Total Pageviews

Friday, May 2, 2008

നാക്കു പിഴയ്ക്കുമ്പോള്‍

ഉത്തരേന്ത്യക്കാരനായ ഒരു മുന്‍ കേരളാ ഗവര്‍ണ്ണര്‍ തന്‍റെ മലയാള വിജ്ഞാനം പ്രകടിപ്പിച്ചത് 'ഒരുമ തന്നെ പെരുമ' എന്ന പഴഞ്ചൊല്ല് ഉരുവിട്ടു കൊണ്ടാണ്.പക്ഷേ അദ്ദേഹം പറഞ്ഞപ്പോള്‍ 'ഒരുമ തന്നെ എരുമ' എന്നായി.ഇവിടെ വന്ന ശേഷം മാത്രം മലയാളം പഠിക്കാന്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ ഈ പിഴവ് ക്ഷമിക്കാവുന്നതേയുള്ളു.നമ്മുടെ പല പ്രഗത്ഭന്മാരും ഇതിനേക്കാള്‍ വലിയ മണ്ടത്തരം പറയാറുണ്ട്.

അടുത്ത കാലത്ത് ഏഷ്യാനെറ്റ് സംഘടിപ്പിച്ച ബഷീര്‍ ജന്മശതാബ്ദി ഉത്സവത്തിലെ ചിത്രരചന ഉദ്ഘാടനം ചെയ്ത
മുന്‍ മന്ത്രി പറഞ്ഞത് 'ബഷീറിന്‍റെ നൂറാം ജന്മശതാബ്ദി' എന്നാണ്.

ഏറ്റവും ഒടുവില്‍, ഞെട്ടിപ്പിക്കുന്ന അഭിപ്രായം കേട്ടത് ഒരു ക്രിക്കറ്റ് പണ്ഡിതനില്‍ നിന്നാണ്.ശ്രീശാന്തിനെ അടിച്ച ഹര്‍ഭജന്‍ സിംഗിന് പതിനൊന്ന് കളികളില്‍ നിന്നും വിലക്കോ 'ജീവിതാനന്തര വിലക്കോ' ഏര്‍പ്പെടുത്താന്‍ ബിസിസിഐ ക്ക് അധികാരമുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്."ആജീവനാന്തം" എന്നായിരിക്കണം ക്രിക്കറ്റ് വിദഗ്ധന്‍ ഉദ്ദേശിച്ചത്.

നാട്ടിന്‍പുറത്തെ വായനശാലാ വാര്‍ഷികത്തിനു കേട്ട സ്വാഗത പ്രസംഗം മാത്രമേ ഇതിനോടു കിടപിടിക്കുന്നതായി ഓര്‍മ്മയില്‍ ഉള്ളു.സ്വാഗതം പറഞ്ഞു തീരാറായപ്പോഴാണ് വിശിഷ്ടാതിഥി വരുന്നതു
കണ്ടത്.സ്വാഗതക്കാരന്‍റെ ഔചിത്യബോധമുണര്‍ന്നു.ഉടന്‍ തന്നെ വന്നു കമന്‍ററി:"നമ്മുടെ വിശിഷ്ടാതിഥി ഇതാ'ദിവംഗത'നായിക്കൊണ്ടിരിക്കുന്നു.ആഗതനെയാണ് പരേതനാക്കിയത്.

സ്ഥിരമായി വിഡ്ഢിത്തം പുലമ്പിയിരുന്ന ചില മന്ത്രിമാര്‍ എഴുതി വായിച്ചിട്ടും സ്ഥിതിയ്ക്കു മാറ്റമുണ്ടായില്ല.
സാഹിത്യ സമ്മേളനത്തില്‍ വായിച്ച ഇംഗ്ലീഷ് പ്രസംഗത്തില്‍ ഒരു മുന്‍ മുഖ്യമന്ത്രി,ടോള്‍സ്റ്റോയ്ക്കു പകരം
ട്റോട്സ്കി എന്നാണ് പല തവണ ഉരുവിട്ടത്.പഴയ ഒരു വിദ്യാഭ്യാസമന്ത്രി തയ്യാറാക്കി കൊണ്ടുവന്ന ഇംഗ്ലീഷ്
പ്രസംഗത്തില്‍ 1937 എന്നത് വായിച്ചത് ആയിരത്തി തൊള്ളായിരത്തി തേര്‍ട്ടിസെവന്‍ എന്നാണ്.
ഇദ്ദേഹം മറ്റൊരു സന്ദര്‍ഭത്തില്‍ എഴുതി വായിച്ച മലയാള പ്രസംഗത്തില്‍ താള,മേള,ലയം എന്നതിന് പറഞ്ഞതാകട്ടെ 'താള,മേള,ലേലം' എന്നും.

മുമ്പൊക്കെ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലേ ഇത്തരം വിക്രിയകള്‍ നാട്ടുകാര്‍ അറിഞ്ഞിരുന്നുള്ളു.
ദൃശ്യമാദ്ധ്യമങ്ങളുടെ വരവോടെ ഈ വികട മൊഴികള്‍ ഒളിച്ചുവയ്ക്കാന്‍ കഴിയാതായി.പക്ഷേ മറ്റൊരു അപകടം ഇതോടൊപ്പം വന്നുകൂടി;-റ്റി വി അവതാരകരും റിപ്പോര്‍ട്ടര്‍മാരും കൂടി നടത്തുന്ന ഭാഷാ വധം.Fans on the page

4 comments:

lakshmy said...

സരസ്വതീനാവിലും വികട സരസ്വതി

dethan said...

ലക്ഷ്മിയ്ക്ക്,
സരസ്വതീ നാവില്‍ വികടത ദേവന്മാര്‍ വരുത്തുന്നതാണ്.
-ദത്തന്‍

അനൂപ് തിരുവല്ല said...

ആള്‍‌റെഡി മലയാളം ചത്തു കഴിഞ്ഞു.

dethan said...

അനൂപേ,
'തുഞ്ച ശുകീ കളകണ്ഠ നിനാദം
തഞ്ചും നമ്മുടെ മലയാളം'
അങ്ങനൊന്നും മരിക്കില്ല.നമ്മള്‍ മന:പൂര്‍വ്വം കൊല്ലാതിരുന്നാല്‍ മതി.
-ദത്തന്‍