Total Pageviews

Tuesday, April 22, 2008

ജുഡീഷ്യറിയും അഴിമതിയും

സര്‍ക്കാരും ജുഡീഷ്യറിയും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അഴിമതിയാണെന്ന് പ്രധാനമന്ത്രി.രാജ്യത്തെ ജഡ്ജിമാരില്‍ 25 ശതമാനം അഴിമതിക്കാരാണെന്ന് പണ്ടേ ഒരു സുപ്രീം കോടതി ജഡ്ജി പറഞ്ഞതാണ്.ഇപ്പോള്‍
പ്രധാനമന്ത്രി വരെ അതു സമ്മതിച്ചിരിക്കുന്നു.ശതമാനത്തെക്കുറിച്ചു മാത്രമേ ചില്ലറ സംശയം അവശേഷിക്കുന്നുള്ളു.

ജുഡീഷ്യറി നിത്യവിശുദ്ധമായിരിക്കും എന്ന ധാരണ സമൂഹത്തിലുണ്ടായത് എങ്ങനെയെന്നതാണ് യഥാര്‍ത്ഥത്തില്‍
അത്ഭുതപ്പെടുത്തുന്നത്.ഒരാളെ കൊന്നവന്‍ വക്കീലിനെ കണ്ടു കാര്യം പറയുന്നു:"ഞാനൊരുത്തനെ കൊന്നു;രക്ഷിക്കണം".വക്കീലിനോടും വൈദ്യനോടും കള്ളം പറയരുതെന്ന് അറിയാവുന്നതു കൊണ്ട് നടന്ന സംഭവം മുഴുവന്‍ അയാള്‍ അഭിഭാഷകനോട് സത്യസന്ധമായി വിവരിക്കുന്നു. ഫീസ് പറഞ്ഞുറപ്പിച്ച് വക്കീല്‍ കേസ് ഏറ്റെടുക്കുന്നു.എല്ലാ അടവും പയറ്റി അദ്ദേഹം കക്ഷിയെ രക്ഷിക്കുന്നു.കൊലപാതകിയെ തന്‍റെ സാമര്‍ത്ഥ്യം കൊണ്ട് നിരപരാധിയാക്കി കൊലക്കയറില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍ വക്കീലിനറിയാം പ്രതി കുറ്റവാളിയാണെന്ന്.

വര്‍ഷങ്ങള്‍ക്കു ശേഷം ഈ വക്കീല്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നു.വക്കീലോ,സ്വാധീനിക്കാന്‍ സാമര്‍ത്ഥ്യമുള്ള മറ്റുള്ളവരോ കൊടുക്കുന്ന ഫീസ്(അസൂയാലുക്കള്‍ കോഴയെന്നും കൈക്കൂലിയെന്നും ഒക്കെ പറയും)വാങ്ങി ഈ ജഡ്ജി തന്‍റെ കോടതിയില്‍ വരുന്ന കേസിലെ പ്രതികളെ രക്ഷിക്കില്ലെന്നു കരുതാമോ?അങ്ങനെ ചെയ്യുന്നതില്‍ യാതൊരു മനസ്സാക്ഷിക്കുത്തും ജഡ്ജിക്ക് തോന്നാന്‍ സാദ്ധ്യതയില്ല.സത്യത്തിനും ധര്‍മ്മത്തിനുമല്ല നീതിന്യായ കോടതി വില കല്പിക്കുന്നത്.

പാമോയില്‍ ഇറക്കുമതി നിരോധിക്കാനും നിരോധിക്കാതിരിക്കാനും ഹൈക്കോടതിയിലെ ജഡ്ജിമാര്‍ തന്നെ
ന്യായങ്ങള്‍ കണ്ടു പിടിക്കുന്നത് അതുകൊണ്ടാണ്.മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ അഴിമതിയും കൊലപാതകവും
നടക്കുന്നതായുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കുവാന്‍ സുപ്രീംകോടതി വ്യഗ്രത കാട്ടിയതിനും മറ്റു കാരണമില്ല.തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍,നിയമം
മനുഷ്യര്‍ക്കു വേണ്ടിയാണെന്നു പറയുകയും അല്ലാത്തപ്പോള്‍ നിയമത്തില്‍ നിന്ന് അണുവിട മാറാന്‍ പടില്ലെന്നു
വാദിക്കുകയും ചെയ്യാന്‍ ന്യായാധിപന്മാര്‍ക്ക് കഴിയുന്നതും പൂര്‍വ്വാശ്രമത്തിലെ മുന്‍ പറഞ്ഞ കെട്ടുപാടുകൊണ്ടാണ്.

മനോരോഗികളാക്കപ്പെട്ടവര്‍,ബലാല്‍സംഗത്തിന് ഇരയായവര്‍ തുടങ്ങിയവരുടെ സങ്കടമൊന്നും പരമോന്നത
നീതിപീഠത്തിനു പ്രശ്നമായിരുന്നില്ല.ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്തത് ശരിയോ എന്നതായിരുന്നു അവരെ മഥിച്ച ഗൗരവമായ വിഷയം.അമൃതാനന്ദമയീ മഠത്തിനടുത്തും സായിബാബായുടെ ആശ്രമത്തിനടുത്തും കാണപ്പെടുന്ന അനാഥ ശവങ്ങളെക്കുറിച്ചും അന്വേഷണ ഉത്തരവുകള്‍ ഉണ്ടാകുമോ എന്ന ആശങ്കയും ഒരുപക്ഷേ ബഹു.ജഡ്ജിമരെ വേട്ടയാടിയിട്ടുണ്ടാകാം.

ജുഡീഷ്യറിയിലെ അഴിമതി തടയാന്‍ പ്രത്യേക സംവിധാനം ഏര്‍‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സംവിധാനത്തിന്‍റെ മേല്‍നോട്ടവും ന്യായാധിപന്മാര്‍ക്കാണെങ്കില്‍ എന്തു സംഭവിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?



Fans on the page

3 comments:

dethan said...

ജഡ്ജിമാരുടെ ധാര്‍മ്മിക ബോധത്തെ കുറിച്ചുള്ള ഒരു വിലയിരുത്തല്‍

-ദത്തന്‍

Sudarshan said...

Judges are also part of the society. In India, corruption is present in every section and strata of the society. Only remedy is a good vigilance department for the judiciary as well as transparency. It does not help when the CJI says that he is holier than the rest and cannot submit his office to come under the RTI act :-)

dethan said...

സുദര്‍ശന്,
അഴിമതി,അക്രമം,വിലക്കയറ്റം തുടങ്ങി എന്തിനെതിരെ ശബ്ദിച്ചാലും ഉടന്‍ വരുന്ന പതിവു മറുപടിയാണ്
ആഗോള പ്രതിഭാസമാണ് സര്‍വ്വസാധാരണമാണ് എന്നൊക്കെ.മറ്റു വിഭാഗങ്ങളിലെ അഴിമതി പോലെയാണോ
ജഡ്ജിമാരുടെ അഴിമതി?ചങ്ങലയ്ക്കു ഭ്രാന്തു പിടിക്കുന്നതു പോലെയാണത്.വിജിലന്‍സും സുതാര്യതയും എന്ന
താങ്കളുടെ നിര്‍ദ്ദേശം നല്ലതു തന്നെ.പക്ഷേ വിജിലന്‍സിന്‍റെ തലപ്പത്തും ജഡ്ജിയാണു വരുന്നതെങ്കില്‍ എന്തു
പ്രയോജനം?
-ദത്തന്‍