുസ്തക വ്യാപാരികള്‍ തട്ടിക്കൂട്ടുന്ന ഗ്രന്ഥ
ങ്ങളില്‍ മാത്രമല്ല പ്രശസ്തനായ ഒരു മലയാളകവി ശബ്ദം നല്കി പുറത്തിറക്കിയ ഓഡിയോ കാസറ്റിന്‍റെ ആദ്യ
പതിപ്പലും ഈശ്വരപ്രാര്‍ത്ഥനയുടെ കര്‍ത്തൃത്വത്തില്‍ നിന്നും പാവം മഹാകവി ഔട്ട്!ഞാന്‍ സമാഹരിച്ച
'കുട്ടിക്കവിതകള്‍'1997-ല്‍ പ്രസിദ്ധീകരിക്കും വരെ അതായിരുന്നു അവസ്ഥ.

കേരള സര്‍ക്കാരിന്‍റെയും സ്വകാര്യപ്രസാധകരുടെയും പാഠപുസ്തകങ്ങളും കവി ചൊല്ലിയ കാസറ്റും
മഹാകവിയെ മറച്ച് വിജ്ഞാനം പ്രസരിപ്പിക്കുന്നതിനു മുമ്പുതന്നെ പന്തളം കേരളവര്‍മ്മയുടെ കവിതകള്‍
രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്നു.അവയില്‍ അദ്ദേഹത്തിന്‍റെ ബാലകവിതകളുടെ കൂട്ടത്തില്‍ മേല്‍
സൂചിപ്പിച്ച രണ്ടു കവിതകളും ഉണ്ടായിരുന്നു.എന്നിട്ടും പന്തളത്തിന്‍റെ കവിത ഉള്ളൂരിനു പതിച്ചു കൊടുത്ത്
സര്‍ക്കാര്‍, രണ്ടു മഹാകവികളെയും ഒരുപോലെ അപമാനിക്കുകയാണു ചെയ്തത്.കാസറ്റുകാര്‍ പന്തളത്തിനെ
അജ്ഞാതനാക്കിയത് ക്ഷമിക്കാവുന്നതേയുള്ളു.പക്ഷേ ഈ ഈശ്വരപ്രാര്ത്ഥന താന്‍ കോളേജ് ക്ലാസുകളില്‍ പഠിപ്പിച്ച ഒരു മഹാകവിയുടെതാണെന്ന് അദ്ധ്യാപകന്‍ കൂടിയായ കവി അറിയാതെ പോയത് കഷ്ടമാണ്.

'കാക്കേ കാക്കേ കൂടെവിടെ?' എന്ന് ആരംഭിക്കുന്ന കവിത രചിച്ച മഹാകവി ഉള്ളൂരിന് മറ്റൊരു കവിയുടെ കവിത അപഹരിച്ചിട്ടു വേണ്ടാ മികച്ച ബാലകവിതാകാരനാകാന്‍.വിസ്മൃതിയിലാണ്ട നൂറുകണക്കിനു നാടന്‍
പാട്ടുകള്‍ കണ്ടെടുത്ത് കേരള സാഹിത്യ ചരിത്രത്തില്‍ പ്രസിദ്ധീകരിച്ച മഹാപ്രതിഭയെ മറ്റെന്തു വിളിച്ചാലും
കവിതാചോരന്‍ എന്ന് ആക്ഷേപിക്കാന്‍ അദ്ദേഹത്തിന്‍റെ കടുത്ത വിമര്‍ശകര്‍ പോലും ധൈര്യപ്പെടില്ല.
'കൊണ്ടു പോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും' എന്ന് വിദ്യയെ ക്കുറിച്ചു പാടിയ ഉള്ളൂര്‍, തന്നെ ആരെങ്കിലും
ചോരനാക്കുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.

ഏതാണ്ട് ഒരു ദശകത്തിലേറെ ഈ അബദ്ധപ്പഞ്ചാംഗം കുട്ടികളെ പഠിപ്പിച്ചപ്പോള്‍ രണ്ടു മുന്നണികളും മാറി
മാറി ഭരണം കൈയ്യാളി.അന്ന് ഒരു കുഞ്ഞു പോലും ഈ പ്രമാദം ചൂണ്ടിക്കാട്ടിയില്ല. ആരും അതിന്‍റെ പേരില്‍
തെരുവിലിറങ്ങിയില്ല.മഹാകവികളുടെ ബന്ധുക്കള്‍ പോലും അവഹേളനത്തിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.
ആരാധകരും സാഹിത്യ നായകന്മാരും എതിര്‍പ്പു പ്രകടിപ്പിച്ചില്ല.

കല്പിത കഥാപാത്ര മായ 'ജീവ'ന്‍റെ മതത്തെയും മതമില്ലായ്മയേയും ചൊല്ലി കണ്ഠക്ഷോഭം നടത്തുന്ന വിശുദ്ധ
പിതാക്കന്മാരെയും കുഞ്ഞാടുകളെയും വിശ്വഹിന്ദുക്കളെയും അന്ന് രംഗത്ത് കണ്ടില്ല.നെഹ്രുവിന്‍റെ വാചകങ്ങള്‍ ഉദ്ധരിച്ചതിന്‍റെ പേരില്‍ കല്ലും കട്ടയുമായി വഴിമുടക്കുന്ന യൂത്തും മൂത്തതും മഹാകവികളെ രക്ഷിക്കാനില്ലായിരുന്നു.ഇപ്പോള്‍ വിദ്യാഭ്യാസ മന്ത്രിയുടെ വിവരക്കേടുകള്‍ക്ക് വിശിഷ്ട ഭാഷ്യം ചമയ്ക്കുന്ന പുതിയ സമര രീതിയില്‍ രമിക്കുന്ന സഖാക്കന്മാരും കവിനിന്ദയ്ക്കെതിരെ അന്നു പ്രതികരിച്ചില്ല.
Fans on the page

2 comments:

സിമി said...

നല്ല പോസ്റ്റ് - സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഇപ്പോഴും ഈ കവിത ഉണ്ടോ.

dethan said...

സിമിക്ക്,
ഇപ്പോള്‍ ഈ കവിത സര്‍ക്കാര്‍ പാഠപുസ്തകത്തിലില്ല.'കുട്ടിക്കവിതകള്‍' പ്രസിദ്ധീകൃതമായ ശേഷം
സ്വകാര്യ പ്രസാധകര്‍ പുറത്തിറക്കുന്ന പുസ്തകങ്ങളില്‍ ഈശ്വരപ്രാര്‍ത്ഥനയുടെ കര്‍ത്താവായി പന്തളം കേരളവര്‍മ്മ എന്നു തന്നെ രേഖപ്പെടുത്തുന്നുണ്ട്.
നന്ദി.
-ദത്തന്‍