Total Pageviews

Thursday, May 22, 2008

യുവ സിംഹങ്ങള്‍ എവിടെ?

ഇന്‍ഡ്യയില്‍ കേരള സംസ്ഥാനത്തു മാത്രമേ സര്‍ക്കാര്‍ ജീവനക്കാര്‍ അമ്പത്തഞ്ചാം വയസ്സില്‍ പെന്‍ഷന്‍ പറ്റുന്നുള്ളു.മറ്റുള്ളിടങ്ങളില്‍ 58 ഉം 60 ഉം ആണ് പെന്‍ഷന്‍ പ്രായം.
എറ്റവും കൂടുതല്‍ തൊഴില്‍ രഹിതരുള്ള ബംഗാളില്‍ പോലും പെന്‍ഷന്‍ പ്രായം കേരളത്തിലേതിനേക്കാള്‍ ഉയര്‍ന്നതാണ്.കേന്ദ്ര സക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായവും 60 ആണ്.

കേന്ദ്ര തുല്യതയ്ക്കു വേണ്ടിയുള്ള സമരത്തില്‍ കേരളത്തിലെ ജീവനക്കാരുടെ സമരങ്ങളില്‍ നിരന്തരം ഉയര്‍ന്നുകേട്ട
മുദ്രാവക്യമാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക എന്നത്. ഇടതു സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ ഈ ആവശ്യം ഉന്നയിക്കുന്നത് പാപമായി കരുതിയിരുന്ന ചില സംഘടനകള്‍ പോലും ഭരണം മാറിയപ്പോള്‍ മറ്റുള്ളവരോടൊപ്പം കൂടി.രാഷ്ട്രീയ ഭിന്നത മറന്ന് ജീവനക്കാര്‍ ഒന്നിച്ച് ഉയര്‍ത്തിയ ഡിമാന്‍റിന് പക്ഷേ അന്ന് എതിര് നിന്നത് യുവജന സംഘടനകളാണ്.ജീവനക്കാരെപ്പോലെ യോജിച്ചല്ലെങ്കിലും യൂത്ത് കോണ്ഗ്രസ്സും എഐവൈഎഫും ഡിവൈഎഫ് ഐ യും എല്ലാം പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരേ ശക്തമായി രംഗത്തെത്തി.കേന്ദ്ര പാരിറ്റി തത്ത്വത്തില്‍ അംഗീകരിച്ചപ്പോഴും റിട്ടയര്‍മെന്‍റ് പ്രായം കൂട്ടാതിരിക്കാനുള്ള പ്രധാന കാരണവും ഈ എതിര്‍പ്പായിരുന്നു.

ഇപ്പോള്‍ മെഡിക്കല്‍ കോളേജിലെ,റിട്ടയര്‍ ചെയ്യേണ്ട ഒരു കൂട്ടം പ്രൊഫസര്‍മാര്‍ക്ക് സര്‍വ്വീസ് നീട്ടിക്കൊടുത്തു ഈ സര്‍ക്കാര്‍.സര്‍വ്വീസിലുള്ള ഡോക്റ്റര്‍മാരും മെഡിക്കല്‍ കോളേജ് പ്രൊഫസര്‍മാരും ഇതിനെതിരെ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചപ്പോള്‍ പ്രസ്തുത ഉത്തരവ് തത്ക്കാലം മരവിപ്പിച്ചു.എന്നിട്ടും സര്‍ക്കാര്‍ നടപടിക്കെതിരെ യുവജന സംഘങ്ങളെ കാണാനില്ല.സ്വന്തം കക്ഷിക്കാര്‍ ഭരിക്കുമ്പോള്‍ സമരത്തിന് അവധി പ്രഖ്യാപിക്കുന്നത് ചില സംഘടനകളുടെ പതിവു രീതിയാണ്.യുവജന സംഘടനകളും അവരെ അനുകരിക്കുക സ്വാഭാവികമാണ്.എന്നാല്‍ എതിര്‍ പാര്‍ട്ടിക്കാര്‍ ഭരിക്കുമ്പോഴും പ്രതികരിക്കാതിരിക്കുന്ന യൗവനങ്ങള്‍ കേരളത്തില്‍ മാത്രമേ കാണൂ.

യുക്തിസഹമല്ലാത്ത എതിര്‍പ്പ് അനന്തമായി വച്ചു പുലര്‍ത്തുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍
അതു തുറന്നു പറയാനുള്ള ആര്‍ജ്ജവം ഭരണപക്ഷ യുവാക്കളെങ്കിലും കാണിക്കണം.അതല്ല,തലതൊട്ടപ്പന്മാര്‍ ഭരിക്കുമ്പോള്‍ സമരസംഘടനകള്‍ സാംസ്കാരിക ഉപദേശകരായി മാറുന്ന കേരളത്തിലെ പതിവു വേഷം കെട്ടലാണെങ്കില്‍ ജനം അത് വേണ്ട വിധത്തില്‍ ധരിച്ചു കൊള്ളും.




Fans on the page

No comments: