Total Pageviews

Saturday, September 6, 2008

തെങ്ങും തുപ്പലും മന്ത്രിമാരും

ആനപ്പുറത്തിരിക്കുമ്പോള്‍ പട്ടിയെ പേടിക്കണ്ടാ എന്നാണ് പലരുടെയും വിചാരം.ഭരണത്തിന്‍റെ
ഗജോപരി കയരിയിരിക്കുന്ന ചില മന്ത്രിമാരുടെ മനസ്സിലിരുപ്പും അതു തന്നെ.തങ്ങളെ അധികാരത്തിലേറ്റിയ
ജനം എന്ന നായ്ക്കളോട് എന്തും പറയുകയും കാട്ടുകയും ചെയ്യാമെന്ന അഹങ്കാരമാണ് അവരില്‍ പലരെയും
നയിക്കുന്നത്.

അതുകൊണ്ടാണ് ഒരു മന്ത്രി, "ഭൂമിയില്‍ അല്ലാതെ തെങ്ങിന്‍റെ മണ്ടയിലാണോ വ്യവസായം തുടങ്ങേണ്ടത്?"
എന്നു ചോദിച്ചത്."തുപ്പലില്‍ നിന്നാണോ വൈദ്യുതി ഉല്പാദിപ്പിക്കുന്നത്?" എന്ന് മറ്റൊരു മാന്യമന്ത്രി സംശയം
പ്രകടിപ്പിച്ചതിനും കാരണം മറ്റൊന്നല്ല.

ഭരണത്തില്‍ കയറിയതിന്‍റെ മൂന്നാം പക്കം കരിമണല്‍ ഖനനത്തിന് അനുവാദം കൊടുത്തുകൊണ്ടാണ് വ്യവസായ
മന്ത്രി ഇളമരം കരീം തന്‍റെ 'വ്യവസായ' താല്പര്യം ആദ്യമായി പ്രകടിപ്പിച്ചത്.ഇടതുപക്ഷ മുന്നണിയുടെ നയത്തിനെതിരായ ഈ നടപടി മുഖ്യമന്ത്രി ഇടപെട്ടു തടഞ്ഞെങ്കിലും പാര്‍ട്ടിയുടെ ഔദ്യോഗ പക്ഷത്തിന്‍റെ
പിന്‍ബലമുള്ളതു കൊണ്ട് അദ്ദേഹം 'മൂലധനകമ്യൂണിസം' നടപ്പാക്കാന്‍ രണ്ടും കല്പ്പിച്ചുള്ള കളികള്‍ തുടരുകയാണ്.
ഇന്ത്യയ്ക്കാകെ മാതൃകയായ കേരള ഭൂപരിഷ്കരണ നിയമം തിരുത്തണമെന്ന് വകുപ്പു സെക്രട്ടറിയെക്കൊണ്ട്
നോട്ടെഴുതിച്ച് ചില വന്‍ കിടക്കാരെ സഹായിക്കാന്‍ ശ്രമം നടത്തി.വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അതും
ചീറ്റിപ്പോയി.വ്യവസായവുമായി വിദൂര ബന്ധം പോലുമില്ലാത്തവര്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ
അണിയറ നീക്കങ്ങള്‍ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടു വന്നതിലുള്ള അരിശപ്രകടനത്തിന്‍റെ ഭാഗമായിരുന്നു
'തെങ്ങിന്‍ മണ്ട'പ്രയോഗം.

പേരിനോടൊപ്പം 'മരം' എന്നുകൂടിയുള്ളതുകൊണ്ടാകാം അദ്ദേഹം ഭൂമിക്കു പകരം ഒരു മരത്തിന്‍റെ മണ്ടയെ
കുറിച്ച് ഓര്‍ത്തു പോയത്.റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെയും കരിമണല്‍ കൊള്ളക്കാരുടെയും ദല്ലാളാണ്
താനെന്ന് ഓരോ സംഭവത്തിലൂടെയും വ്യവസായ വകുപ്പുമന്ത്രി തെളിയിച്ചു കൊണ്ടിരിക്കുകയാണ്.പ്രത്യേക
സാമ്പത്തിക മേഖലയ്ക്ക് പാര്‍ട്ടി പച്ചക്കൊടി കാട്ടിയതോടെ സ.ഇളമരം മുതുമരത്തിന്റെ വീറിലാണ്. തൊഴിലാളി നേതാവ് എന്ന ലേബലില്‍ മന്ത്രിയായ സഖാവ്,ഇപ്പോള്‍ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന പ്രത്യേക സാമ്പത്തിക മേഖലയ്ക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്.

കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിച്ച എക്സ്പ്രസ് ഹൈവേയ്ക്കെതിരെ സമരം ചെയ്തതാണ് ഇടതു മുന്നണി. പക്ഷേ അധികാരത്തിലെത്തിയപ്പോള്‍ മന്ത്രി കരീമിന് എന്തു പേരിലായാലും ഒരു എക്സ്പ്രസ്സ് റോഡ് കൂടിയേ കഴിയൂ.മുന്നണിയിലൊന്നും ചര്‍ച്ച ചെയ്യാതെ അതു സംബന്ധിച്ച് പരസ്യ പ്രഖ്യാപനം പോലും നടത്തിക്കളഞ്ഞു ബഹു.മന്ത്രി.അഴിമതിക്കു വന്‍ സാദ്ധ്യതയുള്ള,ഈ അതിവേഗ പാതാ സ്വപ്നവും പൊലിഞ്ഞു പോയി.

ഇന്ത്യയ്ക്ക് ഏറ്റവും ഇണങ്ങുന്നതും ചെലവു കുറഞ്ഞതും ചെറുകിട ജലവൈദ്യുത പദ്ധതിയാണെന്ന് വിവരമുള്ളവര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.പക്ഷേ കോണ്ട്രാക്റ്റര്‍മാരും എഞ്ചിനീയര്‍മാരും ഭരണം കൈയ്യാളിയ
അഴിമതിക്കാരും കൂടി വന്‍ കിട ജലവൈദ്യുത പദ്ധതിയാണ് നടപ്പാക്കിയത്.പരിസ്ഥിതിക്കും വനസമ്പത്തിനും
ജനങ്ങള്‍ക്കും ദോഷകരമാണെന്ന് അനുഭവത്തില്‍ ബോദ്ധ്യപ്പെട്ടിട്ടും അത്തരം പദ്ധതികളോടാണ് ഇപ്പോഴും ഭരണക്കാര്‍ക്കു താല്പര്യം.ഇടതുപക്ഷം അധികാരത്തിലെത്തിയാലെങ്കിലും അതിനു മാറ്റമുണ്ടാകുമെന്നു കരുതി.ബാലനെപ്പോലെയുള്ള പാര്‍ട്ടിയുടെ 'മൂലധന'പക്ഷത്തിന്‍റെ നല്ലപിള്ളകള്‍ വൈദ്യുത വകുപ്പ് കൈകാര്യം
ചെയ്യുമ്പോള്‍ ആ പ്രതീക്ഷയും വേണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വാചകമടി വെളിവാക്കുന്നത്.

അതിരപ്പള്ളി പദ്ധതി നടപ്പാക്കിയാലുണ്ടാകുന്ന മേന്മകളോര്‍ത്ത് മന്ത്രി മനക്കോട്ട കെട്ടുമ്പോഴാണ് ചില
പരിസ്ഥിതിക്കാരും ബുദ്ധിജീവികളും ഒക്കെ എതിര്‍പ്പുമായി വരുന്നത്.വൈദ്യുതിക്കു പകരം ദേഷ്യം
ഉല്പാദിപ്പിക്കപ്പെടാതിരിക്കുമോ?ഒരുപാടു നാള് തുപ്പലിറക്കി നടന്നതിനു ശേഷമാണ് മന്ത്രിയാക്കാന്‍ പാര്‍ട്ടി
കനിഞ്ഞത്.നെടുനാള്‍ തുപ്പല്‍ വിഴുങ്ങിയിട്ടാണ് ഒരു വന്‍ പദ്ധതി ഒത്തു കിട്ടിയത്.അതു കൈ വിട്ടു
പോകമെന്നു തോന്നിയാല്‍ ഇത്തരം തുപ്പല്‍ ചോദ്യം ആരും ചോദിച്ചു പോകും!

പ്രസരണ നഷ്ടവും മോഷണവും തടയാന്‍ ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാതെ ഉപഭോക്താക്കളെയും
മറ്റുള്ളവരെയും കുറ്റം പറഞ്ഞു നടന്നാല്‍ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ല.ചെറിയ നീരൊഴുക്കില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിച്ച് നാട്ടുകാരും പഞ്ചായത്തും ബോഡിനു കൈമാറിയ നിരവധി പദ്ധതികള്‍ പ്രവര്‍ത്തിപ്പിക്കാതെ കിടക്കുന്നുണ്ട്.അവ ഉപയോഗക്ഷമമാക്കുവാന്‍ മന്ത്രിക്ക് യാതൊരു താല്പര്യവുമില്ല.കൈവശമുള്ള മറ്റൊരു വകുപ്പിന്‍റെ കാര്യക്ഷമത മൂലം ആയിരക്കണക്കിന് പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കു കിട്ടാനുള്ള കേന്ദ്ര സഹായമാണ് നഷ്ടമായത്.ഇത്ര സമര്‍ത്ഥനായ മന്ത്രിക്ക് നിന്നു പിഴയ്ക്കണമെങ്കില്‍ വാചകമടിയും പാര്‍ട്ടിനേതൃത്വത്തിന്‍റെ കാല്‍ നക്കലും കൂടാതെ കഴിയില്ല.അത് യഥേഷ്ടം
നടത്തിക്കൊള്ളട്ടെ.പക്ഷേ വോട്ടു ചെയ്തു ജയിപ്പിച്ചവരുടെ നേര്‍ക്കു തുപ്പുന്നത് അത്ര നല്ല പണിയല്ല.

ആനപ്പുറത്തു നിന്നും എന്നെങ്കിലും ഇറങ്ങേണ്ടി വരുമെന്ന്, അഹങ്കാരം കൊണ്ടു കൈ കഴുകുന്ന മരമന്ത്രിമാരും ഉമിനീര്‍മന്ത്രിമാരും ഓര്‍ക്കുന്നത് നല്ലതാണ്.




Fans on the page

1 comment:

dethan said...

അധികാരത്തിന്‍റെ ആനപ്പുറത്തിരുന്നുകൊണ്ട് അഹങ്കാരത്തിന്‍റെ കത്തി വേഷം ആടുന്ന മന്ത്രിമാരെക്കുറിച്ച്
-ദത്തന്‍