Total Pageviews

Tuesday, April 8, 2008

കര്‍ത്താവേ!ഈ ഇടയന്മാരില്‍ നിന്നും കുഞ്ഞാടുകളെ രക്ഷിക്കേണമേ!

കമ്യൂണിസ്റ്റുകാരില്‍ നിന്നും അവിശ്വാസികളില്‍ നിന്നും കുഞ്ഞാടുകളെ രക്ഷിക്കാന്‍ ദിവസം പ്രതി ഇടയലേഖന
വും ഇടവക യോഗങ്ങളും പ്രമാണിസംഗമങ്ങളും സംഘടിപ്പിക്കുന്ന വിശുദ്ധ പിതാക്കന്മാരുടെ യഥാര്‍ത്ഥ ചിത്രം
ശ്രീ ജോസഫ് പുലിക്കുന്നേലും കാര്‍ട്ടൂണിസ്റ്റ് ടോംസും മാര്‍ച്ച് 30 ലെ കലാകൗമുദിയില്‍ എഴുതിയ ലേഖനങ്ങളില്‍ നിന്നും വ്യക്തമാകും.രണ്ടു വിശ്വാസികള്‍ തങ്ങളുടെ സ്വന്തം അനുഭവമാണ് വെളിപ്പെടുത്തിയിരിക്കുന്നത്.അടുത്തകാലത്ത് അന്തരിച്ച ഭാര്യയുടെ ശരീരം ദഹിപ്പിച്ച സാഹചര്യം വിശദീകരിക്കുമ്പോഴാണ് പുലിക്കുന്നേല്‍ പള്ളിയും പട്ടക്കാരും കൈക്കൊണ്ട മനുഷ്യത്വരഹിതമായ നിലപാടുകള്‍ പരാമര്‍ശിക്കുന്നത്.

ശവമടക്കു കര്‍മ്മം പോലും പണമുണ്ടാക്കാനുള്ള അവസരമായി പുരോഹിതര്‍ കണക്കാക്കുന്നു എന്ന് അദ്ദേഹം
ആരോപിക്കുന്നു.സമ്പന്നരാണ് മരിക്കുന്നതെങ്കില്‍ 75000 രൂപ വരെ വാങ്ങി കല്ലറകള്‍ വില്‍ക്കുന്നു.മെത്രാന്‍
വന്നാല്‍,സാമ്പത്തികനിലയനുസരിച്ച് 'കൈമുത്ത് കൊടുക്കണം.സമ്പന്നന്‍റെ മൃതദേഹം ഗ്രാനൈറ്റ് കബറിടത്തില്‍;
പാവപ്പെട്ടവന്‍റെ ദേഹം വെറും മണ്ണില്‍.ഇവ രണ്ടും പുഴുവിന് ആഹാരമായി മാറും.യേശുവിന് സ്വന്തമായി
ഒരു കല്ലറ പോലും ഇല്ലായിരുന്നു' എന്നും ശ്രീ പുലിക്കുന്നേല്‍ പറയുന്നു.
തന്‍റെ ജ്യേഷ്ഠന്‍ മരിച്ചപ്പോള്‍"അച്ചന് ഒരേ നിര്‍ബ്ബന്ധം.മൃതദേഹം പള്ളിയില്‍ വച്ച് കുര്‍ബാന ചൊല്ലണം.തുള്ളി തോരാത്ത മഴ.പക്ഷേ അച്ചന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.നാലു കൊല്ലം കഴിഞ്ഞ് ഈ
അച്ചന്‍റെ പിതാവ് മരിച്ചു.കുര്‍ബാന ചൊല്ലാതെ തന്നെ മൃതദേഹം സംസ്കരിച്ചു."പുലിക്കുന്നേല്‍ സ്വന്തം അനുഭവം വിശദീകരിക്കുന്നു.

ആത്മകഥയിലാണ് ടോംസ് തനിക്കു നേരിട്ട ദുരനുഭവം വിവരിക്കുന്നത്."ഒരു പള്ളിയും പള്ളിയിരിക്കുന്ന
സ്ഥലവും അന്‍പതു പറ നിലവും കാരണവന്മാര്‍ ദാനം ചെയ്തതിന്‍റെ പേരില്‍,അവരുടെ അനന്തരാവകാശികളുടെ പള്ളയ്ക്ക് പള്ളി പാരയിറക്കി.ഞാന്‍ മരിച്ചു മണ്ണടിഞ്ഞാലും എന്‍റെ അസ്ഥികള്‍ക്കു
പോലും ഇതു മറക്കാനാവില്ല."ടോംസ് വേദനയോടെ പറയുന്നു.തന്‍റെ പൂര്‍വ്വികര്‍ പണിതു കൊടുത്ത
പള്ളിയിലിരുന്നുകൊണ്ട് പുരോഹിതന്മാര്‍ ചെയ്ത ദ്രോഹങ്ങള്‍ അക്കമിട്ടു നിരത്തിയ ശേഷമാണ് അദ്ദേഹം
ഇങ്ങനെ തുറന്നടിച്ചത്.ദാനം കൊടുത്തവരുടെ വസ്തു പള്ളി കൈയേറി.എതിര്‍ത്തപ്പോള്‍ ഗുണ്ടകളെ വിട്ടു
തല്ലിച്ചതച്ചു.നെല്‍കൃഷി നശിപ്പിച്ചു.വയലില്‍ വെള്ളം കിട്ടാതിരിക്കാന്‍ ചിറകെട്ടി.തുടങ്ങി ഇടയന്മാര്‍ ചെയ്ത
'സല്‍ പ്രവൃത്തികള്‍' കേട്ടാല്‍ മന:സാക്ഷിയുള്ളവര്‍ ഞെട്ടിത്തരിക്കും.

''യേശു ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി....അവരോടു:
'എന്‍റെ ആലയം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നെഴുതിയിരിക്കുന്നു;നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ക്കുന്നു എന്നു പറഞ്ഞു.''മത്തായി യുടെ സുവിശേഷത്തിലെ ഈ ക്രിസ്തു വചനം കുഞ്ഞാടുകള്‍ക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന ഇപ്പോഴത്തെ ഇടയപ്രമാണിമാര്‍ക്കു നല്ലവണ്ണം ചേരും.Fans on the page

7 comments:

dethan said...

മത വിശ്വാസികളായ രണ്ടു പ്രശസ്തര്‍ക്ക് പള്ളിയും പൗരോഹിത്യവും നല്‍കിയ ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇപ്പോഴത്തെ ഇടയന്മാരുടെ വിക്രിയകള്‍ വീക്ഷിക്കുന്നത് കൗതുകകരമാണ്.
-ദത്തന്‍

നിഷാന്ത് said...

താങ്കളുടെ ഉദ്ദേശ്ശശുദ്ധിയെ മാനിക്കുന്നു! പക്ഷെ എഴുതുന്നതിനു മുന്‍പ് വസ്തുതകള്‍ ശരിയായി മനസ്സിലാക്കിയിട്ടെഴുതുക.

പട്ടക്കാരുടെ പണത്തോടുള്ള ആക്രാന്തം ഒരു വസ്തുതയാണ്. അതു പലപ്പോഴും പൊതുജനം കണ്ടു തെറിപറയുകയും ചെയ്യാറുമുണ്ട്.

പക്ഷെ താങ്കളുടെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പലതും(പുലിക്കുന്നന്റെ കാര്യത്തിലെങ്കിലും) തെറ്റാണെന്നുകാണാം.

ഇനി പുലിക്കുന്നന്‍ പറഞ്ഞത് വെറുതെ ‘ക്വാട്ടി’യതാണെങ്കില്‍, എനിക്കൊന്നെ പറയാനൊള്ളൂ. അങ്ങേരും പട്ടക്കാരും തമ്മിലുള്ള ചെളിവാരിയെറിയലില്‍ ചുമ്മാ കോരിയായി നില്‍ക്കാതിരിക്കുക! :)

dethan said...

നിഷാന്തിന്,

ഞാന്‍ വസ്തുത മനസ്സിലാക്കാതെയാണ് എഴുതിയതെന്ന് താങ്കള്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിഞ്ഞാല്‍ കൊള്ളാം.പുലിക്കുന്നേലിന്‍റെ കാര്യത്തില്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെന്നും ആക്ഷേപിച്ചിരിക്കുന്നു.
പുലിക്കുന്നേലിനെ സംബന്ധിച്ച യാതൊന്നും ഞാന്‍ സ്വന്തമായിട്ട് എഴുതിയിട്ടില്ല.അദ്ദേഹം പട്ടക്കാരെ ചെളിവാരിയെറിയാന്‍ വേണ്ടിയാണ് അതെഴുതിയതെന്ന് തോന്നുന്നില്ല.ആരുടെയും കോരിയും ചട്ടുകവുമാകാന്‍
എനിക്കുദ്ദേശമില്ല.കുഞ്ഞാടുകള്‍ക്കു വേണ്ടിയാണെന്ന ഭാവത്തില്‍ മറ്റാര്‍ക്കോ വേണ്ടി വിടുവായത്തം വിളമ്പുന്ന വിശുദ്ധ പിതാക്കന്മാരുടെ തനിനിറം വെളിവാക്കുന്നതായതു കൊണ്ടാണ് ആ രണ്ടു ലേഖനങ്ങളെയും പരാമര്‍ശിച്ചത്.പുലിക്കുന്നേല്‍ പട്ടക്കാരോട് പക തീര്‍ക്കാന്‍ എഴുതിയതാണെന്നു വാദിക്കുന്ന താങ്കള്‍ എന്തുകൊണ്ടാണ് ടോംസിന്‍റെ അനുഭവത്തെപ്പറ്റി മൗനം പൂണ്ടത്?
കോണ്‍ഗ്രസ്സുകാരനും സത്യവിശ്വാസിയുമായ വി കെ കുര്യനു തെമ്മാടിക്കുഴി വിധിച്ച വിശുദ്ധ പിതാക്കന്മാരെ കോടതി ശിക്ഷിച്ചത് അടുത്ത കാലത്താണ്.ഡിസിസി പ്രസിഡന്‍റും കേരള യൂണിവേഴ്സിറ്റി സിന്‍റിക്കേറ്റംഗവും
ഒക്കെയായിരുന്ന അദ്ദേഹത്തോട് അങ്ങനെ ചെയ്തവര്‍ സാധാരണക്കാരോട് എന്തു ചെയ്യുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.പുലിക്കുന്നേല്‍ കെട്ടിച്ചമച്ചതല്ല ഇതെന്നും അറിയുക.

-ദത്തന്‍

നിഷാന്ത് said...

എന്റെ ദത്താ, ഇങ്ങനെ ചൂടാവാതടോ! ഈ അച്ചന്മാരു ചെയ്യുന്നതെല്ലാം ശരിയാണെന്നു ഞാന്‍ പറഞ്ഞോ? ആദ്യം എന്റെ കമന്റൊന്നുകൂടെ വായിച്ചു നോക്ക്. പുലിക്കുന്നന്‍ പറഞ്ഞത് മുഴുവന്‍ തെറ്റാണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ ഓരോന്നും എടുത്തെഴുതാഞ്ഞത് എന്റെ തെറ്റ്. ഒടുക്കത്തെ മടി!

നേരേ കാര്യത്തിലേക്കു വരാം.

“മെത്രാന്‍
വന്നാല്‍,സാമ്പത്തികനിലയനുസരിച്ച് 'കൈമുത്ത് കൊടുക്കണം.”

എനിക്കൊരൈഡിയായും കിട്ടീയില്ല! എന്താ ഉദ്ദേശിച്ചത്? ഒരു മെത്രാനെ മുമ്പില്‍ക്കിട്ടിയാല്‍ ആര്‍ക്കും മുത്താം അങ്ങേരടെ കൈ! ദെത്തനും മുത്താം :)

“ശവമടക്കു കര്‍മ്മം പോലും പണമുണ്ടാക്കാനുള്ള അവസരമായി പുരോഹിതര്‍ കണക്കാക്കുന്നു എന്ന് അദ്ദേഹം
ആരോപിക്കുന്നു.സമ്പന്നരാണ് മരിക്കുന്നതെങ്കില്‍ 75000 രൂപ വരെ വാങ്ങി കല്ലറകള്‍ വില്‍ക്കുന്നു.മെത്രാന്‍
വന്നാല്‍,സാമ്പത്തികനിലയനുസരിച്ച് 'കൈമുത്ത് കൊടുക്കണം.സമ്പന്നന്‍റെ മൃതദേഹം ഗ്രാനൈറ്റ് കബറിടത്തില്‍;
പാവപ്പെട്ടവന്‍റെ ദേഹം വെറും മണ്ണില്‍.”

സഭക്ക് ശവമടക്കിന്റെ കാര്യത്തിലെങ്കിലും(please note, അതിലെങ്കിലും) തിരിച്ചുവ്യത്യാസമൊന്നും കാണിക്കാറില്ല, ദത്തന്‍ വിശ്വസിച്ചാലുമില്ലെങ്കിലും!

പിന്നെ കുടുംബക്കല്ലറ എന്നൊരു പരിപാടിയുണ്ട്. അതാര്‍ക്കും മേടിക്കാം!(കാശൊള്ളോനല്ലെ അതു മേടിക്കാന്‍ പറ്റത്തൊള്ളു എന്നു ചോദിക്കരുത്) പക്ഷെ, അതൊരു സമ്പന്ന-ദരിദ്ര വ്യത്യാസത്തിലൊതുങ്ങുന്ന കാര്യമല്ല. ഒരു കുടുംബക്കല്ലറയില്‍ ആ കുടുംബത്തിലെ ആ താവഴിയിലെ ആള്‍ക്കാരെ മാത്രമെ അടക്കൂ. അതുകൊണ്ട് നമുക്കു തോന്നുമ്പോഴൊക്കെ കല്ലറയില്‍ പോയി പ്രാര്‍ത്ഥിക്കാനും(പ്രത്യേകിച്ചും മരണവാര്‍ഷികത്തില്‍)
പിന്നെ ചുമ്മാ ഇടക്കിടക്ക് അവിടെ പോകാനും(That you can see in some movies- nayarsaab, Namukku paarkkan munthirithoppukal!) പറ്റും.

സാധാരണ പള്ളികളിലൊക്കെ Rs.10000 to Rs.30000/- ആണു അതിനു റേറ്റ്! അല്ലാതെ 75000 ഒന്നുമല്ല. പിന്നെ അതു ഗ്രാനൈറ്റിടണോ, സിമന്റിടണോ അതോ ചുമ്മാ മണ്ണിടണൊ എന്നൊക്കെ കല്ലറ മേടിച്ചവന് തീരുമാനിക്കാം!

ഇനി സാധാരണ കല്ലറയുടെ കാര്യം. അതിലടക്കുന്നവനെ ചുമ്മാ പട്ടിക്കു സമമായി കൊണ്ടെ മണ്ണിലിടുകല്ല ചെയ്യുന്നത്. അതും ഇതുപോലെ തന്നെയുള്ള കല്ലറകള്‍ ആണ്. അവിടെയുള്ള ഒരു വ്യത്യാസമെന്താന്നുവെച്ചാല്‍ കുറച്ചുകഴിയുമ്പോള്‍ അവിടെ വേറെ ആളെവേണമെങ്കില്‍ അടക്കാം.

“മൃതദേഹം പള്ളിയില്‍ വച്ച് കുര്‍ബാന ചൊല്ലണം.”

ശവസംസ്കാരച്ചടങ്ങിനോടനുബന്ധിച്ച് കുര്‍ബാന പതിവുണ്ട്. പക്ഷെ അതെല്ലായ്പ്പോഴും സംസ്കാരച്ചടങ്ങിനു ശേഷമാണ്(പങ്കെടുക്കുന്നവരുടെ സൌകര്യാര്‍ത്ഥം). ഞാനിതുവരെ കണ്ടിട്ടില്ല മൃതദേഹം പള്ളിയില്‍ വെച്ച് കുര്‍ബാന ചെല്ലുന്നത്.
എനിക്കുറപ്പു പറയാന്‍ പറ്റും ആ അച്ചന്റെ പിതാവ് മരിച്ചപ്പോഴും കുര്‍ബാന ചെല്ലിയിട്ടുണ്ടെന്ന്.

പിന്നെ ഞാനും പുലിക്കുന്നനുമൊക്കെ ഒരു നാട്ടുകാരായതുകൊണ്ട് അങ്ങേരു പറയുന്നതില്‍ ഏതൊക്കെ സത്യം ഏതൊക്കെ കള്ളം എന്ന് കുറച്ചൊക്കെ എനിക്കറിയാം. അങ്ങേര് നല്ല മനുഷ്യനാ(അങ്ങേര്‍ക്കതിന് എന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട!) പക്ഷെ, ചിലപ്പൊ ചില സ്കോര്‍ ഈക്വലാക്കാന്‍ വേണ്ടി ഇല്ലാത്തത് പറയും!

പിന്നെ ടോംസിന്‍റെ അനുഭവത്തെപ്പറ്റി മൗനം പൂണ്ടത്. എനിക്കറിയാവുന്ന കാര്യത്തെപ്പറ്റി ഞാന്‍ പറഞ്ഞു! അത്രേയുള്ളൂ!

“സത്യവിശ്വാസിയുമായ വി കെ കുര്യനു തെമ്മാടിക്കുഴി വിധിച്ച വിശുദ്ധ പിതാക്കന്മാരെ കോടതി ശിക്ഷിച്ചത് അടുത്ത കാലത്താണ്.”

എനിക്കറിയാം, ഞങ്ങടെ പാലാമെത്രാനെയും പള്ളിവികാരിയെയും!

മാഷെ ഞാന്‍ പറഞ്ഞല്ലോ, പള്ളിക്കാര്‍ക്ക് ഓശാനപാടുന്നതല്ല എന്റെ പണി! തെറ്റ് കണ്ടാല്‍ അതു തെറ്റാണെന്നുപറയാന്‍ എനിക്കൊരുമടിയുമില്ല!

ഏതായാലും ദത്തന് ഒരു വിവാദത്തിനുള്ള സ്കോപ്പ് നഷ്ടപ്പെട്ടു!:)

dethan said...

നിഷാന്തേ,
ഞാന്‍ ചൂടായില്ലല്ലോ.അങ്ങനെ തോന്നിയോ?അതോ വിവാദത്തിന് സ്കോപ്പില്ലെന്നു പറഞ്ഞുകൊണ്ട് വിവാദമുണ്ടാക്കാനുള്ള ശ്രമമോ?
എന്തായാലും സന്തോഷമുണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു തന്നതില്‍.എങ്കിലും പുലിക്കുന്നേലിനെ പൂര്‍ണ്ണമായി
അവിശ്വസിക്കാനാവില്ല.'ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം'എന്നു പറഞ്ഞതു പോലെ നിഷാന്തിന്‍റെ ആദ്യ
കമന്‍റീല്‍ നിന്നു തന്നെ നിങ്ങള്‍ ഒരേ നാട്ടുകാരാണെന്ന് ഊഹിക്കാമായിരുന്നു.സ്വന്തം നിലപാട് സമര്‍ത്ഥിക്കാന്‍
അദ്ദേഹം ഇല്ലാത്തത് പറയും എന്ന താങ്കളുടെ പരാമര്‍ശം ശരിയായിരിക്കും.പക്ഷേ 'ആ അച്ചന്‍റെ പിതാവു മരിച്ചപ്പോള്‍ കുര്‍ബാന ചൊല്ലിക്കാണും'എന്ന നിഷാന്തിന്‍റെ ഊഹത്തേക്കാള്‍ പുലിക്കുന്നേലിന്‍റെ അനുഭവ മൊഴി വിശ്വസിക്കാനാണ് എനിക്കിഷ്ടം.
അറിയാവുന്ന കാര്യത്തെക്കുറിച്ചു മാത്രം അഭിപ്രായം പയുന്ന പോളിസിക്ക് പ്രത്യേകം അഭിനന്ദനം.
-ദത്തന്‍

ഡാലി said...

നിഷാന്തിന്റെ ഇടവക എവിടെയാണെന്നറിയില്ല.
തൃശ്ശൂരിന്റെ പ്രാന്തപ്രദേശത്ത്തുള്ള എന്റെ ഇടവകയില്‍ അപ്പാര്‍ട്ട്മെന്റ് കല്ലറയ്ക്ക് 80,000(എണ്‍പതിനാരിയം)രൂപയും സിംഗിള്‍ കല്ലറയ്ക്ക്ക് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയും ആണു.ആര്‍ക്കും വാങ്ങാം. വാങ്ങിയത് കുടുംബകല്ലറയാക്കി പിന്നീട് നടത്തുന്ന ഒരോ അടക്ക്കിനും ഇരുപത്തയ്യായ്യിരം രൂപ കൊടുക്കണം.
പിന്നെ ശവമടക്ക് സമയത്തും കല്യാണ്‍നസമയത്തും പള്ളിയ്ക്ക് കിട്ടാനുള്ള കാശു (അത് പലവകുപ്പില്‍ പെടുന്നതാവും, ശതാംശം, പള്ളിഹാള്‍ പണി, ടാറിടല്‍ അങ്ങനെ ഒരോ പള്‍ലിയ്ക്കും വ്യതസ്ഥമായിരിക്കുമല്ലോ)വാങ്ങിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അത്ര രഹസ്യമൊന്നല്ല.

dethan said...

ഡാലിക്ക്,

ഇടവക മാറുന്നതനുസരിച്ച് റേറ്റും മാറുന്നതാകാം.പുലിക്കുന്നേലും ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളത്.

-ദത്തന്‍