Total Pageviews

Thursday, May 15, 2008

മാനഭംഗ ചൈതന്യ

സന്തോഷ് മാധവന്‍ എന്ന സാമൂഹിക വിരുദ്ധന്‍ പോലീസ് കസ്റ്റഡിയിലായത് എല്ലാവരും ആഘോഷിക്കുകയാണ്;വിശേഷിച്ചും പത്രങ്ങളും ചാനലുകളും.ഇതുപോലുള്ള കള്ളന്മാരെ(കള്ളികളെയും) ദൈവങ്ങളാക്കി വളര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണ് ഈ രണ്ടു കൂട്ടരും.

നീലചിത്ര നിര്‍മ്മാണം,മാനഭംഗം,മയക്കുമരുന്നു വ്യാപാരം,ഭൂമി കച്ചവടം,തുടങ്ങിയ കാര്യങ്ങളില്‍ 'ആത്മീയ
ചൈതന്യം' പ്രസരിപ്പിച്ചു തുടങ്ങിയ ഒരു കൊച്ചവതാരത്തെ കുടുക്കിയതില്‍ പോലീസുകാര്‍ക്ക് അഭിമാനിക്കാം.
വമ്പന്‍ സ്രാവുകള്‍ വലയില്‍ വീഴാതെയും വീണാല്‍ തന്നെ വല പൊട്ടിച്ചും യഥേഷ്ടം വിഹരിക്കുമ്പോള്‍
ചെറിയ മീനിനെ പിടിച്ച് ഊറ്റം കൊള്ളാനേ നമ്മുടെ സര്‍ക്കാരിനും പോലീസിനും യോഗമുള്ളു.
മൂന്നു ഗ്രാം കഞ്ചാവു കൈവശം വച്ച സന്തോഷ് മാധവന്‍ കുറ്റവാളി;കിലോ കണക്കിന് ബ്രൗണ്‍ ഷുഗര്‍ സൂക്ഷിക്കുകയും ഒളിച്ചു കടത്തുകയും ചെയ്യുന്ന അമ്മ ദൈവങ്ങള്‍ വിശുദ്ധര്‍!അവരെ തൊടാന്‍ ഒരു പോലീസും മന്ത്രിയും കോടതിയും ധൈര്യപ്പെടില്ല.കള്ളക്കടത്തും കഞ്ചാവു കച്ചവടവും നടത്താന്‍ ഭരണകൂടവും കോടതിയും അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കും.

എതാനും വര്‍ഷം മുന്‍പ് തിരുവനന്തപുരത്തുള്ള ഒരാശ്രമത്തില്‍ നിന്നും, നീലച്ചിത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെട്ടോടിയ പെണ്‍കുട്ടിയുടെ കഥ പത്രമാദ്ധ്യമങ്ങള്‍ കൊണ്ടാടിയതാണ്. ആശ്രമം വക ആയുര്‍ വേദ ആശുപത്രിയിലെ ഡോക്റ്ററും ഗുരുഭക്തയും അന്തേവാസിയുമായിരുന്നവരുടെ മകളായിരുന്നു ആ
പെണ്‍കുട്ടി.എന്നിട്ടിതാണു ഗതിയെങ്കില്‍ ചോദിക്കാനും പറയാനും ആരുമില്ലാത്ത സാധുക്കളുടെ അവസ്ഥ ഊഹിക്കാവുന്നതേ ഉള്ളു.ഒ വി വിജയനും സഹോദരിയും മുതല്‍ പല പ്രശസ്തരും അഭയംകണ്ടെത്തിയ'ഗുരു സാഗര'ന്‍റെ ആശുപത്രിയില്‍ ഒരു മുന്‍ രാഷ്ട്രപതി ചികിത്സയ്ക്കു വന്നത് ഈ നീലപ്പട സംഭവത്തിനു ശേഷമാണ്.
അപ്പോള്‍ പിന്നെ അവിടെ നീലപ്പടങ്ങള്‍ പരസ്യമായി ചിത്രീകരിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു.

കൊച്ചിയിലെ 'ശാന്തിതീര'ത്തും തിരുവനന്തപുരത്തെ 'ശാന്തിഗിരി'യിലും നീലപ്പടമാണു നിര്‍മ്മിക്കുന്നതെങ്കില്‍
വള്ളിക്കാവിലും പുട്ടപര്‍ത്തിയിലും കൊച്ചുങ്ങളെ വരെ നിര്‍മ്മിച്ചു കൊടുക്കും.അമൃതാനന്ദമയിയുടെയും സായിബാബയുടെയും അപദാനങ്ങള്‍ വാഴ്ത്തുന്ന ഗ്രന്ഥങ്ങള്‍ തന്നെയാണ് സൃഷ്ടികര്‍മ്മ കഥകള്‍ക്കു തെളിവ്.പക്ഷേ അവിടങ്ങളിലെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു ചാനലും പത്രവും ഉരിയാടില്ല.
അമ്മയുടെ ആലിംഗനത്തിലും മാജിക്ക് ദൈവത്തിന്‍റെ ഭസ്മ ദാനത്തിലും നിര്‍ വൃതികൊള്ളുന്ന പ്രധാനമന്ത്രിമാരും
മുഖ്യമന്ത്രിമാരും ചീഫ്ജസ്റ്റിസ്മാരും ഡിജിപി മാരും ഉള്ളപ്പോള്‍ അവര്‍ ആരെ ഭയക്കണം?ലക്ഷങ്ങളുടെ സ്പൊന്‍സര്‍ കാശ് ലഭിക്കുമ്പോള്‍ ചാനലുകള്‍ എന്തിനു വ്യാജദൈവങ്ങളെ വെറുപ്പിക്കണം?

മാനഭംഗപ്പയ്യന്‍റെ മുപ്പതു കോടിയുടെ ആസ്തിയക്കുറിച്ച് കേരള-കേന്ദ്ര സര്‍ക്കാരുകളുടെ അന്വേഷണ ഏജന്‍സികളും ഇന്‍റര്‍പോളും അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിനു മുന്നൂറു കോടി കൊടുക്കാമെന്നു പറയുന്ന അമ്മദൈവത്തിന്‍റെ വരുമാന സ്രോതസ്സിനെക്കുറിച്ച് ആര്‍ക്കും അന്വേഷിക്കണ്ടാ!കരുനാഗപ്പള്ളിയിലും വള്ളിക്കാവിലും പ്രചരിക്കുന്ന കള്ളനോട്ടുകളെക്കുറിച്ച് ഒരു സര്‍ക്കാരിനും ഉത്കണ്ഠയില്ല!പിടികൂടപ്പെടുന്ന ഹവാലപ്പണവും കള്ളനോട്ടും കരുനാഗപ്പള്ളിയിലേക്കാണെന്നറിഞ്ഞാല്‍ അതു സംബന്ധിച്ച വാര്‍ത്ത
അവസാനിക്കും.

സ്വന്തം ഭാവി പോലും മുന്‍ കൂട്ടി അറിയാന്‍ കഴിയാത്ത ഇവന്‍ എന്തു ജ്യോത്സ്യന്‍ എന്ന് ചിന്ന മാനഭംഗന്‍റെ ചില മുന്‍ ഭക്തരെങ്കിലും സംശയിക്കുന്നുണ്ടാകാം.പക്ഷേ കുളിമുറിയില്‍ തെന്നിവീണു നടുവൊടിയുമെന്ന അത്യാഹിതം ജ്ഞാനദൃഷ്ടി കൊണ്ടു കാണാന്‍ കഴിയാഞ്ഞ പുട്ടപര്‍ത്തിയിലെ ആള്‍ദൈവത്തിനെക്കുറിച്ച് അദ്ദേഹത്തിന്‍റെ ഭക്തര്‍ക്ക് യാതൊരു സംശയവുമില്ല.സുനാമി മൂലം വിളിപ്പാടകലെ സാധുക്കളുടെ സ്വത്തും ജീവനും അപകടത്തിലാകുമെന്ന് അറിയാന്‍ സാധിക്കാഞ്ഞ അമ്മ ദൈവത്തിലും പ്രമാണിമാര്‍ക്കുള്ള ഭക്തിക്ക് യാതൊരു കുറവുമില്ല.വ്യാജസ്വാമിയുടെ വിശ്വരൂപം വെളിച്ചത്താക്കിയത് തങ്ങളാണെന്ന് അവകാശപ്പെടുന്ന ചാനലുകള്‍‍ക്കും മേല്‍ പറഞ്ഞ 'അമ്മ','അച്ഛന്‍' ദൈവങ്ങളില്‍ പരിപൂര്‍ണ്ണ വിശ്വാസം തന്നെ.

ഗണപതിക്കു വച്ചത് കാക്ക കൊത്തിയില്ലായിരുന്നെങ്കില്‍ ഇവനും മറ്റൊരു ചന്ദ്രസ്വാമിയോ ബാബയോ ആകുമായിരുന്നു.എങ്കില്‍ ഇവനു വേണ്ടിയും ദിവസവും 'നേരോടെ' 'നിര്‍ഭയം' ചില ചാനലുകള്‍ അരമണിക്കൂര്‍ മാറ്റി വയ്ക്കുമായിരുന്നു.'വേറിട്ട ചാനലുകള്‍' അവരുടെ'എന്‍ലൈറ്റന്‍ഡ് പ്ലാറ്റ്ഫോമില്‍' അഭിമുഖത്തിനു ക്ഷണിക്കുമായിരുന്നു.

ആത്മീയതയുടെ മറവില്‍ തട്ടിപ്പ് നടക്കുന്നതായി ചില യുവജന സംഘടനകള്‍ക്ക് ഇപ്പോള്‍ ബോദ്ധ്യമായിരിക്കുന്നു!നല്ലത്.യുവമോര്‍ച്ചയുടെയും യൂത്ത് കോണ്‍ഗ്രസ്സുകാരുടെയും ധാര്‍മ്മിക രോഷം
ആത്മാര്‍ത്ഥമാണെങ്കില്‍ അവര്‍ തങ്ങളുടെ സ്വന്തം നേതാക്കളെയാണ് ഉപദേശിക്കേണ്ടത്.തട്ടിപ്പും വെട്ടിപ്പും നടത്തുന്ന ആള്‍ ദൈവങ്ങളുടെ മടിയില്‍ കിടക്കുന്ന അവരെ ആദ്യം പിന്തിരിപ്പിക്കുക.

ആള്‍ദൈവങ്ങള്‍ നല്‍കുന്ന പിച്ചക്കാശു കൈ നീട്ടി വാങ്ങുകയും അവരുടെ അപദാനങ്ങള്‍ പാടി നടക്കുകയും ചെയ്യുന്ന പാര്‍ട്ടി മന്ത്രിമാരെ അതില്‍ നിന്നു പിന്തിരിപ്പിച്ചിട്ടു വേണം ഡിവൈഎഫ്ഐ സഖാക്കള്‍ കപട സന്യാസിമാര്‍ക്കെതിരേ വാള്‍ ഓങ്ങുവാന്‍.ദൈവ വേഷം കെട്ടി പാവങ്ങളെ പറ്റിക്കുന്നവരെ പാര്‍ട്ടി ചാനലില്‍ പ്രത്യക്ഷപ്പെടുത്തി മാന്യതയുടെ പരിവേഷം നല്‍കുകയും അവരുടെ പരസ്യ ഉച്ചിഷ്ടം ഭുജിക്കുകയും ചെയ്യുന്നതിനെതിരെ ചെറുവിരല്‍ അനക്കാതെ,കൂട്ടത്തില്‍ കൂവി വീരസ്യം കാട്ടുന്നത് തറ പരിപാടിയാണ്.തൊഴിലാളികളെ ചൂഷണം ചെയ്യുകയും വിദ്യാര്‍ത്ഥികളെ കൊള്ളയടിക്കുകയും ചെയ്യുന്ന ഇവരുടെ സ്ഥാപനങ്ങളില്‍ നേതാക്കന്മാരുടെ മക്കള്‍ പഠിക്കുന്നതില്‍ കുറ്റം കാണാത്ത കൊച്ചു സഖാക്കള്‍ക്ക് ആത്മീയ തട്ടിപ്പിനെപ്പറ്റി ശബ്ദിക്കാന്‍ എന്തവകാശം?
മലയാള മനോരമ എന്ന'വിഷവൃക്ഷ'ത്തിന്‍റെ വേരുകള്‍ തേടി കണ്ടെത്തി പ്രസിദ്ധപ്പെടുത്തിയ കാലത്തുതന്നെ അമൃതപുരിയിലെ
അവിശുദ്ധ ബന്ധങ്ങളും കണ്ടെത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ 'ദേശാഭിമാനി'യില്‍ വരാതെ പോയത് എന്തുകൊണ്ടെന്നു കൂടി സഖാക്കള്‍ തിരക്കുന്നത് നന്നായിരിക്കും.

അമൃതന്മാരും അമൃതകളും(ഉപനിഷദ് കാലം മുതല്‍ ഉച്ചരിക്കപ്പെട്ട 'അമൃതം' എന്ന പദത്തിനു സംഭവിച്ച
അധോഗതി ശ്രദ്ധിക്കുക!)വേരുകളാഴ്ത്തും മുമ്പേ പിഴുതെറിയാതിരുന്നതാണ് സന്തോഷ് മാധവന്മാര്‍ അമൃതരായി പിന്നെയും അവതരിക്കാന്‍ കാരണം.ഭക്തിമൂത്തവര്‍ നയിക്കുന്ന ഭരണകൂടങ്ങള്‍ കപടദൈവങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് മനസ്സിലാക്കാം.മനുഷ്യ നന്മയില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്നവര്‍ ഭരിക്കുമ്പോഴും അതാണു സ്ഥിതിയെങ്കില്‍ കഷ്ടം തന്നെ.പരസ്യമായി വിപ്ലവ മുദ്രാവക്യവും രഹസ്യമായി നാമജപവും ആയി നടക്കുന്നവര്‍ക്ക് രണ്ടും കെട്ട നിലപാടുകള്‍ കൈക്കൊള്ളാനേ
കഴിയൂ.അതാകട്ടെ കൂടുതല്‍ അപകടകരവും അപഹാസ്യവും.



Fans on the page

7 comments:

Unknown said...

ആര്‍ഷഭാരത സംസ്കാരത്തിന്റെ നല്ലൊരു "മൊതല്‍" ആയിരുന്നു. പൂജ, തന്ത്രം, മന്ത്രം, ബ്ലൂഫിലിം, ബലാത്സംഗം, പൊടിക്ക് ചാരിറ്റി, അനാഥാലയം, എല്ലാം കൊണ്ടും പാരമ്പര്യവാദികള്‍ക്കും ഭക്തകുചേലകള്‍ക്കും ഉത്തമ മാതൃകാ പുരുഷന്‍!

വലിയ വലിയ "മൊതലുകള്‍" പിടിക്കപ്പെടുന്നതിനുമപ്പുറമെത്തിക്കഴിഞ്ഞു.
ഇതുപോലെ കൊച്ചു കൊച്ചു മൊതലുകളെയെങ്കിലും പിടിക്കുന്നല്ലോ. അതു തന്നെ വലിയ കാര്യം!

ഭക്തജനങ്ങള്‍ക്ക് വരപ്രസാദമായി ഇതുപോലെ ഇനിയും ധാരാളം പൂജാരിമാരും, സ്വാമിമാരും, ആശ്രമങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

ഈ സ്വാമിയുടെ "കോഴ്സ്" കോളേജുകളില്‍ കരിക്കുലം ആവട്ടെ. ഒപ്പം ഇതുപോലെ പുതിയ ആളുകളെ പരിശീലിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റികളും!

ഭക്തിയും ആത്മീയതയും അങ്ങനെ പടര്‍ന്ന് പന്തലിക്കട്ടെ. അപ്പോ പിന്നെ ഇതൊന്നും ഒരു കേസേ അല്ലാതെയാകും. എല്ലാം മായ! എല്ലാം പരബ്രഹ്മം!

ഓ.ടോ: ലേഖനം എനിക്കിഷ്ടപ്പെട്ടു! പ്രത്യേകിച്ചും ഈ വരികള്‍. കൊച്ചിയിലെ 'ശാന്തിതീര'ത്തും തിരുവനന്തപുരത്തെ 'ശാന്തിഗിരി'യിലും നീലപ്പടമാണു നിര്‍മ്മിക്കുന്നതെങ്കില്‍
വള്ളിക്കാവിലും പുട്ടപര്‍ത്തിയിലും കൊച്ചുങ്ങളെ വരെ നിര്‍മ്മിച്ചു കൊടുക്കും.

നിഷാന്ത് said...

എല്ലാം മായ, കാണുന്നതൊന്നും വിശ്വസിക്കരുത്! അങ്ങനെയെങ്ങാണ്ടല്ലെ പുരാണങ്ങള്‍ പറയുന്നത്!
അത് ഇവമ്മാരെല്ലാംകൂടെ നടപ്പിലാക്കുന്നതല്ലെ നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്!

dethan said...

യാത്രാമൊഴിക്ക്,

ഇത്തരം ആസാമിമാരെ ദൈവങ്ങളാക്കുന്നതില്‍ ഭക്തന്മാരെപ്പോലെ ഉത്തരവാദികളാണ് മാദ്ധ്യമങ്ങളും.
സായിബാബയേയും അമൃതാനന്ദമയിയേയും ശ്രീശ്രീരവിശങ്കറേയും വളര്‍ത്തിയതില്‍ വലിയപങ്കാണ് മാദ്ധ്യമങ്ങള്‍ വഹിച്ചിട്ടുള്ളത്.ഇപ്പോള്‍ പുതിയൊരു അവതാരത്തിനെ പൊക്കി കൊണ്ടു നടക്കുകയാണ്;ഹിമവല്‍ മഹേശ്വര
ഭദ്രാനന്ദ.ഇവനെയൊക്കെ ചൂലു ചാണകത്തില്‍ മുക്കി അടിക്കേണ്ടതിനു പകരം അഭിമുഖം സംഘടിപ്പിക്കാന്‍ ഓടുകയാണ് ചാനലുകള്‍.

നിഷാന്തിന്,

മായാവാദത്തിന്‍റെ ഉപജ്ഞാതാവ് ശ്രീശങ്കരാചാര്യരാണ്.പുരാണങ്ങളല്ല.
കള്ളസ്വാമിമാരെയും കള്ളദൈവങ്ങളെയും കുറിച്ച് മോശമായി എഴുതുന്നതും അത് വായിക്കുന്നതും പാപമാണെന്നു ധരിക്കുന്നവര്‍ ധാരാളമുള്ളപ്പോള്‍ പ്രതികരിച്ചതിന് നന്ദി;രണ്ടു പേര്‍ക്കും.

-ദത്തന്‍

nalan::നളന്‍ said...

വലിയ സ്രാവുകളെ തൊടാന്‍ അല്പം ചങ്കുറപ്പ് വേണം. അതില്ലാത്ത സ്ഥിതിക്ക് ഒരു വഴിയേയുള്ളൂ, സ്വീകരിക്കുക.

അബ്ദുള്‍ കലാം ഒരുളുപ്പുമില്ലാതെ ശാസ്ത്രം വിളമ്പുകയും, സായിബാബയുടെ മാജിക്കിനു മുന്‍പില്‍ അന്ധാളിച്ചു നില്‍ക്കുകയും ചെയ്യും, എന്തൊരു ശാസ്ത്രബോധം! scientist എന്ന ലേബലും കൊണ്ടാ ഇപ്പോഴും നടപ്പ്, അപാര തൊലിതന്നെ.

അനില്‍ശ്രീ... said...

ദത്താ...നല്ല ലേഖനം...
കഴിഞ്ഞ ദിവസം ഈ വിഷയത്തില്‍ ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് ഞാന്‍ ഒരു ഫോറത്തില്‍ കണ്ടു. ഫോറം കേരളാ. ഞാന്‍ അമൃതാനന്ദമയിയെ സന്തോഷ് മാധവനുമായി താരതമ്യം ചെയ്യുന്നു എന്ന് പറഞ്ഞു ആത്മരോഷം കൊള്ളുന്ന ചിലരെ കണ്ടു. ഇങ്ങനെയുള്ളവര്‍ കേരളത്തില്‍ ധാരാളം ഉണ്ട് എന്നതാണ് വാസ്തവം. ഹിന്ദുക്കളെ മുഴുവന്‍ നാണം കെടുത്തുന്ന ഇവന്മാരെ നിലക്ക് നിര്‍ത്താന്‍ ഒരു ഹിന്ദു സംഘടനകളും രംഗത്ത് വരുന്നില്ല, മറിച്ച് ഇവരെ സം‌രക്ഷിക്കാന്‍ ആണ് അവര്‍ക്ക് ഉല്‍സാഹം എന്ന് തോന്നിപ്പോകുന്നു.

dethan said...

നളന്,
നല്ല ബലമുള്ള വലയും ഇച്ഛാശക്തിയുമുണ്ടെങ്കില്‍ ഏതു വമ്പന്‍ സ്രാവിനെയും പിടിക്കാം.

അബ്ദുള്‍ കലാമിനെ
പ്പോലുള്ളവര്‍ തൊഴില്‍ പരമായി ശാസ്ത്രജ്ഞരായിരിക്കാം.പക്ഷേ ശാസ്ത്ര ബോധം തീരെയില്ല.അദ്ദേഹത്തിനു മാത്രമല്ല മിക്ക ഭൗതിക ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്ര ബോധം കമ്മിയാണ്.ചന്ദ്രയാത്രയ്ക്കു തയ്യാറെടുക്കുന്നവര്‍
റോക്കറ്റ് വിക്ഷേപണത്തിനു മുമ്പു തേങ്ങ ഉടയ്ക്കുകയും കര്‍പ്പൂരം കത്തിക്കുകയും ചെയ്യുന്നത് അതുകൊണ്ടാണ്.ഇവര്‍ മാത്രമോ? ന്യായാധിപന്മാരാണ് എല്ലാ ആള്‍ദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പ്രചാരകര്‍.സായിബാബയുടെ കാലുനക്കുന്ന ജ.ബാലകൃഷ്ണന്‍ ഏറാടിയും ഭാര്യയുടെ
ആത്മാവുമായി സംസാരിക്കാറുണ്ടെന്ന് അവകാശപ്പെടുന്ന ജ.വി.ആര്‍.കൃഷ്ണ അയ്യരും ഉദാഹരണം.

dethan said...

അനില്‍ശ്രീയ്ക്ക്,

താങ്കളുടെ പോസ്റ്റ് കണ്ടു.കമന്‍റുകളും.വളരെ യുക്തിസഹമാണ് അനിലിന്‍റെ വാദങ്ങള്‍.കള്ളദൈവങ്ങള്‍ക്ക് എതിരേ ശബ്ദിക്കാന്‍ സാധാരണഗതിയില്‍ ആരും ധൈര്യപ്പെടില്ല.അതു കൊണ്ടാണ് ഈ വിഷച്ചെടികള്‍ വന്‍
വൃക്ഷങ്ങളായി വളരുന്നത്.'ഫോറം കേരളാ'എന്താണെന്നു മനസ്സിലായില്ല.സന്തോഷ്മാധവന്‍ പിടിയിലാകുന്നതിന്
വളരെ മുമ്പ് രണ്ടു പ്രാവശ്യം അമൃതാനന്ദമയിയെ അതിരൂക്ഷമായി വിമര്‍ശിച്ച് ഞാന്‍ ഈ ബ്ലോഗില്‍ എഴുതിയിട്ടുണ്ട്.(2008 ജനുവരി 19 ലെ പോസ്റ്റാണ് ഒന്ന്).കമന്‍റുകള്‍ ചിലതു വന്നെങ്കിലും അവരെ
ആരും അനുകൂലിച്ചു കണ്ടില്ല.പക്ഷേ അവര്‍ സുനാമി ദുരന്തത്തിനു സംഭാവന പ്രഖ്യാപിച്ചപ്പോള്‍ അവരുടെ വരുമാനത്തിന്‍റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ചെറിയ പത്രത്തില്‍ ലേഖനം എഴുതിയതിന്‍റെ
പേരില്‍ പത്രാധിപര്‍ക്കും എനിക്കും ഭീഷണി വന്നിരുന്നു.

കള്ളദൈവങ്ങള്‍ക്ക് ഇത്ര കരുത്തും അഹങ്കാരവും കൂടിയത് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെയാണ്.അവരെ കടത്തി വെട്ടാന്‍ ‍കോണ്‍ഗ്രസ്സുകാരും ഇവരുടെ കാലു നക്കാനും കെട്ടിപ്പിടിക്കാനും
തുടങ്ങിയപ്പോള്‍ നെഗളിപ്പിന് അതിരില്ലാതായി.ഇപ്പോള്‍ ചില കമ്മ്യൂണിസ്റ്റുകാരും ഈ വിഷജന്തുക്കളെ വാഴ്ത്താന്‍ തുടങ്ങിയിട്ടുണ്ട്.മാദ്ധ്യമങ്ങളുടെ കാര്യം പറയുകയും വേണ്ടാ.സന്തോഷ് മാധവന്‍ കഴിഞ്ഞപ്പോള്‍
ഭദ്രാനന്ദനായി.കഞ്ചാവും മയ്ക്കുമരുന്നുമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാകുന്ന അവന്‍റെ വീരസ്യം പറച്ചില്‍ അരമണിക്കൂറാണ് പ്രേക്ഷകരെ ഒരു ചാനല്‍ കഴിഞ്ഞ ദിവസം കേള്‍പ്പിച്ചത്!

ഹിന്ദു സംഘടനകള്‍ കാലം കഴിക്കുന്നതു തന്നെ ഇവറ്റകളെ ചുറ്റിപ്പറ്റിയല്ലേ?അപ്പോള്‍ ഭാവിയിലെ ഒരു ദൈവത്തിനെ മുളയിലേ നുള്ളിയത് അവര്ക്ക് രസിക്കില്ല.പിടി വീണവനെ പിന്തുണക്കാന്‍ വയ്യ.അതുകൊണ്ട്
അമ്മ കേമിയാണെന്ന് വാദിക്കുന്നു.അത്ര തന്നെ.രണ്ടു പേരും തമ്മില്‍ ഒരു വ്യത്യാസവുമില്ല.താങ്കള്‍ പറഞ്ഞത് സത്യമാണ്.ഉള്ളതു പറയാന്‍ ആരെങ്കിലും വേണ്ടേ? നന്ദി.
-ദത്തന്‍