Total Pageviews

Sunday, March 30, 2008

പുതിയ അടിമത്തം

കേരളത്തിനുള്ള അരിവിഹിതം കഴിഞ്ഞ മാര്‍ച്ച് വരെ 113420 ടണ്‍ അനുവദിച്ചിരുന്ന കേന്ദ്രം ഏപ്രിലില്‍ ഒറ്റയടിക്ക് 21334 ടണ്‍ ആയി വെട്ടിക്കുറച്ചു.ഇപ്പോള്‍ 4000 ടണ്‍ അരി വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്.അരിവിഹിതത്തില്‍ കുറവു വന്നത് കേരള സര്‍ക്കാരിന്‍റെ പിടിപ്പുകേടും അശ്രദ്ധയും കൊണ്ടാണെന്നായിരുന്നു കേന്ദ്രത്തോടൊപ്പം മാദ്ധ്യമങ്ങളും പ്രതിപക്ഷ കക്ഷികളും പ്രചരിപ്പിച്ചത്. എന്നാല്‍ അരിവിഹിതം വെട്ടിക്കുറച്ചത് അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സിയായ'മെക്കന്‍സി'യുടെ ഉപദേശപ്രകാരമാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരിക്കുന്നു.

അരിവിഹിതം വെട്ടിക്കുറച്ചതിനു പുറമേ രാജ്യത്തുള്ള എഫ് സി ഐ ഗോഡൗണുകള്‍ പൂട്ടിക്കെട്ടാനോ പാട്ടത്തിനു കൊടുക്കാനോ ഉള്ള നീക്കം നടക്കുന്നതും 'മെക്കന്‍സി'യുടെ നിര്‍ദ്ദേശപ്രകാരമാണത്രെ.
മെക്കന്‍സിയെ കണ്‍‍സള്‍ട്ടന്‍സിപ്പണിക്ക് ചുമതലപ്പെടുത്തിയത് മുന്‍ ബി ജെ പി സര്‍ക്കാരാണ്.സ്വദേശിവല്ക്കരണത്തിന്‍റെ പ്രചാരകന്മാരും പ്രയോക്താക്കളുമായി വേഷം കെട്ടിനടന്നവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ ഇതാണു ചെയ്തതെങ്കില്‍ സായിപ്പിന്‍റെ സ്തുതിപാഠകര്‍ വിദേശികളെ ഉപേക്ഷിക്കുമോ?ആഗോളവല്ക്കരണത്തിന്‍റെയും കണ്‍സള്‍ട്ടന്‍സി ഭരണത്തിന്‍റെയും ആരാധകര്‍ക്ക് നാട്ടുകാരുടെ പ്രയാസങ്ങള്‍ മനസ്സിലാകില്ല.കാര്‍ഷിക സബ്സിഡി നിര്‍ത്താന്‍ അമേരിക്ക ഇന്ത്യക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്നും കേള്‍ക്കുന്നു.

അവസാനത്തെ 4000 ടണ്‍ വെട്ടിക്കുറച്ചത് ഉമ്മന്‍ ചാണ്ടി ദില്ലിയില്‍ നിന്നു പോന്നതിനു തൊട്ടു പിന്നാലെ ആയതു കൊണ്ട് അദ്ദേഹമാണോ ഇതിന്‍റെ പിന്നിലെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും സംശയിച്ചു.ഇടതു പക്ഷ
മുന്നണിയിലെ ചിലര്‍ ഇപ്പോഴും അദ്ദേഹത്തെ സംശയിക്കുന്നുണ്ട്.ഉമ്മന്‍ ചാണ്ടിയല്ല സാക്ഷാല്‍ ഇന്ദിരാ ഗാന്ധി
പറഞ്ഞാല്‍ പോലും ഇത്ര വേഗത്തില്‍ നടപടിയുണ്ടാകില്ല.നാട്ടിന്‍പുറത്ത് പറയാറില്ലേ കാര്യം നടക്കണമെങ്കില്‍
മോളീന്ന് വിളിച്ചു പറയിക്കണം എന്ന്.കേന്ദ്രത്തില്‍നിന്നും ഉടന്‍ ആക് ഷന്‍ ഉണ്ടാകണോ ബുഷ് സായിപ്പോ
കോണ്ടലീസാ മദാമ്മയൊ പറയണമെന്ന് ഈ ഇടതുപക്ഷം ഇനി എന്നാണോ മനസ്സിലാക്കുക?

അവര്‍ക്കും കേന്ദ്രഭരണം കിട്ടിയാല്‍ ഇങ്ങനെയാകില്ലെന്ന് ആരു കണ്ടു?കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് എ ഡി ബി ക്കാരുടെ ദേഹത്ത് കരി ഓയില്‍ ഒഴിച്ചവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ ചുവപ്പു പരവതാനി വിരിച്ച് അവരെ സ്വീകരിക്കുന്നതും നമ്മള്‍ കണ്ടു.ഭരിക്കുമ്പോള്‍ ഭരണത്തിന്‍റെ സുഖമാണ് എല്ലാര്‍ക്കും നോട്ടം.വിദേശ കണ്‍സള്‍ട്ടന്‍സിയെ വച്ച് മാതൃക കാട്ടിയതും ഇപ്പോള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി വിദേശ ഫണ്ട് വാങ്ങാന്‍ ശ്രമിക്കുന്നതും മറ്റാരുമല്ലല്ലോ.പട്ടിണിക്കാരന്‍റെ അരിച്ചട്ടിയില്‍ കണ്‍സള്‍ട്ടന്‍സിക്കാരുടെ ആജ്ഞാനുസരണം കേന്ദ്രം കൈയിട്ടു വാരുമ്പോള്‍ യഥാര്‍ത്ഥ കാരണം കാണാതെ മണ്ണുണ്ണികളെ പഴി പറയേണ്ടി
വരുന്നത് അതുകൊണ്ടാണ്.

ഇംഗ്ലീഷ് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി ഇന്‍ഡ്യയില്‍ കച്ചവടത്തിന് വന്നതും പിന്നീട് നമ്മളെ അടിമകളാക്കിയതും
ഒരുപാട് സാഹസങ്ങള്‍ ചെയ്തിട്ടാണ്.എന്നാല്‍ ഇന്ന് 'അമേരിക്കന്‍ ബുഷ് ഇന്‍ഡ്യാ കമ്പനി' വാഷിങ്ടണില്‍ ഇരുന്ന് മെയ്യനങ്ങാതെ ഇന്ത്യയെ നിയന്ത്രിക്കുന്നു.മന്‍മോഹന്‍ സിംഗിനെപ്പോലുളള ഒരു വിനീത വിധേയന്‍ പ്രധാനമന്ത്രിയായത് കാര്യങ്ങള്‍ വളരെ എളുപ്പമാക്കി.അനേകായിരങ്ങള്‍ സര്‍വ്വതും ഹോമിച്ചു നേടിയെടുത്ത
സ്വാതന്ത്ര്യത്തിന്‍റെ മഹത്വം അറിയുന്നവര്‍ ഇത്തരം അടിമത്തത്തെ അറിഞ്ഞുകൊണ്ട് വരിക്കുകയില്ല.Fans on the page

5 comments:

dethan said...

നമ്മുടെ അരിവിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടിക്കു പിന്നിലെ പ്രേരകശക്തി വിദേശ കണ്‍സള്‍ട്ടന്‍സി
ആണെന്നറിഞ്ഞപ്പോഴുണ്ടായ പ്രതികരണം
-ദത്തന്‍

കുഞ്ഞന്‍ said...

സ്വാതന്ത്ര്യം കിട്ടിയിട്ട് കിം ഫലം..?

എന്തിനിങ്ങനെ വിധേയരാകുന്നു..

പിന്നെ ഒരു കാര്യമുണ്ട് ആത്മരോക്ഷം എല്ലാവരിലും ഉണ്ട് പക്ഷെ സ്വന്തം കാര്യം വരുമ്പോള്‍...അതിന്റെ ചെറിയൊരു അല്ല വലിയൊരു ഉദാഹരണമാണ് കൈക്കൂലിക്കെതിരെ ധാര്‍മ്മിക രോഷം കൊള്ളുകയും പിന്നീട് സര്‍ക്കാര്‍ ജോലി ലഭിച്ചു കഴിയുമ്പോള്‍ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്ന തത്വം തെറ്റിക്കാതെ, അല്ലെങ്കില്‍ ഞാനായിട്ടെന്ത് നാട് നന്നാക്കല്‍ എന്ന മനോവിചാരത്തോടെ കണ്ണില്‍ച്ചോരയില്ലാതെ കൈക്കൂലി മേടിക്കുന്ന നമ്മുടെ ആഡംബര പ്രിയരായ തലമുറ ആദ്യം നന്നായാലേ,അമേരിക്കയൊ എന്തിനു ബംഗ്ലാദേശു വരെ കേറി നിരങ്ങിക്കോട്ടെ ഞങ്ങള്‍ക്കു കിട്ടേണ്ടത് കിട്ടിയാല്‍ മതിയെന്നു അലിഖിത അജണ്ടയുള്ള രാഷ്ട്രീയക്കാര്‍ നന്നാകൂ

ആദ്യം സ്വയം നന്നായാലെ,കുടുംബം പിന്നെ സമൂഹം നന്നാകൂ....

ഒന്ന് ഒന്നിനേക്കാള്‍ കേമം..!

ദത്തന്‍ ഭായ് എഴുതിയ കാര്യങ്ങള്‍ വായിച്ചപ്പോള്‍, ഇനിയും ഇതുപോലെ വിരല്‍ത്തുമ്പില്‍ പാവകളെപ്പോലെ ആടിത്തിമര്‍ക്കുന്ന കഥകള്‍ കേള്‍ക്കേണ്ടി വരുമല്ലൊ ഭഗവാനേ..

ജോണ്‍ജാഫര്‍ജനാ<>J3 said...

ഇതു മറ്റൊരു ലുംഗി ന്യൂസോ?
വിശ്വസനീയമായ ലിങ്കുകളും പത്രങ്ങളുടെ കട്ടിങ്ങുകളും ഇടൂ
നമുക്ക് ചര്‍ച്ച ചെയ്യാം

dethan said...

പ്രിയപ്പെട്ട കുഞ്ഞന്‍,

സ്വാതന്ത്ര്യം നേടാന്‍ വേണ്ടി കഷ്ടപ്പെട്ടവര്‍ക്കും അതിന്‍റെ ചരിത്രം അറിയുന്നവര്‍ക്കും മാത്രമേ അതിന്‍റെ വില
മന‍സ്സിലാകൂ.പാരതന്ത്ര്യത്തിന്‍റെ കാണാച്ചരടുകള്‍ ഓരോ ഭാരതീയനെയും വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കയാണ്
താങ്കള്‍ പറഞ്ഞത് ശരിയാണ്;വ്യക്തി സ്വയം നന്നായാലേ സമൂഹം നന്നാകൂ.കൈക്കൂലിയും അനുബന്ധ വിഷയങ്ങളും എല്ലാം ഇതുമായി ബന്ധപ്പെട്ടതാണ്.

പ്രിയ ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍,

ഈ 'ലുംഗി' ന്യൂസ് മനസ്സിലായില്ല.ഗുണ്ട് ആണോ എന്നാണെങ്കില്‍ അല്ല.മാര്‍ച്ച് 29 ലെ മിക്ക പത്രങ്ങളിലും വാര്‍ത്ത വന്നിരുന്നു.കേരളകൗമുദിയിലാണ് നന്നായി കൊടുത്തിരുന്നത്.

-ദത്തന്‍

maramaakri said...

ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html