Total Pageviews

Monday, September 1, 2008

ബിഷപ് പവ്വത്തില്‍ സംഘപരിവാര്‍ ഏജന്‍റോ?

സംഘ പരിവാര്‍, വിശ്വഹിന്ദു പരിഷത്ത് ഗുണ്ടകളും ഭരണ വിക്രമന്മാരും ചേര്ന്ന് ഒറീസ്സയില്‍ ക്രിസ്ത്യാനികളെ വേട്ടയാടുന്നതിന്‍റെ ഭയജനകമായ വാര്‍ത്തകളാണ് കുറെ നാളുകളായി രാജ്യത്തെമ്പാടും പ്രചരിക്കുന്നത്. നിരായുധരും നിരാലംബരുമായ പാവങ്ങളെ ആയുധ ധാരികളായ മതഭ്രാന്തന്മാര്‍ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.അവരുടെ വീടുകള്‍ തീവച്ചു നശിപ്പിക്കുന്നു. നിരവധി ആളുകളെ ഇതിനകം വധിച്ചു കഴിഞ്ഞു.ഭരണകൂടത്തിന്‍റെ ഒത്താശയോടു കൂടിയാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്.

മനസ്സു മരവിച്ചിട്ടില്ലാത്തവരെല്ലാം ഈ കാടത്തത്തെ അപലപിച്ചിട്ടുണ്ട്.നരനായാട്ട് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.പക്ഷേ കേരളത്തിലെ ഒരു ബിഷപ്പിനു മാത്രം ഇതൊന്നും അത്ര
ഗൗരവമുള്ള കാര്യമായി തോന്നുന്നില്ല.അദ്ദേഹത്തിന് അതിനേക്കാളൊക്കെ കഠിനവും മൃഗീയവുമായി അനുഭവപ്പെടുന്നത് കേരള സര്‍ക്കാര്‍ നടത്തുന്ന പാഠപുസ്തക പരിഷ്ക്കാരമാണ്.അദ്ദേഹത്തിന്‍റെ തിരുവചനങ്ങള്‍ ശ്രദ്ധിച്ചാലും."ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടാല്‍ അതു പുനര്‍ നിര്‍മ്മിക്കാം.പക്ഷേ വിശ്വാസം
തകര്‍ക്കപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ കഴിയില്ല."

ഒറീസയില്‍ ക്രിസ്തീയ വിശ്വാസികള്‍ കൂട്ടത്തോടെ കൊല ചെയ്യപ്പെടുകയും വൈദികരും കന്യാസ്ത്രീകളും
ചുട്ടുകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ജോസഫ് പൗവ്വത്തില്‍ എന്ന ബിഷപ്പിന്‍റെ "വിശുദ്ധ അരുളപ്പാട്"
ഉണ്ടായിരിക്കുന്നത്.ദേവാലയം വീണ്ടുമുണ്ടാക്കാമെന്നു പറയുന്ന ഇദ്ദേഹം പക്ഷേ കൊല്ലപ്പെട്ടവര്‍ക്ക്
ജീവന്‍ തിരിച്ചു നല്‍കാന്‍ കഴിയുമോ എന്നു പറയുന്നില്ല.മരിച്ചവരെ ജീവിപ്പിച്ചവന്‍റെ പേരു പറഞ്ഞ്
ഉപജീവനം നടത്തുന്നതു കൊണ്ട് തനിക്കും അതു കഴിയും എന്ന് ഈ 'തിരുമേനി' വിചാരിക്കുന്നുണ്ടാകും.

മതവൈരത്തിന്‍റെ പേരില്‍ തകര്‍ക്കപ്പെട്ട ഏതു ദേവാലയമാണ് പുനര്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതെന്നും പിതാവു
പറഞ്ഞില്ല.കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ വിശ്വഹിന്ദുക്കളും സംഘപരിവാരങ്ങളും അദ്വാനിമാരും കൂടി
പൊളിച്ചടുക്കിയ ബാബറി മസ്ജിദ് എന്താണ് വീണ്ടും പടുത്തുയര്‍ത്താത്തത്?

സമാധാന കാംക്ഷികളായ സകല ഭാരതീയരും ഒറീസയിലെ നരമേധത്തിനെതിരെ പ്രതിഷേധിക്കുമ്പോള്‍ അതിനേക്കാള്‍ വലിയ പീഡനം കേരളത്തിലാണു നടക്കുന്നതെന്നു പറയുന്ന ഈ വൈദികപ്രമാണി
രാജ്യത്തെ ക്രൈസ്തവ പുരോഹിതര്‍ക്ക് ഒന്നാകെ അപമാനമാണ്.വൈദിക കുപ്പായമിട്ട സംഘപരിവാര്‍ ഏജന്‍റാണോ ഇദ്ദേഹം എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു.വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നതിന്
എത്ര കോടി അവരില്‍ നിന്നു കൈപ്പറ്റിയെന്ന് ഇദ്ദേഹത്തെ പോറ്റുന്ന തിരു സഭ അന്വേഷിക്കേണ്ടതാണ്.





Fans on the page

7 comments:

dethan said...

കമ്യൂണിസ്റ്റു വിരോധം കൊണ്ടു കണ്ണുകാണാതായ ഒരു വൈദികന്‍റെ അതിരു കടക്കുന്ന ജല്പനങ്ങളോടുള്ള
പ്രതികരണം.
-ദത്തന്‍

ajeeshmathew karukayil said...

പ്രിയ സുഹൃത്തേ ,

മാധ്യമങ്ങള്‍ അവരുടെ ഇഷ്ടത്തിന് വളച്ചൊടിച്ച വാര്‍ത്ത അപ്പാടെ വിഴുങ്ങാതെ എഴുതുന്നതിനു മുന്പ് ചിന്തിക്കുക, വിമര്‍ശിക്കാന്‍ വേണ്ടിയെന്കിലും വായിക്കുക

മൂര്‍ത്തി said...

ഇവിടെ ആ പ്രസ്താവന ഉണ്ട്..

ദളിത് ക്രൈസ്തവരാണ് ആക്രമിക്കപ്പെടുന്നത് എന്നത് ആണോ ആവോ കാരണം

dethan said...

പ്രിയ അജീഷ് മാത്യു,
വിശുദ്ധ പിതാവിന്‍റെ പ്രസംഗം വിവിധ ചാനലുകളില്‍ കണ്ടിട്ടു തന്നെയാണ് പോസ്റ്റ് ഇട്ടത്.കേട്ടറിവിന്‍റെയും
ഊഹാപോഹത്തിന്‍റെയും അടിസ്ഥാനത്തിലല്ല.കൈരളിയും അമൃതയും മാത്രമല്ല ഏഷ്യാനെറ്റും ഇന്ത്യാവിഷനും
ഉള്‍പ്പെടെയുള്ള മിക്ക മലയാളം ചാനലുകളും അദ്ദേഹത്തിന്‍റെ പ്രസംഗം സംപ്രേഷണം ചെയ്തിരുന്നു. എല്ലാറ്റിലും കണ്ടതും കേട്ടതും ഒറീസയിലെ നരമേധത്തിലും വംശഹത്യയിലും ഉത്കണ്ഠയോ വേദനയോ വലുതായി പ്രകടിപ്പിക്കാത്ത ബിഷപ്പിനെയാണ്.അതേസമയം കേരളത്തില്‍ നടക്കുന്നെന്നു പറയുന്ന "ആത്മീയ
ആക്രമണ"ത്തെക്കുറിച്ച് ആവശ്യത്തില്‍ കൂടുതല്‍ ഉത്കണ്ഠയും ആവേശവും പ്രകടിപ്പിക്കുകയും ചെയ്തു.
നരഹത്യയേക്കാള്‍ വിശ്വാസഹത്യയാണു അപകടകരം എന്ന നിലപാട് എത്ര ആപല്‍ക്കരമാണെന്ന് ഈ മനുഷ്യന്‍
അറിയാത്തതോ മനപ്പൂര്‍ വ്വം നടിക്കുന്നതോ? മനുഷ്യന്‍ ഉന്മൂലനം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ,ആരാണ്, ഇദ്ദേഹം പറയുന്ന ഈ 'വിശ്വാസം' ചുമക്കുന്നത്?
വിശുദ്ധ പിതാക്കന്മാര്‍ക്ക് തെറ്റു പറ്റില്ല;മാദ്ധ്യമങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും മാത്രമെ തെറ്റൂ എന്ന് തങ്കളെപ്പോ
ലെയുള്ളവര്‍ വിശ്വസിക്കാനുള്ളതുകൊണ്ടാണ് വിവേകശൂന്യമായ ഇത്തരം പ്രസ്താവന ഇവര്‍ ആവര്‍ത്തിക്കുന്നത്.

പ്രിയ മൂര്‍ത്തി,
താങ്കള്‍ പറഞ്ഞതു പോലെ ദളിതരാണെന്നതും ഒരു കാരണമാകണം.തന്നെയുമല്ല പാവപ്പെട്ട അവര്‍ക്ക് മെഡിക്കല്‍ കോളേജും എഞ്ചിനീയറിങ് കോളേജും ഒന്നും സ്വന്തമായില്ലല്ലോ.
-ദത്തന്‍

N.J Joju said...

പൌവത്തില്‍ പിതാവിനെ സംഘപരിവാര്‍ ഏജെന്റായി ചിത്രീകരിയ്ക്കേണ്ടത് ആരുടെ താത്പര്യമാണെന്ന് ഇവിടെ എല്ലാവര്‍ക്കും അറിയാം.

ദളിത് ക്രൈസ്തവര്‍ക്കു വേണ്ടി പൌവത്തില്‍ പിതാവ് എന്തു ചെയ്തു എന്ന് നിങ്ങള്‍ക്കറിയില്ലായിരിയ്ക്കാം, പക്ഷേ എനിയ്ക്കറിയാം.

വിശ്വാസത്തിനെതിരെയുള്ള ഒളിയാക്രമണങ്ങള്‍ക്കെതിരെതന്നെയാണ് കായികമായ അക്രമണങ്ങളെക്കാള്‍ വിശ്വാസികള്‍ ജാഗരൂകരായിരിയ്ക്കെണ്ടത്.

dethan said...

എന്‍.ജെ.ജോജുവിന്,

മനുഷ്യനെ പച്ച ജീവനെ ചുട്ടു കരിക്കുന്നതിനെ നിസ്സാരവല്‍ക്കരിക്കുക എന്നു വച്ചാല്‍ അതു ചെയ്യുന്നരെ സഹായിക്കുക എന്നാണര്‍ത്ഥം.കേരളത്തിലെ ആരോടൊക്കെയോ ഉള്ള പകയും വിദ്വേഷവും(രണ്ടും വൈദികര്‍ക്കു ചേര്‍ന്നതല്ല)കൊണ്ട് അന്ധനായിത്തീര്‍ന്ന പൗവ്വത്തില്‍ പിതാവ് അതാണ് ചെയ്യുന്നത്.

താങ്കളെപ്പോലെയുള്ള കുഞ്ഞാടുകള്‍ ഉള്ളപ്പോള്‍ ഇതിനേക്കാള്‍ വലിയ വിവരദോഷം വിശുദ്ധ പിതാക്കന്മാര്‍
വിളമ്പിക്കൊണ്ടിരിക്കും.ദളിതന്മാരും ആദവാസികളും സംഘപരിവാരങ്ങളുടെയും വിശ്വഹിന്ദുക്കളുടെയും
കൊലക്കത്തികള്‍ക്കും തീപ്പന്തങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയും ചെയ്യും.

ദളിത് ക്രൈസ്തവര്‍ക്കു വേണ്ടി പൗവ്വത്തില്‍ പിതാവ് ചെയ്തിട്ടുള്ളതെന്തായാലും ഇപ്പോള്‍ അദ്ദേഹം
സ്വീകരിക്കുന്ന നിലപാട് ദളിത വിരുദ്ധവും ക്രൈസ്തവ വിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണ്.
-ദത്തന്‍

Praveen payyanur said...

comment follow up request