Total Pageviews

Sunday, April 27, 2008

സര്‍വ്വകലാശാലകളിലെ കൊള്ള സംഘങ്ങള്‍

കേരളത്തിലെ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ നടത്തുന്ന തട്ടിപ്പിനെ കുറിച്ച് ഏപ്രില്‍ 18 ലെ'മലയാളം' വാരികയില്‍ വന്ന വിശദമായ ലേഖനം മന:സാക്ഷിയുള്ളവരെ അമ്പരപ്പിക്കുന്നതാണ്.വാരികയുടെ മുഖപ്രസംഗ
മാകട്ടെ ഈ പകല്‍കൊള്ളയ്ക്കെതിരെയുള്ള തീക്ഷ്ണ പ്രതികരണവും.
സര്‍വ്വകലാശാലകളുടെ ഭരണനിര്‍വ്വഹണ സമിതി ആയ സിന്‍റിക്കേറ്റ് യോഗം ചേരുന്നത് അംഗങ്ങളുടെ സ്വന്തം കാര്യങ്ങള്‍ സാധിച്ചെടുക്കനും യാത്രപ്പടിയിനത്തിലും സിറ്റിംഗ് ഫീസിനത്തിലും വന്‍ തുക വസൂലാക്കാനുമാണത്രെ.വെറുതെയല്ല;രേഖകളുടെ അടിസ്ഥാനത്തിലാണ് ഈ കൊള്ളക്കഥ വിവരിച്ചിരിക്കുന്നത്.

ചെയ്യാത്ത യാത്രയ്ക്കും ചേരാത്ത യോഗങ്ങള്‍ക്കും പടി തരപ്പെടുത്തുക,സ്വന്തക്കാര്‍ക്ക് ജോലി ശരിപ്പെടുത്തി
ക്കൊടുക്കുക,വിഷയത്തില്‍ യാതൊരു വിവരവുമില്ലാത്തവരെ അക്കാഡമിക്,പരീക്ഷാ ബോഡികളില്‍ തിരുകിക്കയറ്റുക,തുടങ്ങി സിന്‍റിക്കേറ്റംഗങ്ങള്‍ നടത്തുന്ന കലാ പരിപാടികള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു.

രാഷ്ട്രീയക്കാരോ അവരുടെ നോമിനികളോ ആണ് എല്ലാ സിന്‍റിക്കേറ്റുകളിലും ആധിപത്യം പുലര്‍ത്തുന്നത്.ഉന്നത
വിദ്യാഭ്യാസം ഗുണപ്പെടുത്തണമെന്ന സദുദ്ദേശമല്ല സിന്‍ഡിക്കേറ്റുകള്‍ പിടിച്ചടക്കുന്നതിനു പിന്നില്‍.കാലാകാലങ്ങ
ളില്‍ മാറിമാറി വരുന്ന സര്‍ക്കാരിനനുസരിച്ച് നിറം മാറുന്ന വൈസ്ചാന്‍സലര്‍മാരും കൂടിയാകുമ്പോള്‍ സര്‍വ്വകലാശാലാ ഭരണം ബഹു കേമമാകും.രാഷ്ട്രീയം വ്യത്യസ്തമാണെങ്കിലും കുത്തിവാരുന്നതിനും ക്രമക്കേടു
കാട്ടുന്നതിനും അംഗങ്ങള്‍ തമ്മില്‍ ഭയങ്കര യോജിപ്പാണ്.ഫുള്‍ടൈം രാഷ്ട്രീയക്കാരേക്കാള്‍ അദ്ധ്യാപക വേഷക്കാരാ
ണ് അഴിമതിയില്‍ മുന്‍പില്‍ നില്‍ക്കുന്നത്.'സിന്‍ഡിക്കേറ്റി'ന് 'ഉപജാപക സംഘം' എന്നു കൂടി ഒരര്‍ത്ഥമുണ്ട്.
ഇപ്പോഴത്തെ സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റുകള്‍ക്ക് യോജിക്കുന്നത് ഈ അര്‍ത്ഥമാണ്.

സിന്‍റിക്കേറ്റ് എന്ന സമിതിയ്ക്കു മാത്രമേ തീരുമാനമെടുക്കാന്‍ അധികാരമുള്ളൂ.സിന്‍റിക്കേറ്റംഗങ്ങള്‍ക്ക് ഒറ്റയ്ക്കൊറ്റയ്ക്ക് അധികാരമൊന്നുമില്ല.പക്ഷേ പല അംഗങ്ങളും മന്ത്രിമാരെപ്പോലെയാണ് പെരുമാറുന്നത്.
സര്‍വ്വകലാശാലയുടെ ദൈനംദിന ഭരണ കാര്യങ്ങളില്‍ വരെ ചിലര്‍ കൈകടത്താറുണ്ട്.
സര്‍ക്കാര്‍ മാറുന്നതനുസരിച്ച് നിറം മാറുന്ന വൈസ്ചാന്‍സലര്‍മാരാണെങ്കില്‍ ഇവരുടെ തോന്ന്യാസങ്ങള്‍ കൂടുകയും ചെയ്യും.വിസി ദുര്‍ബ്ബലനും അവസരവാദിയുമാണെങ്കില്‍ ഭരണകക്ഷിയില്‍ പെട്ട പ്രബലനായ സിന്‍ഡിക്കേറ്റംഗമായിരിക്കും ഭരണം നിയന്ത്രിക്കുന്നത്.സര്‍വ്വകലാശാലാ നിയമങ്ങളറിയാവുന്നവനും രാഷ്ട്രീയ വിധേയനല്ലാത്തവനുമാണ് വിസിയെങ്കില്‍ ആരുടെയും അഭ്യാസം നടക്കുകയുമില്ല.

മുഖ്യമന്ത്രി പോലും അനുവാദം വാങ്ങി യൂണിവേഴ്സിറ്റിയില്‍ ചെന്നു കണ്ട ഡോ.ജോണ്‍ മത്തായി, യൂണിവേഴ്സിറ്റിയ്ക്കു വേണ്ടി താന്‍ ആവശ്യപ്പെട്ട തുക സര്‍ക്കാര്‍ അനുവദിക്കാഞ്ഞതിന്‍റെ പേരില്‍ രാജിവച്ച ഡോ.നന്ദന്‍ മേനോന്‍,തുടങ്ങിയവരെപ്പോലെയുള്ളവര്‍ വൈസ്ചാന്‍സലര്‍മാരായി ഇരുന്നിട്ടുണ്ട്.
വിസിമാരുടെ അത്തരം ജനുസ്സുകള്‍ എന്നേ അപ്രത്യക്ഷമായി.ഇന്ന് വിസിമാര്‍ രാഷ്ട്രീയക്കാരുടെ ഹിതാനുവര്‍ത്തികളും ആജ്ഞാനുസാരികളുമാണ്.സിന്‍റിക്കേറ്റുകള്‍ തട്ടിപ്പുസംഘങ്ങളാകുന്നതിനും സര്‍വ്വകലാശാലാ ഭരണം കുത്തഴിഞ്ഞതാകുന്നതിനും പ്രധാന കാരണം തന്നെ ഇത്തരം വിസിമാരാണ്. രാഷ്ട്രീയക്കാരുടെ കാലുനക്കി ആ സ്ഥാനത്ത് കയറിപ്പറ്റുന്നവരില്‍ നിന്നും ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല


Fans on the page

No comments: